28 March Tuesday

ഒട്ടും ഭയമില്ലാതെ വിദ്യാര്‍ഥികള്‍ ഇനിയും സംഘടിക്കും, സമരം ചെയ്യും, അധികാരത്തിന്റെ ഗര്‍വുകളെ നേര്‍ക്കുനേര്‍ നിന്ന് ചെറുത്തു തോല്പിക്കും : അശ്വതി അശോക് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 14, 2017

കൊച്ചി > കോളേജുകളില്‍ വിദ്യാര്‍ഥിരാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ വിദ്യാര്‍ഥികളില്‍ നിന്ന് കടുത്ത എതിര്‍പ്പുകളാണുയരുന്നത്. ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അനിവാര്യത ചൂണ്ടികാണിക്കുകയാണ് ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകയുമായ അശ്വതി അശോക്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അശ്വതി കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സസ്‌‌പെന്‍ഷനും, ഡിസ്‌‌മിസലും കിട്ടുമെന്നറിഞ്ഞു കൊണ്ടു തന്നെയാണ് സാര്‍ വിദ്യാര്‍ഥികള്‍ ഇത്രയും കാലം സമരം ചെയ്തത്. തല്ലുകൊള്ളാനും, വേണ്ടി വന്നാല്‍ ജയിലില്‍ പോകാനും തയ്യാറായിട്ടു തന്നെയാണ് സാര്‍ ഓരോ വിദ്യാര്‍ഥിയും തെരുവിലിറങ്ങിയത്. അതു കൊണ്ട് ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താന്‍ നോക്കണ്ട. നിങ്ങളുടെ ഉപദേശങ്ങള്‍ക്ക് 'നന്നാക്കാന്‍' സാധിക്കാവുന്ന കൂട്ടമായിരിക്കില്ല അവര്‍. കാരണം ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച സഖാവ് സുദീപ്‌തോ ഗുപ്തയുടെ പിന്മുറക്കാരാണവര്‍. ആകാശം മുട്ടെ അവര്‍ പാറിക്കുന്നത് 'സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം' എന്നാലേഖനം ചെയ്ത ശുഭ്രപതാകതയാണ്.

കലാലയങ്ങള്‍ക്ക് കലഹിക്കാതിരിക്കാനാവില്ല. അത് 'നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാകാന്‍' അറിയാത്തതു കൊണ്ടാണ്, നിഷ്‌പക്ഷത കുറ്റകരമാണെന്ന് തിരിച്ചറിയുന്നതു കൊണ്ടാണ്. അനീതികള്‍ക്കെതിരെ മുഷ്‌ടി ചുരുട്ടാതിരിക്കാന്‍ ശീലിക്കാത്തതു കൊണ്ടാണ്. ചിന്തിക്കുന്ന മസ്‌തിഷക്കവും ചോദ്യങ്ങളുയര്‍ത്തുന്ന നാവുകളും ഭരണകൂടത്തിനു മുന്നില്‍ അടിയറവ് വെക്കാത്തതു കൊണ്ടാണ്. വിദ്യാര്‍ഥികള്‍ക്ക് സംവദിക്കാതിരിക്കാനാവില്ല. വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് ചെറുത്തുനില്പുകള്‍ രൂപപ്പെടുത്താതിരിക്കാനാവില്ല. അവരതില്‍ പരാജയപ്പെട്ടാല്‍ ഇനിയും ജിഷ്ണു പ്രണോയിമാരുണ്ടാകും, രജനി എസ്. ആനന്ദുമാരുണ്ടാകും, റാഗിംഗും, വര്‍ഗീയതയും, ജാതീയതയുമൊക്കെ ക്യാമ്പസുകളില്‍ നുഴഞ്ഞുകയറും. കോര്‍പ്പറേറ്റ് സംസ്‌കാരത്തിന് പരുവപ്പെടുത്തിയെടുക്കാവുന്ന അമുല്‍ ബേബികളെയല്ല, സമരസപ്പെടാത്ത പോരാട്ടയൗവനങ്ങളെയാണ് കാലം ആവശ്യപ്പെടുന്നത്. ഈ കറുത്ത കാലത്തിന്റെ പ്രതീക്ഷകളും അവരില്‍ തന്നെയാണ്.

ബഹുമാനമുണ്ട് നീതിപീഠത്തെ. കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തുവന്നുകൊണ്ടിരുന്ന ചില വിധികള്‍ പ്രതീക്ഷകളും നല്‍കിയിരുന്നു. പക്ഷേ ജനാധിപത്യത്തില്‍ പ്രതിഷേധങ്ങള്‍ക്കുള്ള പങ്ക് തിരിച്ചറിയാത്ത, നിയമപോരാട്ടങ്ങളും രാഷ്ട്രീയപ്രതിരോധങ്ങളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് മനസിലാക്കാത്ത ഈ വിധി ഒരു പുഴുക്കുത്തുതന്നെയാണ് സാര്‍. അതിനു കൂട്ടുപിടിച്ചത് 'പഠിക്കാനും, പോരാടാനും, സംഘടിക്കാനും' (
(Educate, agitate, organise) ആഹ്വാനം ചെയ്ത ഡോ. ബി.ആര്‍.അംബേദ്ക്കറെയാണെന്നുള്ളത് ഏറ്റവും വലിയ വിരോധാഭാസം.

'വക്കീലന്മാരും ജഡ്ജിമാരും സാധാരണ കോളേജുകളില്‍ മനുഷ്യരുമായിട്ട് ഇടപഴകി വരുന്നവരായിരിക്കണം. വലിയ ലോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചതുകൊണ്ടോ, പുസ്തകങ്ങള്‍ അരച്ചുകലക്കി കുടിച്ചതു കൊണ്ടോ, പരീക്ഷകള്‍ക്ക് റാങ്ക് മേടിച്ചതു കൊണ്ടോ, ഒരാള്‍ നല്ല ജഡ്ജിയോ വക്കീലോ ആവില്ല' എന്ന് അപ്പ പറയുന്നതിന്റെ പൊരുള്‍ മനസിലാകുന്നതിപ്പോഴാണ്. നിയമത്തിന്റെ സാങ്കേതികത്വങ്ങള്‍ നിറഞ്ഞ ഒരു പ്രൊഫഷനില്‍ വെറും യാന്ത്രികമായി വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നവരാകരുത്, സാമൂഹ്യയാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുന്നവരാകണം നല്ല നിയമജ്ഞര്‍. അതിന് നീതിപീഠത്തിന്റെ ഉന്നതങ്ങളില്‍ നിന്ന് ഇറങ്ങിവരേണ്ടി വരും. തങ്ങളുടെ അധികാരങ്ങളുപയോഗിച്ച് വിദ്യാര്‍ഥികളെ ചങ്ങലയ്ക്കിടുന്ന, ന്യൂനപക്ഷഭൂരിപക്ഷ അവകാശങ്ങള്‍ എന്നൊക്കെ പറഞ്ഞ് വിദ്യാഭ്യാസമേഖലയെ കച്ചവടവത്ക്കരിക്കുന്ന, കൊടുക്കുന്ന പണത്തിന്റെ അളവനുസരിച്ച് അധ്യാപകനിയമനം നടത്തുന്ന, സാമൂഹ്യപ്രതിബദ്ധതയുടെ കണിക ലവലേശം അവശേഷിപ്പിക്കാതെ തോന്നുംവിധം ഫീസ് വര്‍ധിപ്പിക്കുന്ന മാനേജ്‌മെന്റുകളെ നേരിടേണ്ടി വരും. വിദ്യാഭ്യാസം ഒരു സ്വപ്നമായി അവശേഷിക്കപ്പെടുന്ന ഒരു വലിയ വിഭാഗത്തിനെ തിരിച്ചറിയേണ്ടി വരും.

അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരടിക്കുന്ന വിദ്യാര്‍ഥിപ്രസ്ഥാനങ്ങളുടെ ആത്മാര്‍ഥത തൊട്ടറിയേണ്ടിവരും.
സ്വപ്നങ്ങളും, പ്രണയങ്ങളും, സമരങ്ങളും, വിപ്ലവവും പൂക്കുന്ന കലാലയങ്ങളെ തടയിടാന്‍ ഭരണകൂടത്തിന്റെ തിട്ടൂരങ്ങള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. 'അടിയന്തിരാവസ്ഥ അറബിക്കടലില്‍' എന്നു വിളിച്ചു പറഞ്ഞവരാണ് നമ്മുടെ കലാലയങ്ങള്‍. പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും അഗ്‌നികള്‍ ആളിപ്പടര്‍ന്നയിടങ്ങളാണവ.

അതുകൊണ്ട് ഒട്ടും ഭയമില്ലാതെ വിദ്യാര്‍ഥികള്‍ ഇനിയും സംഘടിക്കും. സമരം ചെയ്യും. അധികാരത്തിന്റെ ഗര്‍വുകളെ നേര്‍ക്കുനേര്‍ നിന്ന് ചെറുത്തു തോല്പിക്കും, മുഷ്ടി ചുരുട്ടി തൊണ്ട പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ വിളിക്കും. തോളോടുതോള്‍ ചേര്‍ന്ന് 'നിരോധനാജ്ഞകള്‍' ലംഘിക്കും. കുനിയാത്ത ശിരസും, കീഴടങ്ങാത്ത മനസുമായി പ്രതിരോധത്തിന്റെ സംഗീതമുയര്‍ത്തും. നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്കുവെക്കും...

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top