03 October Tuesday

"പ്രക്ഷോഭവും, വായനയും, എഴുത്തും, പാർലമെൻ്ററി പ്രവർത്തനവും എന്നപോലെ കൃഷിയും രാജീവിന്‌ ജീവനാണ്'; അശോകൻ ചരുവിൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 2, 2021

എറണാകുളം ജില്ലയിലെ കാഞ്ഞൂരിൽ തരിശു കിടന്ന ഏക്കർക്കണക്കിന് വയലിൽ രാജീവിൻ്റെ നേതൃത്വത്തിലും ഉത്സാഹത്തിലും അവിടത്തെ കർഷകസംഘത്തിൻ്റെ സഹായത്തോടെ റോബർട്ട് എന്ന യുവകർഷകൻ കൃഷി ചെയ്യുകയാണ്. വിഷമില്ലാത്ത അന്നമുണ്ടാക്കാനുള്ള മഹത്തായ വിപ്ലവം. അശോകൻ ചരുവിലിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

അരിയും പുസ്‌ത‌കവും പി രാജീവും.

കാട്ടൂരിലെ വീട്ടിൽ കുറച്ചു മരാമത്തുപണികൾ ഉണ്ടായിരുന്നതുകൊണ്ട് കഴിഞ്ഞ വർഷം ഏകദേശം നാലു മാസക്കാലം ഞങ്ങൾ തൃശൂർ നഗരത്തിൽ താമസിച്ചു. അവിടത്തെ ഒരു സൂപ്പർമാർക്കറ്റിൽ വെച്ചാണ് 'T K കതിർ' എന്ന ജൈവ നെല്ലരി ശ്രദ്ധയിൽപ്പെട്ടത്. കൗതുകം തോന്നിയ സംഗതി പായ്‌ക്കറ്റിന് പുറത്ത് എഴുതി വെച്ച ഒരു വാചകമാണ്: "വിശ്വാസ്യത: പി രാജീവ് Ex. MP."ജൈവ ഉൽപ്പന്നങ്ങൾക്ക് തെല്ലു വില കൂടുമല്ലോ. അതുകൊണ്ട് ഉപഭോക്താവിനെ വിശ്വസിപ്പിക്കാൻ വേണ്ടി ഉടമ ഒരു പ്രമുഖ വ്യക്തിയെ സാക്ഷിനിർത്തിയതാകുമെന്നാണ് ആദ്യം കരുതിയത്.

പിന്നെ മനസ്സിലായി: ഇവിടെ വിശ്വസ്‌തതയുടെ സാക്ഷി മാത്രമല്ല പി രാജീവ്. രാജീവിൻ്റെ ഉത്സാഹത്തിലും പിന്തുണയിലുമാണ് കതിർ ജൈവ അരി എന്ന സംരംഭം തന്നെ ഉണ്ടായിരിക്കുന്നത്. എറണാകുളം ജില്ലയിലെ കാഞ്ഞൂരിൽ തരിശു കിടന്ന ഏക്കർക്കണക്കിന് വയലിൽ രാജീവിൻ്റെ നേതൃത്വത്തിലും ഉത്സാഹത്തിലും അവിടത്തെ കർഷകസംഘത്തിൻ്റെ സഹായത്തോടെ റോബർട്ട് എന്ന യുവകർഷകൻ കൃഷി ചെയ്യുകയാണ്. വിഷമില്ലാത്ത അന്നമുണ്ടാക്കാനുള്ള മഹത്തായ വിപ്ലവം.

തരിശുകിടക്കുന്ന വയലുകളിൽ കൃഷി ആരംഭിക്കുന്നതിനുള്ള വിപുലമായ നടപടികളാണ് കഴിഞ്ഞ അഞ്ചുവർഷം സംസ്ഥാന സർക്കാർ നടത്തിയത്. അതുകൊണ്ട് കേരളം ഇന്നു വീണ്ടും പച്ചയുടയാട ധരിച്ചു നിൽക്കുന്നു. സിപിഐ എം പാർടി സ്വന്തം നിലക്ക് ആ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരുന്നു. രാജീവ് ജില്ലാ സെക്രട്ടറി ആയിരിക്കെ മികച്ച പ്രവർത്തനങ്ങളാണ് കാർഷിക രംഗത്ത് എറണാകുളം ജില്ലയിൽ നടന്നത്.

മറ്റുള്ളവരെ കൃഷി ചെയ്യാൻ പ്രേരിപ്പിച്ച് മാറി നിൽക്കുകയല്ല ഈ രാഷ്‌ട്രീയ നേതാവ് ചെയ്‌ത‌ത്. പ്രക്ഷോഭവും, വായനയും, എഴുത്തും, പാർലിമെൻ്ററി പ്രവർത്തനവും എന്ന പോലെ കൃഷിയും ഈ പോരാളിയുടെ ജീവനാണ്. സ്വന്തം വീട്ടുവളപ്പിൽ പച്ചക്കറികൾ കൃഷി ചെയ്‌തും, പശുക്കളെ സംരക്ഷിച്ചും, മീൻ വളർത്തിയുമാണ് ഈ ജനനേതാവ് തനിക്ക് അപൂർവ്വമായി കിട്ടുന്ന വിശ്രമവേളകളെ ഉപയോഗപ്പെടുത്തുന്നത്. ഇ എം എസിനെപ്പറ്റി പറയാറുണ്ടല്ലോ, ചരിത്രകാരന്മാർക്കിടയിലെ രാഷ്‌ട്രീയ നേതാവും രാഷ്ട്രീയ നേതാക്കൾക്കിടയിലെ ചരിത്രകാരനുമാണ് അദ്ദേഹം. അതുപോലെ കലാവിമർശകനാണ്. സാമ്പത്തിക വിദഗ്ദനാണ്. അങ്ങനെയുള്ള സമഗ്രമായ രാഷ്ട്രീയജീവിതം സ്വാതന്ത്ര്യസമരകാലത്ത് രാഷ്‌ട്രീയ പ്രവർത്തനമാരംഭിച്ച നേതാക്കളുടെ ഒരു പ്രത്യേകതയാണ്. പി രാജീവിനെ കാണുമ്പോഴും കേൾക്കുമ്പോഴും വായിക്കുമ്പോഴും നമുക്ക് ആ പഴയ തലമുറയെ നമുക്ക് ഓർമ്മ വരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top