'അറിവു സാങ്കേതികവിദ്യയുടെ ഈ കാലത്ത് ബുദ്ധിജീവി എന്നത് ഒരധികാരമാണ്. ഭരണാധികാരികളേക്കാളേറെ വ്യവസ്ഥയുടെ സാംസ്കാരികാധികാരം കയ്യിലുള്ളത് മാധ്യമപ്രവർത്തകർക്കും മറ്റു ബുദ്ധിജീവികൾക്കുമാണ്. ഒരെഴുത്തുകാരൻ പിണറായി വിജയനെ വിമർശിച്ചാൽ അവന് ഒന്നും സംഭവിക്കില്ല. അവൻ മനോരമയേയോ മാതൃഭൂമിയേയോ വിമർശിച്ചു നോക്കട്ടെ. കഴിഞ്ഞു അവൻ്റെ കഥ'- അശോകൻ ചരുവിൽ എഴുതുന്നു
ഫെയ്‌സ്‌ബുക്ക് കുറിപ്പ്
ജനങ്ങൾ ഓഡിറ്റ് ചെയ്യട്ടെ; വിലയിരുത്തട്ടെ
രാഷ്ട്രീയപ്രവർത്തനരംഗത്ത് ഇന്ന് പലമട്ടിൽ ജനങ്ങളുടെ ഓഡിറ്റിംഗ് നടക്കുന്നുണ്ട്. തങ്ങളുടെ പ്രതിഭാശേഷികൊണ്ട് ജനമനസ്സിൽ ഇടപെടുകയും അവരെ നയിക്കുകയും നിയന്ത്രിക്കുകയും വിലക്കുകയും ചെയ്യുന്ന ബുദ്ധിജീവികൾ സമൂഹത്തിൻ്റെ ഓഡിറ്റിംഗിന് വിധേയമായാൽ ആകാശം ഇടിഞ്ഞുവീഴുകയില്ല. അറിവു സാങ്കേതികവിദ്യയുടെ ഈ കാലത്ത് ബുദ്ധിജീവി എന്നത് ഒരധികാരമാണ്. ഭരണാധികാരികളേക്കാളേറെ വ്യവസ്ഥയുടെ സാംസ്കാരികാധികാരം കയ്യിലുള്ളത് മാധ്യമപ്രവർത്തകർക്കും മറ്റു ബുദ്ധിജീവികൾക്കുമാണ്. ഒരെഴുത്തുകാരൻ പിണറായി വിജയനെ വിമർശിച്ചാൽ അവന് ഒന്നും സംഭവിക്കില്ല. അവൻ മനോരമയേയോ മാതൃഭൂമിയേയോ വിമർശിച്ചു നോക്കട്ടെ. കഴിഞ്ഞു അവൻ്റെ കഥ.
അതേസമയം സഭ്യവും മാന്യവുമായ ഭാഷയിലാണ് "ഓഡിറ്റ് റിപ്പോർട്ടുകൾ" പുറത്തു വരേണ്ടത്. മറുപടിനൽകാൻ സമയംകൊടുക്കണം. ആക്ഷൻ വേണ്ട. ജനങ്ങൾക്ക് തിരിച്ചറിവുണ്ടാവുക എന്നതാണ് പ്രധാനം. കാരണം, പ്രസംഗവും പ്രവർത്തിയും നമ്മിൽ അത്രമേൽ അകലം വന്നിരിക്കുന്നു. വലിയ ചതിയാണ് കുറേ കാലമായി നമ്മുടെ ചില ബുദ്ധിജീവിതങ്ങളിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതിരംഗത്ത് മാത്രമായി ഈ ചതി ഒതുങ്ങുന്നില്ല. നാട്ടിൻപുറത്തെ വയലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പറമ്പും സുഖശീതളമായ വീടും വിറ്റുവന്ന് നഗരത്തിൽ കോടികൾ ചെലവഴിച്ച് "ലോകോസ്റ്റ് കൊട്ടാരം" പണിത് "വള്ളിക്കുടിൽ" എന്നു പേരിടുന്നു എന്നതു മാത്രമല്ല പ്രശ്നം. വർഷങ്ങളായി വിദ്യാഭ്യസമേഖലയിൽ നടക്കുന്ന വഞ്ചനയും പരിഗണിക്കണം.
പൊതുവിദ്യാഭ്യാസത്തിനും മാതൃഭാഷാമാധ്യമത്തിനും വേണ്ടി ഘോരഘോരം വാദിക്കുന്നവരിൽ പലരും തങ്ങളുടെ കുട്ടികളേയും പേരക്കുട്ടികളേയും വരേണ്യ അൺ എയിഡഡ് ഇംഗ്ലീഷ്മീഡിയം സ്കൂളുകളിലാണ് ചേർത്തു പഠിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ തങ്ങളുടെ മക്കളെ വീട്ടിൽനിന്നും ദൂരസ്ഥലങ്ങളിലുള്ള വരേണ്യ വിദ്യാകേന്ദ്രങ്ങളിലേക്ക് സ്കൂൾബസ്സിൽ കയറ്റിവിടുന്നു. സ്വന്തം കുഞ്ഞിനെ അൺഎയിഡഡ് ഇംഗ്ലീഷ്മീഡിയം വിദ്യാലയത്തിൻ പഠിപ്പിക്കാനയക്കുന്ന ഒരാൾ ഭാരവാഹിയായി എന്നിരിക്കട്ടെ; ശാ.സ.പരിഷത്തിന് ഒരു പൊതുവിദ്യാഭ്യാസ നയം രൂപീകരിക്കാനും അതിനു വേണ്ടി പ്രവർത്തിക്കാനും കഴിയുമോ? പാചകം ചെയ്യുന്നവൻ അത് ഭക്ഷിക്കാൻ മടിക്കുന്നുണ്ടെങ്കിൽ എവിടെയോ എന്തോ പിശകുണ്ട്.
ഭൗതീകവാദപ്രചരണം നടത്തുന്ന ബുജിയുടെ വീട്ടിൽ പൂജാമുറി ഉണ്ടായിക്കോട്ടെ. അതൊന്നും അത്രവലിയ പാതകമല്ല. ഒരുപക്ഷേ അത് കൗതുകത്താനാവാം. സൗന്ദര്യാരാധനയുടെ ഭാഗമാകാം. ഭാര്യയുടെ നിർബന്ധം കൊണ്ടാകാം. പക്ഷേ ആ വിവരം ജനങ്ങൾ അറിയണം. ഇത് സ്വകാര്യതയുടെ പ്രശ്നമല്ല; വീടുകൾ എന്നത് നിസ്സാരപ്പെട്ട സംഗതിയല്ല. നമ്മുടെ വീടുകളാണ് ഇത്രകാലവും ഫ്യൂഡൽ ജീർണ്ണതയുടേയും പ്രതിലോമ ആശയങ്ങളുടേയും വിളനിലമായിനിന്ന് കേരളത്തിൻ്റെ ജനാധിപത്യവൽക്കരണത്തെ അട്ടിമറിച്ചത്.
അശോകൻ ചരുവിൽ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..