കൊച്ചി > ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം നില്‍ക്കുമെന്നറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സര്‍വേയ്ക്ക് സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം. സാമാന്യബോധത്തിന് നിരക്കാത്ത വിലയിരുത്തലുകളാണ് സര്‍വെയിലെന്നാണ് വിമര്‍ശനം. ഏഷ്യാനെറ്റും ബംഗളൂരു ആസ്ഥാനമാക്കിയുള്ള എ-ഇസഡ് റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സും ചേര്‍ന്നാണ് സര്‍വേ നടത്തിയത്.
എ-ഇസഡ് റിസര്‍ച്ച് പാര്‍ട്‌ണര്‍ കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ കടുത്ത മോഡി ഭക്തനാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. 2014ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി വിജയിച്ചപ്പോള്‍ തല മൊട്ടയടിച്ച് ശപഥം നിറവേറ്റിയ വ്യക്തിയാണ് കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ സുജോയ് മിശ്ര. മാത്രമല്ല ബിജെപിക്ക് വേണ്ടി വോട്ടുചോദിച്ചുകൊണ്ട് ഇദ്ദേഹം സോഷ്യല്‍മീഡിയയില്‍ മുന്‍പ് രംഗത്തെത്തുകയും ചെയ്‌തിരുന്നു. ഇതിന്റെ വീഡിയോകളും ഫോട്ടോകളും വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ഏഷ്യാനെറ്റ് തലവനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റുകളും ഇയാള്‍ ഷെയര്‍ ചെയ്‌തിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം നിരത്തിയാണ് സര്‍വേയെ ബഹുഭൂരിപക്ഷം പേരും തള്ളിപ്പറയുന്നത്.
രാജ്യത്തെയാകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ദുരിതത്തിലാഴ്ത്തുകയും ചെയ്‌ത നോട്ട്‌നിരോധനം ഈ തെരഞ്ഞെടുപ്പില്‍ കാര്യമായി ബാധിക്കില്ല എന്ന വിചിത്രവാദമാണ് സര്‍വേയില്‍ ഏഷ്യാനെറ്റ് പറയുന്നത്. കുത്തനെയുള്ള ഇന്ധനവില വര്‍ധനവും വിലക്കയറ്റവുമൊന്നും ജനങ്ങളുടെ വിഷയമല്ലെന്നും ഏഷ്യാനെറ്റ് പറയുന്നു. ഖജനാവിന് 30,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ റഫേല്‍ ഇടപാടും കേരളത്തില്‍ തിരഞ്ഞെടുപ്പ് വിഷയമാകില്ലെന്നാണ് ഏഷ്യാനെറ്റ് സര്‍വെയില്‍ ചൂണ്ടിക്കാണിക്കുന്നത്.
64 ശതമാനം ആളുകള്‍ ശബരിമല തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് അഭിപ്രായപ്പെട്ടെന്നായിരുന്നു സര്‍വേ പറഞ്ഞത്. ശബരിമല വിഷയത്തില്‍ ബിജെപിക്കൊപ്പം നിലകൊണ്ട യുഡിഎഫിനാണ് തെരഞ്ഞെടുപ്പ് ഫലം ഗുണം ചെയ്യുകയെന്നാണ് ഏഷ്യാനെറ്റിന്റെ കണ്ടെത്തല്‍. ചരിത്രം സൃഷ്ടിച്ച വനിതാമതിലിനെ പാടെ തള്ളിക്കളയുകയും ചെയ്‌തിരിക്കുന്നു.
ഏറെ കാലമായി കേരള രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത ഉമ്മന്‍ ചാണ്ടിയാണ് കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവെന്ന് ഈ സര്‍വെ പറയുന്നു. പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മികച്ച അഭിപ്രായം സര്‍ക്കാരിന് ലഭിക്കുമ്പോള്‍, എല്‍ഡിഎഫിന് നേട്ടമാകില്ലെന്നും സര്‍വേ സ്ഥാപിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..