28 May Sunday

ഒരു നാൾ വരും,വിഭജന പ്രത്യയശാസ്ത്രത്തിനുമേൽ ജനം കാർക്കിച്ച്‌ തുപ്പു‌‌ന്ന നാൾ... അസീബ്‌ പുത്തലത്ത്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2019

അസീബ്‌ പുത്തലത്ത്‌

അസീബ്‌ പുത്തലത്ത്‌

ഒരു നാൾ വരും, ഇതുവരെ ഇരുകാലികളായിരുന്നെന്നും ഇനി മനുഷ്യരാവണമെന്നും ജനങ്ങൾ തീരുമാനിക്കുന്ന നാൾ. വിഭജന പ്രത്യയശാസ്ത്രത്തിനുമേൽ ജനം കാർക്കിച്ച്‌ തുപ്പു‌‌ന്ന, ഇവരുടെ, ഇവരുടെ പിൻഗാമികളുടെ ശവശരീരം ജനങ്ങൾ വിളക്കുകാലിൽ കെട്ടിത്തൂക്കി കല്ലെറിയുന്ന നാൾ. അസീബ് പുത്തലത്ത് എഴുതുന്നു...


1.കിഴക്ക് ചിറ്റഗോങ് മുതൽ പടിഞ്ഞാർ ഗ്വദാർ വരെ, വടക്ക് കാശ്മീർ മുതൽ തെക്ക് കന്യാകുമാരി വരെ നീണ്ട് കിടന്ന മണ്ണാണ്, ഊരും കുടിയും വിട്ട് ആളുകൾ ഉണ്ണാനും ഉടുക്കാനും പലവഴിക്ക് തെണ്ടിപ്പോയ നാടാണ്. കറാച്ചിയിൽ മലയാളിക്ക് ഒറ്റമുറിക്കടയുണ്ടായ, ധാക്കയിൽ തമിഴന് ഹോട്ടലുണ്ടായ, കൊച്ചിയിൽ ഗുജറാത്തിക്ക് കച്ചവടമുണ്ടായ കാലമാണ്. അങ്ങനൊരു ദേശം വെറും രണ്ടര പതിറ്റാണ്ടുകൊണ്ടാണങ്ങനെ മൂന്നായത്. ഒരർദ്ധരാത്രിയിലതിലൊന്ന് ഇൻഡ്യയായത്, പാകിസ്ഥാനായത് പിന്നെയതിലൊന്ന് ബംഗ്ലാദേശായത്.

2. ഒരേ ബ്രാൻഡിന്റെ രണ്ട് നിറത്തിലെ ഷൂവിലൊന്ന് കറക്കിക്കുത്തി വാങ്ങാൻ ഇന്ന് പാട് പെടുന്ന ഞാനും നീയുമടങ്ങുന്നവരുടെ 70 കൊല്ലം പഴക്കമുള്ള, അക്ഷരഭ്യാസമില്ലാത്ത, ഭൂപടം കാണാത്ത, അതിരും വരമ്പുമറിയാത്ത ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കോടാനുകോടി മനുഷ്യരുടെ ബുദ്ധിക്ക് മുന്നിൽ അന്ന് സെലക്ട് ചെയ്യാനുണ്ടായത് ഇനി ജീവിക്കേണ്ട രാജ്യങ്ങളാണ്. ജാതി, മതം, ഭാഷ, തൊഴിൽ, ഭാവി, കുടുംബം, ഭൂസ്വത്ത് തുടങ്ങി പ്രണയം വരെ അവന്റെ കാരണങ്ങളായിക്കാണും. ജീവിതം ഗതിപിടിക്കാനുള്ള പോസിബിളിറ്റിയും പ്രോബബിളിറ്റിയും അന്നുള്ള ബുദ്ധിയിൽ അവൻ ചിന്തിച്ചുകാണണം. അങ്ങനെയാണ് അവരവരുടെ ദേശം തെരഞ്ഞെടുത്തത്. ഇവർ പച്ചകളായത്, അവർ ബംഗാളികളായത്, നമ്മളിങ്ങനെ ഇവിടെയായത്.

3, പോകെപ്പോകെ ചിലരുടെ സാധ്യതകൾ മുട്ടിയപ്പോ, പ്രതീക്ഷകൾ തെറ്റിയപ്പോ, വയർ വിശന്നപ്പോ, വംശീയത മുറിവേൽപ്പിച്ചപ്പോ, അന്നത്തെ തിരഞ്ഞെടുപ്പ് തെറ്റിയെന്നുറപ്പായപ്പോ, മനസ് മടുത്തപ്പോ അവർ കിട്ടിയതൊരു തുണിയിലാക്കി അപ്പോഴേക്കും കൊട്ടിയടച്ച അതിർത്തി നോക്കി നടന്നു. ചെലർ വഴിയിൽ വെള്ളം കിട്ടാതെ, ചെലർ പുഴയിൽ ശ്വാസം കിട്ടാതെ, ചെലർ മാരി വന്ന് ഇടയിൽ തീർന്നു. ഭൂരിപക്ഷം അക്കരെ പറ്റി, അഭയാർത്ഥികളായി. നക്കാപ്പിച്ചക്ക് തൊഴിലെടുത്തും വയർ മുറുക്കി കൂട്ടി വച്ചും സെറ്റിലായി. അവരിൽ ചിലർ എം എൽ എയായി, മന്ത്രിയായി, സൈനികനായി, ഒരാൾ ഇന്ത്യയുടെ പ്രസിഡന്റ് വരെയായി. ചിലർ പട്ടിപ്പണിയെടുത്തിട്ടും തോറ്റ് പോയി. 'സർവൈവൽ ഓഫ് ഫിറ്റസ്റ്റ്', ജീവനുള്ള എല്ലാത്തിന്റേയും രാഷ്ട്രീയം.

4. അപ്പോഴേക്ക് ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യരാജ്യമായിരുന്നു. ആ ജനാധിപത്യത്തെ താങ്ങുന്നത് ജുഡീഷ്യറി, ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ് എന്നിങ്ങനെ മൂന്ന് കാലുകളാവുന്നു. മതം, കുലം, നിറം തുടങ്ങിയവ മാനവികതയെ അട്ടത്ത്‌ വച്ച് ഇരുകാലികൾക്കൊന്നിക്കാൻ കാരണമാകുകയാൽ ജനാധിപത്യം പിന്നെ മനുഷ്യർക്ക് മിനിമം ഗ്യാരണ്ടി നൽകാത്ത ഒരു സെറ്റപ്പാവും, അത് മതമത്ത് കേറി നാലുകാലിലാടും. ഭൂരിപക്ഷം നാറികളാവുകയാൽ ആ നാട്ടിൽ ജനാധിപത്യം നാറുന്നയൊന്നാകുമെന്ന് വിവർത്തനം. അത് മുൻകൂട്ടി കണ്ടവർ ഡെമോക്രസിയുടെ തൂണുകൾ നാട്ടുന്നത് കൊള്ളാവുന്ന ഫൗണ്ടേഷനിലാവുന്നു. അത് സോളിഡായ, മുന്നോട്ട് പോകുന്ന മനുഷ്യന്റെ നല്ല മൂല്ല്യങ്ങളിലാവുന്നു, എഴുതപ്പെട്ട, തിരുത്തരുതെന്ന് നിഷ്കർഷിച്ച ഭരണഘടനായിലാവുന്നു.

5. ഭരണഘടനയിൽ ഇന്ത്യ സോഷ്യലിസ്റ്റ്- സെക്യുലർ- ഡെമോക്രാറ്റിക് - റിപബ്ലിക്കെന്ന് എഴുതപ്പെട്ടിരുന്നു. എന്നിരിക്കിലും നെഹ്രുവിന്റെ കാലശേഷം ഇൻഡ്യൻ സെക്യുലറിസമെന്നത് ഓക്സിമോറോണാണെന്ന് തലയിൽ വെളിവുള്ളവർ ചൂണ്ടിക്കാണിക്കുന്നു. ഗാന്ധിവധത്തിന് ശേഷം നിരോധിക്കപ്പെട്ട ആർ എസ് എസിനെ ഉദരത്തിൽ പേറി പൂർണ്ണവളർച്ചയെത്തിച്ച് രാജീവിന്റെ കാലത്ത് കോൺഗ്രസ് പെറ്റിടുന്നതോടെ ഇവിടുത്തെ മതേതരത്വം ഹിന്ദുത്വയുടെ നിർവ്വചനങ്ങളിൽ കയിൽ കുത്തിത്തുടങ്ങുന്നു.

6. രാജീവ് ഗാന്ധി 86 ൽ ബാബരിയുടെ പൂട്ട് പൊളിച്ച് കൊടുക്കുമ്പോ, 89 ൽ ക്ഷേത്രം പണിയാൻ കല്ലിടുമ്പോ, പാകിസ്ഥാനിലെ സിന്ധിൽ നിന്ന് കുടിയേറി, ഇന്ന് പൗരത്വബില്ല് പാസാക്കിയ ബി ജെ പിയെ ഇത്രക്ക് വളർത്താൻ കാരണമാക്കിയ രഥയാത്ര അദ്വാനി 90 ൽ നടത്തുമ്പോ, 92 ൽ കർസേവകർ കയറി പള്ളി പൊളിച്ചിടുമ്പോൾ ഇന്ത്യൻ സെക്യുലറിസത്തിന് ആത്മാവ് നഷ്ടപ്പെടുന്നു. അങ്ങനെ കോൺഗ്രസ് പിറകിൽ നിന്ന് വട്ടം പിടിച്ച് കൊടുത്ത്, സംഘ്പരിവാർ മുന്നിൽ നിന്ന് കത്തികയറ്റിയിട്ടയൊന്നിന് ജീവൻ ബാക്കിയുണ്ടെന്ന വിശ്വാസത്തെയാണ് ശേഷം 'ഇന്ത്യയൊരു മതേതര-ജനാധിപത്യ റിപബ്ലിക്ക്' എന്ന് പറയുന്നത്, അതിന്റെ വിരലനക്കങ്ങളെ ഇന്നല്ലെങ്കിൽ നാളെയെണീക്കുമെന്ന് അപ്പാവികൾ പ്രതീക്ഷയോടെ കണ്ടിരുന്നത്.

7. ഒരു രാജ്യം അടിച്ചമർത്തലിൽ നിന്ന് മോചിതമായി, സ്വന്തം‌ ഭരണഘടനയിലൂന്നി സ്ഥാപിതമായാൽ പിന്നെ ദേശീയതയെന്നതൊരു ഗ്ലോറിഫൈഡ് വംശീയത മാത്രമാണ്. 24 കൊല്ലത്തിൽ മൂന്നായി‌ മാറിയ ദേശത്ത്, അന്നാട്ടിലെ ജനതക്ക് ഒന്നുറപ്പിച്ച് സെറ്റിലാവാൻ, അതും അപ്പാവികളിലപ്പാവികൾ തിങ്ങിപ്പാർക്കുന്ന ഈ സബ്കോണ്ടിനന്റിൽ, അതിജീവനത്തിന് പെടാപ്പാട് പെടുന്ന നാട്ടിൽ അതിന്റെ രണ്ടിരട്ടി സമയം കുറഞ്ഞത് വേണ്ടിവരും. അവിടെ, ഇന്ത്യയുടെ അതിർത്തിക്കപ്പുറത്തേക്ക് ഒരു തലമുറയെങ്കിലും ഇവിടെ ജീവിച്ചവരെ പറഞ്ഞയക്കുന്നതിനെ ദേശീയതയെന്നല്ല, വെറുപ്പ് മുറ്റുന്ന വംശീയതയെന്ന് മാത്രം വിളിക്കേണ്ടിയും‌ വരും. അങ്ങനെയൊന്നിന്റെ, ഇന്ന് പാസായ ഈ പൗരത്വബില്ലിനെ ആദ്യരൂപത്തിനാണ്, അസാം അക്കോർഡിന് 85ൽ രാജീവ് ഒപ്പിട്ടത്.

8. മുസ്ലിം‌ അഭയാർത്ഥികളെ മാത്രം പുറത്താക്കുന്ന, മറ്റൊരർദ്ധരാത്രി പ്രസിഡന്റൊപ്പിടുന്ന കാബ്, ദേശീയതയുടെ ചട്ടക്കകത്ത് അട്ടിയിട്ടൊളിപ്പിച്ച തീവ്രവംശീയതയുടെ, മതവർഗീയതയുടെ എഴുത്തുകുത്താണ്. അതുപ്രകാരം രാജ്യം വിടേണ്ടി വരുന്നവരിൽ സൈനികരുണ്ട്, എം എൽ എയുണ്ട്, ഇന്ത്യയുടെ അഞ്ചാമത് പ്രസിഡന്റിന്റെ കുടുംബമുണ്ട്, ഇന്ത്യയെ ഇന്റർനാഷ്ണൽ വേദികളിൽ റപ്രസന്റ് ചെയ്തവരുണ്ട്. ഇന്ത്യയുടെ ഒരു കാലത്തെ പ്രഥമപൗരൻ പോകും ഇന്ത്യയുടെ പൗരനല്ലാതായെങ്കിൽ, 71 ലെ സെൻസസിൽ പെട്ടിട്ടില്ലെങ്കിൽ കേരളത്തിലടക്കം ലക്ഷങ്ങളെ ഇതേ ദേശീയത കത്തിച്ചവർ പുറത്താക്കും. ബില്ല് പാസാക്കുന്ന ബി‌ ജെ പിയുടെ ദേശീയതയെന്തെന്ന് മനുസ്മൃതി വായിച്ചാലറിയാം, അവരുടെ ഭരണഘടനയെന്തെന്ന് വിചാരധാരയിൽ 47, 48 പേജ് നോക്കിയാലറിയാം, രാജ്യത്തോടുള്ള കൂറെന്തെന്ന്‌ വെള്ളക്കാരന്റെ ബൂട്ട് കണ്ടാലറിയാം.

9. ലോകത്ത് എത്തിപ്പെടാവുന്ന രാജ്യങ്ങളിലൊക്കെ ഇന്ത്യക്കാരുണ്ട്. പൗരത്വം കൊടുക്കുന്ന രാജ്യങ്ങളിലെല്ലാം ഇന്ത്യൻ വംശജരത് നേടിയിട്ടുണ്ട്. ശരാശരി ഇന്ത്യക്കാരന്റെ ഇരട്ടി ബെറ്ററായ ജീവിത നിലവാരത്തിൽ ജീവിക്കുന്നുണ്ട്. ഗ്ലോബൽ മൈഗ്രന്റ്സിൽ ഏറ്റവും കൂടുതൽ, 30 മില്യൺ, 180 ൽ അധികം രാജ്യങ്ങളുടെ ജനസംഖ്യയേക്കാൾ കൂടുതലാണ്, ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യക്കാർ. അങ്ങനൊരു രാജ്യത്ത് നിന്നാണ്‌ പട്ടിണിപ്പാവങ്ങളായ, രണ്ട് തലമുറ ഇവിടെ ജീവിച്ചവരെ പുറത്താക്കാനുള്ള ബില്ലിന് നിലക്കാത്ത കയ്യടി കിട്ടുന്നത്. ഹിപ്പോക്രസി തലതല്ലി ചാവും.

10. മുസ്ലിംസിൽ തുടങ്ങി, മാർക്സിസ്റ്റ്, മിഷണറീസ്, മെകൊലോയിസ്റ്റ്, മെറ്റീരിയലിസ്റ്റ്, ദളിതർ വരെയെത്തുന്ന ഓരോ ശത്രുക്കൾക്കും സംഘ് ഒരുക്കുന്ന ഉന്മൂലനത്തിന്റെ ആദ്യപടിക്ക് കയ്യടിക്കുന്നവരിൽ ഇതേ ലിസ്റ്റിൽ പെട്ടവരുണ്ടെന്നതിൽ അത്ഭുതമില്ല. വൈകാതെയതവർക്കത് തിരിയട്ടെയെന്ന് ആശംസിക്കാനും തരമില്ല. വലതുയുക്തികൾക്ക് രാജ്യത്തെ പൂർണ്ണമായി വിട്ടുകൊടുക്കാതിരിക്കാനാണ്, പറ്റുന്ന പോലെ മതേതര ചേരിയെ ശക്തിപ്പെടുത്തലാണ്, പോരാടലാണ്, തിരിച്ച് പിടിക്കലാണ് മുഖ്യം.

11. മൂന്ന് സ്റ്റേറ്റുകളെ പൂർണ്ണമായി പൂട്ടിയിട്ട, കരിനിയമങ്ങളും കാശ്മീരും അയോധ്യവിധിയും CAB-NRCയും ഒന്നിനുപിറകെ ഒന്നായി, പടിപടിയായി പാസായ ഇക്കഴിഞ്ഞ ആറ് മാസത്തിൽ അതിനെല്ലാമെതിരെ സഭയിൽ നിവർന്ന് നിന്ന്‌ സംസാരിക്കാൻ, മനസാക്ഷിക്കുത്തില്ലാതെ സംഘിന് നേരെ വിരൽ ചൂണ്ടാൻ, കവലക്ക് മൈക്ക് കെട്ടി പ്രസംഗിക്കാൻ, ആശയദൃഢതയോടെ, വ്യക്തതയോടെ കാര്യം പറയാൻ ഇടതുപക്ഷമുണ്ടായിരുന്നു.

12. പക്ഷേ, മുസ്ലിം സ്വത്വവാദികൾ ഇടതുപക്ഷത്തെ സംഘികളെന്ന്‌ വിളിക്കും, മുഖ്യമന്ത്രിയെ അമിത്ഷായുടെ കയ്യാളെന്ന് ചാപ്പയടിക്കും. ചരിത്രപരമായി ഇടതുപക്ഷം എങ്ങനെ ന്യൂനപക്ഷത്തിനൊപ്പം നിന്നെന്ന് സഖാക്കൾ അവരോട് വാട്സാപ്പ് ഗ്രൂപ്പിൽ മണിക്കൂറുകൾ ക്ലാസെടുക്കും, അവർ കൊണ്ടിടുന്ന കള്ളങ്ങൾ പാർട്ടി ഗ്രൂപ്പിലും ഗൂഗിളിലും തിരഞ്ഞ് സത്യമല്ലെന്ന് തെളിയിക്കും. പകരമായി പിണറായിയുടേയോ ആനത്തലവട്ടം ആനന്ദന്റേയോ മണിയാശാന്റെയോ മോർഫ് ചെയ്ത ചിത്രമിട്ട് പൊട്ടിച്ചിരിച്ച് അവർ പിരിഞ്ഞ് പോകും.

13. പാരലലായി സംഘികൾ ഇടതുപക്ഷത്തെ ന്യൂനപക്ഷപ്രീണനം നടത്തുന്നവരെന്ന് വിളിക്കും, കമ്യൂണിസ്റ്റ്-ജിഹാദി സഖ്യത്തിൽ പെട്ടവരെന്ന് ചാപ്പകുത്തും. സഖാക്കൾ, ഭരണഘടനയെ പറ്റി പറയും, ഏതെങ്കിലും ഇസ്ലാമികരാജ്യവുമായി ഇന്ത്യയെ കമ്പയർ ചെയ്യരുതെന്ന് ആവർത്തിക്കും, മതം കൊണ്ടോ കുലം കൊണ്ടോ നിറം കൊണ്ടോ ആരും ഈ രാജ്യത്ത്‌ ആർക്കും മുകളിലല്ലെന്ന് സ്ഥാപിക്കും. പകരം 'നിന്റെയൊക്കെ കുടുംബത്തിൽ കയറി തുലുക്കന്മാർ കളിക്കുമ്പോ പഠിച്ചോളുമെന്ന്' ഒരു മറുപടിയിൽ അവരതവസാനിപ്പിച്ച് തിരിച്ചുപോകും. മതവെറി പൂണ്ടവനെങ്ങാൻ അതുവിട്ട് നെറിയുള്ളവനായാൽ മതേതരചേരിയിലാണെത്തുക എന്നതുകൊണ്ട് മതമൗലികവാദികൾ ആ ചേരിയില്ലാതാക്കാൻ ഏത് വിഷയത്തിലും ആദ്യം വെട്ടുന്നത് അതിന്റെ പെരടിക്കെന്നത് സിമ്പിൾ ലോജിക്ക്.

14. അങ്ങനെ സ്വിറ്റ്സർലന്റിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച മുസോളിനിയെ അതിർത്തിയിലെ കുഗ്രാമത്തിൽ വച്ച് പിടികൂടി. അയാൾക്കെതിരെ ശബ്ദിച്ചതിന് ജയിലടക്കപ്പെട്ട വാൾട്ടർ ഓഡിസോയെന്ന കമ്യൂണിസ്റ്റുകാരൻ മുസോളിനിയുടെ നെഞ്ചിങ്കൂടിന് നേരെ വെടിയുതിർത്തു. തൊട്ടപ്പുറത്ത്, ജർമ്മൻ പടയുടെ അവസാന പ്രതിരോധമായ സീലോ ഹൈറ്റ്സ് തകർത്ത് സോവിയറ്റ് പട ബർലിനിൽ ബോംബിട്ടു. ചെമ്പട കോട്ടയോടടുക്കുന്നുവെന്നുറപ്പായ ഹിറ്റ്ലർ സ്വയം നിറയൊഴിച്ചു. വംശവും ദേശവും മതവും മനുഷ്യരെ കൊന്ന് തീർക്കാൻ കാരണമാക്കിയ ഫാസിസ്റ്റുകളില്ലാതായത് അതേ വംശത്തിന്റേയോ ദേശത്തിന്റെയോ മതത്തിന്റെയോ പേരിൽ ഒന്നിച്ചവരല്ല, അതുകൊണ്ടല്ല മനുഷ്യൻ ഒന്നിക്കേണ്ടതെന്ന് ആവർത്തിച്ചവരാലായിരുന്നെന്നത് ചരിത്രം.

15. 'നാട് നശിപ്പിലാണ്. തിരിച്ച് പിടിക്കാൻ പറ്റില്ലാത്തയത്ര നശിപ്പിൽ' എന്ന് കരുതിയ നാടുകളാണ് അവിടെ നിന്ന് തിരികെ‌ വന്നത്. പതിനായിരങ്ങളുടെ ചോരയും കണ്ണീരും വീണതിന് ശേഷമാണെങ്കിലും വീണ്ടെടുത്തത്. ഒരു നാൾ വരും, ഇതുവരെ ഇരുകാലികളായിരുന്നെന്നും ഇനി മനുഷ്യരാവണമെന്നും ജനങ്ങൾ തീരുമാനിക്കുന്ന നാൾ. വിഭജനപ്രത്യയശാസ്ത്രത്തിനുമേൽ ജനം കാർക്കിച്ച്‌ തുപ്പു‌‌ന്ന, ഇവരുടെ, ഇവരുടെ പിൻഗാമികളുടെ ശവശരീരം ജനങ്ങൾ വിളക്കുകാലിൽ കെട്ടിത്തൂക്കി കല്ലെറിയുന്ന നാൾ.
കാലം സാക്ഷി, ചരിത്രം സാക്ഷി.!!
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top