29 May Friday

18 വര്‍ഷം മുമ്പ് ആ ദിവസം എവിടെയായിരുന്നു നിങ്ങൾ? എന്തായിരുന്നു നിങ്ങളുടെ മനസ്സിൽ?!?!...നിഭാഷ് ശ്രീധരന്‍ എഴുതുന്നു

നിഭാഷ് ശ്രീധരന്‍Updated: Friday Sep 13, 2019

നിഭാഷ് ശ്രീധരന്‍

നിഭാഷ് ശ്രീധരന്‍

തിരുവോണ നാളിൽ സെൽഫികളും സദ്യകളും കൊണ്ട് സമൃദ്ധമായ ഫേസ്‌ബുക് ടൈംലൈനിൽ നമ്മൾ പലരും ശ്രദ്ധിക്കാതെ പോയ ഒരു ഓർമപ്പെടുത്തൽ ഉണ്ടായിരുന്നു. ലോകത്തെ മുഴുവൻ സ്തംഭിപ്പിച്ച 9/11 ഭീകരാക്രമണം. 18 വർഷങ്ങൾ കൊഴിഞ്ഞു പോയെങ്കിലും ഇന്നലെ എന്ന പോലെ ഞെട്ടലോടെ ഓർക്കുന്ന ദിവസം. നല്ല തെളിഞ്ഞ ആകാശമുള്ള ഒരു സാധാരണ ചൊവ്വാഴ്ച പതിവ് പ്രഭാത തിരക്കുകളിൽ മുഴുകിയ ന്യൂയോർക്ക് നഗരത്തെ കാത്തിരുന്നത് തീർത്തും അസാധാരണമായ സംഭവങ്ങളായിരുന്നു. അതിന്റെ തുടർചലനങ്ങളാവട്ടെ, ലോകത്തിന്റെ രാഷ്ട്രീയ-,സാമൂഹിക,-സാമ്പത്തിക,-മത സ്വഭാവങ്ങളെയും സമവാക്യങ്ങളേയും തീർത്തും മാറ്റിമറിച്ചവയും.

4 കൊമേഴ്ഷ്യൽ വിമാനങ്ങളാണ് അൽഖൈദ ഭീകരന്മാരാൽ ഹൈജാക്ക് ചെയ്യപ്പെട്ടത്. അതിലാദ്യത്തേത്, രാവിലെ 8.46 ന് വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവറിൽ ഇടിച്ചു കയറ്റുകയായിരുന്നു. സംഭവിച്ചതെന്തെന്ന് മനസ്സിലാവാതെ അമ്പരന്നു പോയ ആളുകൾ പരക്കം പായുമ്പോൾ പുകപടലങ്ങളുയർന്ന ട്വിൻ ടവറിന്റെ സൗത്ത് ടവറിൽ രണ്ടാമത്തെ വിമാനവും വന്നിടിച്ചു കഴിഞ്ഞിരുന്നു. അപ്പോൾ സമയം 9.03എ എം. ഇതേ നേരം 370 കിലോമീറ്ററുകൾ അകലെയുള്ള, ലോകത്തിലെ തന്നെ ഏറ്റവും തന്ത്രപ്രധാനമെന്നു കരുതപ്പെടുന്ന പെന്റഗണിനെ ഉന്നം വെച്ച് മൂന്നാമത്തെ ഫ്ലൈറ്റ് പറത്തുകയായിരുന്ന താലിബാനികൾ കൃത്യം 9.37 ന് ലക്‌ഷ്യം കാണുന്നു. നാലാമത്തേത് 10.03 ഓടെ പെൻസ്‌വിൽവാനിയക്കടുത്തു ഒരു പാടത്തു തകർന്നു വീഴുകയായിരുന്നു.

സമയം 10.30 ആയപ്പോഴേക്കും അമേരിക്കയുടെ അഭിമാനസ്തംഭം WTC ട്വിൻ ടവർ അക്ഷരാർത്ഥത്തിൽ ഒരു ചീട്ട് കൊട്ടാരം കണക്കെ തകർന്നു വീണു. തീയും പുകയും പൊടിപടലങ്ങളും കൊണ്ട് മൂടിയ കെട്ടിടത്തിൽ നിന്നും സ്വരക്ഷയോർത്തു എടുത്തു ചാടിയവരും അകത്തു പെട്ടുപോയവരുമായി മൂവ്വായിരത്തിനടുത്ത് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം ആറായിരത്തോളം പേരാണ് പരിക്കേറ്റവർ.

എന്താണ് ശരിക്കും സംഭവിച്ചത്? എന്തായിരുന്നു ഈ ഭീകരരും അവരെ ഏർപ്പാടാക്കിയവരും തമ്മിലുള്ള ഡീൽ? രാഷ്ട്രീയ വാണിജ്യ താല്പര്യങ്ങൾ എന്തൊക്കെ? കോൺസ്പിറസി തിയറികൾ പലതും വന്നു. ആക്രമണം നടന്ന് ദിവസങ്ങൾക്കകം തന്നെ ജർമ്മൻകാരെയും അമേരിക്കക്കാരനായ മൈക്കിൾ മൂറിനെ പോലുള്ളവരെയുമൊക്കെ ഉദ്ധരിച്ചു കൊണ്ട് സിംഗപ്പൂരിലെ സ്ട്രെയിറ്റ് ടൈംസ് പോലുള്ള പത്രങ്ങൾ പ്രസിദ്ധീകരിച്ച ലേഖനപരമ്പരകൾ വായിച്ചതോർക്കുന്നു. സിംഗപ്പൂരിലെ മറ്റൊരു പത്രം 'അപ്സൈഡ് ഡൌൺ വേൾഡ്' എന്ന ഹെഡിങ്ങിൽ തല തിരിച്ചാണ് ഒന്നാം പേജ് പ്രിന്റ് ചെയ്തത്. പാലൂട്ടി വളർത്തിയ താലിബാൻ അവസാനം അമേരിക്കക്കെതിരെ തന്നെ തിരിഞ്ഞതിനെ പ്രതീകാത്മകമായി ചിത്രീകരിച്ചു കൊണ്ടുള്ള റിപ്പോർട്ട്.

“തീപ്പിടുത്ത”മാണ് ടവറിന്റെ തകർച്ചയ്ക്ക് കാരണമെന്ന് വർഷങ്ങൾക്ക് ശേഷം പുറത്തു വന്ന ഔദ്യോഗിക അന്വേഷണ റിപ്പോർട് പറയുന്നത് അവിശ്വസനീയമാണെന്നും യാഥാർഥ്യം പുറത്തു കൊണ്ട് വരണമെന്നും ആവശ്യപ്പെടുന്ന നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും അമേരിക്കയിൽ ഇപ്പോഴും സജീവമാണ്. അവരുടെ ശാസ്ത്രീയമായ നിഗമനത്തിൽ കെട്ടിടങ്ങളുടെ തകർച്ച അപകടാനന്തര സ്വഭാവത്തിൽ ഉള്ളത് ആയിരുന്നില്ലെന്നും മറിച്ചു കൺട്രോൾഡ് ഡിമോളിഷൻ ആയിരുന്നു എന്നുമാണ്. അതവിടെ നിൽക്കട്ടെ.

9/11 ന് ശേഷം ലോകത്ത്‌ എന്താണ് സംഭവിച്ചത്? "വാർ ഓൺ ടെറർ"എന്ന സ്ലോഗൺ ന്റെ പേരിൽ അമേരിക്ക ചെലവാക്കിയത് നാലര ട്രില്യൻ ഡോളറോളമാണത്രേ. അന്നോളം കേട്ട് കേൾവിയില്ലാത്ത രീതിയിലുള്ള തീവ്രവാദ ആക്രമണത്തിൽ പകച്ചു പോയ ലോകരാജ്യങ്ങളുടെ സമ്മതത്തോടെയും സഹായത്തോടെയും അഫ്ഘാനിസ്ഥാനെയും ഇറാഖിനെയും അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു അമേരിക്കയും സഖ്യ കക്ഷികളും. നിരപരാധികളായ രണ്ടു മില്യനോളം ആളുകളുടെ ജീവനപഹരിച്ചു, അവരുടെ രാജ്യത്തെ കൊള്ളയടിച്ചു. നേതാക്കളെ വേട്ടയാടി കൊല ചെയ്തു. ഇതൊക്കെ അമേരിക്കയിലെ സാധാരണ ജനങ്ങൾ ആഗ്രഹിച്ചിരുന്നോ?

എന്തായാലും ഈ ആക്രമണത്തോടെ ഇസ്ലാമോഫോബിയ ലോകത്താകെ ഉടലെടുക്കുകയും പതിയെ പതിയെ സാധാരണമാവുകയും ചെയ്തു. ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഇതൊരുഗ്രൻ രാഷ്ട്രീയ വില്പനച്ചരക്കാക്കി. മറുവശത്തു, മത തീവ്രവാദത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായ മുസ്‌ലീം മതനേതാക്കളുടെ ഇതരമത വിദ്വേഷവും പ്രാകൃത മതവാശികളും മറ നീങ്ങി പുറത്തു വന്നു. ഇതിന്റെയൊക്കെ പേരിൽ നിരപരാധികളായ സാധാരണ മുസ്ലീം ജനവിഭാഗം മൊത്തം തീവ്രവാദികൾ ആയി ചിത്രീകരിക്കപ്പെടാൻ തുടങ്ങി. അതേ സമയം, ലോകത്തു പല പല നഗരങ്ങളിലും റ്റെരറിസ്റ്റ് ആക്രമണങ്ങൾ തുടർക്കഥയായി മാറി. ഈ ഓണക്കാലം നമ്മുടെ കേരളം പോലും തീവ്രവാദ ആക്രമണ ഭീഷണിയിൽ കനത്ത ജാഗ്രതയിൽ ആയിരുന്നു എന്നോർക്കുക. ചുരുക്കി പറഞ്ഞാൽ, സ്റ്റാലിന്റെ സോവിയറ്റ് റഷ്യയെ തകർക്കാൻ അമേരിക്ക തന്നെ അഫ്‌ഗാനിസ്ഥാനിൽ വിത്തിട്ട് വെള്ളമൊഴിച്ചു വളർത്തിയത്, പിന്നീട് സ്റ്റാലിനു ശേഷം ലോകത്തിനാകെ ഭീഷണിയായി വളരുകയായിരുന്നു എന്നത് ചരിത്രം.

തകർന്ന വേൾഡ് ട്രേഡ് സെന്ററിന് പകരം അവിടെ പുതിയ കെട്ടിട സമുച്ചയങ്ങൾ ഉയർന്നു കഴിഞ്ഞു. അതിലൊന്ന് അമേരിക്കയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ബിൽഡിങ്ങാണ്. പഴയ ട്വിൻ ടവറിന്റെ സ്ഥാനത്തു രണ്ടു കുളങ്ങൾ ഉൾപ്പെടുന്ന 'സെപ്റ്റംബർ 11 മെമ്മോറിയൽ & മ്യൂസിയ'മാണ് സ്ഥിതി ചെയ്യുന്നത്. ന്യൂയോർക്ക് കാർക്ക് മാത്രമല്ല ലോകത്തുള്ള എല്ലാവർക്കും ഒരു നടുക്കത്തോടെയുള്ള ഓർമ്മ സമ്മാനിക്കുന്നയിടം!

ലോകം മുഴുക്കെ ഒരു യുദ്ധസമാന സാഹചര്യം നിലനിന്ന 2001 സെപ്റ്റംബർ 11 ആം തീയ്യതി, സിംഗപ്പൂരിലെ ഒരു മൾട്ടി സ്റ്റോറി ബിൽഡിങ്ങിന്റെ മൂന്നാമത്തെ (അതോ നാലോ?) നിലയിലെ ഫ്ലാറ്റിലിരുന്ന് സഹമുറിയന്മാർക്കൊപ്പം മുഴുനീള ന്യൂസ് ചാനലായ ചാനൽ-ന്യൂസ്-ഏഷ്യയിൽ രാപ്പകൽ കണ്ണും നട്ടിരിക്കുമ്പോൾ, ഇടയ്ക്കിടെ താഴേക്കിറങ്ങി അങ്ങ് ദൂരെ വീട്ടിലുള്ളവരുമായി ഫോണിൽ സംസാരിക്കുമ്പോൾ, പറഞ്ഞറിയിക്കാനാവാത്ത ഭീതിയായിരുന്നോ പ്രാണരക്ഷാർത്ഥം നൂറ്റിച്ചില്വാനം നിലകൾക്ക് മേലെ നിന്ന് കുതിച്ച ഇനിയും തിരിച്ചറിയാത്തവരെ ഓർത്തു വിതുമ്പുകയായിരുന്നോ അതല്ല ഫ്‌ളൈറ്റ് വന്നിടിച്ചത് നമ്മുടെ ഫ്ളാറ്റിലേക്കല്ലല്ലോ എന്നാശ്വാസിക്കുകയായിരുന്നോ എന്നൊന്നും കൃത്യമായി ഓർക്കാൻ കഴിയുന്നില്ല.

ഹെറാൾഡ്‌സൺ ചോദിച്ച ചോദ്യം നിങ്ങളോടും ആവർത്തിക്കുന്നു...
അന്നാ ദിവസം എവിടെയായിരുന്നു നിങ്ങൾ? എന്തായിരുന്നു നിങ്ങളുടെ മനസ്സിൽ?!?!


പ്രധാന വാർത്തകൾ
 Top