ആക്രമണം ഈ ലോകകപ്പിന്റെ തന്ത്രം

Friday Oct 27, 2017
ഇ സുദേഷ്
റയാന്‍ ബ്രൂസ്റ്റര്‍

ലോകഫുട്ബോളില്‍ ആക്രമണശൈലിക്ക് സ്വാധീനം വര്‍ധിക്കുന്നതിന് അടിവരയിടുന്നതായി കൌമാര ലോകകപ്പ്. ആക്രമണമായിരുന്നു ഭൂരിപക്ഷം ടീമുകളുടെയും മുഖ്യതന്ത്രം. ലാറ്റിന്‍, യൂറോപ്യന്‍, ആഫ്രിക്കന്‍ ടീമുകളുടെ കളിരീതിയില്‍ വ്യത്യാസമുണ്ടായിരുന്നെങ്കിലും അടിസ്ഥാനതത്വം മുന്നേറ്റമായിരുന്നു. ഈ ലോകകപ്പിലെ ഗോളുകളുടെ കണക്ക് ഇക്കാര്യം ശരിവയ്ക്കുന്നു. 50 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 170 ഗോള്‍ പിറന്നു. രണ്ടു മത്സരം ബാക്കിയിരിക്കെ കൌമാര ലോകകപ്പിലെ ഗോളടി റെക്കോഡ് ഇത്തവണ തകരുമെന്ന് ഉറപ്പായി.

പരിശീലകരില്‍ ഭൂരിപക്ഷവും ആക്രമണശൈലിയുടെ വക്താക്കളായിരുന്നു. ഏഷ്യ ഉള്‍പ്പെടെ മുഴുവന്‍ ഭൂഖണ്ഡങ്ങളും ഇക്കാര്യത്തില്‍ ഒരേ ദിശയില്‍ നീങ്ങി. പ്രതിരോധത്തില്‍ അമിതശ്രദ്ധ കൊടുത്ത ഒറ്റടീമും ഇല്ലായിരുന്നു. ഗോളടിച്ചശേഷം അതില്‍ പിടിച്ചുതൂങ്ങി ജയിക്കാമെന്ന മോഹവും ആര്‍ക്കും ഉണ്ടായില്ല. ഗോളടിച്ചശേഷവും കൂടുതല്‍ ഗോളുകള്‍ക്കായി പടനയിക്കാനായിരുന്നു  ശ്രമം.

പന്ത് കൂടുതല്‍ സമയം കൈവശംവച്ച് ആക്രമിക്കാനായിരുന്നു എല്ലാവര്‍ക്കും താല്‍പ്പര്യം. ഭൂരിപക്ഷം ടീമുകളിലെയും ആക്രമിക്കുന്ന മധ്യനിരക്കാര്‍ ശ്രദ്ധനേടാന്‍ കാരണം ഈ കളിരീതിയാണ്. ബ്രസീലിന്റെ അലന്‍, ഇംഗ്ളണ്ടിന്റെ ഫിലിപ് ഫോഡന്‍, ഹഡ്സണ്‍ ഒഡോയി, സ്പെയ്ന്റെ സെസാര്‍ ജെലബെര്‍ട്ട് എന്നിവര്‍ മുന്നേറ്റക്കാര്‍ക്ക് പന്തെത്തിക്കാന്‍ അസാമാന്യ മികവുകാണിച്ചു. ആക്രമിക്കാന്‍ മൂന്നു മധ്യനിരക്കാരെവരെ നിയോഗിച്ച ഫോര്‍മേഷന്‍ പതിവായി പ്രയോഗിച്ചു. സെമിയില്‍ മാലി ആക്രമിക്കാന്‍ നാലു മധ്യനിരക്കാരെ  നിര്‍ത്തി. ആക്രമണത്തിന് അരയും തലയും മുറുക്കി ഇറങ്ങുന്ന മധ്യനിരക്കാര്‍ എതിരാളിയെ തടയാനും മുന്നില്‍നിന്നു. ബോക്സ് ടു ബോക്സ് കളിക്കുന്ന മധ്യനിരക്കാരെയായിരുന്നു പരിശീലകര്‍ക്കും പ്രിയം.

വിങ്ങുകളിലൂടെയുള്ള ആക്രമണത്തിന് പ്രധാന്യം വരുന്നു. ആക്രമണത്വരയുള്ള ഫുള്‍ബാക്കുകള്‍ ഓരോ ടീമിലും ഒന്നിലേറെയുണ്ടായിരുന്നു. ബ്രസീലിന്റെ വെവേഴ്സണ്‍ മികച്ച ഉദാഹരണമാണ്. ഫിലിപ് ലാമിനും ഡാനി ആല്‍വേസിനും നല്ല പിന്മുറക്കാര്‍ വരുന്നുണ്ട്. വിങ്ങുകളിലൂടെ വന്ന പാസുകളിലാണ് ഇംഗ്ളണ്ടിന്റെ പുത്തന്‍ താരം റയാന്‍ ബ്രൂസ്റ്ററുടെ ഗോളുകളില്‍ ഏറെയും. ഒരുപോലെ കയറുന്ന ടീം അതുപോലെ തിരിച്ചിറങ്ങി പ്രതിരോധിക്കാനും പഠിച്ചാണ് ഇറങ്ങുന്നത്. ഏറ്റവും കുറച്ചു ഗോള്‍ വഴങ്ങിയ ഇംഗ്ളണ്ടിന്റെ ശക്തി ഒത്തൊരുമയോടെ ആക്രമിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന കളിക്കാരാണ്. സ്പെയ്ന്‍ സെമിഫൈനലില്‍ ഈ രീതി ഭദ്രമായി നടപ്പാക്കി.

ഇത്തവണ 90 മിനിറ്റില്‍ ഗോള്‍പിറക്കാത്ത മത്സരങ്ങള്‍ രണ്ടെണ്ണം മാത്രമാണ്. ഒമ്പത് ടീമുകള്‍ പത്തോ അതിലധികമോ ഗോളടിച്ചു. ഗോളടിക്കാത്ത ടീമില്ല. ഇന്ത്യയും നൈജറും ഓരോ ഗോളുമായി ഏറ്റവും പിന്നിലാണ്. ക്വാര്‍ട്ടര്‍ഫൈനലിലെ നാലു കളിയിലും ജയിച്ച ടീമുകള്‍ ഗോള്‍വഴങ്ങി. നാല് കളിയില്‍ 15 ഗോളും പിറന്നു. ഇംഗ്ളണ്ട്ജപ്പാന്‍ പ്രീക്വാര്‍ട്ടര്‍ മാത്രമാണ് ഷൂട്ടൌട്ടിലേക്കു നീണ്ടത്. സെമിഫൈനലിലെ രണ്ടു കളിയിലും നാലു ഗോള്‍വീതം പിറന്നു. ഇവിടെയും തോറ്റവര്‍ ഗോളടിച്ചാണ് മടങ്ങിയത്.
ഈ ലോകകപ്പില്‍ യൂറോപ്യന്‍ ടീമുകളുടെ മികവിന് പ്രധാന കാരണം ആസൂത്രിതവും കൃത്യവുമായി നടപ്പാക്കിയ ആക്രമണമാണ്. പ്രതിരോധം ഭദ്രമാക്കിയാണ് അവര്‍ കയറിക്കളിച്ചത്. അതിന്റെ ഫലവും കിട്ടി. യൂറോപ്യന്‍ ടീമുകള്‍ ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ തിരിച്ചുവാങ്ങിയതു കുറവാണ്.

ലാറ്റിന്‍ ടീമുകളില്‍ ബ്രസീല്‍ പ്രതിരോധം ഭദ്രമാക്കിയാണ് ആക്രമണത്തിനിറങ്ങിയത്. എന്നാല്‍, നിര്‍ണായകഘട്ടത്തില്‍ ഗോളടിക്കുന്നതില്‍ പിഴച്ചു. മറ്റ് ലാറ്റിന്‍ ടീമുകള്‍ ആക്രമണത്തിനിടയില്‍ പ്രതിരോധം മറന്നു. പരാഗ്വേ നാലു കളിയില്‍ 10 ഗോളടിച്ചെങ്കിലും അത്രയുംതന്നെ തിരിച്ചുവാങ്ങി. ഗ്രൂപ്പില്‍ മുഴുവന്‍  കളിയും ജയിച്ച ടീമിന് പ്രീക്വാര്‍ട്ടറില്‍ അടിതെറ്റി. ചിലിയും ഇക്വഡോറും ആക്രമിക്കാന്‍ അറച്ചുനിന്നതിനാല്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങി.

ആഫ്രിക്കന്‍ ടീമുകളില്‍ സെമിയിലെത്തിയ മാലിയാണ് ഈ ടൂര്‍ണമെന്റില്‍ ഏറ്റവും കടുത്ത ആക്രമണം അഴിച്ചുവിട്ട ടീം. അവരുടെ 16 ഗോളും ഓപ്പണ്‍ ഗോളുകളായിരുന്നു. എന്നാല്‍, സ്പെയ്നിന്റെ തന്ത്രങ്ങള്‍ക്കുമുന്നില്‍ മാത്രമാണ് അവര്‍ക്ക് പിഴച്ചത്.

2013ല്‍ യുഎഇയില്‍ നടന്ന ലോകകപ്പിലാണ് നിലവില്‍ ഗോളടിറെക്കോഡ്. 52 കളിയില്‍ 172 ഗോളായിരുന്നു. ശരാശരി 3.3. 2007ല്‍ 24 ടീമുകള്‍ വന്നശേഷമുള്ള ഏറ്റവും വലിയ ഗോള്‍ശരാശരി (3.5)യാണ് ഇത്തവണ. കഴിഞ്ഞതവണ ചിലിയില്‍ 2.9 ശരാശരിയില്‍ 151 ഗോള്‍ മാത്രമായിരുന്നു.

GROUP A
COUNTRY W D L POINTS
USA 2 0 1 6
COLUMBIA 2 0 1 6
GHANA 2 0 1 6
INDIA 0 0 3 0
GROUP B
COUNTRY W D L POINTS
PARAGUAY 3 0 0 9
MALI 2 0 1 6
NEW ZEALAND 0 1 2 1
TURKEY 0 1 2 1
GROUP C
COUNTRY W D L POINTS
IRAN 3 0 0 9
GERMANY 2 0 0 6
GUINEA 0 1 2 1
COSTA RICA 0 1 2 1
GROUP D
COUNTRY W D L POINTS
BRAZIL 3 0 0 9
SPAIN 2 0 1 6
NIGER 1 0 2 3
KOREA DPR 0 0 3 0
GROUP E
COUNTRY W D L POINTS
FRANCE 3 0 0 9
JAPAN 1 1 1 4
HONDURAS 1 0 2 3
NEW CALEDONIA 0 1 2 1
GROUP F
COUNTRY W D L POINTS
ENGLAND 3 0 0 9
IRAQ 1 1 1 4
MEXICO 0 2 1 2
CHILE 0 1 2 1