മറുതന്ത്രമില്ലാതെ മാലി മടങ്ങി

Thursday Oct 26, 2017

നവി മുംബൈ > 29 തവണ മാലി സ്പാനിഷ് പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് തൊടുത്തു. ലക്ഷ്യത്തിലേക്കു നീങ്ങിയത് നാലെണ്ണം മാത്രം. 10 തവണ എതിര്‍വല ലക്ഷ്യമിട്ട സ്പെയിന്‍ ഏഴു തവണയും കൃത്യമായി തൊടുത്തു. ബുധനാഴ്ച രാത്രി നടന്ന ലോകകപ്പിലെ രണ്ടാം സെമിഫൈനല്‍ പോരാട്ടത്തിന്റെ പൂര്‍ണചിത്രം ഈ കണക്കിലുണ്ട്. ആഫ്രിക്കയുടെ കരുത്തിനും ആവേശത്തിനും മേല്‍ യൂറോപ്പിന്റെ തന്ത്രങ്ങള്‍ കൊടിനാട്ടിയ 90 മിനിറ്റ് പോരാട്ടത്തില്‍ സ്പെയ്ന്‍ മാലിയെ ഒന്നിനെതിരെ മുന്നു ഗോളിനു തകര്‍ത്തു. പന്തുമായി തലങ്ങും വിലങ്ങും ഓടുന്നതിലല്ല കാര്യം പന്തുകളിയുടെ പൂര്‍ണത കളമറിഞ്ഞു കളിക്കുന്നതിലാണെന്ന് സ്പെയ്ന്‍ കാണിച്ചുകൊടുത്തു. അവസാനനിമിഷംവരെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിനൊടുവില്‍ നിലവിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് കണ്ണീരോടെ മടക്കം.

ആദ്യഘട്ടത്തില്‍ തന്നെ കളിയുടെ ഗതി നിശ്ചയിക്കപ്പെട്ടിരുന്നു. അതിവേഗം എതിര്‍പാളയത്തിലേക്ക് അലയടിച്ചെത്തുന്ന പതിവ് ആഫ്രിക്കക്കാര്‍ ഇത്തവണയും തെറ്റിച്ചില്ല. കരുത്തും വേഗവും തീറെഴുതി കിട്ടിയ മാലിയുടെ കൌമാരപ്പട എത്രയുംപെട്ടന്ന് ഗോളടിച്ച് കഴിഞ്ഞ കളികളിലെല്ലാം പുലര്‍ത്തിയ അധീശത്വം തുടരാനുള്ള ഒരുക്കത്തിലായിരുന്നു. ഗോളടിക്കുകയായിരുന്നു അവരുടെ ഏകലക്ഷ്യം. എന്നാല്‍, എങ്ങനെ അടിക്കണമെന്ന് അവര്‍ കൃത്യമായ ഗൃഹപാഠം ചെയ്തിരുന്നില്ല. അലക്ഷ്യമായി തൊടുത്ത ഷോട്ടുകള്‍ വഴിതെറ്റി പറന്നു. വന്ന വേഗത്തില്‍ അവര്‍ക്ക് പലപ്പോഴും തിരിച്ചോടേണ്ടി വന്നു. പ്രതിരോധത്തിലെ പിഴവുകള്‍ നികത്താന്‍ അവര്‍ക്ക് വിഭവങ്ങളില്ലായിരുന്നു. ആദ്യമായി തന്ത്രശാലികളായ എതിരാളിയോട് മുഖാമുഖംവന്ന  ആഫ്രിക്കന്‍ കരുത്തിന് തൊട്ടതെല്ലാം പിഴച്ചു. എതിരാളിയുടെ ആയുധശക്തി തിരിച്ചറിയാതെയുള്ള പടയൊരുക്കത്തിന് അവര്‍ വലിയവില കൊടുത്തു.

മറുവശത്ത് സ്പാനിഷ്പടയുടെ ഓരോ നീക്കവും കരുതിയായിരുന്നു. അമിതാവേശം കാണിച്ചതേയില്ല. മാലിയുടെ അതിവേഗത്തെ എങ്ങനെ തളയ്ക്കണമെന്ന് പഠിച്ചുറപ്പിച്ചാണ് അവര്‍ കളത്തിലിറങ്ങിയത്. മാലിക്കാര്‍ പിടഞ്ഞുകളിച്ചപ്പോള്‍ അതിനൊപ്പം തുള്ളാന്‍ സ്പെയ്ന്‍  നിന്നില്ല. പ്രെഫഷണല്‍ ഫുട്ബോളിന്റെ അടിസ്ഥാനപാഠമെന്ന നിലയ്ക്ക് ഓരോരുത്തര്‍ക്കും കൃത്യമായ ചുമതല നിശ്ചയിച്ചു നല്‍കിയിരുന്നു. ഗോളടിക്കാന്‍ നിയോഗിക്കപ്പെട്ട നായകന്‍ ആബേല്‍ റൂയിസും ഫെറാന്‍ ടോറസും ആ ചുമതല കൃത്യമായി നിര്‍വഹിച്ചു. സെസാര്‍ ഗെലബെര്‍ട്ടും സെര്‍ജിയോ ഗോമസും മുന്‍നിരയ്ക്ക് അവസരമൊരുക്കിയും മധ്യനിരയില്‍ മാലിയെ തടഞ്ഞും കളംനിറഞ്ഞു.
മാലിയുടെ ഒരു ഭീമാബദ്ധത്തില്‍നിന്നാണ് ആദ്യഗോള്‍. ബോക്സിലേക്കു പന്തുമായി കടന്ന സെസാര്‍ ഗെലബെര്‍ട്ടിനെ ദിയാബി കാലുകൊണ്ടുള്ള കടുത്ത പ്രയോഗത്തില്‍ വീഴ്ത്തിയപ്പോള്‍ റഫറി പെനല്‍റ്റി വിധിക്കാന്‍ അമാന്തിച്ചില്ല. കിക്കെടുത്ത ആബേല്‍ റൂയിസ് നാളെയുടെ താരമെന്ന് ഒരിക്കല്‍കൂടി പ്രഖ്യാപിച്ചുകൊണ്ട് അനായാസം കിക്ക് വലയിലാക്കി (10). അവിടെ നിശ്ചയിക്കപ്പെട്ടിരുന്നു കളിയുടെ ഭാഗധേയം.

ഗോള്‍ കുടുങ്ങിയതോടെ മാലി കൂടുതല്‍ ആളെകൂട്ടി ആക്രമിക്കാനെത്തി. പെനല്‍റ്റി ബോക്സിനു മുന്നില്‍ നിരന്നുനിന്ന് സ്പെയ്ന്‍ അതെല്ലാം തടഞ്ഞു. മാലിയുടെ ഗോളടിക്കാരന്‍ ലസ്സാനെ എന്‍ദിയായെയും സലാം ജിദുവും ഹദ്ജി ദ്രമേയുമെല്ലാം ഒരു നിമിഷംപോലും അടങ്ങിയിരുന്നില്ല. എന്നാല്‍, സ്പാനിഷ് പ്രതിരോധം ഭേദിച്ച് ഗോളിലേക്കു തൊടുക്കാന്‍ ആ മിടുക്കൊന്നും തികയുമായിരുന്നില്ല. നായകന്‍ മുഹമ്മദ് കമാറ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തിരുന്നത് മാലിയുടെ നീക്കങ്ങളെ കാര്യമായി ബാധിച്ചു. അവര്‍ക്ക് ലക്ഷ്യബോധമില്ലാതിരുന്നതിന് പ്രധാനകാരണം എതിര്‍പാളയത്തിലെ ദൌര്‍ബല്യങ്ങള്‍ കണ്ടെത്തി പന്തുനീക്കാന്‍ കഴിയുന്ന ഒരു മധ്യനിരക്കാരന്റെ അഭാവമായിരുന്നു.
ആദ്യപകുതിയുടെ അവസാനം കളിയില്‍ സ്പെയ്നിന്റെ നിയന്ത്രണം ഉറപ്പിച്ച ഗോള്‍ കുറിക്കപ്പെട്ടു. സ്പെയ്ന്‍ നിരയില്‍ ഉജ്വലഫോമിലായിരുന്ന സെസാര്‍ ഗെലബെര്‍ട്ട് നല്‍കിയ ത്രൂബോള്‍ പിടിച്ചെടുക്കുമ്പോള്‍ ആബേല്‍ റൂയിസിനടുത്ത് ആരുമില്ല. അനായാസം ഗോളിയെ കബളിപ്പിച്ച് റൂയിസ് വലതുപോസ്റ്റിലേക്ക് പന്ത് തഴുകിയിട്ടു.

രണ്ടാം പകുതിയുടെ തുടക്കം സ്പെയ്ന്‍ ആധിപത്യം ഉറപ്പിക്കുംവിധം കൂടുതല്‍ സമയം പന്തു കൈവശംവച്ചു. എന്നാല്‍, അവസാന അരമണിക്കൂര്‍ മാലി സര്‍വശക്തിയും സംഭരിച്ച് ഗോള്‍ മടക്കാന്‍ ശ്രമം തുടങ്ങി. 61ാം മിനിറ്റില്‍ ഡൊകൂറയുടെ ഷോട്ട് ബാറില്‍തട്ടി ഗോള്‍വരയ്ക്കകത്തു കടന്ന് പുറത്തേക്ക് തെറിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ഭാഗ്യവും ഘാനയ്ക്കൊപ്പമില്ലെന്ന് തെളിഞ്ഞ നിമിഷം. അപ്പോഴും സ്പെയ്ന്‍ പതറിയില്ല. 10 മിനിറ്റിനകം അവര്‍ മുന്നാംഗോള്‍ നേടി ഫൈനല്‍ ഉറപ്പിച്ചു. ഫെറാന്‍ ടൊറസാണ് സ്കോര്‍ ചെയ്തത്. ഗോമസിന്റെ ഉയര്‍ന്നുവന്ന ക്രോസ് ചാടിപ്പിടിച്ച ടോറസ് മാലി പ്രതിരോധത്തെ നിശ്ചലരാക്കി പന്ത് വലയിലാക്കി. തൊട്ടുപിന്നാലെ മാലിയുടെ പോരാട്ടവീര്യത്തിന് ആശ്വാസമായി ഒരു ഗോള്‍ ലഭിച്ചു. അവരുടെ സൂപ്പര്‍ താരം എന്‍ദിയായെയുടെ ടുര്‍ണമെന്റിലെ ആറാം ഗോള്‍. സ്പെയ്നെ വിറപ്പിക്കാന്‍ അതൊന്നും പോരായിരുന്നു. കളിയുടെ അവസാനനിമിഷംവരെ മാലി പൊരുതിയെങ്കിലും തന്ത്രശാലികളായ എതിരാളികള്‍ക്കെതിരെ മറുതന്ത്രം പഠിക്കാതെ വന്നതിനാല്‍ അത്ഭുതമൊന്നും സംഭവിച്ചില്ല.

GROUP A
COUNTRY W D L POINTS
USA 2 0 1 6
COLUMBIA 2 0 1 6
GHANA 2 0 1 6
INDIA 0 0 3 0
GROUP B
COUNTRY W D L POINTS
PARAGUAY 3 0 0 9
MALI 2 0 1 6
NEW ZEALAND 0 1 2 1
TURKEY 0 1 2 1
GROUP C
COUNTRY W D L POINTS
IRAN 3 0 0 9
GERMANY 2 0 0 6
GUINEA 0 1 2 1
COSTA RICA 0 1 2 1
GROUP D
COUNTRY W D L POINTS
BRAZIL 3 0 0 9
SPAIN 2 0 1 6
NIGER 1 0 2 3
KOREA DPR 0 0 3 0
GROUP E
COUNTRY W D L POINTS
FRANCE 3 0 0 9
JAPAN 1 1 1 4
HONDURAS 1 0 2 3
NEW CALEDONIA 0 1 2 1
GROUP F
COUNTRY W D L POINTS
ENGLAND 3 0 0 9
IRAQ 1 1 1 4
MEXICO 0 2 1 2
CHILE 0 1 2 1