ഇറാനെ ഇല്ലാതാക്കി സ്പെയ്ന്‍

Monday Oct 23, 2017
പ്രദീപ് ഗോപാല്‍


കൊച്ചി > അഴകുള്ള കളിയുമായി സ്പെയ്ന്‍ കൌമാര ലോകകപ്പിന്റെ സെമിയില്‍. ഏഷ്യന്‍ വമ്പന്‍മാരായ ഇറാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് സ്പാനിഷ്കുട്ടികള്‍ നിലംപരിശാക്കി. വീരോചിതമായി ക്വാര്‍ട്ടര്‍വരെ മുന്നേറിയ ഇറാന് യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയ്നിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ക്യാപ്റ്റന്‍ ആബേല്‍ റൂയിസ്, സെര്‍ജിയോ ഗോമെസ്, ഫെറാന്‍ ടോറെസ് എന്നിവര്‍ സ്പെയ്നിന്റെ ഗോളടിച്ചു. സയ്യിദ് കരീമിയുടെ ഗോളില്‍ ഇറാന്‍ ആശ്വാസം കണ്ടു. 25ന് നടക്കുന്ന സെമിയില്‍ സ്പെയ്ന്‍ മാലിയെ നേരിടും. 

കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ 29,000 കാണികള്‍ക്ക് സ്പെയ്ന്‍ മനോഹരമായ വിരുന്നൊരുക്കി. ചെറുനീക്കങ്ങള്‍ കൊണ്ട് അവര്‍ കളംവരച്ചു. കൊച്ചിയില്‍ നടന്ന അവസാന ലോകകപ്പ് മത്സരംകൂടിയായിരുന്നു ഇത്.

സ്പെയ്നിന്റെ മികവുള്ള കളിക്കുമുന്നില്‍ ഇറാന്‍ ഉത്തരമില്ലാതെ പതറി. ആദ്യഘട്ടത്തില്‍ ഭാവനാപൂര്‍ണമായ ഒരു നീക്കവും അവരില്‍നിന്നുണ്ടായില്ല. ഗോളടിപ്പിക്കാതെ എതിരാളികളെ അസ്വസ്ഥരാക്കുക എന്ന തന്ത്രം ആദ്യംതന്നെ പൊളിഞ്ഞു. ഇതോടെ പ്രത്യാക്രമണങ്ങള്‍ക്കുള്ള വീര്യവും കെട്ടു. മുന്നേറ്റത്തില്‍ അല്ല്യഹാര്‍ സയ്യദിന് പന്ത് കിട്ടിയില്ല. പങ്കാളി ഡെല്‍ഫിയുടെ അഭാവം അല്ലഹ്യാറിനെ ഒറ്റപ്പെടുത്തി. ഇറാന്റെ മധ്യനിര സ്പെയ്നിന്റെ ഒന്നാന്തരം കളിക്കുമുന്നില്‍ ആശയമില്ലാതെ വലഞ്ഞു. പാസുകള്‍ പൂര്‍ണമായില്ല.  ആദ്യ 20 മിനിറ്റില്‍ ഒരുതവണ മാത്രമാണ് സ്പാനിഷ് ഗോള്‍ മുഖത്തേക്ക് കയറാന്‍ ഇറാന് കഴിഞ്ഞത്. ഫ്രീകിക്കിലൂടെയായിരുന്നു അത്. ആദ്യപകുതിയില്‍ ഒരുതവണമാത്രം അവര്‍ സ്പാനിഷ് ഗോള്‍മുഖത്തേക്ക് അടിതൊടുത്തു. അമീര്‍ ഹുസൈന്‍ ഹുസൈന്‍സാദെ പായിച്ച അടി ദുര്‍ബലമായി. മധ്യനിരക്കാരന്‍ മുഹമ്മദ് ഗദേരിയാണ്  ഇറാന്റെ കളിക്ക് അല്‍പ്പമെങ്കിലും തെളിച്ചം നല്‍കിയത്. വലതുഭാഗത്ത് വേഗത്തിലുള്ള നീക്കങ്ങള്‍ നടത്താന്‍ ഗദേരിക്ക് കഴിഞ്ഞു. പക്ഷേ, പൂര്‍ണതയുണ്ടായില്ല. ഇടവേളയ്ക്കുശേഷമായിരുന്നു ഇറാന്റെ ഭേദപ്പെട്ട പ്രകടനമുണ്ടായത്.

കളി പൂര്‍ണമായി സ്പെയ്നിന്റെ കാലുകളിലായിരുന്നു. സെര്‍ജിയോ ഗോമെസും ഫെറാന്‍ ടോറെസും ഇരുവശങ്ങളിലൂടെ സ്പെയ്നിന്റെ നീക്കങ്ങള്‍ക്ക് ചന്തം നല്‍കി. ക്യാപ്റ്റന്‍ ആബേല്‍ റൂയിസ് എന്നത്തേയുംപോലെ എതിര്‍ ഗോള്‍മുഖത്ത് അപകടകാരിയായി. 13ാം മിനിറ്റില്‍ ഫെറാന്‍ ടോറെസ് വലതുഭാഗത്ത് നടത്തിയ നീക്കമാണ് ഗോളിലേക്കെത്തിയത്. വലതുമൂലയില്‍നിന്ന് ടോറെസ് തൊടുത്ത ക്രോസ്, ഇടതുഭാഗത്ത് ഒഴിഞ്ഞുനില്‍ക്കുകയായിരുന്ന ഗോമെസിന് കിട്ടി. ഗോമെസിന്റെ ആദ്യശ്രമം പ്രതിരോധത്തില്‍തട്ടി. രണ്ടാമത്തെ ക്രോസ് കൃത്യം റൂയിസിന്റെ കാലില്‍. റൂയിന്റെ ആദ്യ അടി തട്ടിത്തെറിച്ചു. പക്ഷേ, രണ്ടാമത്തെ ശ്രമം പിഴച്ചില്ല. ഗോളി അലി ഗൊലം സാദെയെ നിഷ്്പ്രഭനാക്കി റൂയിസിന്റെ ഷോട്ട് വലയിലെത്തി. ഇതോടെ ഇറാന്‍ തളര്‍ന്നു. സ്പാനിഷ് വീര്യം ഇരട്ടിച്ചു. ഇരുവശങ്ങളിലൂടെയും ആക്രമണങ്ങള്‍ ഒന്നൊന്നായി ഇറാന്‍ ഗോള്‍മുഖത്തേക്കിറങ്ങി. ഇതിനിടെ സെസാര്‍ ഗെലാബെര്‍ട്ടിന്റെ അടി സാദെ തട്ടിയകറ്റി. ഇറാന്‍ കൂട്ടത്തോടെ പ്രതിരോധത്തിനിറങ്ങി.

ഇടവേളയ്ക്കുശേഷം ഇറാന്റെ കളി അല്‍പ്പം മെച്ചപ്പെട്ടു. ഗദേരിയിലൂടെയാണ് ഇറാന്‍ മുന്നേറിയത്. ഇറാന്റെ കളി മുറുകിയതോടെ സ്പെയ്നും വേഗത്തില്‍ നീക്കങ്ങള്‍ നെയ്ത് കുതിച്ചു. ഗോമെസ് അപകടകാരിയായി. മുഹമ്മദ് മൌഖ്ലിസും അന്റോണിയോ ബ്ളാങ്കോയും മധ്യനിരയെ താളത്തിലാക്കി. 60ാം മിനിറ്റില്‍ സ്പെയ്നിന്റെ രണ്ടാമത്തെ ഗോള്‍ വന്നു. ബാഴ്സലോണ അക്കാദമി താരമായ ഗോമെസിന്റെ തകര്‍പ്പന്‍ ഗോള്‍. ബോക്സിന്റെ വലതുഭാഗത്ത് ടോറെസ് അവസരമൊരുക്കി. ഗോമെസ് മിന്നുന്ന ഷോട്ടിലൂടെ ഗോളി സാദെയെ നിഷ്പ്രഭനാക്കി. പിന്നാലെ പരിക്കേറ്റ ഗോമെസിനെ കോച്ച് സാന്റിയാഗോ ഡിനിയ തിരിച്ചുവിളിച്ചു. പകരം അല്‍വാരോ ഗാര്‍ഷ്യ കളത്തിലെത്തി. ഇതിനിടെ ഇറാന്‍ നടത്തിയ മികച്ച ശ്രമം സ്പാനിഷ് ഗോള്‍മുഖത്ത് ചിതറിത്തെറിച്ചു. ഇവിടെനിന്ന് സ്പെയ്ന്‍ പ്രത്യാക്രമണം നടത്തി. ഇറാന്‍ ഗോള്‍മേഖലയ്ക്കരികെവച്ച് മോഹ ഗോളിലേക്ക് വഴിതുറന്നു. മോഹയുടെ ക്രോസ് ടോറെസ് വലയിലേക്ക് തൊടുത്തു. മൂന്ന് ഗോളിന് സ്പെയ്ന്‍ ജയം ഉറപ്പിച്ചു. കരീമിയിലൂടെ ഒരെണ്ണം തിരിച്ചടിച്ചെങ്കിലും ഇറാന്‍ അവസാനിച്ചിരുന്നു. അവസാന നിമിഷം റൂയിസ് മികച്ച രണ്ട് ശ്രമങ്ങള്‍ പാഴാക്കിയില്ലായിരുന്നെങ്കില്‍ ഇറാന്റെ തോല്‍വിഭാരം ഇതിലും കനത്തേനെ.

 

GROUP A
COUNTRY W D L POINTS
USA 2 0 1 6
COLUMBIA 2 0 1 6
GHANA 2 0 1 6
INDIA 0 0 3 0
GROUP B
COUNTRY W D L POINTS
PARAGUAY 3 0 0 9
MALI 2 0 1 6
NEW ZEALAND 0 1 2 1
TURKEY 0 1 2 1
GROUP C
COUNTRY W D L POINTS
IRAN 3 0 0 9
GERMANY 2 0 0 6
GUINEA 0 1 2 1
COSTA RICA 0 1 2 1
GROUP D
COUNTRY W D L POINTS
BRAZIL 3 0 0 9
SPAIN 2 0 1 6
NIGER 1 0 2 3
KOREA DPR 0 0 3 0
GROUP E
COUNTRY W D L POINTS
FRANCE 3 0 0 9
JAPAN 1 1 1 4
HONDURAS 1 0 2 3
NEW CALEDONIA 0 1 2 1
GROUP F
COUNTRY W D L POINTS
ENGLAND 3 0 0 9
IRAQ 1 1 1 4
MEXICO 0 2 1 2
CHILE 0 1 2 1