ഇംഗ്ലണ്ടിന് കുതിക്കാൻ യുവ എൻജിൻ
Tuesday Dec 6, 2022

ദോഹ
ലോകകപ്പിൽ ഇംഗ്ലണ്ട് കുതിക്കുന്നത് പുതുതായി ഘടിപ്പിച്ച എൻജിനുമായി. യുവതാരങ്ങളായ ഫിൽ ഫോദെൻ, ബുകായോ സാക്ക, ജൂഡ് ബെല്ലിങ്ഹാം എന്നിവരാണ് ശക്തി. സെനെഗലിനെ മൂന്ന് ഗോളിന് തോൽപ്പിച്ച് മുന്നേറിയപ്പോൾ കളിയുടെ നിയന്ത്രണം ഇവരുടെ ബൂട്ടിലായിരുന്നു. ചാമ്പ്യൻമാരായ ഫ്രാൻസുമായി 10ന് നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ മൂവർസംഘം നിർണായകമാകും.
സെനെഗലിനെതിരെ ജോർദാൻ ഹെൻഡേഴ്സണിന്റെ ആദ്യ ഗോളിന് അവസരമൊരുക്കിയത് ബെല്ലിങ്ഹാമായിരുന്നു. ക്യാപ്റ്റൻ ഹാരി കെയ്ൻ ഈ ലോകകപ്പിലെ ആദ്യഗോൾ നേടാൻ ഫോദെൻ സഹായിച്ചു. രണ്ടാംപകുതിയിൽ ഫോദെൻ–-സാക്ക സഖ്യമാണ് പട്ടിക പൂർത്തിയാക്കിയത്. ലോകകപ്പിൽ സാക്കയുടെ മൂന്നാംഗോൾ.
പത്തൊമ്പതുകാരനായ ബെല്ലിങ്ഹാം ലോകത്തെ മികച്ച മധ്യനിരതാരമായി വാഴുമെന്നാണ് പ്രവചനം. കളി ശൈലി, പാസിലെ കൃത്യത, പന്ത് കൈമാറ്റത്തിലെ വേഗം, കൊടുക്കൽ വാങ്ങലുകളിലെ താളം എന്നിവയെല്ലാം ചേർന്ന സമ്പൂർണ കളിക്കാരനെന്നാണ് ചെറുപ്രായത്തിലെ വിശേഷണം. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച സ്ട്രൈക്കർമാരിലൊരാളായ ഗാരി ലിനേക്കർ പറഞ്ഞത് ‘ഇവനാണ് ടീം ലീഡർ’ എന്നാണ്. ആഫ്രിക്കൻ ടീമിനെതിരെ ഇംഗ്ലണ്ടിനെ ചലിപ്പിച്ചത് ബെല്ലിങ്ഹാമിന്റെ പാസുകളാണ്. ജർമനിയിലെ ബൊറൂസിയ ഡോർട്ട്മുണ്ടിനാണ് കളിക്കുന്നത്.
സാക്കയുടെ പ്രായം 21 വയസ്സ്. വിങ്ങർ, ലെഫ്റ്റ്ബാക്ക്, മിഡ്ഫീൽഡർ തുടങ്ങി ഏതുസ്ഥാനത്തും കളിപ്പിക്കാവുന്ന ഓൾറൗണ്ടർ. മധ്യനിരയിൽ ബുദ്ധി ഉപയോഗിച്ചു കളിക്കുന്നുവെന്നതാണ് സവിശേഷത. രക്ഷിതാക്കൾ നൈജീരിയക്കാരാണ്. അഴ്സണൽ ക്ലബ്ബിന്റെ താരമാണ്. ഫിൽ ഫോദെനും പ്രായം 21 ആയിട്ടേയുള്ളു. മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരതാരം. 2017ലെ അണ്ടർ 17 ലോകകപ്പിൽ ഇംഗ്ലണ്ടിനെ ചാമ്പ്യൻമാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഖത്തറിൽ ആദ്യ രണ്ട് കളികളിൽ കാര്യമായ അവസരം കിട്ടിയില്ല. എന്നാൽ, അവസാന ഗ്രൂപ്പ് മത്സരത്തിൽ തിളങ്ങിയതോടെ ഫോദെൻ നിർണായക ഘടകമായി മാറി.
ഇവർക്കൊപ്പം ഇരുപത്തിമൂന്നുകാരനായ ഡെക്ലാൻ റൈസും ഇംഗ്ലണ്ട് ടീമിന്റെ അവിഭാജ്യഘടകമാണ്. ഇവരുടെ പ്രതിഭയിൽ വിശ്വസിച്ചാണ് കോച്ച് ഗാരെത് സൗത്ഗേറ്റ് മുന്നോട്ടുപോകുന്നത്. ഇംഗ്ലണ്ട് ലോകകപ്പ് നേടിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. 1966ലാണ് ആദ്യത്തേയും അവസാനത്തേയും ലോകകിരീടം.