വേരറുക്കും ഈ കൊടുങ്കാറ്റ്

Tuesday Dec 6, 2022
image credit FIFA WORLD CUP twitter

ദോഹ
ഒരു നിമിഷംകൊണ്ട്‌ കളിഗതി മാറ്റാൻ കഴിയണം. ഗോളടിക്കാനും അവസരമൊരുക്കാനും കഴിയണം. അങ്ങനെയുള്ള ഒരു കളിക്കാരനെമാത്രമേ കളിയിലെ ഒരു സമ്പൂർണ സ്‌ട്രൈക്കർ എന്ന്‌ വിളിക്കാൻ കഴിയുകയുള്ളൂ. ഈ ലോകകപ്പിൽ അത്‌ കിലിയൻ എംബാപ്പെയാണ്‌–- ഐവറി കോസ്‌റ്റിന്റെയും ചെൽസിയുടെയും മുൻ താരമായ ദിദിയർ ദ്രോഗ്‌ബെയുടെ വാക്കുകൾ. 

ഒരു നിമിഷംമതി എംബാപ്പെയ്‌ക്ക്‌ എതിർ പ്രതിരോധത്തെ ചാമ്പലാക്കാൻ. ഏത്‌ വൻകോട്ടയും തകരും. പോളണ്ടിനെതിരെ മൂന്ന്‌ നീക്കങ്ങളായിരുന്നു. അതിലൊന്നിൽ ഒളിവർ ജിറൂവിന്‌ ഗോളിലേക്കുള്ള ചാലുകീറി. അടുത്ത രണ്ടെണ്ണത്തിൽ പോളണ്ടിനെ മുഴുവനായും കാൽക്കീഴിലാക്കി. റഷ്യയിൽ അർജന്റീനയും ക്രൊയേഷ്യയും ആ വേഗത്തിൽ കാലിടിച്ച്‌ വീണവരാണ്‌. ഖത്തറിൽ ചില ചരിത്രങ്ങൾ തിരുത്തിയെഴുതുന്ന തിരക്കിലാണ്‌ എംബാപ്പെ. ആ കുതിപ്പിൽ വൻമരങ്ങൾ കടപുഴകുന്നു.

ഇരുപത്തിനാല്‌ വയസ്സിനുള്ളിൽ ലോകകപ്പിൽ പെലെ നേടിയത്‌ എട്ട്‌ ഗോളാണ്‌. മാറഡോണയ്‌ക്ക്‌ ആകെ എട്ട്‌ ഗോളടിക്കാൻ നാല്‌ ലോകകപ്പും 21 മത്സരങ്ങളും കളിക്കേണ്ടിവന്നു. ഖത്തറിൽ തന്റെ അഞ്ചാം ടൂർണമെന്റിനിറങ്ങിയ റൊണാൾഡോയ്‌ക്ക്‌ 20 കളിയിൽ നേടാനായത്‌ എട്ട്‌ ഗോൾ. ഇനി എംബാപ്പെയുടെ കണക്കുകൾ–--രണ്ട്‌ ലോകകപ്പ്‌, 11 മത്സരങ്ങൾ, ആകെ ഒമ്പത്‌ ഗോൾ.

പോളണ്ടിനെതിരായ പ്രീക്വാർട്ടറിൽ ഇരട്ടഗോളടിച്ചാണ്‌ എംബാപ്പെ സർവ റെക്കോഡുകളും പേരിലാക്കിയത്‌. 2018 റഷ്യയിൽ നാല്‌ ഗോളായിരുന്നു. ഇത്തവണ നാല്‌ കളിയിൽ അഞ്ച്‌ ഗോളുമായി ഗോൾവേട്ടക്കാരിൽ ഒന്നാമൻ. ‘സുവർണപാദുകം നോടാനല്ല ഞാനിവിടെ വന്നത്‌. ഫ്രാൻസിനെ വീണ്ടും ലോക ചാമ്പ്യൻമാരാക്കാനാണ്‌. ഇതെന്റെ സ്വപ്ന ടൂർണമെന്റാണ്‌. മറ്റൊന്നിനും എന്നെ ഇത്ര ഭ്രമിപ്പിക്കാനായിട്ടില്ല’–-എംബാപ്പെ നയം വ്യക്തമാക്കി. അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസിയാണ്‌ ഗോൾനേട്ടത്തിൽ ഫ്രാഞ്ചുകാരനൊപ്പമുള്ളത്‌. മെസിക്കും ഒമ്പത്‌ ഗോളുണ്ട്‌. പക്ഷേ, അഞ്ചാം ലോകകപ്പാണ്‌. 23 കളിയും.

‘കളത്തിലാണ്‌ കിലിയൻ സംസാരിക്കുക. എപ്പോഴോക്കെ ടീമിന്‌ ആവശ്യമുണ്ട്‌ അപ്പോഴെല്ലാം അവതരിക്കും. ഒറ്റ ചലനംകൊണ്ട്‌ കളി മാറ്റിയെഴുതാൻ കഴിയുന്നവർ ആധുനിക ഫുട്‌ബോളിൽ കുറവാണ്‌’–- ക്വാർട്ടർ പ്രവേശനത്തിനുശേഷം ഫ്രഞ്ച്‌ പരിശീലകൻ ദിദിയെർ ദെഷാം അടയാളപ്പെടുത്തി. ഫ്രഞ്ച്‌ കുപ്പായത്തിൽ അവസാന 14 കളിയിൽ 16 ഗോളാണ്‌ എംബാപ്പെ കുറിച്ചത്‌. ആകെ 63 കളിയിൽ 33. സിനദിൻ സിദാനെ (31) മറികടന്നു. പിഎസ്‌ജിക്കായി ഇത്തവണ 20 കളിയിൽ 19 ഗോളുമുണ്ട്‌.
മൂന്ന്‌ മത്സരങ്ങൾക്കപ്പുറം വീണ്ടും ഒരു ലോകകിരീടം ഫ്രാൻസിനെ കാത്തിരിക്കുന്നുണ്ട്‌. എംബാപ്പെ എന്ന അത്ഭുതമനുഷ്യനിലാണ്‌ അവരുടെ സർവപ്രതീക്ഷകളും.