സ്പാനിഷ് കണ്ണി മുറിക്കാൻ മൊറോക്കോ
Tuesday Dec 6, 2022

ദോഹ
നോക്കൗട്ടിലേക്ക് കിതച്ചെത്തിയ സ്പെയ്ൻ ലോകകപ്പ് പ്രീക്വാർട്ടറിൽ ഇന്ന് ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ നേരിടും. ബൽജിയവും ക്രൊയേഷ്യയും ഉൾപ്പെട്ട ഗ്രൂപ്പ് എഫ് ചാമ്പ്യൻമാരായാണ് മൊറോക്കോയുടെ വരവ്. രാത്രി 8.30നാണ് മത്സരം. 2018 റഷ്യ ലോകകപ്പിൽ ഒരേ ഗ്രൂപ്പിലായിരുന്ന ടീമുകൾ ഏറ്റുമുട്ടിയപ്പോൾ 2–-2 സമനിലയിൽ പിരിയുകയായിരുന്നു.
ആദ്യകളിയിൽ കോസ്റ്ററിക്കയെ ഏഴ് ഗോളിന് തകർത്തെറിഞ്ഞ സ്പെയ്ൻ പിന്നീട് മങ്ങി. അവസാനമത്സരത്തിൽ ജപ്പാനുമുന്നിൽ അപ്രതീക്ഷിത തോൽവിയും വഴങ്ങി. മധ്യനിരയിൽ കളി മെനയുന്ന യുവതാരങ്ങളായ പെഡ്രി–-ഗാവി സഖ്യത്തിലാണ് ടീമിന്റെ പ്രതീക്ഷ. മൂന്നു ഗോൾ നേടിയ മുന്നേറ്റക്കാരൻ അൽവാരോ മൊറാട്ടയും കോച്ച് ലൂയിസ് എൻറിക്വെയുടെ വിശ്വാസം കാക്കുന്നു. ആദ്യ മത്സരത്തിൽ ഫെറാൻ ടോറസും മാർകോ അസെൻസിയോയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ, ജപ്പാന്റെ അതിവേഗ കളിക്കുമുമ്പിൽ മറുപടിയില്ലാതെ നിന്ന സ്പെയ്നിനെയാണ് ഖത്തറിൽ കണ്ടത്. പന്ത് കൈവശം വയ്ക്കുന്നതിലും പാസിങ്ങിലുമെല്ലാം മുന്നിൽനിൽക്കുമ്പോഴും ഗോളുകൾ കണ്ടെത്താനാകാത്തതാണ് അവസാന രണ്ട് മത്സരത്തിലും സ്പെയ്നിന് വിനയായത്.
കരുത്തരായ ക്രൊയേഷ്യയെ സമനിലയിൽ തളയ്ക്കുകയും രണ്ടാംറാങ്കുകാരായ ബൽജിയത്തെ നിലംപരിശാക്കുകയും ചെയ്താണ് മൊറോക്കോയുടെ വരവ്. ഗ്രൂപ്പുഘട്ടത്തിൽ തോൽവിയറിയാതെയാണ് മുന്നേറ്റം. വലതു പ്രതിരോധക്കാരൻ അച്റഫ് ഹക്കീമിയും മധ്യനിരയിൽ അബ്ദുൾ ഹമീദ് സാബിരിയും മുന്നേറ്റക്കാരൻ ഹക്കിം സിയേച്ചുമാണ് മൊറോക്കോയുടെ കളി മെനയുന്നത്. സക്കരിയ അബൗക്ലാലിന്റെ ഗോളടി മികവും പ്രതീക്ഷയാണ്.
സ്പെയ്ൻ ഇതുവരെ
കോസ്റ്ററിക്കയെ 7–-0ന് തോൽപ്പിച്ചു
ജർമനിയോട് 1–-1 സമനില
ജപ്പാനോട് 1–-2ന് തോറ്റു
മൊറോക്കോ ഇതുവരെ
ക്രൊയേഷ്യയുമായി 0–-0 സമനില
ബൽജിയത്തെ 2–-0ന് തോൽപ്പിച്ചു
ക്യാനഡയെ 2–-1ന് തോൽപ്പിച്ചു