ആയിരം കഥകൾ, 
അതിലൊരു മെസി

Monday Dec 5, 2022
image credit FIFA WORLD CUP twitter

ദോഹ
‘കൂട്ടുകാരെ നമ്മൾ വീണ്ടും ആവേശഭരിതരാകുന്നു...’
ഓസ്‌ട്രേലിയക്കെതിരായ പ്രീക്വാർട്ടിനുശേഷം അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ആ വരികൾ മുഴങ്ങി. കളിക്കാരും കാണികളും ഒരേ താളത്തിൽ അതിൽനിറഞ്ഞു. പോരാട്ടം കടുത്തതായിരുന്നു അർജന്റീനയ്ക്ക്‌. എങ്കിലും ലയണൽ മെസിയെന്ന മാന്ത്രികനിൽ അവർ ഒരിക്കൽക്കൂടി രക്ഷകനെക്കണ്ടു. ഒറ്റഗോളിൽ വഴിതുറന്ന മെസി പൊരുതിനിന്ന ഓസ്‌ട്രേലിയയെ തളർത്തി. 2–-1ന്റെ ജയവുമായി മുന്നേറിയ മുൻ ചാമ്പ്യൻമാർക്ക്‌ ലൂയിസ്‌ വാൻ ഗാലിന്റെ ഡച്ചാണ്‌ എതിരാളികൾ. 9ന് രാത്രി 12.30നാണ് കളി.

പോളണ്ടിനെതിരായ മത്സരത്തിനുശേഷം രണ്ടുദിവസത്തെ ഇടവേളമാത്രമായിരുന്നു ടീമിന്‌. ഓസ്‌ട്രേലിയ ആദ്യനിമിഷങ്ങളിൽ ഒരുപഴുതും നൽകിയില്ല. 35–-ാംമിനിറ്റിൽ മെസിയുടെ മനോഹര ഗോൾ പിറക്കുംവരെ. ആ ഇടംകാൽ ഒരിക്കൽക്കൂടി ടീമിന്‌ ഊർജം പകർന്നു.  നിക്കോളാസ്‌ ഒട്ടമെൻഡിയാണ്‌ അവസരമൊരുക്കിയത്‌. മൂന്ന്‌ പ്രതിരോധക്കാരുടെ വിടവിലൂടെ നിലംപറ്റിയുള്ള ഷോട്ട്‌.  ഈ ലോകകപ്പിലെ മൂന്നാംഗോൾ. കളിയിൽ കൂട്ടുകാർക്ക്‌ 58 പാസുകൾ നൽകി. അതിന്‌ 90 ശതമാനമാണ്‌ കൃത്യത. ആറ്‌ ഷോട്ടുകൾ ഉതിർത്തു.

ലോകകപ്പിൽ ഒരു കളിക്കാരന്റെ ഏറ്റവുംമികച്ച വ്യക്തിഗത പ്രകടനമായിരുന്നു കണ്ടെതെന്നായിരുന്നു മുൻ ഇംഗ്ലണ്ട്‌ താരം റിയോ ഫെർഡിനാന്റെ പ്രതികരണം.
പോളണ്ടിനെ നിഷ്‌പ്രഭമാക്കിയ ലാറ്റിനമേരിക്കൻ മികവ്‌ ഓസ്‌ട്രേലിയക്കെതിരായ പ്രീക്വാർട്ടറിൽ അർജന്റീനയുടെ ബൂട്ടിൽ കണ്ടില്ല. ഗോളടിപ്പിക്കാതിരിക്കുകയെന്ന തന്ത്രം ആദ്യ അരമണിക്കൂറിൽ കങ്കാരുക്കൾ ഫലപ്രദമായി നടപ്പാക്കി. പരിക്കുള്ള എയ്‌ഞ്ചൽ ഡി മരിയയുടെ അഭാവം പാർശ്വങ്ങളിലൂടെയുള്ള കുതിപ്പിന്‌ തടസ്സമായി. പപ്പു ഗോമെസിന്‌ ശോഭിക്കാനായില്ല. മധ്യനിരയിൽ കാര്യമായ ചലനങ്ങളുണ്ടായതുമില്ല.

ഓസ്‌ട്രേലിയൻ ഗോൾകീപ്പർ മാറ്റ്‌ റ്യാന്റെ പിഴവിൽനിന്നായിരുന്നു രണ്ടാമത്തെ ഗോൾ. ബാക്ക്‌ പാസ്‌ സ്വീകരിക്കുന്നതിൽ പിഴച്ചു. റോഡ്രിഗോ ഡി പോൾ ഓടിയെത്തിയപ്പോൾ റ്യാന്‌ നിയന്ത്രണം നഷ്ടമായി. ഈ തക്കത്തിൽ ജൂലിയൻ അൽവാരെസ്‌ പന്ത്‌ വലയിലാക്കി. എൺസോ ഫെർണാണ്ടസിന്റെ പിഴവുഗോളിലാണ്‌ ഓസ്‌ട്രേലിയ വലകണ്ടത്‌. കളിതീരാൻ നിമിഷങ്ങൾ ബാക്കിയിരിക്കെ ഓസ്‌ട്രേലിയയുടെ കൗമാരതാരം ഗ്യാരങ് ക്യൂൾ തൊടുത്ത ഷോട്ട്‌ അർജന്റീന ഗോളി എമിലിയാനോ മാർട്ടിനെസ്‌ പിടിയിലൊതുക്കി. പെലെയ്‌ക്കുശേഷം നോക്കൗട്ട്‌ റൗണ്ടിൽ കളിക്കുന്ന പ്രായംകുറഞ്ഞതാരമായി പതിനെട്ടുകാരൻ.