ബ്രസീലാണ് , കൊറിയയുടെ ഉത്തരം എന്ത് ?
Sunday Dec 4, 2022

ദോഹ
പോർച്ചുഗലിനെ അട്ടിമറിച്ച വീര്യവുമായി ഏഷ്യൻ ശക്തികളായ ദക്ഷിണകൊറിയ ലോകകപ്പ് പ്രീക്വാർട്ടറിൽ ഇന്ന് ബ്രസീലിനെ നേരിടും. ബ്രസീലാകട്ടെ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കാമറൂണിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതിന്റെ നിരാശയിലാണ്. രാത്രി 12.30നാണ് മത്സരം.നിർണായക മത്സരത്തിൽ സൂപ്പർതാരം നെയ്മർ തിരിച്ചെത്തുമെന്ന് കോച്ച് ടിറ്റെ പറഞ്ഞു. നെയ്മറുടെ തിരിച്ചുവരവ് ടീമിന്റെ കരുത്ത് കൂട്ടും. നെയ്മർ തിരിച്ചെത്തുമ്പോഴും ഡാനിലോ, അലക്സ് സാഡ്രോ, ഗബ്രിയേൽ ജെസ്യൂസ്, അലക്സ് ടെല്ലസ് എന്നിവർ പരിക്കിന്റെ പിടിയിലാണ്. ജെസ്യൂസും ടെല്ലസും ടീമിൽനിന്ന് പുറത്തായി.
ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലെ മികച്ച പ്രകടനത്തിനുശേഷമായിരുന്നു ബ്രസീലിന്റെ വീഴ്ച. സെർബിയക്കെതിരെ ഇരട്ട ഗോളടിച്ച മുന്നേറ്റക്കാരൻ റിച്ചാർലിസണ് സ്വിറ്റ്സർലൻഡിനെതിരെ മികവ് ആവർത്തിക്കാനായില്ല. ഇതുവരെ ഗോൾ കണ്ടെത്താനായില്ലെങ്കിലും ഗോളവസരം സൃഷ്ടിക്കുന്നതിൽ വിനീഷ്യസ് ജൂനിയറിന്റെ മികവ് ടീമിന് മുതൽക്കൂട്ടാണ്. ആദ്യ മത്സരത്തിലെ രണ്ട് ഗോളിനും വഴിയൊരുക്കിയത് വിനീഷ്യസായിരുന്നു. മധ്യനിരയില കാസെമിറോയുടെ സാന്നിധ്യമാണ് ടീമിന്റെ യഥാർഥ കരുത്ത്. സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ നിർണായക ഗോൾ നേടിയതും കാസെമിറോയാണ്. ക്യാപ്റ്റൻ തിയോഗോ സിൽവ നേതൃത്വം നൽകുന്ന പ്രതിരോധനനിരയും കരുത്തുറ്റതാണ്. മൂന്ന് കളികളിൽ രണ്ടുതവണമാത്രമാണ് ബ്രസീൽ ഗോൾമുഖത്തേക്ക് എതിരാളികൾക്ക് ഷോട്ടുതിർക്കാനായത്.
വിട്ടുകൊടുക്കാൻ തയ്യാറാകാതെ 90 മിനിറ്റും കളംനിറഞ്ഞ് പന്തുതട്ടുന്ന സംഘമാണ് ദക്ഷിണകൊറിയ. ഘാനയ്ക്കെതിരെ രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം ചോ ഗുയി സുങ്ങിന്റെ ഇരട്ടഗോളിൽ കൊറിയ ഒപ്പമെത്തിയിരുന്നു. ക്യാപ്റ്റൻ സൺ ഹ്യൂങ് മിന്നിനെ കേന്ദ്രീകരിച്ചാണ് ടീം കളി മെനയുന്നത്. കിം ജിൻ സു, ഹ്വങ് ഹീ ചാൻ എന്നിവരും മികച്ച കളിയാണ് പുറത്തെടുക്കുന്നത്. പോർച്ചുഗലിനെതിരെ പരിക്കുസമയത്താണ് ഹ്വങ് ഹീ ചാൻ ലക്ഷ്യംകണ്ടത്.