ഹൃദയം നിറച്ച പന്ത്‌; ഊണിലും ഉറക്കത്തിലും മലപ്പുറത്തുകാരുടെ മനസ്സിൽ നിറയെ ഫുട്‌ബോളാണ്‌

Monday Nov 21, 2022
ജിജോ ജോർജ്‌ jijo.kdry@gmail.com
മലപ്പുറം രാജാജി അക്കാദമിയിലെ കുട്ടികളുടെ ലോകകപ്പ്‌ ആവേശം

മാനവികതയുടെ വിശാല ലോകം ഇതാ തുറന്നിട്ടിരിക്കുന്നു. അങ്ങാടികളിൽ, ഓട്ടോ സ്‌റ്റാൻഡിൽ, ചായക്കടയിൽ, മീൻചന്തയിൽ, ബസ്‌ കാത്തിരിപ്പുകേന്ദ്രങ്ങളിൽ തുടങ്ങി നാലാൾ കൂടുന്നിടത്തെല്ലാം ചർച്ച ഫുട്‌ബോളാണ്‌. ഫുട്‌ബോൾ ഭ്രാന്തന്മാരുടെ നാട്‌, കളിക്കമ്പക്കാരുടെ ആവേശം എന്നൊന്നുംപറഞ്ഞ്‌ ഈ വികാരത്തെ ചുരുക്കി കണ്ടുകൂടാ. പന്തുകളി ഈ ജനതയുടെ ജീവതാളമാണ്‌. ഊണിലും ഉറക്കത്തിലും മലപ്പുറത്തുകാരുടെ മനസ്സിൽ നിറയെ ഫുട്‌ബോളാണ്‌

കളിമൈതാനം മലപ്പുറത്തുകാർക്ക്‌ ഹൃദയമാണ്‌. ഖത്തറിലെ ആരവം ഒഴുകിയെത്തുക ഇവിടത്തെ കാൽപ്പന്ത്‌ പ്രേമികളുടെ സിരകളിലേക്കാണ്‌. മണ്ണും മനസ്സും ലോകകപ്പ്‌ മാമാങ്കത്തിനൊപ്പം സഞ്ചാരം തുടങ്ങിക്കഴിഞ്ഞു. മലപ്പുറത്തിന്റെ നാട്ടിൻപുറങ്ങൾ കണ്ടാൽ ലോകകപ്പ്‌ ഇവിടെയാണോ നടക്കുന്നതെന്ന്‌ തോന്നിപ്പോകും. മഞ്ഞയും നീലയും ചുവപ്പും മഞ്ഞയും പിങ്കും ഓറഞ്ചുമെല്ലാം കലർന്ന്‌ എല്ലായിടങ്ങളും കളർഫുൾ.

മാനവികതയുടെ വിശാല ലോകം ഇതാ തുറന്നിട്ടിരിക്കുന്നു. അങ്ങാടികളിൽ, ഓട്ടോ സ്‌റ്റാൻഡിൽ, ചായക്കടയിൽ, മീൻചന്തയിൽ, ബസ്‌ കാത്തിരിപ്പുകേന്ദ്രങ്ങളിൽ തുടങ്ങി നാലാൾ കൂടുന്നിടത്തെല്ലാം ചർച്ച ഫുട്‌ബോളാണ്‌. ഫുട്‌ബോൾ ഭ്രാന്തന്മാരുടെ നാട്‌, കളിക്കമ്പക്കാരുടെ ആവേശം എന്നൊന്നുംപറഞ്ഞ്‌ ഈ വികാരത്തെ ചുരുക്കി കണ്ടുകൂടാ. പന്തുകളി ഈ ജനതയുടെ ജീവതാളമാണ്‌. ഊണിലും ഉറക്കത്തിലും മലപ്പുറത്തുകാരുടെ മനസ്സിൽ നിറയെ ഫുട്‌ബോളാണ്‌. കുഞ്ഞിനെ താലോലിക്കുന്നതുപോലെ അവർ പന്തിനെയും ചേർത്തുപിടിക്കും.

കൊഞ്ചിക്കും ലാളിക്കും ശാസിക്കും. സ്‌നേഹം കൂടുമ്പോൾ എടുത്ത്‌ ഉമ്മ വയ്‌ക്കും. അർജന്റീനയും ബ്രസീലും പോർച്ചുഗലും ജർമനിയും ഫ്രാൻസും സ്‌പെയിനും ഘാനയും കാമറൂണും സെനഗലും ബെൽജിയവുമെല്ലാം തൊട്ടടുത്ത അങ്ങാടി പോലെയാണ്‌.  അർജന്റീനയിലെ റോസാരിയോ തെരുവും കാനറികൾ സാബ നൃത്തച്ചുവടുകൾ വയ്‌ക്കുന്ന റിയോ ഡി ജനീറോയിലെ മൈതാനങ്ങളും സ്വന്തം അങ്ങാടിയിൽ ഒരുക്കുന്ന ജനത. ബ്രസീലുകാരും അർജന്റീനക്കാരും നേരിട്ടുകണ്ടാൽ പോലും അമ്പരന്നുപോകുന്ന കാഴ്‌ചകൾ.

മെസിയും നെയ്‌മറും ക്രിസ്‌റ്റ്യാനോയും എംബാപ്പയും ലൂക്കാ മോഡ്രിച്ചും ഈഡൻ ഹസാഡും ഡി മരിയയും ഹാരികെയ്‌നും ടോറസും ബെൻസിമയുമെല്ലാം മലപ്പുറത്തുകാർക്ക്‌ സ്വന്തം വീട്ടിലെ കുട്ടികളാണ്‌. നെയ്‌മറുടെയും മെസിയുടെയും ക്രിസ്‌റ്റ്യാനോയുടെയും ഇഷ്ടങ്ങളും ശീലങ്ങളും അവർക്ക്‌ നന്നായി അറിയാം. മെസിയുടെയോ നെയ്‌മറുടെയോ മുഖമൊന്ന്‌ വാടിയാൽ സങ്കടപ്പെടുന്ന എത്രപേരുള്ള നാട്‌. ലോകകപ്പിൽ ഏതെങ്കിലുമൊരു രാജ്യം മുത്തമിടുംവരെ ഈ നാടിന്റെ കണ്ണും മനസ്സും ഖത്തറിൽ ആയിരിക്കും. 


അരീക്കോട്‌ താഴത്തങ്ങാടി ഗ്രാമത്തിലെ മാനിപ്പുവിന്റെ ചായക്കട

 

നിങ്ങള്‌ ഇങ്ങനെ ഇവിടെ കിടന്ന്‌ ബ്രസീൽ, അർജന്റീന എന്നൊന്നും കൂവിയിട്ട്‌ കാര്യമില്ല. ഇത്തവണ വേറെ ഏതെങ്കിലും ടീം കപ്പുകൊണ്ടുപോകും. അട്ടിമറി ടീമുകൾ പലതുമുണ്ടാകും. 2002ൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ ആദ്യ കളിയിൽ സെനഗൽ അട്ടിമറിച്ചത്‌ ഓർമയില്ലേ’- തർക്കത്തിൽ നാസർ കപ്പച്ചാലിൽ ഇടപെട്ടു നോക്കിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ‘ഈ പ്രാവശ്യം കപ്പ്‌ മെസിയും അർജന്റീനയും കൊണ്ടുപോകും. അതുറപ്പിച്ചാണ്‌ ഞങ്ങളുടെ വരവ്‌’ കെ വി ജാഫർ ഒരുമുഴം മുന്നോട്ടറിഞ്ഞു.
മാനിപ്പുവിന്റെ ചായക്കട

മാനിപ്പുവിന്റെ ചായക്കട

‘ഞങ്ങൾ പിന്നെ എന്തിനാ വരുന്നത്‌. ലോകകപ്പ്‌ എന്നുപറഞ്ഞാൽ അത്‌ ബ്രസീലാണെന്ന്‌ വൈ പി റഹ്‌മത്തുള്ള തിരിച്ചടിച്ചു. കാനറികൾ അഞ്ചുവട്ടം ലോകകപ്പ്‌ നേടിയതിന്റെ ആത്മവിശ്വാസം വാക്കുകളിൽ ഉണ്ടായിരുന്നു.

ഫുട്‌ബോളിന്റെ സൗന്ദര്യമെന്നു പറഞ്ഞാൽ അത്‌ ബ്രസീൽ തന്നെയാണ്‌. കുറെ അർജന്റീന ഫാൻസുകാർ കേരളത്തിൽ കിടന്ന്‌ ബഹളം കൂട്ടുന്നതല്ലാതെ, മെസിക്കുപോലും കപ്പ്‌ കിട്ടുമെന്ന പ്രതീക്ഷയില്ല–- റഹ്‌മത്തുള്ള ആഞ്ഞടിച്ചു. ‘ഓ പിന്നെ പെലെയുടെ കാലത്ത്‌ നാല്‌ കപ്പ്‌ കിട്ടിയെന്നു പറഞ്ഞിട്ട്‌ എന്തുകാര്യം. കാറ്റടിച്ചാൽ വീഴുന്ന നെയ്‌മറാണോ നിങ്ങൾക്ക്‌ കപ്പ്‌ തരിക. ബ്രസീലിന്റെ കാലംകഴിഞ്ഞു. 2002നു ശേഷം ലോകകപ്പിൽ ഒരു റോളുമില്ലാത്ത ടീമാണ്‌ ബ്രസീൽ’ ജാഫറും വിട്ടുകൊടുക്കാൻ തയ്യാറായില്ല. ‘മറഡോണ കളിക്കാൻ തുടങ്ങിയശേഷമാണ്‌ മലയാളി ഫുട്‌ബോളിനെ ഇത്രയും സ്‌നേഹിച്ചു തുടങ്ങിയത്‌.

ആ സ്ഥാനം ഇപ്പോൾ മെസിക്കാണ്‌. അല്ലാതെ ബ്രസീലുകാരുടെ കളി കണ്ടിട്ട്‌ അല്ല’- ജാഫറിന്റെ വാക്കുകളിൽ ബ്രസീലിനോടുള്ള അമർഷം നീറി. നിങ്ങള്‌ വലിയ മഹാനാണെന്ന്‌ പറയുന്ന മെസി രാജ്യത്തിനുവേണ്ടി എന്താ ചെയ്‌തിട്ടുള്ളത്‌. ക്ലബ്ബിന്‌ കളിക്കുബോൾ കൂടെ കളിക്കുന്നവർ കാൽച്ചോട്ടിൽ എത്തിച്ചുകൊടുക്കുന്ന പന്ത്‌ വലയിലേക്ക്‌ തട്ടിയിട്ടും. അർജന്റീനയ്‌ക്കുവേണ്ടി കളിക്കുബോൾ അങ്ങനെ ആര്‌ പന്ത്‌ എത്തിച്ചുകൊടുക്കാൻ, അതുകൊണ്ട്‌ ഗോളുമില്ല. പിന്നെ, ഒരു പെനാൽറ്റി കിട്ടിയാൽ വിറച്ചിട്ട്‌ അടിക്കാൻ പറ്റാത്തവനാണ്‌ മെസി’, റഹ്‌മത്തുള്ള ചർച്ചയ്‌ക്ക്‌ എരിവുകൂട്ടി.

നെയ്‌മറെ കുറ്റം പറഞ്ഞതിനുള്ള മറുപടിയായിരുന്നു റഹ്‌മത്തുള്ളയുടെ വാക്കുകളിൽ നിറയെ. രണ്ടു കൂട്ടരും ഇങ്ങനെ ഡയലോഗും അടിച്ചിരുന്നോ, ഇത്തവണയും കപ്പ്‌ ഫ്രാൻസിലേക്കാണ്‌ റിഷാബുദീൻ ചർച്ച വഴിതിരിച്ചുവിടാൻ  ശ്രമം നടത്തി. പക്ഷേ റഹ്‌മത്തുള്ളയും ജാഫറും അത്‌ ശ്രദ്ധിക്കാതെ തർക്കം തുടർന്നു. ‘നിങ്ങളീങ്ങനെ തമ്മിത്തല്ലിക്കോ, അർജന്റീനയും ബ്രസീലും നമ്മുടെ പള്ളയിലേക്ക്‌ (വയർ) ഒന്നുംതരില്ല. ഞാൻ സൗദിക്കൊപ്പമാണ്‌. എത്രകാലം പണിയെടുത്ത നാടാണ്‌ സൗദി’- അതുവരെ മിണ്ടാതിരുന്ന കെ പി യൂനസ്‌ തന്റെ നിലപാട്‌ വ്യക്തമാക്കി. 

 ലോകകപ്പിന്റെ ആരവം മുഴങ്ങിയതുമുതൽ താഴത്തങ്ങാടിയിലെ സ്ഥിരം കാഴ്‌ചയാണ്‌ ഇത്‌. രാവിലെ സുബ്‌ഹി നമസ്‌കാരം കഴിഞ്ഞാൽ (മുസ്ലിം നമസ്‌കാരസമയം) ആറോടെ എല്ലാവരും വരിക മാനിപ്പുവിന്റെ ചായക്കടയിലേക്കാണ്‌. ഇവിടത്തെ ചായയും പത്തിരിയും കഴിച്ചാണ്‌ ചർച്ച. പണിക്ക്‌ പോകേണ്ടവർ ഇടയ്‌ക്ക്‌ ഏണീറ്റുപോകും. കാര്യമായ പരിപാടിയില്ലാത്തവർ അവിടെ തുടരും. ജോലിക്ക്‌ പോകുന്നവർ വൈകിട്ട്‌ തിരികെയെത്തി ചർച്ചയുടെ ഭാഗമാകും. ചുരുക്കിപ്പറഞ്ഞാൽ പുലർച്ചെ അഞ്ചരയോടെ തുടങ്ങുന്ന ചർച്ച രാത്രി പത്തരവരെ നീളും. താഴത്തങ്ങാടിക്ക്‌ മാത്രമല്ല, മലപ്പുറത്തെ ഓരോ ഗ്രാമത്തിനും പറയാനുണ്ട്‌, ഇത്തരം ഒരായിരം കാൽപ്പന്ത്‌ കിസ.

 താഴത്തങ്ങാടിയുടെ മുക്കുംമൂലയും ലോകകപ്പ്‌ ടീമുകളുടെ ഫോട്ടോയും ബോർഡും ബാനറും തോരണവുംകൊണ്ട്‌ നിറഞ്ഞിരിക്കുന്നു. അർജന്റീനയ്‌ക്കും ബ്രസീലിനും ഒപ്പം പോർച്ചുഗലിനും ധാരാളം ആരാധകരുണ്ട്‌. അരീക്കോട്ടുനിന്ന്‌ താഴത്തങ്ങാടിയിലേക്കു വരുന്ന വഴിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കൗട്ടൗട്ടും കാണാം. ഫ്രാൻസ്‌, ജർമനി, സ്‌പെയിൻ, സെനഗൽ, സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങൾക്കും ഇവിടെ ആരാധകരുണ്ട്‌. ജില്ലയിൽ ആദ്യമായി ഫുട്‌ബോൾ കളി തുടങ്ങിയ ഇടങ്ങളിലൊന്നാണ്‌ ചാലിയാറിന്റെ കരയിലെ  ഈ കൊച്ചുഗ്രാമം.

മഞ്ചേരി പാലക്കുളം അങ്ങാടി

ബ്രസീലിന്റെയും അർജന്റീനയുടെയും ജേഴ്‌സികൾ അണിഞ്ഞ ആരാധകർ ഒരുമിച്ചുനിന്ന്‌ ബോർഡ്‌ കെട്ടുന്നു. മഞ്ചേരി പാലക്കുളം അങ്ങാടിയിലാണ്‌ ഈ കാഴ്‌ച. ഐക്യത്തിലും സ്‌നേഹത്തിലും മുന്നോട്ടുനീങ്ങുന്ന ആരാധകർ. അവർ കെട്ടുന്ന ബോർഡ്‌ കണ്ടപ്പോൾ അവരോട്‌ ഇഷ്ടം ഒന്നുകൂടി വർധിച്ചു. ‘കാത്തിരിക്കുന്നു ജനകോടികൾ’ എന്ന തലക്കെട്ടോടെ ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ ബോർഡാണ്‌ അവർ കെട്ടിക്കൊണ്ടിരിക്കുന്നത്‌. ‘ബ്രസീലിനും അർജന്റീനയ്‌ക്കും ഇംഗ്ലണ്ടിനും പോർച്ചുഗലിനും ജർമനിക്കും ഘാനയ്‌ക്കുമൊക്കെ ഇവിടെ ആരാധകരുണ്ട്‌.

ഇതൊക്കെയാണെങ്കിലും നമ്മുടെ ഇന്ത്യ ലോകകപ്പിൽ കളിച്ചുകാണണം. അതാണ്‌ ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം’ പാലക്കുളം എഫ്‌സി ക്ലബ്ബിന്റെ പ്രവർത്തകരായ അനൂജ്‌ ചേലാടത്തിലും അൻസാർ മാടായിയും പറയുന്നു. ഇവിടെ ഐക്യവും സൗഹാർദവും നിലനിൽക്കുന്നത്‌ ഇന്ത്യയുടെ കൊടികെട്ടുന്നതിൽ മാത്രമല്ല, ലോകകപ്പുമായും ഫുട്‌ബോളുമായും ബന്ധപ്പെട്ട എല്ലാ പ്രവർത്തനവും ഇവിടത്തെ ആരാധകർ ഒരുമിച്ചാണ്. അർജന്റീനയുടെ കൊടികെട്ടാൻ ബ്രസീലുകാരനും ബ്രസീലിന്റെ കൊടികെട്ടാൻ അർജന്റീനക്കാരനും സഹായിക്കുന്ന ഏറ്റവും സുന്ദരമായ ദൃശ്യവും ഇവിടെ കാണാം.

പാലക്കുളം അങ്ങാടിയിൽ ബ്രസീലിന്റെയും അർജന്റീനയുടെയും ജേഴ്‌സി അണിഞ്ഞവർ

പാലക്കുളം അങ്ങാടിയിൽ ബ്രസീലിന്റെയും അർജന്റീനയുടെയും ജേഴ്‌സി അണിഞ്ഞവർ

 അഞ്ച്‌ കടയും കടമുറിയെന്ന്‌ തോന്നിക്കുന്ന മൂന്ന്‌ ചെറിയ വീടും മാത്രമാണ്‌ പാലക്കുളം അങ്ങാടിയിലുള്ളത്‌. ഇവിടത്തെ കെട്ടിടങ്ങളുടെയും ചുമരുകളും ആരാധകർ കൈയടക്കി. ഓരോ കടയ്‌ക്കും ഓരോ രാജ്യത്തിന്റെ നിറമാണ്‌. ഇതിനുപുറമേ വിവിധ രാജ്യത്തിന്റെ കൊടികളും പ്രിയപ്പെട്ട കളിക്കാരും ചുവരുകളിൽ നിറഞ്ഞുനിൽക്കുന്നു. ലാറ്റിനമേരിക്കൻ ഫുട്‌ബോൾ വസന്തങ്ങളായ ബ്രസീലിന്റെയും അർജന്റീനയുടെയും യൂറോപ്യൻ ശക്തികളായ ഇംഗ്ലണ്ടിന്റെയും പോർച്ചുഗലിന്റെയും ജർമനിയുടെയും ആഫ്രിക്കൻ ശക്തിയായ ഘാനയുടെയും കൊടികൾ ഇവിടെ പാറിപ്പറക്കുന്നുണ്ട്‌.

പതാകയ്‌ക്ക്‌ പുറമേ മെസിയും നെയ്‌മറും ക്രിസ്‌റ്റ്യാനോയും ചുമരിലുണ്ട്‌. ആരാധകർ തമ്മിലുള്ള ഫാൻസ്‌ തർക്കമുണ്ടെങ്കിലും ഇവിടത്തുകാർ എടുത്ത മറ്റൊരു തീരുമാനംകൂടിയുണ്ട്‌, രാത്രി  പടക്കം പൊട്ടിക്കില്ല. തോറ്റ ടീമിന്റെ ആരാധകന്റെ വീട്ടിൽ പോയി പടക്കം പൊട്ടിച്ച്‌ ബഹളമുണ്ടാക്കരുതെന്ന്‌ ചുരുക്കം. മലപ്പുറത്തിന്റെ കാൽപ്പന്ത്‌ പ്രണയത്തിന്റെ ചൂടുംചൂരും അറിയാൻ പാലക്കുളത്ത്‌ എത്തിയാൽ മതി.

ഉണ്ട ചോറിന്‌ നന്ദി

ചാലിയാറും കടന്ന്‌ വെസ്റ്റ്‌ പത്തനാപുരത്ത്‌ എത്തിയാൽ അങ്ങാടിനിറയെ കൊടി തോരണങ്ങളാണ്‌.

പത്തനാപുരത്ത്‌ സ്ഥാപിച്ച ‘ഉണ്ട ചോറിന്‌ നന്ദി’ ബോർഡ്‌

പത്തനാപുരത്ത്‌ സ്ഥാപിച്ച ‘ഉണ്ട ചോറിന്‌ നന്ദി’ ബോർഡ്‌

ബ്രസീലും അർജന്റീനയും മുതൽ പോർച്ചുഗൽ, സ്‌പെയിൻ, ജർമനി, ഇംഗ്ലണ്ട്‌, ഘാന, സെനഗൽ അടക്കമുള്ള ടീമുകൾക്ക്‌ മാത്രമല്ല, ലോകകപ്പിന്‌ യോഗ്യത നേടാത്ത ഇറ്റലിക്കും ഇവിടെ ധാരാളം ആരാധകരുണ്ട്‌. ഇവിടത്തെ ഇറ്റലി ആരാധകർ കൂട്ടത്തോടെ അർജന്റീനയിലേക്ക്‌ കുടിയേറിയെന്ന ആരോപണം മറ്റു രാജ്യങ്ങളുടെ ആരാധകർ ഉയർത്തുന്നു. വീറും വാശിയും ചർച്ചകളുമെല്ലാം പൊടിപൊടിക്കുമ്പോഴും ഇവിടത്തുകാർ ഒന്നിച്ചുനിൽക്കുന്ന ഒന്നുരണ്ട്‌ കാര്യമുണ്ട്‌. ഓരോ ദിവസവും ഏത്‌ ടീമിന്റെ കളിയാണോ ആ ടീമിന്റെ ഫാൻസുകാർ കളി കാണാൻ വരുന്ന മുഴുവൻ പേർക്കും  ചായയും കടിയും വാങ്ങിനൽകണം.

തുടക്കം ബ്രിട്ടീഷ്‌ പട്ടാളത്തെ തോൽപ്പിച്ച്‌

എങ്ങനെയാകും മലപ്പുറത്തുകാരന്‌ കാൽപ്പന്തിനോട്‌ ഇത്ര  ഭ്രമമുണ്ടായത്‌? മലപ്പുറം കോട്ടപ്പടി മൈതാനത്ത്‌ കോട്ടും സൂട്ടുമിട്ട ബ്രിട്ടീഷ്‌ പട്ടാളക്കാരൻ തുകൽപ്പന്ത്‌ തട്ടുന്നത്‌ നോക്കിനിന്ന കാലം. ഒടുവിൽ പട്ടാളക്കാരൻ കളിക്കാൻ കൂട്ടിത്തുടങ്ങി. ബൂട്ടിട്ട പട്ടാളക്കാരനോട്‌ നഗ്നപാദരായി കളിച്ചുതോറ്റു.

തോറ്റുതോറ്റ്‌ ഒടുവിൽ, വാശിയിൽ കളി ജയിച്ചുതുടങ്ങി. ആ ലഹരി അതിവേഗം ഗ്രാമങ്ങളിലേക്ക്‌ പടർന്നു. അരീക്കോടും തെരട്ടമ്മലും മമ്പാടും അരിമ്പ്രയും കഞ്ചചാവടിയും കൂട്ടിലങ്ങാടിയും കൊണ്ടോട്ടിയും തിരൂരും വെള്ളിലയും മങ്കടയും പെരിന്തൽമണ്ണയും എടവണ്ണയും ഉച്ചാരക്കടവും പത്തനാപുരവും ഒതുക്കങ്ങലും മഞ്ചേരിയും ചേലേമ്പ്രയുമടക്കം നൂറുകണക്കിന്‌ ഫുട്‌ബോൾ ഗ്രാമങ്ങളാണ്‌ മലപ്പുറത്തുള്ളത്‌.

ചാലിയാറിന്റെയും കടലുണ്ടിപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളിൽ കാൽപ്പന്ത്‌ പ്രേമം ബോർഡുകളും കട്ടൗട്ടുകളായും നിറഞ്ഞുനിൽക്കുന്നു. കടലുണ്ടിപ്പുഴയുടെ ആനക്കയം ഭാഗത്ത്‌ ജലയാത്ര സംഘടിപ്പിച്ചാണ്‌ ഡിവൈഎഫ്‌ഐ ലോകകപ്പിനെ വരവേറ്റത്‌. തോണിയിൽ വിവിധ രാജ്യത്തിന്റെ ജേഴ്‌സിയണിഞ്ഞ്‌ കൊടിയുംപിടിച്ചുള്ള യാത്ര.

ബ്രസീൽ വീടും റോസാരിയോ തെരുവും

ഊർങ്ങാട്ടീരി കല്ലരട്ടിക്കൽ എടക്കര ഫിജിലേഷ് വീട്ടുപേര്‌ ‘ബ്രസീൽ ഹൗസ്‌’ എന്നാക്കി. പേരുമാറ്റം മാത്രമല്ല, വീടിന്‌ പൂർണമായും മഞ്ഞനിറവും നൽകി. ബ്രസീൽ ആരാധകർ ചേർന്ന്‌ മൂന്നു ദിവസംകൊണ്ടാണ്‌ മഞ്ഞ വീടാക്കിയത്‌. വീടിനുപുറത്ത്‌ മാത്രമല്ല, അകത്തും നിറയെ കാഴ്‌ചകളാണ്‌.

പാലക്കുളം അങ്ങാടിയിലെ ബ്രസീൽ, അർജന്റീന, പോർച്ചുഗൽ വീടുകൾ

പാലക്കുളം അങ്ങാടിയിലെ ബ്രസീൽ, അർജന്റീന, പോർച്ചുഗൽ വീടുകൾ

ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളായ പെലെ, റൊണാൾഡീഞ്ഞോ, കക്ക, റൊണാൾഡോ, നെയ്മർ തുടങ്ങിയവർ ചുവരിൽ ഇടംപിടിച്ചിട്ടുണ്ട്‌. ജില്ലയുടെ ഒട്ടുമിക്ക ഭാഗത്തും അർജന്റീന ആരാധകർ റോസാരിയോ തെരുവുകൾ തീർത്തു.

 അമരമ്പലം പുതിയക്കോട്ടെ അമരാവതി ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്‌ പ്രവർത്തകർ ലോകകപ്പിനെ വരവേറ്റത്‌ മറ്റൊരു വഴിയിലാണ്‌. അമരാവതി ക്ലബ്ബിന്റെ ചുവരിൽ ലോകകപ്പ്‌ മാതൃകയും 32 രാജ്യത്തിന്റെ പതാകയും. ഏതെങ്കിലും കാലത്ത്‌ ഇന്ത്യയും ലോകകപ്പ്‌ കളിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യയുടെ ദേശീയ പതാകയുമുണ്ട്‌. പുലാമന്തോളിൽ ബസ്‌ കാത്തിരിപ്പുകേന്ദ്രത്തിന്റെ പകുതിക്ക്‌ ബ്രസീലിന്റെയും ബാക്കി  അർജന്റീനയുടെയും നിറമാണ്‌.

സ്വപ്‌ന ഫൈനലും മിനി ലോകകപ്പുകളും

ടിവിക്കു മുന്നിൽ കളികണ്ട്‌ അഭിപ്രായം പറയൽ മാത്രമല്ല, കളത്തിലിറങ്ങി കളിക്കാനും ഇവിടത്തുകാർക്ക്‌ അറിയാം. ഖത്തർ ലോകകപ്പിന്റെ ഭാഗമായി ജില്ലയിൽ ചെറുതും വലുതുമായ നൂറിലധികം ടൂർണമെന്റുകളാണ്‌ നടന്നത്‌.  മലപ്പുറം ഫുട്‌ബോൾ ലവേഴ്‌സ്‌ ഫോറം സംഘടിപ്പിച്ച അർജന്റീന–- ബ്രസീൽ സ്വപ്‌ന ഫൈനൽ കാണാൻ ആയിരക്കണക്കിന്‌ ആരാധകരാണ്‌ കോട്ടപ്പടി സ്‌റ്റേഡിയത്തിൽ എത്തിയത്‌. ഫൈനലിൽ രണ്ടിനെതിരെ നാലു ഗോളിന്‌ അർജന്റീനയെ ബ്രസീൽ കീഴടക്കി.

പ്രതീകാത്മകമായി നടന്ന കളിയുടെ ഫലത്തേക്കാൾ ജില്ലയാകെ ആ കളിയുടെ ആവേശം ഏറ്റെടുത്തു.  ബ്രസീലിന്റെയും അർജന്റീനയുടെയും ആരാധകർ അവരുടെ ജേഴ്‌സികൾ അണിഞ്ഞ്‌ വലിയ കൊടിയും ബാനറുകളുമായാണ്‌ കോട്ടപ്പടിയിൽ എത്തിയത്‌.  മലപ്പുറത്തിന്റെ ആവേശം വിളിച്ചുപറയുന്നതായിരുന്നു ഈ സ്വപ്‌ന ഫൈനൽ മത്സരം. കൊട്ടുംകുരവയുമായി  ഗ്യാലറിയെ ഇളക്കിമറിക്കുകയായിരുന്നു.

മലപ്പുറത്തു നടന്ന മിനി ലോകകപ്പുകളിൽ വൻ അട്ടിമറികളും നടന്നു. മലപ്പുറം ബൈപാസ്‌ അരീനയിൽ അർജന്റീന ഫാൻസ്‌ നടത്തിയ മിനി ലോകകപ്പിൽ ആദ്യ കളിയിൽത്തന്നെ അർജന്റീന തോൽവി രുചിച്ചു. ആരും പ്രതീക്ഷിക്കാത്ത മെക്‌സിക്കോയാണ്‌ ജേതാക്കളായത്‌. ഓൾ കേരള സ്‌പോർട്‌സ്‌ ഡീലേഴ്‌സ്‌ അസോസിയേഷൻ സംഘടിപ്പിച്ച മിനി ലോകകപ്പിൽ ഇംഗ്ലണ്ടാണ്‌ കിരീടം ചൂടിയത്‌.

ഷൂട്ടൗട്ട്‌, ലോകകപ്പ്‌ ക്വിസ്‌, പ്രവചനമത്സരം, ആരാധകസംഗമം, ചിത്രപ്രദർശനം,  ഉറുഗ്വേയിലെ ആദ്യ ലോകകപ്പ്‌ മുതൽ ഖത്തർ ലോകകപ്പ്‌ വരെയുള്ള മത്സരങ്ങളുടെ സ്റ്റാമ്പ്‌ ശേഖരപ്രദർശനം,  ഘോഷയാത്രകൾ, ഫിലിം ഫെസ്‌റ്റുകളടക്കം നിരവധി പരിപാടികളാണ്‌ നടന്നത്‌. 

പണം എറിഞ്ഞുള്ള ആഘോഷം

 

സാമ്പത്തികപ്രയാസം ഉണ്ടെങ്കിലും ഫുട്‌ബോളിനുവേണ്ടി എത്ര പണം മുടക്കാനും ഇവിടെയുള്ളവർക്ക്‌ മടിയില്ല. പാലക്കുളം അങ്ങാടിയിൽ കെട്ടിടങ്ങൾ പെയിന്റ്‌ ചെയ്യാൻ മുപ്പതിനായിരത്തിലധികം രൂപയാണ്‌ ചെലവഴിച്ചത്‌. ബോർഡും ബാനറും കൊടിയും ഫുട്‌ബോൾ ഫെസ്റ്റുമെല്ലാം കൂടിയാകുബോൾ ചെലവ്‌ ലക്ഷത്തിനു മുകളിലാണ്‌. ആരാധകരുടെ ഈ ഭ്രാന്ത്‌ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത്‌ സ്‌പോർട്‌സ്‌ ഉൽപ്പന്നങ്ങൾ വിൽക്കുന്നവരെയും ബോർഡും മറ്റും പ്രിന്റ്‌ ചെയ്യുന്നവരെയുമാണ്‌.

കോട്ടപ്പടിയിൽ ബ്രസീൽ‐അർജന്റീന ആരാധകർ

കോട്ടപ്പടിയിൽ ബ്രസീൽ‐അർജന്റീന ആരാധകർ

വേണ്ടത്ര ജേഴ്‌സികളും കൊടികളും കിട്ടാനില്ലാത്ത അവസ്ഥയാണെന്ന്‌ ഓൾ കേരള സ്‌പോർട്‌സ്‌ ഡീലേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ കെ മുഹമ്മദ്‌ മുസ്‌തഫ പറയുന്നു. ഷോപ്പുകളിൽനിന്ന്‌ ഓർഡർ എടുക്കാൻപോലും പറ്റാത്ത അവസ്ഥയാണ്‌.  രണ്ടു വർഷം കാര്യമായ കച്ചവടം ഇല്ലാത്തതിന്റെ ക്ഷീണം ഇപ്പോഴാണ്‌ മാറിയത്‌. അർജന്റീനയുടെയും ബ്രസീലിന്റെയും ജേഴ്‌സികൾക്കാണ്‌  ഭൂരിപക്ഷംപേരും എത്തുന്നത്‌. എന്നാൽ, ഒട്ടുമിക്ക ഷോപ്പിലും 32 ടീമുകളുടെയും ജേഴ്‌സിയും കൊടികളും കരുതിയിട്ടുണ്ട്‌.

 ബോർഡ്‌ പ്രിന്റ്‌ ചെയ്യുന്നവർക്കും കട്ടൗട്ട്‌ നിർമിക്കുന്നവർക്കും കൊയ്‌ത്തുകാലമാണ്‌.  കോട്ടൺ തുണിയിലും പോളി എഥിലിനിലുമാണ്‌ അധിക ബോർഡുകളും പ്രിന്റ്‌ ചെയ്യുന്നത്‌. ഏറ്റവുമൊടുവിൽ താനൂരിന്‌ അടുത്ത്‌ ഒട്ടുപുറം തൂവൽതീരത്ത്‌ ഉയർന്ന മെസിയുടെ കട്ടൗട്ടിന്‌ നൂറടിയാണ്‌  ഉയരം. മെസിയും നെയ്‌മറും ക്രിസ്‌റ്റ്യാനോയുമാണ്‌ കട്ടൗട്ടിലെ താരങ്ങൾ.

ലോകകപ്പിനെ പലരീതിയിൽ മാർക്കറ്റ്‌ ചെയ്യാൻ മലപ്പുറത്തെ വിപണികളും ശ്രമിക്കുന്നുണ്ട്‌. ഇതിനുള്ള എറ്റവും മികച്ച ഉദാഹരണങ്ങളാണ്‌ ബേക്കറികൾ. കേക്ക്‌ –- ഐസ്‌ക്രീം വിപണിയാണ്‌ ലോകകപ്പിന്റെ ആവേശം ഏറ്റെടുത്തിരിക്കുന്നത്‌. പല ബേക്കറിയിലും  ‘ഖത്തർ മാജിക്‌ ബോളും വേൾഡ്‌ കപ്പും’ ആണ്‌ താരം. ഫുട്‌ബോളും ലോകകപ്പും താരങ്ങളും ജേഴ്‌സിയും കൊടിയും കേക്കിലുണ്ട്‌. ആവശ്യാനുസരണമാണ്‌ നിർമിച്ചുനൽകുന്നത്‌. 500 രൂപമുതലാണ്‌ വില.

തദ്ദേശസ്ഥാപനങ്ങളും രംഗത്ത്‌

ലോകകപ്പിന്റെ കൂറ്റൻ മാതൃകകൾ നിർമിക്കുക, സൗഹൃദമത്സരങ്ങൾ, ഘോഷയാത്രകൾ സംഘടിപ്പിക്കുക

പുലാമന്തോളിൽ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രത്തിന്റെ പകുതി ബ്രസീലും ബാക്കി അർജന്റീനയും

പുലാമന്തോളിൽ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രത്തിന്റെ പകുതി ബ്രസീലും ബാക്കി അർജന്റീനയും

തുടങ്ങിയവ സർവസാധാരണമാണ്‌. എന്നാൽ, മലപ്പുറത്ത്‌ പലയിടത്തും പഞ്ചായത്ത്‌, നഗരസഭ ഭരണസമിതികൾ മുൻകൈയെടുത്താണ്‌ ഇതെല്ലാം സംഘടിപ്പിക്കുന്നത്‌.

ഒളിമ്പിക്‌സ്‌ പ്രചാരണം, ലോകകപ്പിന്റെ ഭാഗമായുള്ള ‘വൺ മില്യൺ ഗോൾ’ പോലുള്ള സർക്കാർ പരിപാടികൾ എല്ലാ തദ്ദേശസ്ഥാപനങ്ങളും നടത്താറുണ്ട്‌.  എടവണ്ണ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എടവണ്ണ ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്ത്‌ പത്തടി നീളമുള്ള ലോകകപ്പ്‌ മാതൃകയാണ്‌ സ്ഥാപിച്ചത്‌. തറയടക്കം പതിനഞ്ചടി ഉയരംവരും. വിവിധ ടീമുകളുടെ പതാകകളേന്തി എടവണ്ണയിൽ വൻഘോഷയാത്രയും നടന്നു. ഇതിനു നേതൃത്വം നൽകിയത്‌ പഞ്ചായത്ത്‌ ഭരണസമിതിയാണ്‌.

 

നാടുകണ്ട്‌ ‘അൽ റിഹ്‌ല’

പാലക്കുളത്ത്‌ ഇന്ത്യൻ ടീമിനെ ഉയർത്തിക്കാട്ടുന്ന ബാനർ

പാലക്കുളത്ത്‌ ഇന്ത്യൻ ടീമിനെ ഉയർത്തിക്കാട്ടുന്ന ബാനർ

അൽ റിഹ്‌ല’ എന്ന അറബിവാക്കിന്റെ അർഥം ‘യാത്ര’ എന്നാണ്‌. ഖത്തർ ലോകകപ്പിന്‌ ഉപയോഗിക്കുന്ന പന്തിന്റെ പേരാണ്‌ ‘അൽ റിഹ്‌ല’. ഖത്തറിന്റെ സംസ്‌കാരം ലോകത്തെ അറിയിക്കുക എന്നതായിരുന്നു പന്തിലൂടെ സംഘാടകരും പന്തിന്റെ നിർമാതാക്കളായ അഡിഡാസും ഉദ്ദേശിച്ചത്‌. സംഘാടകർ ഉദ്ദേശിച്ചതിനേക്കാൾ വേഗത്തിലാണ്‌ മലപ്പുറത്ത്‌  ‘അൽ റിഹ്‌ല’യുടെ സഞ്ചാരം. എല്ലാ ഗ്രാമത്തിലും ഇഷ്ട ടീമുകളുടെ ചിത്രങ്ങൾക്കൊപ്പം ലോകകപ്പിലെ സ്വർണക്കപ്പിന്റെ ചിത്രങ്ങളും ആരാധകർ സ്ഥാപിച്ചിട്ടുണ്ട്‌.