Deshabhimani

രസികർ നെഞ്ചിൽ കുടിയിരിക്കും 'ജനനായകൻ': പിറന്നാൾ ദിനത്തിൽ വിജയ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്

വെബ് ഡെസ്ക്

Published on Jun 22, 2025, 10:37 AM | 2 min read

തിരുവനന്തപുരം : രസികർകളുടെ അൻപ് തോഴനെന്നറിയപ്പെടുന്ന ദളപതി വിജയ്ക്ക് ഇന്ന് 51ാം പിറന്നാൾ. പിറന്നാൾ ലോകമെമ്പാടുമുള്ള വിജയ് ആരാധകർക്ക് സർപ്രൈസ് സമ്മാനം ഒരുക്കിയിരിക്കുകയാണ് പുതിയ വിജയ് ചിത്രം ജനനായകന്റെ അണിയറപ്രവർത്തകർ. ജനനായകൻ എന്ന പുതിയ സിനിമയുടെ അപ്ഡേറ്റ് പുറത്തുവിട്ടാണ് അണിയറ പ്രവർത്തകർ ആശംസകൾ പങ്കുവച്ചത്. ഫസ്റ്റ് റോർ എന്ന ടാഗ് ലൈനിയിൽ പങ്കുവച്ച സിനിമയുടെ ടീസർ ഗ്ലിംപസ് ഇപ്പോൾ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. യൂട്യൂബിൽ ഇതിനകം 3 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. പൊലീസ് വേഷത്തിലുള്ള വിജയുടെ കഥാപാത്രം ചോരപുരണ്ട വാളുമായി നടന്നു നീങ്ങുന്നതാണ് വീഡിയോയിൽ ഉള്ളത്.


സിനിമ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലക്ക് കടക്കുന്ന വിജയ്‍യുടെ അവസാന ചിത്രമാണ് ജനനായകൻ എന്നത് വിജയ് ആരാധകർക്കിടയിൽ വിഷമമുണ്ടാക്കുന്ന വാർത്തയാണെങ്കിലും പുറത്തുവന്ന അപ്ഡേറ്റോടെ ഏറെ പ്രതീക്ഷയോടെയാണ് ജനനായകനായി ആരാധകർ കാത്തിരിക്കുന്നത്. പ്രേഷകരുടെ ഹൃദയത്തിലും ജനനായകനായി അരങ്ങുവിടാനാണ് വിജയുടെയും നീക്കമെന്നാണ് സൂചനകൾ.


അസാമാന്യ സ്ക്രീൻ പ്രസൻസോടെയും മെയ്വഴക്കത്തോടെയും ജനമനസുകളിൽ കുടിയേറിയ നടനാണ് വിജയ്. സ്ക്രീൻ പ്രെസൻസ് ആണ് വിജയ് നടിപ്പിൻ മുഖമുദ്ര. രാഷ്ട്രീയത്തിലേക്ക് നിർണായക ചുവട് വയ്ക്കുന്ന വിജയ് അവസാന ചിത്രത്തിലും ശക്തമായ രാഷ്ട്രീയ സൂചനകൾ നൽകുന്നുണ്ടെന്നാണ് ടീസർ ​ഗ്ലിംപ്സിൽ വ്യക്തമാകുന്നത്. തമിഴ്‌നാട്ടിലെ ഒരു മാർക്കറ്റ് പരിസരമാണ് ഗ്ലിംപ്‌സിൽ ഉള്ളത്. കടകളുടെ ബോർഡുകളും പിന്നിൽ കാണുന്ന കോവിലുകൾക്ക് സമാനമായ കെട്ടിടവും ഇത് സൂചിപ്പിക്കുന്നു. ടൈറ്റിൽ കാർഡിലും ചില രാഷ്ട്രീയ സൂചനകളുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെ അക്ഷരങ്ങൾ, ദേശീയപതാക, അശോകസ്തംഭം തുടങ്ങിയ ദേശീയ മുദ്രകൾ, താജ്മഹൽ, ഇന്ത്യ ഗേറ്റ് തുടങ്ങിയ രാജ്യത്തിന്റെ അടയാളങ്ങൾ, കൃഷി, വ്യവസായം, സാധാരണ ജനങ്ങളുടെ പ്രതീകമായി ഓട്ടോ റിക്ഷ, കല സാംസ്‌കാരിക മുദ്രകളായ വീണ, തബല,... എന്നിങ്ങനെ ഇന്ത്യയുടെ എല്ലാ ഫീച്ചറുകളും ടൈറ്റിൽ കാർഡിൽ സ്കെച്ച് ചെയ്തിട്ടുണ്ട്. അവസാനമായും എന്നാൽ വളരെ ശ്രദ്ധയോടും കൂടി അവതരിപ്പിക്കുന്ന, ജനങ്ങളുടെ മനസ്സിലേക്ക് തുളച്ചുകയറുന്ന തരത്തിലുള്ള 'ജനനായകൻ' എന്ന ടൈറ്റിൽ ഡിസൈനിലും വിജയിസം ശക്തമായി ഒളിപ്പിച്ചിട്ടുണ്ട്. ജനങ്ങൾക്കിടയിലൂടെ നടന്നു നീങ്ങി ബസിനു മുകളിൽ കയറി ആരാധകരെ അഭിസംബോധന ചെയ്ത് അവർക്കൊപ്പം സെൽഫി എടുക്കുന്ന വിജയ് ചിത്രം ആരും മറന്നിട്ടുണ്ടാകില്ല. അതുതന്നെ ജനനായകന്റെ ടൈറ്റിലിലും ആവർത്തിച്ചിട്ടുണ്ട്.


എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം. സംഗീതം - അനിരുദ്ധ്. ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, ഗൗതം വാസുദേവ് ​​മേനോൻ , പ്രകാശ് രാജ്, നരേൻ, പ്രിയാമണി, ശ്രുതി ഹാസൻ, മമിത ബൈജു, മോനിഷ ബ്ലെസി, വരലക്ഷ്മി ശരത്കുമാർ എന്നിങ്ങനെ വലിയ താരനിരയുണ്ട്. 2026 ജനുവരി 9നാണ് ചിത്രം പുറത്തിറങ്ങുക.



deshabhimani section

Related News

View More
0 comments
Sort by

Home