കുഞ്ഞു സ്വപ്‌നങ്ങളുടെ ചിറകിലേറി നിയ


സി ജെ ഹരികുമാർ
Published on May 26, 2025, 11:38 AM | 3 min read
ചെറിയ ചെറിയ സ്വപ്‌നങ്ങളിലൂടെ മലയാള സിനിമയിൽ നായികാപദവിയെന്ന തന്റെ സ്വപ്‌നനേട്ടത്തിലെത്തിയിരിക്കുകയാണ് പത്തനംതിട്ട കോന്നി സ്വദേശിനി നിയ. മലയാളികളുടെ ഇഷ്‌ടതാരമായ അജയകുമാർ (ഗിന്നസ് പക്രു ) നായകനായ 916 കുഞ്ഞൂട്ടനിലൂടെ നിയ സിനിമയിലെ തന്റെ സാന്നിധ്യം അരക്കിട്ടുറപ്പിക്കുകയാണ്. വെള്ളിയാഴ്‌ച്ച തീയറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ആര്യൻ വിജയ് സംവിധാനം ചെയ്‌ത ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിലായിരുന്നു.
ബിബിൻ ജോർജിനോടൊപ്പമുള്ള പുതിയ ചിത്രമായ കൂടലിന്റെ പ്രൊമോഷൻ ജോലികളുടെ തിരക്കിനിടയിൽ സിനിമയുടെ വിജയവും പുതിയ പ്രോജക്ടുകളെ കുറിച്ചും നിയ സി ജെ ഹരികുമാറുമായി സംസാരിക്കുന്നു....
916 കുഞ്ഞൂട്ടൻ പ്രേക്ഷകർ സ്വീകരിച്ചോ ?
തീർച്ചയായും, ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്, പക്രുേച്ചേട്ടൻ എല്ലാവരുടെയും പ്രത്യേകിച്ച് കുട്ടികളുടെയും മുതിർന്നവരുടെയും കുടുംബങ്ങളുടെയും ഇഷ്‌ടതാരമാണ്. ചിത്രം വേൾഡ് വൈഡായിട്ടാണ് റിലീസ് ചെയ്‌തത്. ആര്യൻ വിജയ് ആണ് സംവിധായകൻ. ഒരു ഫാമിലി എന്റർട്രയിനറാണ് ചിത്രം, രണ്ട് നല്ല പാട്ടുകൾ, സംഘട്ടന രംഗങ്ങൾ അടക്കം ചിത്രത്തിലുണ്ട്. കുഞ്ഞൂട്ടനേയും കൂട്ടുകാരേയും എല്ലാവരും ഏറ്റെടുക്കുകയാണ്.
ഗിന്നസ് പക്രുവിനൊപ്പംപക്രു ചേട്ടനോടൊപ്പമുള്ള അഭിനയം ?
വളരെ സ്വീറ്റാണ് അദ്ദേഹം. സിനിമയിൽ ഒരുപാട് അഭിനയപരിചയമുള്ളയാൾ. എന്നാൽ വളരെ ഫ്രണ്ട്‌ലിയാണ്. സപ്പോർട്ടീവാണ്, അഭിനയിക്കാൻ വളരെ എളുപ്പമായിരുന്നു. നമ്മുടെ സംശയങ്ങളും മറ്റും പറഞ്ഞ് തരും. വളരെ നല്ല എക്‌സ്‌പരീയൻസായിരുന്നു.
ചിത്രത്തിൽ ചിരിനിര തന്നെ ?
ചിത്രത്തിൽ ഒരുപാട് അഭിനയ പരിചയമുള്ള സീനിയർ താരങ്ങളുണ്ട്. ടിനി ടോം ചേട്ടൻ, രാകേഷ് സുബ്രമണ്യവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടിനി ടോമും ഗിന്നസ് പക്രുവും തമ്മിലുള്ള നീണ്ട 25 വർഷത്തെ സൗഹൃദത്തിൽ ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന സിനിമയാണിത്. രാജ് വിമൽ രാജനാണ് ക്രിയേറ്റിവ് ഡയറക്ടർ. ഫാമിലി എന്റർട്രയിനറായ ചിത്രത്തിൽ ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേശ്, ഡയാന ഹമീദ്, സാധിക വേണുഗോപാൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. രാകേഷ് സുബ്രമണ്യൻ, ആര്യൻ വിജയ്, രാജ് വിമൽ രാജൻ എന്നിവരാണ് തിരക്കഥ ഒരുക്കിയത്.
നാട്, കുടുംബം ?
കോന്നി വകയാറാണ് സ്വന്തം സ്ഥലം. ബംഗളൂരുവിലായിരുന്നു നഴ്‌സിങ് പഠനം. പത്തനംതിട്ടയും കോന്നിയുമൊക്കെ ഒരുപാട് ഇഷ്‌ടമാണ്. സിനിമയിൽ സജീവമാകാനായി ഇപ്പോൾ അച്ഛനും അമ്മയ്‌ക്കുമൊപ്പം എറണാകുളത്ത് ഇടപ്പള്ളിയിലാണ് താമസം.
സിനിമ ലക്ഷ്യമിട്ടിരുന്നോ ?
സിനിമ ഒരു സ്വപ്‌നമായിരുന്നു പണ്ട് തൊട്ടേ..പഠനകാലത്ത മോഡലിങ് ചെയ്യുമായിരുന്നു. പിന്നീട് നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചു. പോപ്പിക്കുടയുടെയും മഹീന്ദ്ര താറിന്റെയും പരസ്യമൊക്കെ ശ്രദ്ധിക്കപെട്ടു.
സിജു വിത്സനൊപ്പംഅപ്രതീക്ഷിതമായിരുന്നു സിനിമ പ്രവേശനം. 2021ൽ ബാല നാഗശ്വേരറാവു സംവിധാനം ചെയ്‌ത തെലുങ്ക് ചിത്രം ലോയർ വിശ്വനാഥിലൂടെയാണ് അരങ്ങേറ്റം. തുടർന്ന് 2022 സെപ്‌തംബറിൽ പുറത്തിറങ്ങിയ സംവിധായകൻ വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് ക്ഷണിച്ചു. ഇതിൽ സിജു വിൽസൺ ചെയ്‌ത നായകഥാപാത്രം ആറാട്ടുപുഴ വേലായുധ പണിക്കരുടെ ഭാര്യ വെളുത്തയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് തമിഴിൽ ആർ ജെ ബാലാജി, സത്യരാജ് (കട്ടപ്പ) തുടങ്ങി പ്രഗത്ഭരായ മറ്റ് പല താരങ്ങളോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു. ഷൈൻ ടോം ചാക്കോ നായകനായ ബൂമറാങ്, രാഹുൽ മാധവിനൊപ്പം പാളയം പിസി, അപ്പാനി ശരത്തിന്റെയും നായികയായി അഭിനയിച്ചു.
പുതിയ ചിത്രം ‘കൂടൽ’...
മലയാളത്തില്‍ ആദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 'കൂടല്‍'. ബിബിന്‍ ജോർജ്ജ് ആണ് നായകൻ. ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവരാണ് സംവിധാനം. യുവാക്കളുടെ ആഘോഷവും അവര്‍ക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം. ആക്ഷനും ആവേശം നിറയ്ക്കുന്ന എട്ട് ഗാനങ്ങളുമുണ്ട്. പി ആന്‍ഡ് ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജിതിന്‍ കെ വി ആണ് ചിത്രം നിര്‍മിക്കുന്നത്. എന്നെ കൂടാതെ മറീന മൈക്കിള്‍, അനു സോനാര, റിയ ഇഷ, വിനീത് തട്ടിൽ, വിജിലേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴിലെ പ്രശസ്ത സംവിധായകനായ കാര്‍ത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
ബിബിൻ ജോർജിനൊപ്പം മണ്ണാര്‍ക്കാട്, അട്ടപ്പാടി, കോയമ്പത്തൂര്‍, മലയാറ്റൂര്‍ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ചിത്രം ജൂണിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ പ്രൊമോഷൻ ജോലികൾ നടക്കുകയാണ്. തുടർന്ന് ഒരു തമിഴ് സിനിമയുടെ ചിത്രീകരണവും ഉടൻ ആരംഭിക്കും.
എംഎൽഎയുടെ അഭിനന്ദനം
അതെ ജനീഷേട്ടൻ (അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ) വളരെ സപ്പോർട്ടീവാണ്. അടുത്ത ബന്ധം സൂക്ഷിക്കുന്നു. ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശംസകൾ നേർന്ന് ഫേസ്‌ബുക്കിൽ പോസ്‌റ്റ് ഇട്ടിരുന്നു. വിളിക്കുകയും ചെയ്‌തു. കോന്നി കരിയാട്ടത്തിനൊക്കെ എന്നെ വിളിച്ചിരുന്നു. അതുപോലെ മറ്റ് എന്തെങ്കിലും പരിപാടികൾ ഒക്കെ വരുമ്പോൾ വിളിക്കാറുണ്ട്.
0 comments