അഭിനയ ലഹരിയില്‍ ജഗദീഷ്

ചിരി നിർത്താൻ കഴിയാത്ത തമാശകൾ മലയാളികൾക്ക് സമ്മാനിച്ച ജഗദീഷ് എന്ന നടൻ അതൊക്കെ മറ്റൊരാളാണ് ചെയ്തതെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഗൗരവമേറിയ കഥാപാത്രങ്ങൾ ചെയ്ത് ഇന്ന് സിനിമാ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്. മൈഡിയർ കുട്ടിച്ചാത്തനിലൂടെ തുടങ്ങിയ സിനിമാ ജീവിതം അഭിനയം, കഥ, തിരക്കഥ, സംഭാഷണം തുടങ്ങി സിനിമയുടെ പല മേഖലകളിലേക്കും വ്യാപിച്ചു. ഹാസ്യനടനായും നായകനായും സ്വഭാവ നടനായും വില്ലനായുമൊക്കെയാണ് കാലങ്ങളായി മലയാള സിനിമയിൽ ജഗദീഷ് നിറഞ്ഞുനിൽക്കുന്നു.
ഓഫീസർ ഓൺ ഡ്യൂട്ടിയും പരിവാറും തിയറ്ററിൽ പ്രദർശനം തുടരുമ്പോൾ ഒരു നടനെന്ന നിലയിൽ മാത്രമല്ല ജഗദീഷ് ഇവിടെ നമ്മോട് സംസാരിക്കുന്നത്. അധ്യാപകനായും അച്ഛനായുംകൂടിയാണ്.
നവീകരണത്തിന്റെ പാഠങ്ങൾ
പുതിയ ചിന്തകളാണ് നമ്മളെ എന്നും മുന്നോട്ടു നയിക്കുന്നത്. നല്ല മാറ്റങ്ങളോട് ചേർന്ന് സഞ്ചരിക്കാൻ ഒരു കലാകാരന് കഴിയണം. പുതിയ കലാപ്രവർത്തകരുടെ സിനിമയോടുള്ള സമീപനം മനസ്സിലാക്കി അവരുടെ കഴിവുകളെ എനിക്കുള്ളിലെ കലയുടെ വികാസത്തിനുകൂടി പ്രയോജനപ്പെടുത്തുന്ന രീതിയിൽ പാകപ്പെടുത്തുമ്പോൾ ഒരു അഭിനേതാവ് എന്ന നിലയിൽ വളരാൻ സാധിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പുതിയ തലമുറയിലെ സിനിമാ പ്രവർത്തകരോട് മേൽപ്പറഞ്ഞ കാഴ്ചപ്പാടുകളോടെ യോജിച്ച് പ്രവർത്തിക്കുമ്പോൾ അവർ എന്നെക്കുറിച്ച് പറയുന്ന നല്ല വാക്കുകൾക്ക് നന്ദി.
വയല വാസുദേവൻപിള്ള, ജി ശങ്കരപ്പിള്ള തുടങ്ങിയ നാടകാചാര്യന്മാരുടെ അമച്വർ നാടകങ്ങളുടെ ഭാഗമായിട്ടുള്ളതിനാൽ അഭിനയം എന്നത് ഉത്തരവാദിത്വത്തോടുകൂടി അച്ചടക്കവും സമയനിഷ്ഠയും പാലിച്ച് സമീപിക്കേണ്ട കലയാണ് എന്ന ബോധ്യം എനിക്കുണ്ടായിരുന്നു. അത്തരത്തിൽ എന്നെ പ്രാപ്തനാക്കിയതിൽ നാടകങ്ങൾക്കും എന്റെ നാടക ഗുരുക്കന്മാർക്കും വലിയ പങ്കുണ്ട്. അന്നത്തെ പല നാടക കലാപ്രവർത്തകരും അവരവരുടെ ഭാഗം മാത്രമല്ല, നാടകം മുഴുവൻ ഹൃദിസ്ഥമാക്കുന്നവരായിരുന്നു.
അധ്യാപന ജീവിതവും മട്ടന്നൂർ കോളേജിൽ എൻസിസി ഓഫീസറായി പ്രവർത്തിച്ചതുമൊക്കെ എല്ലാ മേഖലയിലും പാലിക്കേണ്ട അച്ചടക്കത്തെപ്പറ്റി ബോധവാനാക്കിയിരുന്നു. ഇന്നത്തെ എന്റെ സിനിമാ അഭിനയത്തിൽ മുമ്പുള്ള അനുഭവങ്ങൾ മാത്രമല്ല പുതിയ സിനിമാ പ്രവർത്തകരുടെ ചിന്തകളുംകൂടി സ്വാധീനം ചെലുത്തുന്നുണ്ട്. എന്നിലെ നടൻ മെച്ചപ്പെടുന്നുണ്ടെങ്കിൽ അതിൽ അവർക്കുള്ള പങ്ക് വിസ്മരിക്കാനാകില്ല. മുൻകാലങ്ങളിൽ നീണ്ട വാക്യങ്ങളിൽ ആശയവിനിമയം നടത്തിയ പല കാര്യങ്ങളും ഇന്ന് ചുരുങ്ങിയ സംഭാഷണ ശകലങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കും. ഇതുപോലെയുള്ള പല മാറ്റങ്ങളും പുതിയ തലമുറയിലൂടെയാണ് ഞാൻ ഉൾക്കൊണ്ടിട്ടുള്ളത്.
പുതിയ സിനിമകൾ കാണുമ്പോൾ, പുതിയ തലമുറക്കാരുടെ അഭിമുഖങ്ങൾ ശ്രദ്ധിക്കുമ്പോൾ, സിനിമയുടെ സാങ്കേതികതയിലും പ്രമേയത്തിലും കാഴ്ചയിലുമുള്ള മാറ്റങ്ങളെ അറിയുമ്പോൾ, സിനിമാസ്വാദനത്തിൽ പ്രേക്ഷകർ നവീകരിക്കപ്പെട്ടത് മനസ്സിലാക്കുമ്പോൾ, സ്വാഭാവിക അഭിനയത്തിന്റെ പുതിയ പാഠങ്ങളെ സ്വീകരിക്കാൻ ശ്രമിക്കുമ്പോൾ, അങ്ങനെ പലതും എനിക്ക് സ്വയം നവീകരണത്തിന്റെ പാഠങ്ങളായിരുന്നു.
വ്യത്യസ്തത
ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത് ആവർത്തനം ഉണ്ടായതുപോലെ ഇപ്പോൾ ചെയ്യുന്ന ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളുടെ ആവർത്തനം ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. ഫാലിമിയിലും അജയന്റെ രണ്ടാം മോഷണത്തിലും കിഷ്കിന്ദാ കാണ്ഡത്തിലും മാർക്കോയിലും ഹലോ മമ്മിയിലും ഓഫീസർ ഓൺ ഡ്യൂട്ടിയിലുമൊക്കെ വ്യത്യസ്ത കഥാപാത്രങ്ങൾതന്നെ ആയിരുന്നു. അത് പ്രേക്ഷകരാണ് വിലയിരുത്തേണ്ടത്. പരിവാർ എന്ന സിനിമയിലേത് ഹാസ്യം കലർന്ന കഥാപാത്രമാണ്. പുറത്തിറങ്ങാൻ പോകുന്ന ആഭ്യന്തര കുറ്റവാളി, ധീരൻ തുടങ്ങിയ പടങ്ങളിലും മുമ്പ് ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളാക്കി മാറ്റാൻ ശ്രദ്ധിച്ചിട്ടുണ്ട്. സൂക്ഷ്മമായ വിലയിരുത്തലുകളിൽ എന്റെ കഥാപാത്രങ്ങളിൽ സാമ്യമുണ്ട് എന്നുള്ള നിരൂപകരുടെ അഭിപ്രായങ്ങൾ ഞാൻ ഏറ്റുവാങ്ങുകയും ചെയ്യും. ഹാസ്യ കഥാപാത്രങ്ങൾ ചെയ്യാൻ എപ്പോഴും ആഗ്രവുമുണ്ട്.
അഭിനയമെന്ന ജീവിതം
കുടുംബ ജീവിതംപോലെതന്നെ മുന്നോട്ട് നയിക്കുന്ന മറ്റൊന്ന് അഭിനയമാണ്. കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ മക്കളുടെയോ മുന്നിൽ ഒരു സംഭവം വിവരിക്കുമ്പോൾ അതിനെ അവിടെ നടന്നതുപോലെ അഭിനയിച്ചു കാണിക്കുന്നത് എനിക്ക് ഇഷ്ടമാണ്. എന്റെ അനുഭവങ്ങൾ അഭിനയത്തിന്റെ മേമ്പൊടിയോടുകൂടി വിവരിക്കുന്നതുകൊണ്ടുതന്നെ മക്കൾക്കും ഭാര്യ രമയ്ക്കും എന്റെ കൂടെയുള്ള സമയങ്ങളും യാത്രകളുമൊക്കെ വലിയ ഇഷ്ടമാണ്. അഭിനയം ജീവശ്വാസമായി കൊണ്ടുനടക്കുന്ന ഒരാളെന്ന നിലയ്ക്ക് എന്റെ പ്രകടനം നന്നായി എന്ന് മറ്റൊരാൾ പറയുന്നത് എനിക്ക് ലോകം കീഴടക്കിയ സന്തോഷവും പ്രചോദനവുമാണ്. വിമർശങ്ങൾ തീർച്ചയായും ഉൾക്കൊള്ളും. മായിൻക്കുട്ടിയും അപ്പുക്കുട്ടനും ഹൃദയഭാനുവും ഹരിപ്രസാദും പൊന്നാരം തോട്ടത്തെ രാജാവും ഭാര്യയുമൊക്കെ ഇപ്പോഴും പ്രേക്ഷകർക്കുള്ളിൽ ജീവിക്കുന്നു എന്നതും എനിക്ക് ഊർജ്വസ്വലനായി മുന്നോട്ട് നീങ്ങാനുള്ള പ്രചോദനമാണ്.
ദ്വയാർഥങ്ങളെ ദൂരെനിർത്തി
ദ്വയാർഥ പ്രയോഗങ്ങൾ നിറഞ്ഞ തമാശകൾ പരമാവധി ഒഴിക്കാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. നല്ല ഹാസ്യം നമുക്കു മുന്നിൽ ധാരാളമുണ്ട്. പിന്നെന്തിനാണ് നമ്മൾ ദുർബല ഹാസ്യത്തിന്റെ പിന്നാലെ പോകുന്നത്.
ഹാസ്യവും മറ്റെല്ലാ വികാരങ്ങളും പച്ചയായി പറയുന്നതിനേക്കാൾ സൂചിപ്പിക്കുന്നതിനാണ് കൂടുതൽ ഭംഗി. സിനിമകൾ പലപ്പോഴും കുടുംബ സദസ്സുകൾക്കുവേണ്ടിയാണ്. കുടുംബങ്ങൾ കൂടിയിരിക്കുമ്പോൾ പരസ്പരം ജാള്യം തോന്നുന്ന തമാശകളുടെ ഭാഗമാകാൻ എനിക്ക് ഇഷ്ടമല്ല. അങ്ങനെയുള്ള തമാശകളുടെ ഭാഗമാകേണ്ട സാഹചര്യങ്ങൾ എന്തെങ്കിലും വന്നിട്ടുണ്ടെങ്കിൽ അത് സന്തോഷത്തോടുകൂടിയോ അഭിമാനത്തോടുകൂടിയോ അല്ല ഞാൻ ചെയ്തിട്ടുള്ളത്.
ബന്ധങ്ങൾ
സോറി എന്ന വാക്ക് ഇംഗ്ലീഷുകാർ നമുക്ക് തന്നതാണ്. ആ വാക്ക് മറന്നുപോകുന്നത് ബന്ധങ്ങൾക്കിടയിൽ അനാവശ്യമായ ഈഗോ വളരാൻ കാരണമാകും. തുറന്ന സംസാരങ്ങളിലൂടെ പരിഹരിക്കാവുന്ന പല വിഷയങ്ങളും മനസ്സിൽ കൂട്ടി വച്ച് മറ്റൊരു അവസരത്തിൽ മറ്റൊരു രീതിയിൽ പ്രതിഫലിക്കുമ്പോൾ പ്രശ്നങ്ങൾ സൃഷ്ടിക്കും. പരസ്പരം പരിഗണിക്കുക, ബഹുമാനിക്കുക എന്നതും നമ്മൾ പലപ്പോഴും മറക്കുന്നു. കുട്ടികളുമായും കുടുംബവുമായും ഒരുമിച്ചു സമയം ചെലവഴിക്കുക എന്നതും പ്രധാനമാണ്.
ലഹരി
കുട്ടികളുടെ ലഹരി വാർത്തകൾ കണ്ട് ആശങ്കപ്പെട്ടിരിക്കുന്ന ഇന്ന് ആസ്വാദനത്തിന്റെ വഴികൾ ലഹരി ഉപയോഗമായിപ്പോകുന്നത് അവർക്കു മുന്നിൽ മറ്റൊന്നും ആസ്വദിക്കാൻ ഇല്ലാതായതാണോ എന്ന് സംശയിക്കുന്നു. പഠനവും ജോലിയും ജീവിതവും ചുറ്റുമുള്ളവരോടുള്ള സ്നേഹവും കലകളും എല്ലാം ആസ്വദിക്കുന്ന ഒരു വ്യക്തിക്ക് മറ്റൊരു ലഹരിയിലേക്ക് പോകേണ്ട കാര്യമെന്താണ്. ജീവിതത്തെയും അഭിനയത്തെയും ലഹരിയാക്കി മാറ്റി ജീവിക്കുന്ന എന്റെ ജീവിതത്തിൽനിന്ന് മറ്റുള്ളവർക്ക് എന്തെങ്കിലും പ്രചോദനം ലഭിക്കുന്നെങ്കിൽ സന്തോഷമുണ്ട്. വ്യക്തിബന്ധങ്ങളിൽ പരസ്പര സ്നേഹത്തിലൂടെയും ബഹുമാനത്തിലൂടെയുമൊക്കെ കിട്ടുന്ന സന്തോഷത്തിലും സമാധാനത്തിലുമൊക്കെ ഏറെ ആശ്വാസം കണ്ടെത്താറുണ്ട്. ആ ആനന്ദത്തിന് ഒരു സ്ഥിരതയുമുണ്ട്. ശാരീരികമായി ഉണ്ടാകുന്ന ദൂഷ്യങ്ങൾക്കപ്പുറം താൽക്കാലിക ആനന്ദം തരുന്ന ലഹരി ഉപയോഗങ്ങളെക്കുറിച്ച് ഓർത്തുള്ള കുറ്റബോധങ്ങളാണ് മാനസികമായി ഒരു വ്യക്തിയെ വല്ലാതെ തകർക്കുന്നത്. ഇത്തരം അടിമത്തങ്ങളും കുറ്റബോധവും നിങ്ങളുടെ ക്രിയാത്മകതയെ ദോഷകരമായി ബാധിക്കുന്നുണ്ട്.
സിനിമയിൽനിന്ന് ലഭിക്കുന്ന സുഖസൗകര്യങ്ങൾ ഒരു അവകാശംപോലെ ആവശ്യപ്പെടണമെന്ന് പറയുന്ന വലിയൊരു പക്ഷമുണ്ട്. അത് അപരാധം ആണെന്നോ അത് ഒഴിവാക്കി ജീവിക്കുന്ന ഞാൻ ഒരു ത്യാഗമാണ് ചെയ്യുന്നത് എന്നോ ഉള്ള അവകാശവാദം എനിക്കില്ല. സിനിമ നൽകുന്ന അല്ലെങ്കിൽ സിനിമയിലൂടെ നേടി എടുക്കാവുന്ന ആഡംബര ജീവിതത്തോട് താൽപ്പര്യമില്ല. വളരെ സാധാരണക്കാരനായ ഒരു മനുഷ്യനായി ജീവിക്കാനാണ് എന്നും ആഗ്രഹിക്കുന്നത്.
0 comments