സിനിമ സമൂഹത്തെ സ്വാധീനിക്കണം

കെ എ നിധിൻ നാഥ്
Published on Nov 09, 2025, 02:47 AM | 2 min read
അന്താരാഷ്ട്ര മേളകളിൽ സജീവ സാന്നിധ്യമാവുകയാണ് കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജിന്റോ തോമസ്. നാടകങ്ങളും പുസ്തകവായനയുമാണ് ജിന്റോയെ സിനിമ സ്വപ്‌നം കാണാൻ പ്രേരിപ്പിച്ചത്. തുടർന്ന് സംവിധാനസഹായിയായി. പിന്നീട് തിരക്കഥ എഴുതിയ ‘കാടകല’ത്തിന് കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ഇത് സിനിമാജീവിതത്തിൽ വഴിത്തിരിവായി. സംവിധായകനായി ഒരുക്കിയ ‘ഇരുനിറം’ ഇപ്പോൾ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചു. ഫിലിം ക്രിട്ടിക്സ് അവാർഡിൽ നവാഗതസംവിധായകനുള്ള പുരസ്കാരവും സ്വന്തമാക്കി. സിനിമ തേടിയുള്ള യാത്രയെക്കുറിച്ച് സംവിധായകൻ ജിന്റോ തോമസ് സംസാരിക്കുന്നു.
സ്വാധീനിച്ചത് അനുഭവങ്ങൾ
സ്കൂളിൽ പഠിക്കുന്ന കാലംമുതൽ നാടകത്തോട് വലിയ താൽപ്പര്യമുണ്ടായിരുന്നു. സ്കൂൾനാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് നാടകം എഴുതി സംവിധാനം ചെയ്തു. കോഴിക്കോട് ചക്കിട്ടപ്പാറയാണ് സ്വദേശം. അവിടെ സിനിമാബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. സിനിമയെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചും സംവിധായകരുടെ അനുഭവങ്ങൾ വായിച്ചുമാണ് സിനിമയെ അറിഞ്ഞത്.
സിനിമാപഠനം
പന്ത്രണ്ടാംക്ലാസിനുശേഷം സിനിമ പഠിക്കണമെന്ന് തീരുമാനിച്ചു. കൊച്ചിയിൽ സംവിധായകൻ സിബി മലയിലിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അവിടെ കുറെ ബന്ധങ്ങളുണ്ടായി. ആദ്യം പരസ്യ കമ്പനിയിൽ ജോലി ചെയ്തു. പിന്നീട് ഡോക്യുമെന്ററിയുടെ ഭാഗമായി. അതിനുശേഷം ലിയോ തദേവൂസിന്റെ സംവിധാനസഹായിയായി. അതായിരുന്നു സിനിമാക്കാരനാകുന്നതിന്റെ തുടക്കം. പ്രീ പ്രൊഡക്‌ഷൻ, പോസ്റ്റ് പ്രൊഡക്‌ഷൻ അടക്കമുള്ള സിനിമയുടെ കാര്യങ്ങൾ അവിടെനിന്നാണ് പഠിച്ചത്. ‘ലോനപ്പന്റെ മാമ്മോദീസ’ എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായി. ഇതിനൊപ്പം തിരക്കഥാചർച്ചകളും തുടങ്ങിയിരുന്നു.
തിരക്കഥാകൃത്ത്
കാടകലം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി. 2021ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു. അതെന്റെ ജീവിതത്തിലെ പ്രധാന സംഭവമായിരുന്നു. പിന്നീട് പ്രതിലിപിയിൽ വന്ന കഥകൾ സിനിമയാക്കാൻ അവസരം വന്നു. ‘പടച്ചവന്റെ കഥകൾ’ എന്ന ആന്തോളജി സിനിമയിൽ ഒരു ഭാഗം സംവിധാനം ചെയ്തു. 25 മിനിറ്റായിരുന്നു ദൈർഘ്യം.
സംവിധാനം
നിറത്തിന്റെ പേരിൽ അവഗണന നേരിടുന്ന ഒരു പെൺകുട്ടിയുടെ കഥ പള്ളീലച്ചനാണ് പറയുന്നത്. അവിചാരിതമായി ആ പെൺകുട്ടിയെ പരിചയപ്പെടുകയും ചെയ്തു. അങ്ങനെയാണ് ‘ഇരുനിറം’ സിനിമയിലേക്ക് എത്തുന്നത്. സിനിമയുടെ തിരക്കഥ വിഷ്ണു കെ മോഹനാണ്. വിഷ്ണുവിനോട് കഥ പറയുകയും അയാൾ വലിയ രീതിയിൽ അത് വികസിപ്പിക്കുകയും ചെയ്തു.
പറയേണ്ട വിഷയം
നിറത്തിന്റെ പേരിൽ വിവേചനം നേരിടുന്ന, സമൂഹത്തിൽനിന്ന് പലവിധത്തിലുള്ള അധിക്ഷേപം നേരിടേണ്ടിവരുന്ന പെൺകുട്ടിയുടെ കഥയാണ് ‘ഇരുനിറം’. സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയം പറയണമെന്ന് തോന്നിയതുകൊണ്ടാണ് സിനിമയാക്കിയത്. സമൂഹത്തെ സ്വാധീനിക്കുന്ന നല്ല മൂല്യമുള്ള കഥ വേണം സിനിമയാക്കാൻ എന്നുണ്ടായിരുന്നു. പലപ്പോഴും തമാശപോലെ പറയുന്ന, അല്ലെങ്കിൽ വിളിക്കുന്ന വട്ടപ്പേരുകൾവരെ ഉണ്ടാക്കുന്ന വേദന വലുതാണ്. നിറത്തിന്റെ പേരിലുണ്ടാകുന്ന അവഗണന മനസ്സിനെ വലിയ രൂപത്തിൽ വിഷമിപ്പിക്കും. ഇത് കുട്ടിയുടെ വീക്ഷണത്തിൽ കാണിക്കുകയാണ് ചെയ്തത്.
വിഷയം പ്രധാനം
വലിയ സിനിമ, ചെറിയ സിനിമ എന്നിങ്ങനെ തരംതിരിച്ച് കാണുന്നില്ല. സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കാൻ പറ്റുന്ന വിഷയങ്ങൾ സിനിമയാക്കണം. സിനിമയുടെ കച്ചവടലക്ഷ്യം മുൻനിർത്തിയുള്ള യാത്ര പെട്ടെന്ന് സംഭവിക്കില്ല. സിനിമയിലൂടെ പ്രേക്ഷകരിലേക്ക് കൊടുക്കുന്ന മൂല്യം വളരെ വലുതാണ്. അതിനാണ് ശ്രമിക്കുന്നത്. അതുമായി പടിപടിയായി മുന്നോട്ടുപോകുകയാണ് ലക്ഷ്യം.
മേളകളിലൂടെ ജനങ്ങളിലേക്ക്
കേരളത്തിന് അകത്തും പുറത്തുമായി നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ ‘ഇരുനിറം’ പ്രദർശിപ്പിച്ചു. ഫിലിം ക്രിട്ടിക്സ് അവാർഡിൽ നവാഗതസംവിധായകനുള്ള പുരസ്കാരം ലഭിച്ചു. സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തന്മയ് സോളിന് പുലരി ഫിലിം അവാർഡിൽ പുരസ്കാരം ലഭിച്ചു. വിയറ്റ്നാം ഫെസ്റ്റിവൽ അടക്കം പത്തോളം അന്താരാഷ്ട്ര മേളകളിലേക്ക് സിനിമ തെരഞ്ഞെടുത്തു. ചലച്ചിത്രമേളകളിലൂടെ സിനിമ ജനങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.









0 comments