സംവിധായിക ഐഷ സുൽത്താന വിവാഹിതയായി

കൊച്ചി: സിനിമ സംവിധായിക ഐഷ സുൽത്താന വിവാഹിതയായി. ആന്ത്രോത്ത്, കൽപേനി, അഗത്തി ദ്വീപുകളിലെ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹർഷിത് സൈനിയാണ് വരൻ. ഇരുവരും ഏറെ കാലമായി സൗഹൃദത്തിലായിരുന്നു. നിലവിൽ ഡൽഹിയിൽ ഡെ പ്യൂട്ടി കലക്ടറാണ് ഹർഷിത് സൈനി. ഡൽഹിയിൽ ജൂൺ 20നായിരുന്നു രജിസ്റ്റർ വിവാഹമെന്ന് ഐഷ സുൽത്താന ‘ദേശാഭിമാനി’യോട് പറഞ്ഞു.
ഡിസംബറിൽ ഡൽഹിയിലും ലക്ഷദ്വീപിലും കൊച്ചിയിലുമായി വിവാഹച്ചടങ്ങ് നടത്താനാണ് തീരുമാനം. ഐഷ സുൽത്താന ഡൽഹിയിലാണ്. വാട്സാപ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും ഐഷ സുൽത്താനയുടെ വിവാഹവാർത്ത ശനിയാഴ്‌ച പ്രചരിച്ചിരുന്നു. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന, സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെ ലക്ഷദ്വീപിലും പുറത്തും ശ്രദ്ധനേടിയ വ്യക്തിയാണ്.
0 comments