സമരത്തീച്ചൂളകളുയർന്ന പുതുക്കാട്
Tuesday Feb 23, 2021
സി എ പ്രേമചന്ദ്രൻ

● 1965ൽ രൂപീകൃതമായ കൊടകര മണ്ഡലം 2011ലാണ് പുതുക്കാടായി മാറിയത്

1965ൽ രൂപീകൃതമായ കൊടകര മണ്ഡലം 2011ലാണ് പുതുക്കാടായി മാറിയത്. 1970–-77ൽ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ കൊടകരയെയാണ് പ്രതിനിധാനം ചെയ്തത്. ലോനപ്പൻ നമ്പാടൻ 1980ൽ എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ചതും കൊടകരയുടെ ചരിത്രം.
മറ്റത്തൂർ, വരന്തരപ്പിള്ളി, അളഗപ്പനഗർ, തൃക്കൂർ, നെന്മണിക്കര, പുതുക്കാട്, പറപ്പൂക്കര, വല്ലച്ചിറ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പുതുക്കാട് മണ്ഡലം.

മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് കൊടകരയുടെ എംഎൽഎ. കഴിഞ്ഞ തവണ 38,478 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. കൊടകരയിൽനിന്നും പുതുക്കാടെന്ന് പേരുമാറിയ മണ്ഡലത്തിൽ സുസ്ഥിര വികസനപദ്ധതി വിളയിച്ചടുത്ത നേട്ടങ്ങൾ ഇടതുപക്ഷ വിരുദ്ധരും അംഗീകരിക്കുന്നു. മണ്ഡലത്തിലെ എല്ലാ സ്കൂളുകളും ഹൈടെക്കാക്കി. ടോൾ കൊടുക്കാതെ സഞ്ചരിക്കാനാവുന്ന വിധം പുലക്കാട്ടുകര പാലം യാഥാർഥ്യമായത് ചരിത്രനേട്ടമായി. മണ്ഡലത്തിലെ 141 വാർഡുകളിലും ജൈവവൈവിധ്യ ഉദ്യാനങ്ങൾ ഒരുങ്ങുകയാണ്. പുതുക്കാട്, പറപ്പൂക്കര, അളഗപ്പ നഗർ എന്നീ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതിയും യാഥാർഥ്യമാവുന്നു. തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉടൻ യാാഥാർഥ്യമാവും. പ്രധാന റോഡുകളെല്ലാം മെക്കാഡം തിളക്കത്തിലാണ്.
ഇവർ എംഎൽഎമാർ
1965, 67 പി എസ് നമ്പൂതിരി (സിപിഐ), 70 സി അച്യുതമേനോൻ, 77, 80 ലോനപ്പൻ നമ്പാടൻ (കെഇസി), 82 സി ജി ജനാർദനൻ (ഐസിഎസ്), 87, 91, 96, 2001 കെ പി വിശ്വനാഥൻ (കോൺ.), 2006, 2011, 2016 പ്രൊഫ. സി രവീന്ദ്രനാഥ്, (സിപിഐ എം).