ട്രാക്ടർ പോരാട്ടം 
ഇനി പിണറായിയോട്‌

Monday Feb 22, 2021

ഇപ്പോൾ പിഎസ്‌സിക്കാലമാണല്ലോ; ആദ്യമൊരു ചോദ്യം തന്നെയാകാം 1991ൽ നരസിംഹറാവു സർക്കാർ ആഴക്കടൽ മത്സ്യബന്ധനത്തിന്‌ വിദേശകുത്തകകളെ അനുവദിച്ച്‌ നിയമം തയ്യാറാക്കിയപ്പോൾ ലോക്‌സഭയിൽ കൈയടിച്ച് പാസാക്കിയ കേരള എംപി ആര്?

(എ) രമേഷ് പിഷാരടി
(ബി) രമേശ് ചെന്നിത്തല
(സി) എം ടി രമേശ്‌
(ഡി) ഏതെങ്കിലും രമേശ്‌

ഉത്തരം കിട്ടിക്കഴിഞ്ഞെങ്കിൽ, ഇനിയൊരു സ്വീകരണമാണ്‌. മുൻ ഭാവിപ്രധാനമന്ത്രി രാഹുൽജിക്കാണ്‌ സ്വീകരണം. ആദ്യ സ്ഥലം: സ്വന്തം മണ്ഡലമായ വയനാട്ടിൽ. അവിടെ കാളവണ്ടി റാലി, സോറി ട്രാക്ടർ റാലിയിലാണ് അദ്ദേഹം‌. ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ അവിടെനിന്ന്‌ രണ്ടായിരം കിലോമീറ്ററോളം ദൂരെ, പിണറായി ഭരിക്കുന്ന ഇടത്ത്‌ എന്തിനാണ്‌ റാലി നടത്തുന്നത്‌ എന്ന്‌ ചോദിക്കരുത്‌. ഡൽഹിയിൽ നടത്തുന്നതിനൊരു ത്രില്ലില്ല, അത്രേയുള്ളൂ!

ഇനി അടുത്ത ദിവസം സെക്രട്ടറിയറ്റിന്‌ മുന്നിൽ ഉദ്യോഗാർഥികളുടെ കണ്ണീരൊപ്പാനും ജീയെ ഇറക്കാനാണ്‌ ആലോചന. അതിനും അദ്ദേഹം മിടുക്കനാണ്‌. അദ്ദേഹം വരുന്നത്‌ പുതുച്ചേരിയിൽ നിന്നാണല്ലോ! അവിടെ കഴിഞ്ഞ അഞ്ചുവർഷമായി സർക്കാർ നിയമനമില്ല എന്നാണ്‌ വാർത്ത. അക്കാര്യം അവിടത്തെ കോൺഗ്രസ്‌ മുഖ്യമന്ത്രിയോട്‌ ചോദിച്ചിരുന്നോ എന്ന്‌ അന്വേഷിച്ചാലും പറയും ജീ, അതിലൊരു ത്രില്ലില്ല.  സെക്രട്ടറിയറ്റിന്‌ മുന്നിലുള്ള തട്ടുകടയിലും ചിലപ്പോൾ ജീ കയറിയേക്കാം; ‘കാശ്‌ അണ്ണൻ തരും’ എന്നുമാത്രം പറയില്ല എന്ന്‌ വിചാരിക്കാം.

കൊല്ലത്ത്‌ മത്സ്യത്തൊഴിലാളികളോടും രാഹുൽ സംവദിക്കുന്നുണ്ട്‌. ആഴക്കടൽ മത്സ്യബന്ധനത്തിനെതിരെ അദ്ദേഹം ആഞ്ഞടിക്കുമത്രെ!.. തൊഴിലാളികളാരെങ്കിലും പഴയ കേന്ദ്രനിയമം കൊണ്ടുവന്ന കാര്യവും അതിന്‌ കൈയടിച്ച രമേശ്‌ ചെന്നിത്തലയെയും കുറിച്ച്‌ ചോദിച്ചാൽ,  ആ ഓർമയ്‌ക്കൊരു ത്രില്ലില്ല എന്ന്‌ പറയേണ്ടി വരും. പറ്റുമെങ്കിൽ ഹിന്ദിയിലായിക്കോട്ടെ, തർജമ, ചെന്നിത്തല നടത്തിക്കോളും!

രാഹുൽ പുതുച്ചേരിയിൽനിന്ന്‌ നാലുദിവസംമുമ്പ്‌ ഡൽഹിക്ക്‌ പോയി, ഉണ്ടുറങ്ങി ഉഷാറായാണ്‌ ഇപ്പോൾ കേരളത്തിലെത്തിയത്‌. ഇതിനിടയ്‌ക്ക്‌ പുതുച്ചേരിയിൽ എന്തു സംഭവിച്ചു എന്നൊന്നും ചോദിച്ചേക്കരുത്‌. അവിടത്തെ സ്വന്തം ടീം കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത്‌ തടയാൻ കഴിയാത്തതൊന്നുമല്ല, അതിലൊരു ത്രില്ലില്ല... എന്നേ അദ്ദേഹം പറയൂ.
വന്ന്‌ വന്ന്‌ ഇന്ത്യയിലെ കാക്കത്തൊള്ളായിരം മനുഷ്യരുടെ പ്രശ്‌നങ്ങൾ ഒറ്റയ്‌ക്ക്‌ കൈകാര്യം ചെയ്‌ത്‌ തളർന്നാണ്‌ ജീ ഇടതുപക്ഷ കേരളത്തിലേക്ക്‌ വരുന്നത്‌! കണ്ടറിയണം കോശി, ശ്ശെ, കൊണ്ടറിയണം നാട്ടുകാരെ കോൺഗ്രസിന്‌‌ എന്ത്‌ സംഭവിക്കുമെന്ന്‌!


 

12 ചോദ്യം ഒറ്റ ഉത്തരം

കേരളത്തിലുള്ള രാഹുൽ ഗാന്ധിക്കോ പറ്റുമെങ്കിൽ 
ചെന്നിത്തലയ്‌ക്കോ ഉമ്മൻചാണ്ടിക്കോ മറുപടി പറയാം; 
പറയണം അതിനാണ്‌ കേരളം കാക്കുന്നത്‌

1) ആഴക്കടലിലും പുകമറ ഉയർത്തുകയാണല്ലോ ചെന്നിത്തല; എന്നാൽ, ഇന്ത്യൻ  ആഴക്കടലിൽ വിദേശ ട്രോളറുകൾ തുറന്നുകൊടുത്തത്‌ ഏതു സർക്കാരാണെന്ന്‌ ഓർമയുണ്ടോ?

2) പെട്രോൾ വില തോന്നുംപോലെ എണ്ണക്കമ്പനികൾക്ക്‌ കൂട്ടാമെന്ന നിയമം കൊണ്ടുവന്നത്‌ ഏതു സർക്കാരാണ്‌?

3) ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ മറവിൽ രാജ്യത്തെ സാർവത്രിക റേഷൻ സമ്പ്രദായം ഇല്ലാതാക്കിയത്‌ ഏതു സർക്കാരാണ്‌?

4) രാജ്യത്ത്‌ നാലു ലക്ഷത്തിൽപ്പരം കർഷകരുടെ ആത്മഹത്യക്ക്‌ ഇടയാക്കിയ കാർഷിക ഉദാരവൽക്കരണ നയങ്ങൾക്ക്‌ തുടക്കമിട്ടത്‌ ഏതു സർക്കാരാണ്‌?

5) രാജ്യത്തെ വിളകളുടെ വിലയിടിവിനു വഴിയൊരുക്കിയ ആസിയൻ കരാറിൽ ഒപ്പിട്ടത്‌ ഏതു സർക്കാരാണ്‌?

6) ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ്‌ പുട്ടടിക്കാമെന്ന ഐഡിയ തുടങ്ങിയ ആദ്യ സർക്കാർ ഏതാണ്‌?

7) ഏഴു ലക്ഷത്തിൽപ്പരം ലാസ്റ്റ്‌ഗ്രേഡ്‌ തസ്‌തിക (ഗ്രൂപ്പ്‌ ഡി) കേന്ദ്ര സർവീസിൽ ഇല്ലാതാക്കിയത്‌ ഏതു സർക്കാരാണ്?

8) എൽപിജി സിലിൻഡർ സബ്‌സിഡി ബാങ്ക്‌ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പരിഷ്‌കാരം കൊണ്ടുവന്ന, സബ്‌സിഡി തന്നെ ഇല്ലാതാക്കുന്നതിന്‌ തുടക്കമിട്ട സർക്കാരേതാണ്‌?

9)  ബാബ്‌റി മസ്‌ജിദിൽ ശ്രീരാമവിഗ്രഹം കൊണ്ടുവച്ച്‌  പൂജ നടത്താനായി  തുറന്നുകൊടുത്തത്‌ ആരുടെ ഭരണകാലത്താണ്‌?

10) ബാബ്‌റി മസ്‌ജിദ്‌ തകർത്തപ്പോൾ കേന്ദ്രം ഭരിച്ചത്‌ ആരാണ്‌?

12) കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ സംസ്ഥാനങ്ങളെ വേട്ടയാടാൻ തുടങ്ങിയ സർക്കാരേതാണ്‌? ഇപ്പോഴും അത്തരം നിലപാടെടുക്കുന്ന കേന്ദ്ര സർക്കാരിനോട്‌ യോജിപ്പുണ്ടോ?

ലീഗ്‌ കൊടി വിലക്കി 
രാഹുൽ റാലി
വയനാട്ടിൽ യുഡിഎഫ്‌ നേതൃത്വത്തിൽ നടത്തിയ രാഹുൽ ഗാന്ധിയുടെ ട്രാക്‌ടർ റാലിയിൽ ലീഗ്‌ പതാകയ്‌ക്ക്‌ വീണ്ടും വിലക്ക്‌. ‌ജില്ലയിൽ ലീഗിന്‌ ഏറ്റവും സ്വാധീനമുള്ള മുട്ടിലിലായിരുന്നു റാലി. എന്നിട്ടും പച്ചക്കൊടി കെട്ടാൻ കോൺഗ്രസുകാർ സമ്മതിച്ചില്ല.

ലീഗ്‌‌ ഭരിക്കുന്ന പഞ്ചായത്തിൽ പോലും‌ പാർടി പതാക വിലക്കിയതിൽ  രോഷത്തിലാണ് അണികൾ‌. കഴിഞ്ഞ കുറെ നാളായി രാഹുലിന്റെ പരിപാടിക്ക്‌ ലീഗ്‌ പതാക അനുവദിക്കാറില്ല.  പച്ചക്കൊടി ചിത്രങ്ങൾ ഉത്തരേന്ത്യയിൽ "അപകട'മാകും എന്ന പേടിയാണ്‌ വിലക്കിന്‌ പിന്നിൽ‌‌.

അതേസമയം, ഡൽഹിയിലെ കർഷക പ്രക്ഷോഭവേദിയിലേക്ക്‌ തിരിഞ്ഞുനോക്കാത്ത രാഹുൽ വയനാട്ടിൽ ട്രാക്‌ടർ റാലി നടത്തുന്നതെന്തിനെന്ന ചോദ്യവും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി. മുട്ടിൽ പഞ്ചായത്തിലെ മാണ്ടാടുനിന്ന്‌ മൂന്ന്‌ കിലോമീറ്ററായിരുന്നു റാലി. അരമണിക്കൂർ മാത്രം. രാഹുൽ സംസാരിക്കുന്നതിനിടയിൽ മഴ പെയ്‌തതോടെ  പൊതുയോഗം അവസാനിപ്പിച്ചു.  ഡൽഹിയിൽ സമരത്തിനിറങ്ങാതെ വയനാട്ടിൽ റാലി നടത്തിയ രാഹുലിന്‌ കർഷകസംഘം വയനാട്‌ ജില്ലാ കമ്മിറ്റി തുറന്ന കത്തെഴുതി.