സൂര്യോദയം കാത്ത് തമിഴകം

Sunday Apr 4, 2021
ഇ എൻ അജയകുമാർ


ചെന്നൈ
തമിഴ്‌നാട്ടിലും പ്രചാരണം അവസാനിപ്പിച്ചപ്പോൾ ഏറെ ചർച്ചയായത്‌ കേന്ദ്രസർക്കാരിന്റെ  റെയ്‌ഡ്‌ രാഷ്ട്രീയം. എഐഎഡിഎംകെ, ബിജെപി മുന്നണിയുടെ  രാഷ്ട്രീയ ഏജന്റായി കേന്ദ്ര അന്വേഷണ ഏജൻസികൾ അധപതിച്ചത്‌ വോട്ടിങിലും പ്രതിഫലിക്കും.

ഇഡി, കസ്‌റ്റംസ്‌, സിബിഐ എന്നീ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ റെയ്‌ഡ്‌ നടത്തി ഭയപ്പെടുത്താനുള്ള നീക്കം എഐഎഡിഎംകെയോട്‌ മാത്രമെ ചെലവാകൂവെന്ന്‌  ഡിഎംകെ അധ്യക്ഷൻ സ്‌റ്റാലിൻ പ്രഖ്യാപിച്ചുകഴിഞ്ഞു. അവസാന ലാപ്പിൽ ഇതുതന്നെയാണ്‌ തമിഴകത്തെ ചൂടേറിയ ചർച്ച.

234 സീറ്റുള്ള തമിഴ്‌നാട്ടിൽ ഡിഎംകെയും ഇടതുപക്ഷവും ഉൾപ്പെടുന്ന മതേതര പുരോഗമന മുന്നണി, എഐഎഡിഎംകെയും ബിജെപിയും അടങ്ങുന്ന മുന്നണി, നടൻ കമൽഹാസന്റെ മക്കൾ നീതിമയ്യം നേതൃത്വത്തിലുള്ള മുന്നണി, നടൻ സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴർ കക്ഷി എന്നിവയാണ്‌ ഗോദയിലുള്ളത്‌.

ഘടകകക്ഷിയാണെങ്കിലും, എഐഎഡിഎംകെ പ്രചാരണ ബോർഡുകളിലും സ്‌റ്റേജിലും ബിജെപി നേതാക്കളുടെ ചിത്രം ഒഴിവാക്കിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസം തിരുനെൽവേലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ പങ്കെടുത്ത പൊതുയോഗത്തിലും, ഈറോഡ്‌ ജില്ലയിൽ ബിജെപി  അധ്യക്ഷൻ ജെ പി നഡ്ഡ പങ്കെടുത്ത പൊതുയോഗത്തിലും എഐഎഡിഎംകെ സ്ഥാനാർഥികളും മന്ത്രിമാരും വിട്ടുനിന്നതും ചർച്ചയായി.

‘കമീഷൻ, കറപ്‌ഷൻ, കലക്‌ഷൻ’ എന്നാണ്‌ എഐഎഡിഎംകെ മുന്നണിയെ മതേതര മുന്നണിക്കാർ പ്രചരണത്തിലുടനീളം വിശേഷിപ്പിച്ചത്‌.പണച്ചാക്കും നുണച്ചാക്കുമായി തമിഴകത്തിൽ മോഡി, അമിത്‌ഷാ, എടപ്പാടി കൂട്ടുകെട്ട്‌ പ്രചാരണത്തിനിറങ്ങിയിട്ടും കനത്ത തോൽവിയാകും  ബിജെപി എഐഎഡിഎംകെ മുന്നണിയെ കാത്തിരിക്കുന്നതെന്ന്‌ അവസാനവട്ട ചിത്രവും വ്യക്തമാക്കുന്നു.