ഒന്നുമില്ല, മോഡിയുടെ തള്ള്‌ മാത്രം

Sunday Apr 4, 2021
സ്വന്തം ലേഖകൻ

തിരുവനന്തപുരം > തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ രണ്ട്‌തവണ കേരളത്തിൽ വന്നിട്ടും കേന്ദ്രസർക്കാരിന്റെ ‘കോൾഡ്‌ സ്‌റ്റോറേജിൽ’ കിടക്കുന്ന ശബരി റെയിൽപാത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരക്ഷരം ഉരിയാടിയില്ല. രാജ്യത്താകെയുള്ള ശബരിമല ഭക്തർക്ക്‌ ഏറെ പ്രയോജനം ചെയ്യുന്ന അങ്കമാലി–- എരുമേലി പാതയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്‌ മെല്ലെപ്പോക്കാണ്‌.

എയിംസ്‌, ഹൈക്കോടതി ബെഞ്ച്‌ ഉൾപ്പെടെയുള്ള വിഷയങ്ങൾ ആവശ്യപ്പെട്ടിടത്ത്‌ നിൽക്കുന്നു. ആദ്യം പാലക്കാട്ടും വെള്ളിയാഴ്‌ച കോന്നിയിലും തിരുവനന്തപുരത്തും സ്ഥിരം തള്ള്‌ മാത്രമാണ്‌ പ്രധാനമന്ത്രിയിൽനിന്നുണ്ടായത്‌.

കേരളത്തിൽ ഒരു വികസനവും നടക്കുന്നില്ലെന്നാണ്‌ പ്രധാനമന്ത്രിയുടെ പുതിയ കണ്ടുപിടുത്തം. മെട്രോ റെയിൽ, ഗെയി‌ൽ ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്‌ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ പുകഴ്‌ത്തിയതാണ്‌. 

2815 കോടിരൂപ ചെലവുള്ള ശബരി പദ്ധതിയുടെ പകുതി വഹിക്കാമെന്ന്‌ കേരളം സമ്മതിച്ചതാണ്‌. ‌ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തിലും കേന്ദ്രം എതിരാണ്‌.

എയിംസ്‌ സെന്ററിനുള്ള ആവശ്യത്തിൽ നിഷേധാത്മകനിലപാട്‌ തുടരുന്നു. തിരുവനന്തപുരത്ത്‌ ഹൈക്കോടതി ബെഞ്ചിനുള്ള മുറവിളിക്കും പതിറ്റാണ്ടുകൾ പഴക്കമുണ്ട്‌. കുറ്റിപ്പുറം–-ഗുരുവായൂർ പാതയെക്കുറിച്ച്‌ കേൾക്കാനില്ല.

തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാമെന്ന സംസ്ഥാന സർക്കാർ ആവശ്യം തള്ളി അദാനിക്ക്‌ കൈമാറി.

അതിജീവനവും തടഞ്ഞു

പ്രളയകാലത്ത്‌ കേരളത്തെ കരകയറ്റാനുള്ള എല്ലാ ശ്രമവും തടയാൻ നേതൃത്വം നൽകിയതും പ്രധാനമന്ത്രി മോഡിതന്നെ. ഒരു നിലയ്‌ക്കും കേരളത്തെ നിവർന്ന്‌ നിൽക്കാൻ അനുവദിക്കില്ലെന്നായിരുന്നു നിലപാട്‌. പിന്നാലെ സൊമാലിയ, വികസന വിരുദ്ധർ എന്നീ ആക്ഷേപങ്ങളും വന്നു.   പ്രളയകാലത്ത്‌ യുഎഇ 700 കോടിരൂപ സഹായം അനുവദിച്ചപ്പോൾ തടഞ്ഞു. ഗൾഫ്‌ നാടുകളിൽ സഹായം തേടാനുള്ള മന്ത്രിമാരുടെ യാത്രയും വിലക്കി. പ്രളയകാലത്ത്‌ രക്ഷാപ്രവർത്തനത്തിന്‌ ഉപയോഗിച്ച ഹെലികോപ്‌റ്ററിന്‌ വാടക ആവശ്യപ്പെട്ടു. ജനങ്ങൾക്ക്‌ ഭക്ഷിക്കാൻ സൗജന്യമായി നൽകിയ അരിക്കും വിലകെട്ടി. ജിഎസ്‌ടി വിഹിതം കുറച്ചും കടമെടുപ്പ്‌ പരിധി കൂട്ടാതെയും കേരളത്തെ ദ്രോഹിച്ചതും മോഡിയും സംഘവും തന്നെ.