06 June Saturday

വിദേശപഠനം: ചെലവ് ചുരുക്കാൻ ശ്രദ്ധിക്കാനേറെ

ഡോ. ടി പി സേതുമാധവൻUpdated: Monday Sep 2, 2019

വിദേശ പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികളുടെ എണ്ണം അനുദിനം വർധിച്ചു വരുന്നു. വിദ്യാർഥികൾ സാമ്പത്തിക മാനേജ്മെന്റിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ചെലവ് കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾക്ക് മുൻഗണന നൽകണം. അമേരിക്ക, യു കെ , ആസ്ട്രേലിയ, ന്യൂസിലാന്റ്, സിംഗപ്പൂർ, കാനഡ, ഫ്രാൻസ്, ജർമ്മനി, അയർലാന്റ്  തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതലായും ഉപരിപഠനത്തിന്‌ പോകുന്നത്. പണം ചെലവഴിക്കുന്നത് വസ്തുനിഷ്ഠമായ രീതിയിലായിരിക്കണം.

വിദേശ കറൻസിയിലേക്ക് ഇന്ത്യൻ രൂപ മാറ്റുന്നത് അംഗീകൃത ബാങ്കുകളിലൂടെയോ മണി എക്സ്ചേഞ്ച് ഏജൻസിയിലൂടെയോ ആകാൻ പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യത്തിലധികം തുക കയ്യിൽ കരുതരുത്. വിദേശ കാമ്പസുകളിലും ഹോസ്റ്റലുകളിലും  മോഷണം പതിവാണെന്ന കാര്യം മറക്കരുത്. പണം അനാവശ്യമായി ധൂർത്തടിക്കുന്ന പ്രവണത ഒഴിവാക്കണം. പണമിടപാടുകളിൽ സുരക്ഷ ഉറപ്പുവരുത്താൻ ഫോറെക്സ് കാർഡുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഇന്ത്യയിലെ ബാങ്കുകളുടെ വിസ, മാസ്റ്റർ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാമെങ്കിലും സ്ഥിരമായി ഉപയോഗിക്കരുത്. ഫോറക്സ് കാർഡുകൾ ഇന്ത്യൻ വിദ്യാർഥികൾക്ക്  ഐഡന്റിറ്റി കാർഡായും ഉപയോഗിക്കാം. നിരവധി ഡിസ്ക്കൗണ്ടുകൾ ഇതിലൂടെ ലഭിക്കും. വിദേശ രാജ്യത്ത് സ്റ്റുഡന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് നല്ലതാണ്. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ഇതിലൂടെ നിരവധി സൗജന്യ സേവനങ്ങൾ ലഭിക്കും. ട്രാൻസാക്‌ഷൻ ചാർജ്ജ്/സേവന ചാർജ്ജില്ലാത്ത ക്രെഡിറ്റ് കാർഡ് മാത്രമെ ഉപയോഗിക്കാവൂ.

പാർടൈം തൊഴിൽ  ചെയ്യുന്നത് വരുമാനം നേടാനും തൊഴിൽ സംസ്ക്കാരത്തെ കുറിച്ചുള്ള ധാരണ രൂപപ്പെടുത്താനും സഹായിക്കും. ഈ കാലയളവിൽ പ്രൊജക്ട് വർക്ക്, സമ്മർ ഇന്റേൺഷിപ്പ് എന്നിവ ചെയ്യുന്നത് പ്ലേസ്മെന്റ് എളുപ്പത്തിലാക്കാൻ സഹായിക്കും. പഠനശേഷമുള്ള പോസ്റ്റ് സ്റ്റഡി വർക്ക് വിസ ലഭിച്ചാൽ മാത്രമെ തൊഴിൽ ചെയ്യാവൂ. വിസ ലഭിയ്ക്കാതെ തൊഴിൽ ചെയ്യുന്നത് ശിക്ഷാർഹമാണ്.
പഠനത്തോടൊപ്പം തന്നെ ഭാവി തൊഴിലവസരങ്ങളെക്കുറിച്ചുള്ള അന്വേഷണമാരംഭിക്കണം. സോഷ്യൽ മീഡിയ, ലിംങ്ക്ഡിൻ, ഓൺലൈൻ തൊഴിൽ പോർട്ടലുകൾ എന്നിവ വഴി തൊഴിലന്വേഷിക്കുന്നത് നല്ലതാണ്. നെറ്റ്‌വർക്കിംഗ്‌ സേർച്ചിനാണ് കൂടുതൽ മുൻഗണന നൽകേണ്ടത്.
സ്റ്റുഡന്റ് വിസ ലഭിക്കാൻ അമേരിക്കൻ കോൺസുലേറ്റിൽ ഇന്റർവ്യൂവിന് ചെന്നാൽ അമേരിക്കയിൽ ഉപരിപഠനത്തിനാണ് താൽപര്യമെന്ന് പ്രത്യേകം വ്യക്തമാക്കണം. ചില വിദ്യാർഥികൾ വിസ ഇന്റർവ്യൂ സമയത്ത്  അമേരിക്കയിൽ പഠനശേഷം ഗ്രീൻ കാർഡ്, പൗരത്വം എന്നിവയാണ് ലക്ഷ്യമെന്ന് പറയാറുണ്ട്. ഇവർക്ക് വിസ ലഭിക്കാനിടയില്ല.

വിദേശ പഠന കാലയളവിൽ മിതവ്യയം ശീലിക്കണം.  നല്ല സുഹൃദ്ബന്ധം രൂപപ്പെടുത്താനും. ചീത്ത ശീലങ്ങൾ ഒഴിവാക്കാനും ശ്രമിക്കണം.
കുറഞ്ഞ ചെലവിൽ യൂറോപ്പിൽ പഠിക്കാം
യൂറോപ്പ്യൻ രാജ്യങ്ങളിൽ താങ്ങാവുന്ന  ചെലവിൽ പഠിക്കാവുന്ന എട്ടു രാജ്യങ്ങളിലാണ് ഇന്ത്യൻ വിദ്യാർഥികൾ ഉപരിപഠനത്തിന് താൽപര്യപ്പെടുന്നത്.
* സ്പെയിൻ : ഗ്രാഡുവേറ്റ് പഠനത്തിന് വാർഷിക ഫീസ്  750‐2100 യൂറോ വരെയാണ്. ആർട്ട് ആന്റ് ഡിസൈൻ, ബിസിനസ്സ്, പൊളിറ്റിക്കൽ സയൻസ് എന്നിവ മികച്ച പ്രോഗ്രാമുകളാണ്.
* പോളണ്ട് : 17 ഓളം നോബൽ അവാർഡ് ജേതാക്കളെ സൃഷ്ടിച്ച രാജ്യമാണിത്. ജീവിതച്ചെലവ് കുറവാണ്. ശരാശരി വാർഷിക ട്യൂഷൻ ഫീസ് 2000 യൂറോയാണ്. എൻജിനീയറിങ്‌, കംപ്യൂട്ടർ സയൻസ്, മാനേജ്മെന്റ് പഠനത്തിന് പോളണ്ട് മികച്ച രാജ്യമാണ്.
* ഗ്രീസ് : ശരാശരി വാർഷിക ഫീസ് 1500 യൂറോയാണ്. ബിസിനസ്‌ അഡ്മിനിസ്ട്രേഷൻ, ടൂറിസം, ഇന്റർനാഷണൽ റിലേഷൻസ് എന്നിവ ഗ്രീസിൽ പഠിക്കാം.

* ജർമ്മനി : ഗവേഷണം, ഇന്നവേഷൻ എന്നിവയിൽ മുൻനിരയിലാണ്. സൗജന്യ വിദ്യാഭ്യാസമാണ്. പ്രതിമാസ ചെലവ് 800 യൂറോ വരും. ബിസിനസ്‌, ഇക്കണോമിക്സ്, എൻജിനീയറിങ്‌ പഠനത്തിന് ജർമ്മനി മികച്ച രാജ്യമാണ്.
* ഇറ്റലി : പ്രതിവർഷ ഫീസ് 1000 യൂറോയാണ്. ആർട്ട്, ആർക്കിടെക്ചർ, ബിസിനസ്‌, ഇക്കണോമിക്സ് എന്നിവ ഇറ്റലിയിൽ പഠിക്കാം.
* ആസ്ട്രേലിയ : പ്രതിവർഷ ഫീസ്  750 ‐ 1450 യൂറോ വരെയാണ്. സംഗീതം, ബിസിനസ്‌ എന്നിവയ്ക്ക് ആസ്ട്രിയ മികച്ച രാജ്യമാണ്.
* ഫിൻലാന്റ് : പ്രതിവർഷ ഫീസ് 1500 യൂറോ വരും. വിഷ്വൽ ആർട്സ്, എൻജിനീയറിങ്‌, ഇന്റർ നാഷണൽ ബിസിനസ്സ് എന്നിവ ഫിൻലാന്റിൽ പഠിക്കാം.

* ഫ്രാൻസ് : ട്യൂഷൻ ഫീസ് തീരെ കുറവാണ്. 300‐400 യൂറോ മാത്രമെ പ്രതിവർഷം  ചെലവുള്ളൂ. എന്നാൽ ജീവിതച്ചെലവ് കൂടുതലാണ്. ആർട്ട് ആന്റ് ഡിസൈൻ, ഇക്കണോമിക്സ്, മാനേജ്മെന്റ് എന്നിവയ്ക്ക്് ഫ്രാൻസ് തെരഞ്ഞെടുക്കാം.
മെറ്റ് ഫിലിം സ്കൂൾ, ബെർലിൻ, യൂണിവേഴ്സിറ്റി ഓഫ് ലീവൻ, ബെൽജിയം  യൂണിവേഴ്സിറ്റി ഓഫ് ഡാൻസ്ക്ക്, പോളണ്ട്, INSA LYON, ഫ്രാൻസ്, ഐ ഇ യൂണിവേഴ്സിറ്റി, സ്പെയിൻ, അക്കാഡീമിയ, ഇറ്റലി എന്നിവ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.


പ്രധാന വാർത്തകൾ
 Top