20 September Friday

എസ്എസ്എ, ആർഎംഎസ്എ ബോർഡുകൾ ഇനിയില്ല; പുതിയ ബോർഡ‌് രണ്ടാഴ്‌ചയ്ക്കകം

വെബ് ഡെസ്‌ക്‌Updated: Friday Jun 8, 2018

തിരുവനന്തപുരം > മൈനസ് ടു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസമേഖല ഏകീകരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ ഭാഗമായി നിലവിലുള്ള സർവശിക്ഷാ അഭിയാൻ, രാഷ്‌‌ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ബോർഡുകൾ പിരിച്ചുവിടുന്നു. എസ്എസ്എ അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന പ്രൈമറി എഡ്യൂക്കേഷൻ സൊസൈറ്റി ഓഫ് കേരള (പെഡെസ്‌‌‌ക്) പിരിച്ചുവിടാൻ ബുധനാഴ‌്‌ച  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

ബോർഡ് തലവൻകൂടിയായ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്‌ച ചേർന്ന യോഗത്തിൽ  ആർഎംഎസ്എ അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സെക്കൻഡറി എഡ്യൂക്കേഷൻ സൊസൈറ്റി ഓഫ് കേരള(സെഡെസ്ക‌്)യും പിരിച്ചുവിടാൻ തീരുമാനമായി. രണ്ട‌് ബോർഡുകൾക്കും പകരമായി പുതിയ ഏകീകൃത ബോർഡ് രൂപീകരിക്കാൻ അനുമതിയും കൊടുത്തു. 

സംസ്ഥാനത്തെ പ്രൈമറി വിദ്യാഭ്യാസം സാർവത്രികവും ശക്തവുമാക്കുക, അതിന്റെ ഗുണമേന്മ വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഡിസ്ട്രിക്‌ട് പ്രൈമറി എഡ്യൂക്കേഷൻ പ്രോഗ്രാം നടപ്പാക്കാൻ 1994ലാണ് പെഡെസ്‌‌ക് രൂപീകരിച്ചത്.
2000ൽ പദ്ധതി സർവശിക്ഷാ അഭിയാനായി രൂപാന്തരപ്പെടുത്തിയപ്പോൾ അത് നടപ്പാക്കിയതും മുഖ്യമന്ത്രി അധ്യക്ഷനായ പെഡെസ്‌കാണ്. 2010ൽ ആർഎംഎസ്എ നടപ്പാക്കാൻ സെക്കൻഡറി എഡ്യുക്കേഷൻ സൊസൈറ്റി ഓഫ് കേരള (സെഡെസ്‌ക്)യും രൂപീകരിച്ചു.

എന്നാൽ, രാജ്യത്താകമാനം ഏകീകൃത സ്‌കൂൾവിദ്യാഭ്യാസം എന്ന കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനത്തിന്റെ ഭാഗമായി എസ്എസ്എ, ആർഎംഎസ്‌എ എന്നിവയ്ക്ക് ബദലായി പ്രീ കെജിമുതൽ പ്ലസ് ടുവരെയുള്ള വിദ്യാഭ്യാസം സമഗ്രശിക്ഷാ അഭിയാൻ എന്ന ഏകീകൃത സംവിധാനത്തിനുകീഴിൽ  കൊണ്ടുവന്നു. ഇതിനായി ഒരു ഏകീകൃത സൊസൈറ്റി രൂപീകരിക്കേണ്ടത‌് അത്യാവശ്യമായിവന്നു. ഇതിനായാണ് പെഡെസ്‌ക്, സെഡെസ്‌ക‌് ബോർഡുകൾ അവസാന യോഗം ചേരുകയും ബോർഡ് പിരിച്ചുവിടാൻ തീരുമാനിക്കുകയും ചെയ്‌തത്. പുതിയ ഏകീകൃത സൊസൈറ്റിയായ സ്കൂൾ എഡ്യൂക്കേഷൻ സൊസൈറ്റി ഓഫ് കേരള രൂപീകരിക്കുംവരെ പ്രവർത്തനം തുടരാനും ശേഷം എസ്എസ്എ, ആർഎംഎസ‌്എ പദ്ധതികളുടെ ആസ്‌തി, ബാധ്യതകൾ പുതിയ സൊസൈറ്റിക്ക് കൈമാറാനും തീരുമാനമായി. 

രണ്ടാഴ്‌ചയ്‌‌‌ക്കകം രൂപീകരിക്കുന്ന സ്കൂൾ എഡ്യൂക്കേഷൻ സൊസൈറ്റി ഓഫ് കേരളയ‌്ക്കുകീഴിലായിരിക്കും പുതിയ പദ്ധതിയായ സമഗ്ര ശിക്ഷ കേരള പ്രവർത്തിക്കുക. പുതിയ ബോർഡ‌് രൂപീകരിക്കുന്ന ദിനത്തിലാകും നിലവിലുള്ള ബോർഡുകൾ ഔദ്യോഗികമായി പ്രവർത്തനം അവസാനിപ്പിക്കുക. അടുത്തിടെ  കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സമഗ്ര ശിക്ഷാ പദ്ധതിയുടെ ലോഗോ തെരഞ്ഞെടുക്കാൻ എൻട്രികൾ ക്ഷണിച്ചിരുന്നു. 23 വരെ എൻട്രികൾ അയക്കാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top