15 August Monday
ഓപ്ഷന്‍ സ്വീകരിക്കല്‍ തുടങ്ങി

23 സ്വാശ്രയ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് സര്‍ക്കാര്‍ സീറ്റിലേക്ക് അലോട്ട്മെന്റ് 6ന്

വെബ് ഡെസ്‌ക്‌Updated: Sunday Sep 4, 2016

തിരുവനന്തപുരം > സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് സീറ്റുകളുടെ പകുതി സര്‍ക്കാര്‍ നേടിയെടുത്തതിനെ തുടര്‍ന്നുള്ള ഓപ്ഷന്‍ നടപടികള്‍ പുരോഗമിക്കുന്നു. സ്വാശ്രയ, മെഡിക്കല്‍ ദന്തല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള ഓപ്ഷന്‍ ആറിന് പകല്‍ ഒന്നുവരെ നല്‍കാം. അന്നുതന്നെ അലോട്മെന്റ് നടക്കും.  രണ്ടാംഘട്ടമായി 2350 എംബിബിഎസ് സീറ്റിലേക്കാണു സര്‍ക്കാര്‍ അലോട്മെന്റ് നടത്തുന്നതെന്നു പ്രവേശന പരീക്ഷ കമ്മിഷണര്‍ ബി എസ് മാവോജി അറിയിച്ചു.

സ്വാശ്രയ മാനേജുമെന്റുകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 23 കോളേജുകളും സഹകരിച്ചാല്‍ 900 എംബിബിഎസ് സീറ്റുകള്‍ ഇക്കുറി അധികമായി ലഭിക്കും. ഇവയില്‍ 400 എണ്ണവും കുറഞ്ഞ ഫീസ് നിരക്കായ 25000 രൂപയില്‍ പഠിക്കാന്‍ കഴിയുന്നവയാണ്. കഴിഞ്ഞ വര്‍ഷം ഈ ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത് 180 സീറ്റുകള്‍ മാത്രമാണ്. 
കഴിഞ്ഞ തവണ ആറു മെഡിക്കല്‍ കോളജുകള്‍ മുന്‍ സര്‍ക്കാരുമായി ഒത്തുകളിച്ച് മുഴുവന്‍ സീറ്റിലും കോഴവാങ്ങി  പ്രവേശനം നടത്തുകയായിരുന്നു. ഇത്തവണ നാലു കോളേജുകള്‍ പുതുതായി കരാറിന്റെ ഭാഗമായി. കൂടാതെ ഈ വര്‍ഷം തുടങ്ങുന്ന മൂന്നു മെഡിക്കല്‍ കോളജുകള്‍ കൂടി കരാറില്‍ ചേര്‍ന്നു. പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ വരും ദിവസങ്ങളില്‍ കരാറിന്റെ ഭാഗമായേക്കും. ഇതും കൂടി കണക്കിലെടുത്ത് 23 കോളേജുകളിലെയും മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശന നടപടികള്‍ എന്‍ട്രന്‍സ് കമീഷണര്‍ ആരംഭിച്ചിട്ടുള്ളത്. 

മെഡിക്കല്‍/അനുബന്ധ കോഴ്സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകര്‍ അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ അവരവരുടെ ഹോം പേജില്‍ ലഭ്യമാക്കിയിട്ടുള്ള കണ്‍ഫോം’ ബട്ടണ്‍ ക്ളിക്ക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം.  അലോട്ട്്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയ ഫീസ് ഏഴു മുതല്‍ ഒന്‍പതു വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തിരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഓണ്‍ലൈന്‍ പേമെന്റ് മുഖേനയോ ഒടുക്കണം.

ഫീസ് അടച്ചശേഷം അലോട്ട്മെന്റ് ലഭിച്ച കോളജില്‍ ഒന്‍പതിനു വൈകിട്ട് അഞ്ചിന് മുമ്പായി  പ്രവേശനം നേടണം. വിദ്യാര്‍ഥികള്‍ക്കു സൌജന്യ ഓപ്ഷനുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് ഇന്റര്‍നെറ്റ് സൌകര്യമുള്ള ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകളും, ഹെല്‍പ് ഡെസ്കുകളും സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കും.  വിശദ ലിസ്റ്റ് ംംം.രലലസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റില്‍ ലഭിക്കും. . സര്‍ക്കാരും സ്വാശ്രയ മാനേജ്മെന്റുകളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് കോടതിയോ മറ്റ് അധികാരപ്പെട്ട സ്ഥാപനങ്ങളോ അംഗീകരിക്കാത്തപക്ഷം ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് എല്ലാ വിദ്യാര്‍ഥികളും അടയ്ക്കണം. എന്‍ജിനീയറിങ് കോളജുകളില്‍പ്രവേശനം നേടിയ  വിദ്യാര്‍ഥികള്‍ക്കു മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുന്നപക്ഷം ലിക്വിഡേറ്റഡ് ഡാമേജസ് നല്‍കിയശേഷമേ പുതിയ അലോട്മെന്റ് സ്വീകരിക്കാനാകൂ.

ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ദന്തല്‍ കോളജുകളില്‍ ലഭ്യമായേക്കാവുന്ന കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കു പ്രവേശനം ആഗ്രഹിക്കുന്നവരും മറ്റു വിദ്യാര്‍ഥികളെപ്പോലെ താല്‍പര്യമുള്ള എല്ലാ കോളജുകളിലേക്കുംwww.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ യഥാസമയം ഓപ്ഷനുകള്‍  റജിസ്റ്റര്‍ ചെയ്യണം. അലോട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee-kerala.org എന്ന വെബ്സൈറ്റില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവേശന കമീഷണറുടെ  ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിക്കാം: 0471 2339101, 2339102, 2339103, 2339104.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top