22 June Tuesday

വിജയങ്ങള്‍ക്ക് പിന്നിലെ സ്വപ്നം

എന്‍ പി ഹാഫിസ് മുഹമ്മദ്Updated: Thursday Nov 24, 2016

അസാധ്യമായത് നേടിയെടുക്കുന്നതാണ് വിജയമായി വിളംബരം ചെയ്യപ്പെടുന്നത്. സ്വപ്നം
കാണുകയും അത് യാഥാര്‍ഥ്യമാക്കാന്‍ കഠിനപരിശ്രമം നടത്തുകയും ചെയ്യുന്നവരെയാണ്
വിജയം അനുഗ്രഹിക്കുക. പ്രതികൂലസാഹചര്യങ്ങളോട് മല്ലടിച്ച് വിജയത്തിലേക്ക് ഒറ്റയടിപ്പാതകള്‍ തീര്‍ത്ത ജീവിതങ്ങളെ മാതൃകയാക്കി പുതിയ ലക്ഷ്യങ്ങള്‍ മനസില്‍ കുറിക്കാന്‍ ഒരുങ്ങിക്കോളൂ...

ആരോ നിര്‍ദേശിച്ചതനുസരിച്ച് ഒമ്പതുവര്‍ഷം മുമ്പ് കാണാന്‍ വന്ന ഇര്‍ഫാന്‍ ഹബീബ് എനിക്ക് അത്ഭുതമാണ്. അന്നവന്‍ പത്താം ക്ളാസ് വിദ്യാര്‍ഥിയായിരുന്നു. ഗവേഷണം നടത്താനും ശാസ്ത്രജ്ഞനാകാനുമുള്ള മോഹമാണ് ഇര്‍ഫാന്‍ ആദ്യത്തെ കണ്ടുമുട്ടലില്‍ എന്നെ അറിയിച്ചത്. ഞാന്‍ അവന്റെ മോഹസഫലീകരണത്തിലേക്കുള്ള മാര്‍ഗങ്ങള്‍ വിശദീകരിച്ചു. ലോകപ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചിലതിനെക്കുറിച്ച് പറഞ്ഞു. ഇന്ത്യയിലെ വിഖ്യാത വിദ്യാഭ്യാസ കേന്ദ്രങ്ങളെക്കുറിച്ചും വിശദീകരിച്ചു.

നിശ്ചലം, വിടര്‍ന്ന കണ്ണുകളോടെ എല്ലാംകേട്ട് ഇര്‍ഫാന്‍ മടങ്ങി. ഇടയ്ക്ക് ഇര്‍ഫാന്‍ വീണ്ടും പലകുറി കാണാന്‍ വന്നു. അതിനിടയില്‍ ഇര്‍ഫാന്റെ കുടുംബത്തെക്കുറിച്ച് ഞാന്‍ മനസ്സിലാക്കി. ഉമ്മയാണ് അന്നദാതാവ്. അതിരാവിലെ ഭക്ഷണ പദാര്‍ഥങ്ങളുണ്ടാക്കി അടുത്തുള്ള മെഡിക്കല്‍കോളേജ് ആശുപത്രിയുടെ കവാടത്തില്‍ കൊണ്ടുചെന്ന് വില്‍പ്പന നടത്തും. ഇര്‍ഫാനാണ് അതിരാവിലെ ഭക്ഷണം സൈക്കിളില്‍ വെച്ച് മെഡിക്കല്‍ കോളേജിനടുത്തെത്തിക്കുക. പ്ളസ്ടുവിന് പഠിക്കുമ്പോഴാണ് ഇര്‍ഫാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പ്രവേശന സ്വപ്നത്തെക്കുറിച്ച് പറഞ്ഞത്. ഞാന്‍ ഐഐടി അഡ്മിഷനെക്കുറിച്ച് പറഞ്ഞു. പരിശീലനത്തിന്റെ പ്രാധാന്യമറിയിച്ചു. പരിശീലനം തുടങ്ങി. ആദ്യത്തെ പ്രവേശനപ്പരീക്ഷ അറിയിപ്പ് വന്നപ്പോള്‍ ഇര്‍ഫാന്‍ വിളിച്ചു. 'സാര്‍, എനിക്ക് എന്‍ഐടിയില്‍ (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി)ല്‍ അഡ്മിഷന്‍ കിട്ടി.' ഞാന്‍ സന്തോഷത്തോടെ വിവരം തിരക്കി. ബിടെക്കിന് ഇഷ്ടമുള്ള വിഷയത്തില്‍ ചേരാനാവുമെന്നറിയിച്ചു. ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു. 'സാര്‍, ഞാനവിടെ ചേരുന്നില്ല.' ഞാനൊരു സാധാരണ അധ്യാപകനായി ഫോണില്‍ നെറ്റി ചുളിച്ചു. ഇര്‍ഫാന്‍ പറഞ്ഞു: 'എനിക്ക് ഐഐടിയില്‍ തന്നെ പഠിക്കണം. എന്റെ ആഗ്രഹമാണത്.'എനിക്ക് ആശങ്കയും അത്ഭുതവും തോന്നി. ഇര്‍ഫാന്റെ കുടുംബാവസ്ഥ എത്രയും നേരത്തെ ഒരു ജോലി പ്രതീക്ഷിക്കുന്നു, ആവശ്യപ്പെടുന്നു. ഞാന്‍ ഇര്‍ഫാന്റെ മോഹസഫലീകരണത്തിനുള്ള ചില ഒത്താശകള്‍ ചെയ്തുകൊടുത്തു. പ്രവേശനപരീക്ഷയെഴുതി. ആഗ്രഹിച്ചപോലെ ചെന്നൈ ഐഐടിയില്‍ ഏറോ   സ്പേസ് എഞ്ചിനീയറിങ്ങില്‍ (ബിടെക്-എംടെക്) ഇന്റഗ്രേറ്റഡ് കോഴ്സിന് ചേര്‍ന്നു. കോഴ്സവസാനം ഇര്‍ഫാന്‍ ചെയ്ത പ്രോജക്ട് വര്‍ക്ക് റിപ്പോര്‍ട്ട് അമേരിക്കന്‍ ഫിസിക്കല്‍ റിവ്യൂ ലേറ്റേഴ്സില്‍ പ്രസിദ്ധീകരിച്ചു. വിദേശ ഗവേഷണ പഠനത്തിന്റെ സാധ്യതകള്‍ ഞാനവതരിപ്പിച്ചു. ചില സ്ഥാപനങ്ങളുമായി ഇര്‍ഫാന്‍ ബന്ധപ്പെട്ടു. ഇസ്രയേലിലെ ടെക്നിയോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഗവേഷണപഠനത്തിന് മുഴുസ്കോളര്‍ഷിപ്പോടെ നിയമനം ലഭിച്ചിരിക്കുന്നു. സ്കൈപ്പ് വഴിയായിരുന്നു ഇന്റര്‍വ്യൂ. വിസ പേപ്പറുകള്‍ ശരിയാക്കാന്‍ മുംബൈയില്‍ പോയി തിരിച്ചെത്തിയ ഇര്‍ഫാന്‍ അറിയിച്ചു. 'ഒരു മാസത്തിനുള്ളില്‍ പോകേണ്ടി വരും, സാര്‍.'
മോഹസഫലീകരണത്തിന്റെ ജീവിക്കുന്ന യാഥാര്‍ഥ്യമാണ് എനിക്കിന്ന് ഇര്‍ഫാന്‍. പ്രതികൂലമെന്ന് മറ്റുള്ളവര്‍ വിധിയെഴുതുന്ന, ചിലപ്പോള്‍ അവരവര്‍ തന്നെ കരുതുന്ന, സാഹചര്യങ്ങളെ മറികടന്നാണ് ഇര്‍ഫാന്‍ വിജയരഥമേറി അത്ഭുതവിസ്മയമായി മാറിയിരിക്കുന്നത്.

ആഗ്രഹ സഫലീകരണത്തിന് പിന്നിലെ സ്വപ്നം

എന്താണൊരാളിന്റെ വിജയരഹസ്യം? എന്താണ് വിജയം എന്ന് വിലയിരുത്തുമ്പോള്‍, ഉണ്ടാക്കിയെടുക്കുന്ന നേട്ടത്തിലേക്കാണ് അത് വിരല്‍ചൂണ്ടുന്നത്. അസാധ്യമായത് നേടിയെടുക്കുന്നതാണ് വിജയമായി വിളംബരം ചെയ്യപ്പെടുന്നത്. ഹെന്റി ഫോര്‍ഡിന്റെ പിന്‍തലമുറക്കാരിലൊരാള്‍ പ്രശസ്തനായ ഒരു ഓട്ടോമൊബൈല്‍ ഡിസൈനറായോ കാര്‍ വ്യവസായിയായോ മാറുന്നതില്‍ ഒരത്ഭുതവുമില്ല. ചലച്ചിത്ര നടന്റെ മകന്‍ ചലച്ചിത്ര നടനോ സംവിധായകനോ ആയിത്തീരുന്നതിലും വലിയ വിസ്മയങ്ങളൊന്നുമില്ല. ഇന്ന് ഒരു രാഷ്ട്രീയ നേതാവിന്റെ മകനോ മകളോ നാളെ അധികാരക്കസേരയിലെത്തുന്നതിലും വലിയ വിശേഷങ്ങളൊന്നുമില്ല. എന്നാല്‍ ആശാരിയുടെ മകന്‍ പ്രഗത്ഭനായ അമേരിക്കന്‍ പ്രസിഡന്റായിത്തീരുന്നതില്‍ കൌതുകമുണ്ട്. മുക്കുവദേശത്ത് ജനിച്ച് വളര്‍ന്ന, കുട്ടിക്കാലത്ത് പത്രവിതരണം നടത്തി ജീവിതോപാധി കണ്ടെത്താന്‍ ശ്രമിച്ച ഒരു ആണ്‍കുട്ടി, ഇന്ത്യയിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനും പിന്നീട് രാഷ്ട്രപതിയുമായി മാറുന്നതില്‍ അസാധ്യമായതിന്റെ സഫലീകരണമുണ്ട്. എബ്രഹാം ലിങ്കണും എ പി ജെ അബ്ദുള്‍കലാമും അസാധ്യമായതിന്റെ സമ്പൂര്‍ത്തീകരണമായിത്തീരുന്നതെങ്ങനെയാണ്. സ്വപ്ന സഫലീകരണത്തിന്, ഇവര്‍ക്കൊപ്പം ഇര്‍ഫാന്‍ ഹബീബും ഒരു വിജയമാതൃകയാവുന്നത് അങ്ങനെയാണ്.
ഇര്‍ഫാന്‍ ഹബീബ്

ഇര്‍ഫാന്‍ ഹബീബ്


ഏതൊരു വിജയത്തിലും ഒരാഗ്രഹ സഫലീകരണമുണ്ട്. മനസ്സില്‍ കൊണ്ടുനടന്ന മോഹത്തിന്റെ സഫലീകരണമുണ്ട്. നേരത്തെ നിശ്ചയിക്കപ്പെട്ട ഒന്നിന്റെ ലബ്ധിയുണ്ട്. സ്വപ്നസാക്ഷാത്കാരത്തില്‍ നിന്നാണ് വിജയത്തിന്റെ മേന്മ അളക്കുന്നത്. തോമസ് ആല്‍വാ എഡിസണ്‍ ഇലക്ട്രിക് ബള്‍ബ് എന്ന സാധ്യത സ്വപ്നം കണ്ടു. അതൊരു മോഹമായി. അതിനെയൊരു ലക്ഷ്യമാക്കി മാറ്റി. ലക്ഷ്യം നേടാനുള്ള ശ്രമവും തുടങ്ങി. അസാധ്യമായ ഒന്നിന്റെ ലക്ഷ്യലബ്ധിയായിരുന്നു അത്. എളുപ്പമായിരുന്നില്ല. ബള്‍ബുണ്ടാക്കുകയും വിദ്യുത്ബന്ധം കൊടുക്കുകയും ചെയ്തപ്പോള്‍ അതു പൊട്ടിത്തെറിച്ചു. ഒന്നൊന്നായി മോഹവും  കഷണങ്ങളായി മാറി. എഡിസണ്‍ അപ്പോഴും സ്വപ്നാകാശത്ത് നിന്ന് താഴേക്കിറങ്ങിയില്ല. ആയിരക്കണക്കിന് ബള്‍ബുകള്‍ പൊട്ടിയപ്പോഴും സ്വപ്നസാക്ഷാത്കാരം അസാധ്യമെന്ന് അയാള്‍ കരുതിയില്ല. മുറിവില്ലാത്ത ശ്രമങ്ങള്‍ക്കൊടുവിലാണ്, മിന്നിക്കത്തുന്ന ഒരു വൈദ്യുതി വിളക്കിലേക്ക് എഡിസണ്‍ എത്തിച്ചേരുന്നത്. മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഈ കണ്ടുപിടുത്തത്തിന് പിന്നില്‍ ഒരു മനുഷ്യന്റെ സ്വപ്നമുണ്ട്; വിജയരഥമേറുന്ന ഏതൊരു ശ്രമത്തിലുമെന്നപോലെ.

സ്വപ്നത്തിന്റെ രസതന്ത്രം


സ്വപ്നം കാണുകയെന്നത് മനുഷ്യരുടെ നൈസര്‍ഗിക വാസനയാണ്, സിദ്ധിയാണ്. സ്വപ്നം നാളേയിലേക്കുള്ള ഗോപുരവാതിലുകള്‍ തുറക്കുന്നു. അതുകൊണ്ടാണ് എ പി ജെ അബ്ദുള്‍കലാം കുട്ടികളോട് വലിയതും അസാധ്യമായതും (Dream the Big, Dream the Impossible)സ്വപ്നം കാണാന്‍ നിര്‍ദേശിച്ചത്. അതൊരു തുടക്കമാണ്. സ്വപ്നങ്ങള്‍ നാളേക്കുള്ള മോഹങ്ങള്‍ക്ക് പിറവി നല്‍കുന്നു. അത് വരുംകാലത്തേക്കുള്ള പ്രതീക്ഷകള്‍ കൂടിയാണ്. ആ പ്രതീക്ഷകളില്‍നിന്നാണ് ലക്ഷ്യമേതെന്ന് തിരിച്ചറിയുന്നത്. ലക്ഷ്യങ്ങളിലേക്കുള്ള മാര്‍ഗം തെളിയുന്നത്. ലക്ഷ്യത്തിലേക്കെത്തിച്ചേരാനുള്ള തീവ്രശ്രമങ്ങളപ്പോഴാണ് സജീവമാകുന്നത്; ലക്ഷ്യപ്രാപ്തിയിലെത്തിച്ചേരുന്നതും.

സ്വപ്നങ്ങളുടെ രസതന്ത്രമന്വേഷിക്കുന്നതിലൊരു കൌതുകമുണ്ട്. ഒരാള്‍ക്ക് അയാളുടെ സ്വപ്നത്തിന്റെ വേരുകള്‍ കണ്ടെത്താന്‍ അതൊരു രസകരമായ അന്വേഷണമായിരിക്കും:

1). പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് ചിലരുടെ സ്വപ്നം രൂപം കൊള്ളുന്നു. വിഷമങ്ങളും സംഘര്‍ഷങ്ങളുമൊരുക്കുന്ന കടല്‍ നീന്തിക്കടക്കാനാണ്  അവര്‍ സ്വപ്നം കാണുന്നത്. വിഷമങ്ങള്‍ക്കറുതി വരുത്താനവര്‍ സ്വപ്നിക്കുന്നു. പരിമിതികളെയും പരിധികളെയും മറികടക്കാനാണവരുടെ സ്വപ്നം. ചാര്‍ളി ചാപ്ളിന്‍ എന്ന അനശ്വര പ്രതിഭയെ കുറിച്ചോര്‍ക്കുക. കുട്ടിക്കാലത്തെ കഷ്ടപ്പാടുകളില്‍ അദ്ദേഹത്തിന്റെ സ്വപ്നങ്ങുടെ വേരുകളാണ്ട് കിടക്കുന്നു. ഒരു സ്റ്റേജ് പെര്‍മോര്‍മറായ അമ്മയ്ക്ക് ലഭിക്കുന്ന നാണയങ്ങളും നോട്ടുകളും പെറുക്കിയെടുത്ത് കൂട്ടിയ ഒരു ആണ്‍കുട്ടി ചാപ്ളിന് പിന്നിലെപ്പോഴുമുണ്ട്. പട്ടിണിയെക്കുറിച്ചുള്ള അഭ്രകാവ്യത്തിന് പിന്നില്‍ കുട്ടിക്കാല സങ്കടങ്ങളുണ്ട്. ചിലര്‍ക്ക് അവരുടെ സാഹചര്യങ്ങളും ചുറ്റുവട്ടവുമ സ്വപ്നങ്ങള്‍ക്ക് വിത്ത് പാകുന്നു.

 2). ജീവിതത്തില്‍ സ്വന്തമായൊരു രചന, വേറിട്ടൊരു സൃഷ്ടി, നടത്തണമെന്ന മോഹങ്ങളില്‍ നിന്നാവും ചിലരുടെ സ്വപ്നങ്ങളുടെ അങ്കുരമുയരുക. പുതുതായൊന്ന് കണ്ടെത്താനുള്ള മോഹമാണത്. ഇല്ലായ്മകളില്‍ നിന്നല്ല, നിലനില്‍ക്കുന്ന പലതില്‍ നിന്നും വേര്‍പെട്ട് നില്‍ക്കുന്ന മറ്റൊന്നിന്റെ സൃഷ്ടിയാണ് സ്വപ്നത്തിന്റെ അടിത്തറ. റോബര്‍ട്ട് ഫ്രോസ്റ്റിന്റെ വിഖ്യാതമായ  പ്രവേശിക്കാത്ത പാത (The Road Not Taken) എന്ന കവിതയിലെ അവസാന വരികള്‍ ഇങ്ങനെ:
'വേറിട്ടു നില്‍ക്കുന്നിരുപാതകള്‍ കാട്ടില്‍, പിന്നെ ഞാനും
എമ്പാടും പേര്‍ യാത്ര ചെയ്യാപ്പാത ഞാന്‍ സ്വീകരിച്ചു
സര്‍വമാറ്റത്തിനും കാരണമതുമാത്രം'
പുതുവഴികളെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് ചിലരുടെ വിജയത്തിന്റെ ഉത്ഭവകേന്ദ്രം.

3). ഒരാള്‍ മറ്റൊരാളിന്റെ സ്വപ്നത്തിന് പ്രചോദനമായിത്തീരാറുണ്ട്. വ്യക്തിയുടെ പ്രവൃത്തികളോ  വിഭാവനം ചെയ്ത ആശയങ്ങളോ ഒരാളിന്റെ സ്വപ്നത്തിന് വളമായി മാറുന്നു. അത് മാതാപിതാക്കളാകാം. എന്റെ എല്ലാവിധ വിജയങ്ങള്‍ക്കും കാരണമായിത്തീര്‍ന്നത് എന്റെ പ്രിയപ്പെട്ട അമ്മയെന്ന്, ജര്‍മനിയില്‍ ഫര്‍ണിച്ചര്‍ വില്‍പ്പനാശൃംഖലകള്‍ ഉണ്ടാക്കിയ കാള്‍ കുബേല്‍. ഒരു പ്രതിഭ മറ്റൊരു പ്രതിഭയുടെ സ്വപ്നത്തിന് പ്രചോദനശക്തിയായി മാറുന്നു. കറുത്ത വര്‍ഗക്കാരുടെ ഇതിഹാസപുരുഷനായ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് ജൂനിയറിന് ആരാധനാമൂര്‍ത്തി മഹാത്മാഗാന്ധിയായിരുന്നു. അടിച്ചമര്‍ത്തപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത കറുത്ത വര്‍ഗക്കാരുടെ വിമോചനമായിരുന്നു മാര്‍ട്ടിന്‍ ലൂതര്‍കിങ്ങിന്റെ സ്വപ്നം. സാമൂഹിക സമത്വത്തിന്റെ ഒരു ലോകം. 1963 ആഗസ്ത് 28ന്  വാഷിങ്ടണ്‍ ഡിസിയില്‍വച്ച് മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയര്‍ നടത്തിയ പതിനേഴ് മിനിറ്റ് പ്രഭാഷണത്തില്‍ വെളിപ്പെടുത്തിയ സ്വപ്നം. 'ഒരു നാള്‍ ഈ രാജ്യം അതിന്റെ പൌരന്മാര്‍ക്കൊക്കയും അതിന്റെ യഥാര്‍ഥ അര്‍ഥതലം പ്രദാനം ചെയ്യാന്‍ മാത്രം ഉയരുകയും ശ്രമിക്കുകയും ചെയ്യുന്നത് ഞാന്‍ സ്വപ്നം കാണുന്നു. എല്ലാവരും തുല്യരായാണിവിടെ ജനിക്കുന്നതെന്ന സത്യം മുറുകെപ്പിടിക്കുന്നത് സ്വയം വെളിപ്പെടുത്തുന്നതാണെന്റെ സ്വപ്നം'.

4). ഒരിക്കലും സ്വപ്നം കാണാതിരിക്കാന്‍ സാധിക്കാത്തതുകൊണ്ട് ചിലര്‍ സ്വപ്നം കാണുന്നു. അവരുടെയോ അവരുടെ ദേശത്തിന്റെയോ അദമ്യമായ അഭിലാഷങ്ങളില്‍നിന്നാണ് സ്വപ്നം തളിര്‍ക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ സ്വാതന്ത്യ്രസമര നേതാവായ നെല്‍സണ്‍ മണ്ടേലയുടെ സ്വപ്നത്തിന്റെ ചിറകുകളരിയാന്‍ ഇരുമ്പഴികള്‍ക്ക് കഴിഞ്ഞില്ല. ദീര്‍ഘകാല തടവറവാസം സ്വപ്നത്തെ ചുട്ടുകരിച്ചില്ല. റോബണ്‍ ദ്വീപിലും പെള്‍സ്മൂര്‍, വിക്ടര്‍ വിന്‍സ്റ്റന്‍ എന്നിവിടങ്ങളിലുമുള്ള തടവറകളിലായിരുന്നു ഇരുപത്തിയേഴ് വര്‍ഷക്കാലം. ഭരണകൂടത്തിന്റെ കിരാത പ്രവൃത്തികള്‍ക്ക് മണ്ടേലയുടെ സ്വപ്നച്ചിറക് തളര്‍ത്താനുമായില്ല. സ്വപ്നിക്കാതിരിക്കാനാവാത്തതിനാലവര്‍ ജീവിക്കുന്നു.

സ്വപ്നത്തിന്റെ മൂലകാരണമെന്തായാലും സ്വപ്ന സഫലീകരണം പലര്‍ക്കും അനിവാര്യമായിത്തീരുന്നു. സ്വപ്നസഫലീകരണമില്ലാതെ അവര്‍ക്ക് ജീവിതമില്ല. സ്വപ്നത്തിന്റെ വേരുകള്‍ മുളച്ചത് ഏത് മണ്‍തടത്തിലാണെന്നവര്‍ പരതുന്നില്ല. സ്വപ്നത്തിന്റെ കായ്ഫലങ്ങളാണവരുടെ ലക്ഷ്യം. മഹല്‍ പ്രതിഭകള്‍ക്ക് മാത്രമല്ല, സാധാരണക്കാരായ മനുഷ്യര്‍ക്കും ഇതു സംഭവിക്കുന്നു.

സ്വപ്നങ്ങള്‍ നെയ്യുന്ന ലക്ഷ്യം

സ്വപ്നത്തെ ലക്ഷ്യമാക്കി (Goal) മാറ്റുന്നത് സഫലീകരണത്തിന്റെ ആദ്യപടിയാണ്. സുനില്‍ ബാബു, എന്റെ വിദ്യാര്‍ഥി, ചെയ്തത് മറ്റൊന്നല്ല. നിലമ്പൂര്‍ക്കാരനായ സുനിലിന് സോഷ്യോളജി ബിരുദപഠനം നടത്തുമ്പോള്‍ വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. ആദ്യപടി നല്ലൊരു സര്‍വകലാശാലയില്‍ ബിരുദാനന്തരബിരുദം നടത്തണമെന്നതായിരുന്നു. കോഴിക്കോട് ഫാറൂഖ് കോളേജിലെ ബിഎ പഠനം കഴിഞ്ഞ് സുനില്‍ അലിഗഢ് മുസ്ളിം യൂണിവേഴ്സിറ്റിയില്‍ എം എ പഠനത്തിന് ചേര്‍ന്നു. അതിനിടയ്ക്ക് കേരള പൊലീസില്‍ ജോലി കിട്ടി. കുടുംബസാഹചര്യങ്ങള്‍ ആ ജോലിക്ക് ചേരാന്‍ കാരണമായി. അസംതൃപ്തിയോടെയാണ് സുനില്‍ ചേര്‍ന്നത്. പഠിക്കാനുള്ള മോഹം ആ ജോലി ഉപേക്ഷിച്ചാലോ എന്ന വിചാരമുണ്ടാക്കി. സുനില്‍ എന്റടുത്തെത്തി. ആലോചന നടത്തി. സുനിലിന്റെ പ്രധാന ലക്ഷ്യത്തിന് മുന്‍ഗണന നല്‍കാനാണ് ഞാന്‍ നിര്‍ദേശിച്ചത്. പൊലീസ് പരിശീലന ക്യാമ്പില്‍നിന്ന് രാജിവെച്ച് പോരുക എളുപ്പമായിരുന്നില്ല. എന്റെ സുഹൃത്തായ ഒരു പൊലീസുദ്യോഗസ്ഥന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കിട്ടി. പുറത്തുചാടാനുള്ള മാര്‍ഗം തെളിഞ്ഞു. സുനില്‍ ജോലി ഉപേക്ഷിച്ച് പഠനം തുടര്‍ന്നു. പിന്നീട് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു)യില്‍ എംഫില്‍, പിഎച്ച്ഡി പഠനത്തിന് പ്രവേശനം ലഭിക്കുകയും ചെയ്തു. ഗവേഷണപ്രബന്ധം സമര്‍പ്പിക്കുന്നതോടെ നാഗ്പൂര്‍ സര്‍വകലാശാല സോഷ്യോളജി വകുപ്പില്‍ അധ്യാപകനായി. അടുത്ത ലക്ഷ്യം ഡല്‍ഹി യൂണിവേഴ്സിറ്റിയിലോ ജെഎന്‍യുവിലോ അധ്യാപകനാവുക എന്നതായിരുന്നു. അവസരം കിട്ടി. ഇന്റര്‍വ്യൂ പ്രകടനം ഗംഭീരമാക്കി. സുനില്‍ ഇപ്പോള്‍, എം എന്‍ ശ്രീനിവാസും ടി എന്‍ മദനും ആന്ദ്രേ ബത്ത്ലേയുമൊക്കെ പഠിപ്പിച്ച, സതീഷ് ദേശ്പാണ്ഡെ, നന്ദിനി സുന്ദര്‍, ജാനകി അബ്രഹാം തുടങ്ങിയവര്‍ പഠിപ്പിക്കുന്ന ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ സോഷ്യോളജി അധ്യാപകനാണ്.

ലക്ഷ്യങ്ങളിലേക്കുള്ള മാര്‍ഗം

ലക്ഷ്യം കൃത്യമായും തീരുമാനിക്കപ്പെട്ടാല്‍, മാര്‍ഗങ്ങള്‍ കണ്ടെത്തുക പ്രയാസകരമല്ല. റിച്ചാര്‍ഡ് ബാചിന്റെ 'ജോനാഥന്‍ ലിവിങ്സ്റ്റണ്‍ സീഗള്‍' എന്ന നോവല്‍ സാഹിത്യാസ്വാദകര്‍ക്ക്  മാത്രമുള്ള വിഭവമല്ല. സ്വപ്നം കാണുന്നവരും ജീവിതലക്ഷ്യത്തിന് രൂപകല്‍പ്പന നല്‍കുന്നവരും വായിച്ചിരിക്കേണ്ട നോവലാണിത്. കടല്‍കാക്കകള്‍ ജീവിക്കാന്‍വേണ്ടി പറക്കുന്നു. ജോനാഥന്‍ കടല്‍കാക്കയ്ക്കതറിയാം: 'മിക്ക കടല്‍കാക്കകള്‍ക്കും പറക്കുകയെന്നതൊരഭിനിവേശമല്ല. അവര്‍ക്ക് പറക്കുകയെന്നത് തീറ്റ കണ്ടെത്താനുള്ള ഒരു വഴി മാത്രമാണ്. ജോനാഥന് ഭക്ഷണമൊരു പ്രശ്നമല്ല. മറ്റെന്തിനേക്കാളുമേറെ അവന്‍ പറക്കാനിഷ്ടപ്പെടുന്നു. അവന് പറക്കണം, പറക്കാവുന്നിടത്തോളം പറക്കണം. അവന് പറക്കാതിരിക്കാന്‍ വയ്യ. പറക്കാന്‍ പിറന്നൊരു പറവയാണവന്‍'.
ജോനാഥന്‍ പരിശീലിക്കാന്‍ തുടങ്ങി. നിരുത്സാഹപ്പെടുത്തലുകള്‍ ജോനാഥന്റെ ശ്രമങ്ങള്‍ക്ക് തടസ്സമായില്ല. 'താമസിയാതെ അവന്‍ ആയിരം അടി ഉയരത്തില്‍ പറന്നെത്തി. അവിടെ നിന്നവന്‍ താഴോട്ട് മുങ്ങാംകുത്തി. പിന്നീട് രണ്ടായിരം അടി ഉയരത്തിലെത്തി. വീണ്ടും താഴേക്കൂളിയിട്ടിറങ്ങി. മണിക്കൂറില്‍ അറുപതും എഴുപതും നാഴിക വേഗത്തിലവന്‍ പറന്നു'. താമസിയാതെ
സുനില്‍ ബാബു

സുനില്‍ ബാബു

ജോനാഥന്‍ അയ്യായിരം അടി സ്വപ്നം കാണാന്‍ തുടങ്ങി. കര്‍ശനമായ പരിശീലനത്തിന്റെ നാളുകളിലൂടെ അവന്‍ മുന്നേറുകയായിരുന്നു. അവന്‍ തിരിച്ചറിഞ്ഞു: 'വേഗമാണ് കരുത്ത്. വേഗമാണ് ഹരം. വേഗമാണ് കലര്‍പ്പില്ലാത്ത സൌന്ദര്യം'.
ജോനാഥന്‍ മറ്റ് പറവകളില്‍നിന്ന് വ്യത്യസ്തനാകാന്‍ പലതും ത്യജിച്ചിരുന്നു. ജോനാഥന്‍ തിരിച്ചറിഞ്ഞിരുന്നു: 'അലസതയും വിരസതയും ഭയപ്പാടും ദേഷ്യവുമൊക്കെയാണ് സാധാരണ കടല്‍ക്കാക്കയുടെ ആയുസ്സിനെ ചെറുതാക്കുന്നത്. ഇന്ന് ജോനാഥന് അത്തരം പിരിമിതികളില്ല. അവന്റെ മുന്നില്‍ സുന്ദരവും സുദീര്‍ഘവുമായ ജീവിതത്തിന്റെ ഒരു പാത വെട്ടിത്തെളിക്കപ്പെട്ടിരിക്കുന്നു'.
ജോനാഥന്‍ വെറുമൊരു കടല്‍കാക്കയല്ല. എന്‍ പി മുഹമ്മദ്, ഈ പ്രതീകാത്മകതയെക്കുറിച്ച് രേഖപ്പെടുത്തുന്നു: 'ഉയരത്തിലേക്കുള്ള ആത്മാവിന്റെ സാഹസസഞ്ചാരം കാണിപ്പാന്‍ ഒരു പറവ തന്നെയാണ് നല്ലത്.} സമഗ്രാവതരണത്തിന് തികച്ചും അനുയോജ്യമാണ് പറവ എന്ന കഥാപാത്രം. പരന്ന് കിടക്കുന്ന അനേക സഹസ്രം മാനവ ജീവിതസംഭവ പരമ്പരകളുടെ സൂക്ഷ്മാംശം കാണിപ്പാന്‍ ആകാശഗമനം സഹായകമാകുന്നു' (സ്വാതന്ത്യ്രത്തെക്കുറിച്ചൊരു ഗാനം, എന്‍ പിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍, കേരള സാഹിത്യ അക്കാദമി). സ്വപ്നം കാണുന്ന, ലക്ഷ്യപ്രാപ്തിക്കായി നിരന്തര ശ്രമങ്ങള്‍ നടത്തുന്ന, വിജയിയാകുന്ന മനുഷ്യരുടെ പ്രതീകമാണ് ജോനാഥന്‍ എന്ന കടല്‍ക്കാക്ക.
പറക്കാന്‍ പിറന്നവരാണെന്ന് ഒരാള്‍ കണ്ടെത്തുമ്പോള്‍, ആകാശവും ഭൂമിയും ഒന്നായ് മാറി ആ വ്യക്തിക്ക് മുന്നില്‍ വന്നിറങ്ങുന്നു. ചുറ്റുവട്ടം ആ വ്യക്തിക്ക് വേണ്ടി മാറ്റിമറിക്കപ്പെടുന്നു. വ്യക്തിയെ സഹായിക്കാന്‍,  അനിവാര്യ നേരങ്ങളില്‍ രക്ഷയായ്, അപകടസമയം ആശ്വാസമായ് ആരെങ്കിലും വന്നെത്താതിരിക്കില്ല. എന്റെ സ്വപ്നം സഫലീകരിക്കാതിരുന്നുകൂടാ എന്ന അദമ്യമായ ആഗ്രഹം മോഹിക്കുന്നയാളിന് കുട നിവര്‍ത്തിക്കൊടുക്കുന്നു. സഹായത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അത്ഭുതാകാശം തന്നെ ആ വ്യക്തി നേരിട്ടറിയുന്നു. സ്വപ്നസഫലീകരണത്തിന്റെ പടികള്‍ ഒന്നൊന്നായി അടിവെച്ച് കേറുന്നു. സ്വപ്നം ചെടിയായ്, മരമായ്, വൃക്ഷമായ്, മാമരമായ് മാറുന്നു.

സ്വപ്നങ്ങളിലേക്കുള്ള സഞ്ചാരം

1957ല്‍ കാലിഫോര്‍ണിയയിലെ ഒരു പത്തുവയസ്സുകാരന്‍ ഒരു സ്വപ്നം നെയ്തു. അവന്റെ കാലത്ത് ജിം ബ്രൌണായിരുന്നു അമേരിക്കന്‍ ഫുട്ബോള്‍ രാജന്‍. പത്തുവയസ്സുകാരന് ജിം ബ്രൌണിന്റെ ഓട്ടോഗ്രാഫ്  ശേഖരിക്കണമെന്ന മോഹമുണ്ടായിരുന്നു. എളുപ്പമായിരുന്നില്ല. അവന്‍ ജനിച്ചത് തെരുവിലാണ്. ആവശ്യത്തിന് ഭക്ഷണമവന് ലഭിച്ചിരുന്നില്ല. പോഷകാഹാരക്കുറവ് അവന് ചില രോഗങ്ങളും സമ്മാനിച്ചിരുന്നു. ജിം ബ്രൌണിന്റെ കളി നാട്ടില്‍ വെച്ച് നടന്നു. ടിക്കറ്റെടുത്ത് കാണാന്‍ ആവശ്യമായ പണമുണ്ടായിരുന്നില്ല. അവന്‍ കളിക്കളത്തിനടുത്ത് കാത്തുനിന്നു. വേഷം മാറുന്ന മുറിയ്ക്കടുത്തുവച്ച് അവന്‍ കളി കഴിഞ്ഞെത്തിയ ജിം ബ്രൌണിനോട് ഓരോട്ടോഗ്രാഫിനായി അപേക്ഷിച്ചു. ബ്രൌണ്‍ ഒപ്പിട്ട് നല്‍കുമ്പോള്‍
അവന്‍ പറഞ്ഞു: 'മിസ്റ്റര്‍ ബ്രൌണ്‍, എന്റെ മുറിയിലെ ചുമരില്‍ നിങ്ങളുടെ ചിത്രമുണ്ട്. പല റിക്കാര്‍ഡുകളും നിങ്ങളുടെ പേരിലുണ്ടെന്നറിയാം. നിങ്ങളാണെന്റെ  ആരാധനാമൂര്‍ത്തി'.
ബ്രൌണ്‍ ചിരിച്ചുകൊണ്ട് വഴിമാറാന്‍ ശ്രമിക്കുകയായിരുന്നു. അവന്‍ പറഞ്ഞു തീര്‍ന്നിരുന്നില്ല: 'മിസ്റ്റര്‍ ബ്രൌണ്‍, ഒരു ദിനം നിങ്ങളുണ്ടാക്കിയ എല്ലാ റെക്കാര്‍ഡുകളും ഞാന്‍ തകര്‍ക്കും'. ബ്രൌണിന് കൌതുകം തോന്നി. അദ്ദേഹം ചോദിച്ചു: 'മോനേ, നിന്റെ പേരെന്താണ്?'
പത്തു വയസ്സുകാരന്‍ ഉത്തരം പറഞ്ഞു: 'ഒറെന്‍താല്‍ ജയിംസ്. ചങ്ങാതിമാരെന്നെ വിളിക്കുന്നത്  ഒ ജെയെന്നാണ്'.
വര്‍ഷങ്ങളെമ്പാടും കഴിയുംമുമ്പ്, ഒ ജെ സിംപ്സണ്‍ കാലുകള്‍ക്ക് പരിക്ക് പറ്റി ഫുട്ബോള്‍ കളിയോട് വിടപറയുന്നതിന് മുമ്പ്, ജിംബ്രൌണിന്റെ മൂന്ന് പ്രധാന റെക്കാര്‍ഡുകള്‍ തകര്‍ത്തിരുന്നു.
കഠിനശ്രമങ്ങളാല്‍ ഒ ജെ സ്വപ്നസഫലീകരണം ഒരു യാഥാര്‍ഥ്യമാക്കുകയായിരുന്നു .

cnirfan@gmail.com
sunilbabujnu@gmail.com

(ദേശാഭിമാനി വാരികയില്‍ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top