06 February Monday

അഭിരുചിയറിഞ്ഞുള്ള ആത്മവികാസം

എന്‍ പി ഹാഫിസ് മുഹമ്മദ്Updated: Wednesday Jan 4, 2017

ഒരാളുടെ സ്വപ്നങ്ങളുടെ ചിറകുകളിലെവിടെയെല്ലാമോ അയാളുടെ അഭിരുചികളുടെ സുഗന്ധമുണ്ട്. ചിലപ്പോള്‍ ആ വ്യക്തി പോലുമറിയാതെ തളിരിട്ടുവളര്‍ന്ന താല്‍പ്പര്യങ്ങളുടെ പ്രകാശനം സ്വപ്നങ്ങളില്‍ അടയിരിപ്പുണ്ട്. അഭിരുചികള്‍ തന്നെയാണ് മോഹങ്ങളുടെ പൂക്കള്‍ വിരിയിക്കുന്നത്. നൈപുണ്യം അവയെ കുറ്റമറ്റതാക്കുന്നു. അതുകൊണ്ടുതന്നെ, വ്യക്തിയോ വ്യക്തിയുടെ കൂടെയുള്ളവരോ അഭിരുചിയറിഞ്ഞ് പഠനവും പരിശീലനവും നടത്താന്‍ ശ്രമിക്കേണ്ടതുണ്ട്. അങ്ങനെയല്ലാതെ വരികയാണെങ്കിലോ?

അഭിരുചി ചവിട്ടി മെതിക്കുമ്പോള്‍

തന്റെ അഭിരുചിയെന്താണെന്നറിയിച്ചിട്ടും അതിനിണങ്ങിയ പഠനത്തിനവസരം നല്‍കാതെ പോയവരുടെ എണ്ണം നമ്മുടെ നാട്ടില്‍ അത്ര ചെറുതായിരിക്കില്ല. അവരിലൊരാളുടെ അനുഭവം കുറിക്കാം. ഹൈസ്കൂളിലെ മിടുക്കനായ വിദ്യാര്‍ഥി (പേരോ വിലാസമോ രേഖപ്പെടുത്തുന്നില്ല). പത്താം ക്ളാസ് പരീക്ഷക്ക് ഒന്നാംതരം ജയം. മാതാപിതാക്കള്‍ അവനെ പ്ളസ്ടു സയന്‍സിന് നിര്‍ബന്ധിച്ച് ചേര്‍ത്തു. തനിക്ക് എന്‍ജിനിയറോ ഡോക്ടറോ ഒന്നും ആകാനിഷ്ടമില്ലെന്ന അവന്റെ വിലാപം അവര്‍ വിലയ്ക്കെടുത്തില്ല. അവര്‍ക്കൊപ്പം അവനെ പഠിപ്പിച്ച ചില അധ്യാപകരുമുണ്ടായിരുന്നു.  സമര്‍ഥരായ കുട്ടികള്‍ സയന്‍സേ പഠിക്കൂ എന്നവര്‍ ആണയിട്ട് പറഞ്ഞു. ഒരധ്യാപകന്‍ അറിയിച്ചത്, മണ്ടന്മാരും മണ്ടികളുമാണ്  ഹ്യൂമാനിറ്റീസോ കൊമേഴ്സോ പഠിക്കുന്നത് എന്നായിരുന്നു. ബയോളജി പഠിച്ച് പ്രവേശനപ്പരീക്ഷയെഴുതി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ച പല വിദ്യാര്‍ഥികളുടെയും ചരിത്രം മാതാപിതാക്കളറിയിച്ചു. അവനെയൊന്ന് ശരിയാക്കിയെടുക്കാന്‍ രക്ഷിതാക്കള്‍ മാര്‍ഗനിര്‍ദേശം (Guidance) കൊടുക്കുന്ന ഒരാളെ സമീപിച്ചു. കുട്ടിയുടെ മനസ്സറിയാന്‍ ശ്രമിക്കാത്ത മാര്‍ഗനിര്‍ദേശകന്‍ പ്ളസ്ടുവിന് സയന്‍സ് പഠിച്ചാലുള്ള സാധ്യതകളുടെ പട്ടിക നിരത്തി. ഐടി മേഖലകളില്‍ അമേരിക്കയിലും ജര്‍മനിയിലൂം ജോലിയെടുത്ത് ആനന്ദജീവിതം നയിക്കുന്ന ചിലരെക്കുറിച്ച് പറഞ്ഞു.

അവന്‍ സങ്കടപ്പെട്ടു. 'ഇതൊക്കെ ശരിയാവാം. പക്ഷേ, എനിക്ക് സയന്‍സല്ല ഇഷ്ടം.' ആരുമവന് ചെവികൊടുത്തില്ല. ഒടുവില്‍ അവന്‍, എനിക്ക് ബയോളജിയെങ്കിലും ഒഴിവാക്കിയുള്ള കോഴ്സിന് പഠിക്കാന്‍ അവസരം തരണമെന്ന് അപേക്ഷിച്ചു. പ്ളസ്ടു കഴിഞ്ഞാല്‍ ബയോളജി പഠിക്കാതെ പോയതിന്റെ വിഷമം മനസ്സിലാവുമെന്നായിരുന്നു അച്ഛന്റെ പ്രതികരണം. രക്ഷയില്ലാതെ അവന് പ്ളസ്ടു സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിയാവേണ്ടിവന്നു. താല്‍പ്പര്യത്തോടെയുള്ള പഠനവും ഇല്ലാതായി. പരീക്ഷകളില്‍ അത് പ്രതിഫലിക്കുകയും ചെയ്തു. മെഡിക്കല്‍ പ്രവേശനപരീക്ഷ, മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി, അവനെഴുതി. വിജയിക്കരുതെന്ന് വിചാരിച്ചാണ് പ്രവേശനപ്പരീക്ഷയെഴുതിയിരുന്നത്. എന്‍ജിനിയറിങ് പ്രവേശനപ്പരീക്ഷയിലും അവന്‍ വിജയിച്ചില്ല. പ്ളസ്ടു കഴിഞ്ഞ് ഇംഗ്ളീഷ് ബിഎക്ക് ചേരാനുള്ള അവന്റെ ആഗ്രഹവും നടന്നില്ല. ബിസിഎക്ക് നിര്‍ബന്ധിച്ച് ചേര്‍ത്തി. എംസിഎക്ക് പഠിപ്പിക്കണമെന്നാണ് രക്ഷിതാക്കളുടെ മോഹവും വാശിയും. ഒരു താല്‍പ്പര്യവുമില്ലാതെ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ പഠിക്കുന്ന മകനെ ശരിയാക്കിയെടുക്കാന്‍ കൌണ്‍സലിങ് മുറിയിലെത്തിച്ചപ്പോഴാണ് ചവിട്ടിമെതിക്കപ്പെട്ട അവന്റെ അഭിരുചികളുടെയും ഇഷ്ടാനിഷ്ടങ്ങളുടെയും കഥ വെളിപ്പെട്ടത്.

രണ്ട് കാര്യങ്ങള്‍ ഈ അനുഭവകഥ വ്യക്തമാക്കുന്നു.

1. ഒരു വ്യക്തിയുടെ അഭിരുചി (Aptitude) ക്കിണങ്ങാത്ത പഠനവും പരിശീലനവും ആ വ്യക്തിയുടെ ജീവിതത്തില്‍ സാരമായ പ്രയോജനമോ മേന്മയോ ഉണ്ടാക്കുന്നില്ല. അത് ആ വ്യക്തിയുടെ നൈസര്‍ഗികമായ വളര്‍ച്ചയെ ബാധിക്കാനിടയുണ്ട്. ആ വ്യക്തിയുടെ കഴിവുകളോ നൈപുണ്യമോ വളര്‍ത്തിയെടുക്കാതിരിക്കാന്‍ കാരണമാകുന്നു. വ്യക്തിയുടെ അഭിരുചിക്കും ഇഷ്ടത്തിനുമനുസരിച്ചുള്ള ഒരു ജോലി കണ്ടെത്തുന്നതിനെയും അത് ബാധിക്കുന്നു. ആത്മാഭിമാനത്തെ (ടലഹള ഋലെേലാ) അത് തകര്‍ക്കാനിടയുണ്ട്.

2. ഈയൊരനുഭവം നമ്മുടെ സമൂഹത്തില്‍ ഒറ്റപ്പെട്ട സംഭവമല്ല. രക്ഷിതാക്കളുടെയും അധ്യാപകരുടെയും മോഹങ്ങള്‍ സഫലീകരിക്കുന്നതിനുവേണ്ടി സ്വന്തം അഭിരുചികളോടും നൈപുണ്യങ്ങളോടും വിടപറയുന്നവര്‍ എമ്പാടുമുണ്ട്. രക്ഷിതാക്കളും അധ്യാപകരും സുഹൃത്തുക്കളുമടങ്ങുന്ന ചുറ്റുവട്ടം പലരുടെയും സ്വാഭാവികവും ഫലപ്രദവുമായ വളര്‍ച്ചയ്ക്ക് ബോധപൂര്‍വമോ അബോധപൂര്‍വമോ തടസ്സം നില്‍ക്കുന്നു. ഒരര്‍ഥത്തില്‍ ഇത് മനുഷ്യത്വരഹിതമായ ഒരു ഇടപെടലായി ഭവിക്കുന്നു.

അഭിരുചിയറിഞ്ഞുള്ള വളര്‍ച്ച

തീര്‍ച്ചയായും വളരുന്ന ഒരു കുട്ടിയും രക്ഷിതാക്കളും അധ്യാപകരുമൊക്കെയടങ്ങുന്ന സമൂഹം, എന്താണ്  അഭിരുചിയെന്നും അഭിരുചിയറിഞ്ഞുള്ള വിദ്യാഭ്യാസവും തൊഴില്‍ സമ്പാദനവും എങ്ങനെ സാധ്യമാവുമെന്നും അറിയേണ്ടതുണ്ട്. തനിക്ക് തന്റെ നൈസര്‍ഗികമായ ഇഷ്ടമറിഞ്ഞ് ഫലപ്രദമായ വികാസം എങ്ങനെ നേടാനാവുമെന്ന് ഓരോ കുട്ടിയും മനസ്സിലാക്കേണ്ടതുമുണ്ട്.
19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന ഫ്രാന്‍ക് പാര്‍സണ്‍സാണ് തൊഴിലും അഭിരുചിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി ശാസ്ത്രീയ വിചാരം നടത്തുന്നത്.
 മാര്‍ഗനിര്‍ദേശ മുന്നേറ്റത്തിന്റെ പ്രണേതാവായി കണക്കാക്കുന്ന പാര്‍സണ്‍സ്, അഭിരുചിയറിഞ്ഞുള്ള വിദ്യാഭ്യാസവും തൊഴിലും ഒരാളുടെ ഫലവത്തായ കരിയര്‍ ജീവിതത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തി. രണ്ടാംലോക യുദ്ധകാലത്ത് സൈന്യസേവനത്തിലെ വിവിധ വിഭാഗങ്ങളില്‍ ജോലിയെടുക്കുന്നവരെ തെരഞ്ഞെടുക്കുമ്പോള്‍ അഭിരുചിപ്പരീക്ഷയുടെ ആദ്യ പ്രയോഗം തുടങ്ങുകയും ചെയ്തു. പില്‍ക്കാലത്ത് ഈ മേഖലയില്‍ പലവിധ ശാസ്ത്രീയാന്വേഷണങ്ങളും നടന്നുകഴിഞ്ഞിരിക്കുന്നു. അഭിരുചിപ്പരീക്ഷ (Aptitude Test) നടത്താനുള്ള മനഃശാസ്ത്രപരമായ ഉപകരണങ്ങളും രീതികളും കണ്ടെത്താന്‍ ഇത് കാരണമാകുകയും ചെയ്തിട്ടുണ്ട്.
'ആപ്റ്റോസ്' (Aptos)  എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് ആപ്റ്റിറ്റ്യൂഡിന്റെ പിറവി. ഇണങ്ങിച്ചേരുന്നത്, യോജിച്ചുകിടക്കുന്നത് (Fitted for)എന്നീ അര്‍ഥങ്ങള്‍ വരുന്ന വാക്കുമായി 'ആറ്റിറ്റ്യൂഡ്' (Attitude)  എന്ന വാക്കിന്റെ വാലും കൂട്ടിച്ചേര്‍ത്താണ് പുതുവാക്ക് ഉണ്ടാക്കിയെടുത്തത്. അഭിരുചി എന്ന സങ്കല്‍പ്പനത്തിന് നല്‍കുന്ന ശാസ്ത്രീയമായ നിര്‍വചനം, 'ഒരു വ്യക്തിയുടെ സാധ്യതകളെയും വളര്‍ച്ചയെയും വികസിപ്പിക്കാനുതകുന്ന സ്വഭാവസവിശേഷതകളുടെ (Traits) ചേരുവ' എന്നാണ്. ഇപ്പോള്‍ നിലകൊള്ളുന്ന ഒരവസ്ഥയായാണ് അഭിരുചിയെ പരിഗണിക്കുന്നത്. ഇന്നലെയുള്ള വിശേഷ ഗുണങ്ങളുടെ തുടര്‍ച്ച ഈ അവസ്ഥയില്‍ കാണാനായേക്കും. നാളേക്കുള്ള സാധ്യതകയോ വികാസമോ അഭിരുചിയില്‍ അടങ്ങിയിരിപ്പുണ്ടുതാനും. ഒരു വ്യക്തിയുടെ ആവിഷ്കാരത്തിനോ പ്രകടനത്തിനോ പ്രേരകമാകുന്ന ലക്ഷണങ്ങളാണ് അഭിരുചിയെന്ന് കരുതപ്പെടുന്നത്.

അഭിരുചിയും ബുദ്ധിശക്തിയും

അഭിരുചിയും ബുദ്ധിശക്തി (Intelligence) യും തമ്മില്‍ വേറിട്ടുകിടക്കുന്നുവെന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്. പല തലങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന സമഗ്രഭാവമാണ് ബുദ്ധിശക്തി. ചിന്ത, കാര്യഗ്രഹണം, വിശകലനവൈഭവം, അപഗ്രഥനശേഷി, ആവിഷ്കാര നൈപുണ്യം, ഓര്‍മശക്തി തുടങ്ങിയ സ്വഭാവസവിശേഷതകളുടെ ചേരുവയാണ് ബുദ്ധി. വൈവിധ്യതലങ്ങളിലുള്ള അറിവിനെയും കഴിവിനെയും കൂട്ടിയിണക്കാനുള്ള രീതികളും പ്രയോഗവുമാണ് ബുദ്ധി. അഭിരുചിയാവട്ടെ, ഒരു മേഖലയിലേക്കുള്ള താല്‍പ്പര്യവും അതിനോടുചേര്‍ന്ന കഴിവുമാണ്. അഭിരുചി ഒരു വ്യക്തിയുടെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. നാളേക്കുള്ള സാധ്യതകളുടെ ചിഹ്നങ്ങളാണ് അഭിരുചി വെളിപ്പെടുത്തുന്നത്.

അഭിരുചിയുടെ വേരുകള്‍


അഭിരുചി ഒരു വ്യക്തിയുടെ ഉള്‍പ്രേരണകളോട് (Motives) ബന്ധപ്പെട്ട് കിടക്കുന്നു. എനിക്കെന്തായി മാറണമെന്ന പ്രേരണ ആ വ്യക്തിയുടെ ആന്തരികസത്ത ഉണ്ടാക്കിയെടുക്കുന്നതില്‍ മുഖ്യമായ പങ്ക് വഹിക്കുന്നുണ്ട്. ഏതെങ്കിലുമൊരു കാര്യത്തോടുള്ള താല്‍പ്പര്യമോ താല്‍പ്പര്യക്കുറവോ അതുവഴി ഉണ്ടാക്കപ്പെടുന്നു. ചില മേഖലകളിലുള്ള താല്‍പ്പര്യവും ഒരുപരിധിവരെ ആവേശവും ഉണ്ടാക്കിയെടുക്കുന്ന ഈ ആന്തരോദ്ദേശ്യങ്ങളുടെ ഫലപ്രാപ്തിയാണ്.
അഭിരുചിയുടെ വികാസം മാര്‍ഗനിര്‍ദേശ (Guidance)  ത്തോടും ചേര്‍ന്നുകിടക്കുന്നു. മാര്‍ഗനിര്‍ദേശം അടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദതന്ത്രമല്ല. തെറ്റിദ്ധരിപ്പിക്കുന്ന വഴികാട്ടിയല്ല മാര്‍ഗനിര്‍ദേശം നല്‍കുന്നയാള്‍. അത് ഒരാളിന്റെ മുന്നില്‍ ആ വ്യക്തി ആശിക്കുന്ന വിവരങ്ങള്‍ (informations) അവതരിപ്പിക്കലാണ്. അവയുടെ സാധ്യതകളും പരിമിതികളും ബോധ്യപ്പെടുത്തലാണ്. ഒരാളിന്റെ അഭിരുചി മാര്‍ഗനിര്‍ദേശവുമായി ബന്ധപ്പെട്ടുകിടക്കുന്നത് അത് വ്യക്തി ആശിക്കുന്ന ആത്മവികാസത്തിന് വഴിയായി മാറുന്നു എന്നതിനാലാണ്.
പരിശീലനം അഭിരുചിയെ കണ്ടെത്താനും വളര്‍ത്താനും സഹായിക്കുന്നു.പരിശീലനക്കളരിയില്‍വച്ച് സ്വന്തം അഭിരുചിയെക്കുറിച്ച് തിരിച്ചറിയാന്‍ കഴിഞ്ഞവരുണ്ട്. തന്റെ വഴിയേത് എന്ന് സംശയിക്കുന്നവര്‍ക്കും പരിശീലന പരിപാടികള്‍ എമ്പാടും സഹായകരമായിത്തീരാറുണ്ട്. അഭിരുചിയറിഞ്ഞാല്‍ ഏതുവിധം അവയെ പ്രയോജനപ്പെടുത്തണമെന്നതിന് വഴികള്‍ കണ്ടെത്താന്‍ പരിശീലകര്‍ സഹായിക്കുന്നു. ദൃശ്യബോധവും വര്‍ണശീലവും ഉള്ള വ്യക്തിക്ക് ചിത്രകല, ചലച്ചിത്രം, ശില്‍പ്പരചന തുടങ്ങിയ മേഖലകളില്‍ താല്‍പ്പര്യമുണ്ടാവാം. ചിത്രകലയില്‍ താല്‍പ്പര്യമുള്ള ഒരാളിന് ആ മേഖലയിലെ വ്യത്യസ്ത മാധ്യമങ്ങളെക്കുറിച്ചുള്ള അറിവ് നല്‍കാന്‍ പരിശീലനക്കളരിക്ക് സാധിക്കും. പെന്‍സില്‍ ഡ്രോയിങ്, ജലച്ചായ ചിത്രരചന, ഓയില്‍ കളര്‍ പെയിന്റിങ്, രേഖാചിത്രരചന, കൊളാഷ്, അക്രിലിക് പെയിന്റിങ്, ഫാബ്രിക്ക് പെയിന്റിങ്ങില്‍ പോട്ട് പെയിന്റിങ് തുടങ്ങിയ സാധ്യതകളും അവയിലോരൊന്നിനും ആവശ്യമായ കലാസാമഗ്രികളും അറിയുന്നവര്‍ക്ക് അഭിരുചിയെ തനിക്കിഷ്ടപ്പെട്ട ഒരു മാധ്യമത്തിലൂടെ വളര്‍ത്തിയെടുക്കാനാവും. ആ മാധ്യമത്തിനുണ്ടായ വളര്‍ച്ചയും പ്രയോജനവും മനസ്സിലാക്കുന്നത് അഭിരുചിയുടെ ഫലപ്രദമായ വികാസത്തിന് വഴിയൊരുക്കുന്നു.

അഭിരുചിയറിഞ്ഞുള്ള വിദ്യാഭ്യാസം

പലപ്പോഴും ചില കുട്ടികള്‍ക്ക് അവരുടെ അഭിരുചി മണ്ഡലം വേര്‍തിരിച്ചറിയാന്‍ സാധിക്കാതെ വരാറുണ്ട്. ഏത് മേഖലയാണ് തനിക്കിണങ്ങിയതെന്ന് അവരറിയാതെ പോകുന്നു. അവര്‍ക്കറിയാനാവാതെ വരുമ്പോള്‍ പലരും ആശയക്കുഴപ്പത്തിലാകുന്നു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ അസ്വസ്ഥരാവുന്നു. ആശയക്കുഴപ്പത്തില്‍നിന്ന് വൈകാതെ വഴി കണ്ടെത്തിയ അപര്‍ണ അശോകന്‍ ഓര്‍മയിലുണ്ട്.

അപര്‍ണയെ കാണുന്നത് ഒന്നാംവര്‍ഷ ബിഎ ഇംഗ്ളീഷിന് ചേര്‍ന്ന സമയത്താണ്. നിയമപഠനത്തിന്റെ സാധ്യതകളന്വേഷിച്ചാണ് അപര്‍ണയെത്തിയത്. അവളുടെ ഇഷ്ടം നിയമപഠനമായിരുന്നു. കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (CLAT) എഴുതി നാഷനല്‍ ലോ സ്കൂളിലോ(NLS)അനുബന്ധസ്ഥാപനമായ നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലോ (NUALS) പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു. ആരുടെയൊക്കെയോ ഉപദേശം സ്വീകരിച്ച് തല്‍ക്കാലം ബിഎ ഇംഗ്ളീഷിന് കോഴിക്കോട്ടെ ഒരു കോളേജില്‍ ചേര്‍ന്നിരിക്കുന്നു. കൊച്ചിയിലെ നുവാല്‍സില്‍ അഡ്മിഷന്‍ കിട്ടിയാല്‍ ചേരണോ എന്ന സംശയം ഡോക്ടര്‍മാരായ മാതാപിതാക്കള്‍ക്കുമുണ്ട്. പക്ഷേ, അവര്‍ മകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് എതിര് നില്‍ക്കാനാശിക്കുന്നില്ല. അപര്‍ണ 92.2 ശതമാനം മാര്‍ക്കോടെ പ്ളസ്ടു സയന്‍സ്- (സിബിഎസ്സി) വിജയിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ അവളോട് ഏതെങ്കിലും ഒരു വിഷയത്തിന് പഠിക്കണമെന്ന് നിര്‍ബന്ധിച്ചിട്ടില്ല. 'ക്ളാറ്റ്' പ്രവേശനപ്പരീക്ഷയെഴുതാന്‍ അനുവാദം കൊടുത്തവരുമാണ്. ഞാന്‍ നാഷനല്‍ ലോ സ്കൂളിലോ നുവാല്‍സിലോ നടക്കുന്ന നിയമപഠനത്തിന്റെ രീതികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും വിശദീകരിച്ചു. വക്കീലന്മാരാകാന്‍ മാത്രമുള്ള പഠനമല്ല നിയമമെന്ന് അറിയിച്ചു. അന്തര്‍ദേശീയ തലങ്ങളില്‍ നിയമപഠനം എങ്ങനെയൊക്കെ, എവിടെയൊക്കെ  സാധ്യമാണെന്നതുമറിയിച്ചു. നൃത്തനൃത്യങ്ങളില്‍ താല്‍പ്പര്യവും വൈദഗ്ധ്യവുമുണ്ടായിരുന്ന അപര്‍ണയുടെ വിടര്‍ന്ന കണ്ണുകളില്‍ വെളിച്ചം നിറഞ്ഞുതുളുമ്പുന്നത് ഞാനറിഞ്ഞു. അവള്‍ പറഞ്ഞു: "എനിക്ക് നിയമപഠനം തന്നെ നടത്തിയാല്‍ മതി.''

ഒരു മണിക്കൂറോളം നീണ്ടുനിന്ന അഭിമുഖീകരണത്തില്‍നിന്ന് അപര്‍ണ മറ്റൊരു വിഷയമല്ല പഠിക്കേണ്ടതെന്ന് ഞാന്‍ മനസ്സിലാക്കി. ഇംഗ്ളീഷ് പഠനം അവളുടെ അഭിരുചിയില്‍ രണ്ടാം സ്ഥാനത്താണെന്നും അത് കഴിഞ്ഞാലും രണ്ട് വര്‍ഷത്തെ എല്‍എല്‍ബിക്ക് പഠിക്കാനാണ് അവളാശിക്കുന്നതെന്നും രക്ഷിതാക്കളും തിരിച്ചറിഞ്ഞു. ഒരാഴ്ചക്കകം അപര്‍ണക്ക് കൊച്ചി നുവാന്‍സില്‍ നിന്ന് അഭിമുഖപ്പരീക്ഷയുടെ അറിയിപ്പ് വന്നു. ഇന്റര്‍വ്യൂ കഴിഞ്ഞ് അഞ്ച് വര്‍ഷത്തെ നിയമപഠനത്തിന് അവിടെ ചേരുകയും ചെയ്തു.

ഞാന്‍ അപര്‍ണയെ നാല് വര്‍ഷക്കാലത്തിനിടക്ക് പലവട്ടം കണ്ടിരുന്നു. എഴുത്തുകുത്തുകള്‍ നടന്നിരുന്നു. തിരഞ്ഞെടുപ്പില്‍ ആഹ്ളാദിക്കുന്നുവെന്നും അഭിമാനിക്കുന്നുവെന്നും അവളറിയിക്കുന്നു. നുവാല്‍സ് അവളുടെ അഭിരുചിയെ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള അവസരങ്ങളെ ബോധ്യപ്പെടുത്തിയിരിക്കുന്നു. വ്യത്യസ്ത ദേശങ്ങളില്‍നിന്നുള്ള സഹപാഠികള്‍ക്കൊപ്പമുള്ള നിയമപഠനം സാധാരണ ക്ളാസ് റൂം പഠനത്തിനപ്പുറമുള്ള അന്വേഷണം കൂടിയായിരുന്നു. പ്രശസ്ത സ്ഥാപനങ്ങളില്‍ നടത്തിയ സന്ദര്‍ശനം, സുധീര്‍ കൃഷ്ണസ്വാമി, ഷംനാട് ബഷീര്‍ തുടങ്ങിയ നിയമവിദഗ്ധരുമായുള്ള അഭിമുഖീകരണം, ഇടക്കിടെയുണ്ടാവുന്ന ഫലപ്രദമായ പാഠ്യേതര പരിപാടികള്‍, പ്രശസ്ത കേന്ദ്രങ്ങളില്‍ നടത്തിയ ഇന്റേണ്‍ഷിപ്പ്, സന്നദ്ധസേവാസംഘടനകളിലെ പരിശീലനം തുടങ്ങിയവയാല്‍ സമ്പന്നമായ അപര്‍ണയുടെ അഞ്ചുവര്‍ഷത്തെ നിയമപഠനം അവസാനിക്കാന്‍ പോകുകയാണ്. പത്താം സെമസ്റ്റര്‍ പഠനം മാത്രമാണ് ബാക്കിയായുള്ളത്. അതുകഴിഞ്ഞാലോ? അപര്‍ണക്ക് സംശയമുണ്ടായിരുന്നില്ല. 'മുമ്പ് സാറെനിക്ക് നല്‍കിയ സാധ്യതകളുടെ അന്വേഷണത്തിലാണ് ഞാന്‍. അമേരിക്കയിലെ ജോര്‍ജ് ടൌണ്‍ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദപഠനത്തിന് അയച്ച അപേക്ഷ അവര്‍ സ്വീകരിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലും ചിക്കാഗോയിലുമുള്ള യൂണിവേഴ്സിറ്റികളിലെ പഠനത്തിന്റെയും സാധ്യതകളാരായുന്നു.'

തീര്‍ച്ച, ആറുമാസക്കാലം കൊണ്ട് അപര്‍ണ നുവാല്‍സിലെ പഠനം കഴിഞ്ഞാല്‍ ഉന്നതമായ ഏതങ്കിലുമൊരു സ്ഥാപനത്തിലെത്തും. ഇഷ്ടത്തോടെ പഠിക്കും. ഗവേഷണപഠനവും നടത്തിയേക്കും. നിയമപഠനത്തിന്റെ ഏറ്റവും ഉയര്‍ന്ന സാധ്യതകള്‍ അപര്‍ണക്ക് മുന്നില്‍ വാതിലുകള്‍ തുറക്കും. അവള്‍ക്ക് ആത്മവിശ്വാസമുണ്ട്. മാതാപിതാക്കളായ ഡോ. അശോകനും ഡോ. അനിതയും അവള്‍ക്കൊപ്പമുണ്ട്. മകളില്‍ അവര്‍ക്കഭിമാനവുമുണ്ട്. കാരണം അപര്‍ണ അവളുടെ അഭിരുചിയുടെയും കഴിവുകളുടെയും പാതയിലാണ്. (aparnaasokan@gmail.com മൊബൈല്‍: 8547647050).

വേറിട്ടുനില്‍ക്കുന്ന വ്യക്തിത്വങ്ങള്‍

അഭിരുചിക്കിണങ്ങിയ പഠനം ഒരു വ്യക്തിയുടെ ബുദ്ധിയും കഴിവും വളര്‍ത്താനവസരം നല്‍കുന്നുണ്ട്. ഇതെങ്ങനെ കണ്ടുപിടിക്കുമെന്നതാണ് പ്രധാനം. ഒരു വ്യക്തിയുടെ ഇഷ്ടത്തിനും കഴിവിനുമനുസരിച്ചുള്ള പ്രവര്‍ത്തനമേഖല കണ്ടെത്താനും അപ്പോള്‍ സാധിക്കുമെന്നതാണ് വസ്തുത. അഭിരുചികളുടെ അന്വേഷണം സാധ്യമാക്കാന്‍ മനഃശാസ്ത്രം ഇക്കഴിഞ്ഞ അരനൂറ്റാണ്ടുകാലം പലവിധേന ശ്രമിച്ചിട്ടുണ്ട്. അതിലൊന്നാണ് വ്യക്തിയിലെ വിശേഷ ഗുണങ്ങളെ (Traits)) ചികഞ്ഞുനോക്കി, കണ്ടെത്തി, ക്രോഡീകരണം നടത്തി വ്യക്തിയെ ഏതുതരം വ്യക്തിത്വത്തിന്റെ (Typological Classification) ഉടമയാണെന്ന് കണ്ടെത്താന്‍ നടത്തുന്ന ശ്രമം. ചേര്‍ന്നുകിടക്കുന്ന, പരസ്പരം പൂരകമായിക്കഴിയുന്ന, ഏതെങ്കിലും ഒരു പ്രത്യേക മേഖലയിലേക്ക് വ്യാപിച്ചുകിടക്കുന്ന വ്യക്തിത്വവിശേഷങ്ങളെ മനസ്സിലാക്കിയാണ് ഇത്തരത്തിലുള്ള വിഭാഗീകരണം നടത്തുന്നത്. ആ മേഖല ഏത് തൊഴിലുമായോ പ്രവര്‍ത്തനവുമായോ ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് പരിശോധിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സമീപകാലത്ത് ജോണ്‍ ഹൊള്ളാര്‍ഡ് (1996) എന്ന മനഃശാസ്ത്രജ്ഞന്‍ വ്യക്തിത്വവിശേഷങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകളെ പ്രധാനമായും ആറ് വിഭാഗങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്.

1. യാഥാര്‍ഥ്യബോധമുള്ളവര്‍ (Realistic): സ്വന്തം കഴിവുകളുടെ കാര്യം വെളിപ്പെടുത്തുന്നവര്‍. പ്രയോഗിക്കുന്നവര്‍, കാര്യനിര്‍വഹണതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍.
2. അന്വേഷണതല്‍പ്പരര്‍ (Investigative): പുതിയ രീതികള്‍ പരിശോധിക്കുന്നു, കണ്ടെത്താന്‍ ശ്രമിക്കുന്നു. ശാസ്ത്ര- സാമൂഹ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍.
3.  സര്‍ഗവാസനയുള്ളവര്‍ (Artistic): കലാ- സാഹിത്യ മേഖലകളില്‍, സൌന്ദര്യാന്വേഷണ പ്രവൃത്തികളില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം. കഴിവുകളുടെ പ്രയോഗത്തിലൂടെ സര്‍ഗമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍.
4. സാമൂഹിക വാസനയുള്ളവര്‍ (Social): സാമൂഹിക ബന്ധങ്ങളില്‍ ആഹ്ളാദം കണ്ടെത്തുന്നു. ഇടപഴകലും ആശയവിനിമയവും ഫലപ്രദമായ ബന്ധങ്ങളെ ഉണ്ടാക്കിയെടുക്കുന്നു. മറ്റുള്ളവരുമായി ഇടപഴകുന്ന, മറ്റുള്ളവര്‍ക്ക് നേതൃത്വം കൊടുക്കുന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍.
5. സംരംഭക താല്‍പ്പര്യമുള്ളവര്‍ (Enterprising): സാഹസികതയും കര്‍മശേഷിയും പ്രകടിപ്പിക്കുകയും പുതിയ മേഖലകള്‍ കണ്ടെത്തുകയും ചെയ്യുന്നു. വ്യവസായ സംരംഭം, സംഘാടനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍.
6. വ്യവസ്ഥാപിത മാര്‍ഗത്തില്‍ തല്‍പ്പരര്‍ (Conventional):  മാമൂല്‍പ്രകാരമുള്ള വ്യവസ്ഥാപിത ചട്ടങ്ങളുടെയടിസ്ഥാനത്തിലുള്ള പ്രവൃത്തികളില്‍ വ്യാപൃതരാകുന്നു, കീഴ്വഴക്കങ്ങളെ മുറുകെ പിടിക്കുന്നു. ബ്യൂറോക്രസി, അധ്യാപനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍.
ചിലര്‍ രണ്ടോ മൂന്നോ വിഭാഗങ്ങളില്‍ ചേര്‍ന്നുകിടക്കുന്നത് കാണാം. സംരംഭക താല്‍പ്പര്യമുള്ള കലാകാരന്മാരോ, സര്‍ഗവാസനയുള്ള അധ്യാപകരോ സാമൂഹിക ബന്ധമുള്ള  വ്യവസ്ഥാപിത സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്നവരോ ഉണ്ടാകാവുന്നതാണ്. ചിലപ്പോള്‍ ഈ സമ്മേളനമായിരിക്കും അവരെ മറ്റുള്ളവരില്‍നിന്ന് വേറിട്ട് നിര്‍ത്തുന്നതും.

ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളുടെ ചരിത്രം

അഭിരുചിപ്പരീക്ഷകളുടെ (Aptitude Tests) ഒരുക്കൂട്ടലിന് പത്തൊമ്പതാം നൂറ്റാണ്ടോടെ തന്നെ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. പ്രധാനമായും കരിയറിനോട് ചേര്‍ന്ന വിശേഷഗുണങ്ങള്‍ ഒരു വ്യക്തിയില്‍ കണ്ടെത്താനുള്ള ടെസ്റ്റാണ് അഭിരുചിപ്പരീക്ഷയിലൂടെ നടത്തിയിരുന്നത്. ഒരു വ്യക്തിയുടെ താല്‍പ്പര്യങ്ങളും ഗുണങ്ങളും വേര്‍തിരിച്ചു കണ്ടെത്താന്‍ പരിശോധന നടത്തുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കരിയര്‍ ഏതായിരിക്കാമെന്ന് മാര്‍ഗനിര്‍ദേശം നല്‍കുകയാണ് ഈ ടെസ്റ്റിലൂടെ ചെയ്യുന്നത്. യുദ്ധകാലം പട്ടാളത്തിലെ വിവിധ വിഭാഗങ്ങളിലേക്ക്  അനുയോജ്യരായവരെ കണ്ടെത്താന്‍ അഭിരുചിപ്പരീക്ഷകളെ പ്രയോജനപ്പെടുത്തുകയുമുണ്ടായി. കായബലം മാത്രമല്ല ബുദ്ധിപരതയും മറ്റ് കഴിവുകളും യുദ്ധരംഗത്ത് വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമാണ് എന്ന നിഗമനത്തില്‍ നിന്നാണ് 'സ്പെഷലൈസ്ഡ് ആപ്റ്റിറ്റ്യൂഡ് ബാറ്ററി'ക്ക് രൂപം നല്‍കിയിരുന്നത്. 20 വിവിധ ടെസ്റ്റുകള്‍ ചേര്‍ന്ന ഈ പരീക്ഷയുടെ പരിഷ്കരണങ്ങളിലൂടെ ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ജനറല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് തുടങ്ങിയവക്ക് രൂപകല്‍പ്പന നടത്തി. മനഃശാസ്ത്രജ്ഞനായ തേര്‍സ്റ്റണ്‍ രൂപം കൊടുത്ത മള്‍ട്ടിപ്പ്ള്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററീസില്‍നിന്ന്, ബെന്നറ്റ്, സീഷേര്‍വെസ്മാന്‍ എന്നിവര്‍ (1974) ഇന്ന് പരക്കെ ഉപയോഗിക്കപ്പെടുന്ന ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഉണ്ടാക്കി. ഇന്ന് ഈ അഭിരുചിപ്പരീക്ഷയില്‍ പ്രധാനമായും വ്യത്യസ്ത മേഖലകളിലെ നൈപുണ്യസാധ്യതകളറിയാനുള്ള എട്ടോ അതിലധികമോ ചോദ്യാവലികള്‍ക്ക് ഉത്തരം നല്‍കാനാണ് ആവശ്യപ്പെടുന്നത്. സാധാരണയായി ഉപയോഗിക്കുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലൂടെ കണ്ടെത്തുന്നത് എട്ടു മേഖലകളാണ്. 1- ആശയവിനിമയം (verbal Reasoning), 2- സംഖ്യാഭിരുചി (Numerical Reasoning), ), 3- അമൂര്‍ത്ത വിചാരം (Abstract Reasoning), 4- സങ്കേതിക പരിചയം (Mechanical Reasoning, 5- എഴുത്തുവേഗതയും കൃത്യതയും (clerical Speed and Accuracy), 6- സ്ഥലബോധം (Space Relations), 7-അക്ഷരസാമര്‍ഥ്യം (Spelling), 8- ഭാഷാപ്രയോഗം(Language Usage).. വ്യക്തികളുടെ ഈ വിഭാഗങ്ങളിലെ താല്‍പ്പര്യവും നൈപുണ്യവും അളക്കാനും താരതമ്യപ്പെടുത്താനും അതിന്റെ അടിസ്ഥാനത്തില്‍ സാധ്യതയുള്ള കരിയര്‍ കണ്ടെത്താനുമാണ് ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തുന്നത്.

അപര്‍ണ അശോക്

അപര്‍ണ അശോക്വ്യക്തിത്വ വികാസത്തിന്റെ ഘട്ടങ്ങള്‍

ഒരു വ്യക്തിയുടെ തൊഴില്‍പരമായ നൈപുണ്യം അഞ്ച് ഘട്ടങ്ങളിലൂടെയാണ് വളര്‍ത്തിയെടുക്കപ്പെടുന്നത് എന്നാണ് നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്.
1. ഒന്നു മുതല്‍ പതിനാല് വയസ്സ് വരെയുള്ള വളര്‍ച്ച (Growth)  യുടെ ഘട്ടം. ഈ ഘട്ടത്തില്‍ ഒരു വ്യക്തി മറ്റുള്ളവരുമായുള്ള അഭിമുഖീകരണത്തിലൂടെ സ്വന്തം സ്വത്വത്തെ അറിയാനിടവരുന്നു.
2. പതിനഞ്ച് മുതല്‍ ഇരുപത്തിനാല് വയസ്സ് വരെയുള്ള അന്വേഷണ (Exploration)  ഘട്ടത്തില്‍ തന്റെ താല്‍പ്പര്യങ്ങളെക്കുറിച്ചും ധര്‍മങ്ങളെ (Functions)ക്കുറിച്ചും ധാരണയുണ്ടാക്കിയെടുക്കുന്നു. അതിനനുയോജ്യമായ പരിശീലനം നേടുന്നു.
3. ഇരുപത്തഞ്ച് മുതല്‍ നാല്‍പ്പത്തിനാല് വയസ്സ് വരെയുള്ള ഘട്ടം രൂപീകരണത്തിന്റെയും സ്ഥാപനവല്‍ക്കരണത്തിന്റെയും (Establishment)ആണ്. പരിശീലനത്തിലൂടെയും പ്രയോഗത്തിലൂടെയും തന്റെ വ്യക്തിത്വവിശേഷം വെളിപ്പെടുത്തുന്നു.
4. നാല്‍പ്പത്തിയഞ്ച് മുതല്‍ അറുപത്തിനാല് വയസ്സ് വരെയുള്ള ഘട്ടത്തില്‍ വ്യക്തിത്വഗുണത്തെ നിലനിര്‍ത്താന്‍ (Maintainance) ശ്രമിക്കുന്നു. നൈപുണ്യത്തിന്റെ പക്വതയാര്‍ന്ന പ്രയോഗകാലമാണിത്. വൈകാതെ ഔദ്യോഗികമായ വിരമിക്കല്‍ ഉണ്ടാവുന്നു.
5. അറുപത്തിയഞ്ച് മുതലുള്ള അവസാന ഘട്ടത്തില്‍ വ്യക്തി സ്വയം നിര്‍വചിക്കുകയോ (Define) തൊഴില്‍ മേഖലയില്‍നിന്ന് ക്രമേണ വിട്ടുമാറാന്‍ ശ്രമിക്കുകയോ ചെയ്യുന്നു. ചിലര്‍ ആത്മീയതലം തേടുമ്പോള്‍, മറ്റുചിലര്‍ സേവന പ്രവര്‍ത്തനങ്ങളുടെയോ വിശ്രമത്തിന്റെയോ  പാതകള്‍ തേടുന്നു.
വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും ഘട്ടങ്ങള്‍ വ്യക്തമാക്കുന്നതും ഒരാളിന്റെ അഭിരുചിക്കനുസരിച്ചുള്ള  തൊഴില്‍സാര്‍ഥകമായ ജീവിതത്തിന് വഴിയൊരുക്കുന്നുവെന്നതാണ്. ഒരു കുട്ടിയുടെ പ്രാരംഭ ഘട്ടത്തില്‍തന്നെ (11 വയസ്സ് വരെയുള്ള കാലം) അഭിരുചിക്കിണങ്ങുന്ന പ്രവര്‍ത്തനമേഖലക്ക് ഒരുങ്ങിത്തുടങ്ങുന്നുണ്ട്. ഈ കാലം സ്വപ്നങ്ങളുടേതാണ്, മോഹങ്ങളുടേതാണ്. ഈ ഘട്ടത്തെ ചുറ്റുവട്ടം സാരമായി സ്വാധീനിക്കുന്നു. ഈ കാലത്ത് തന്നെയാണ് ഒരു കുട്ടി താല്‍പ്പര്യങ്ങളും നൈപുണ്യവും മറ്റുള്ളവരുടെ സഹായത്തോടെ ഉണ്ടാക്കിയെടുക്കുന്നത്. രണ്ടാംഘട്ടം (11-17 വയസ്സ്) തിരഞ്ഞെടുപ്പിന്റേതാണ്. രൂപംകൊണ്ട താല്‍പ്പര്യങ്ങളും സ്വാധീനിക്കപ്പെട്ട മൂല്യങ്ങളും പ്രകാശനം ചെയ്യപ്പെട്ടുതുടങ്ങുന്നു. തിരഞ്ഞെടുക്കുകയും ഉപേക്ഷിക്കുകയും വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യുന്ന കൌമാരകാലത്ത് അഭിരുചി കണ്ടെത്താനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും സാധിച്ചാല്‍, ഒടുവിലെ ഘട്ടത്തിലെ (17 വയസ്സ് മുതല്‍) തിരഞ്ഞെടുപ്പും പ്രയോഗവും സുഗമമാകുന്നു.

അഭിരുചിയും സ്വപ്നസാക്ഷാത്കാരവും


കൌമാരകാലത്ത് ഒരു വ്യക്തി പലവിധ കാരണങ്ങളാല്‍ സംശയങ്ങള്‍ക്കും പാഴ്തീരുമാനങ്ങള്‍ക്കും കീഴ്പ്പെട്ട് പോകുന്നു. ഇന്ന് സൂക്ഷ്മതലത്തില്‍ നൈപുണ്യങ്ങള്‍ കൂടിയും കുഴഞ്ഞും കിടക്കുന്നുണ്ട്. ഇന്ന് കൌമാരക്കാര്‍ക്ക് മുന്നില്‍ പലവിധ അവസരങ്ങള്‍ തുറന്നു കിടക്കുന്നുമുണ്ട്. ചുറ്റുവട്ടമാകട്ടെ കടുത്ത സമ്മര്‍ദം കുട്ടികള്‍ക്കും കൌമാരക്കാര്‍ക്കും മീതെ നടത്തുന്നു. തന്റെ ചുറ്റുമുള്ള മറ്റുള്ളവരുടെ വിജയപരാജയങ്ങള്‍ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും കാരണമാകുന്നു. ഈയവസരത്തില്‍ ഒരാള്‍ക്ക് തന്റെ സാധ്യതകള്‍ മനസ്സിലാക്കാനും അനുയോജ്യമായ പ്രവര്‍ത്തനമാര്‍ഗം കണ്ടെത്താനും മാതാപിതാക്കളും അധ്യാപകരുമടങ്ങുന്ന സമൂഹം അരുനില്‍ക്കേണ്ടതുമുണ്ട്. മറ്റുള്ളവരുടെ മുന്‍വിധികളോ പക്ഷപാതിത്വമോ മോഹങ്ങളോ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ നൈസര്‍ഗികവും ഫലപ്രദവുമായ സ്വപ്നസാക്ഷാത്കാരമാണ് ഇല്ലാതാക്കുന്നത് nphafiz@gmail.com
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top