03 February Friday

ഏതാണ് നിങ്ങളുടെ സ്ഥാപനം?

എന്‍ പി ഹാഫിസ് മുഹമ്മദ്Updated: Wednesday Feb 1, 2017

കെ ആര്‍ അഭിജിത്ത് ഇപ്പോള്‍ മുംബൈ ഐഐടിയില്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തര ബിരുദപഠനം (എം ഡിസൈന്‍) നടത്തുന്നു. ന്‍ഐഡി, അഹമ്മദാബാദ്) ബിരുദപഠനം (ഗ്രാഫിക് ഡിസൈനിങ്ങില്‍) നടത്തിയത്. കോഴിക്കോട് ജില്ലയിലെ നവോദയ (മണിയൂര്‍) സ്കൂളിലായിരുന്നു ഹയര്‍സെക്കന്ററി സ്കൂള്‍ വരെയുള്ള പഠനം. എന്‍ഐഡിയില്‍നിന്ന് പുറത്തിറങ്ങിയ സമര്‍ഥരായ ഡിസൈന്‍ വിദ്യാര്‍ഥികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അഭിജിത് ഐഐടിയില്‍ ചേരുന്നതിനിടയില്‍ ഒരു വര്‍ഷക്കാലം ഡല്‍ഹിയിലെ കോ- ഡിസൈന്‍ എന്ന സ്ഥാപനത്തില്‍ ജോലിയെടുത്തിരുന്നു. ആ നാളില്‍ ഡിസൈനിങ്ങിനെക്കുറിച്ചുള്ള 'ദേഖോ' എന്ന പുസ്തകത്തിന്റെ രൂപകല്‍പ്പനയ്ക്ക് ദേശീയാംഗീകാരം ലഭിച്ചിരുന്നു. കോ-ഡിസെനിനുവേണ്ടി റോയല്‍ എന്‍ഫീല്‍ഡിന്റെ റീ ബ്രാന്റിങ്ങിലും അഭിജിത് പങ്കാളിയായിരുന്നു.

നവോദയയിലെ പ്ളസ്ടു പഠനം കഴിഞ്ഞ് എന്‍ഐഡിയിലെ ഡിസൈനിങ് കോഴ്സില്‍ പ്രവേശനം ലഭിക്കാന്‍ മാര്‍ഗനിര്‍ദേശം തേടി അധ്യാപകരായ അച്ഛനമ്മമാരോടൊപ്പം എന്റെയടുത്തെത്തിയ നന്മണ്ടക്കാരനായ വിദ്യാര്‍ഥിയല്ല ഇന്നത്തെ അഭിജിത്. ഇന്ത്യയിലെതന്നെ മികച്ച ഗ്രാഫിക് ഡിസൈനര്‍മാരില്‍ ഒരാളായി മാറിക്കഴിഞ്ഞിരിക്കുന്നു ഈ നാട്ടുമ്പുറത്തുകാരന്‍. അഭിജിത് പറയുന്നു: 'നവോദയയില്‍ പഠിച്ചില്ലായിരുന്നെങ്കില്‍ എനിക്ക് ഇങ്ങനെയൊന്നുമാവാന്‍ പറ്റില്ലായിരുന്നു. നവോദയയില്‍നിന്ന് ലഭിച്ച ആത്മവിശ്വാസം അത്രയ്ക്ക് വിലപ്പെട്ടതാണ്. പല ദേശത്തുനിന്നുള്ള സഹപാഠികളോടൊത്തുള്ള എന്റെ സഹവാസമാണ് ഒരു വിദ്യാര്‍ഥിയെന്ന നിലയിലുള്ള എന്റെ അടിത്തറ. അവിടത്തെ ഹോസ്റ്റല്‍ ജീവിതം എന്റെ കരിയറിലേക്കുള്ള ഞാന്‍ പോലുമറിയാത്ത ചവിട്ടുപടിയായിരുന്നു'.

പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം വിലപ്പെട്ടതാണെന്ന് അഭിജിത് എന്‍ഐഡിയിലെത്തിയപ്പോഴും മനസ്സിലാക്കി: 'എന്‍ഐഡി സാധ്യതകളുടെ ഒരു ലോകം തുറന്നുതരികയായിരുന്നു. ക്ളാസ്റൂം പഠനത്തെക്കാളും വലിയ പാഠമായിരുന്നു സഹവിദ്യാര്‍ഥികളുമായുള്ള സമ്പര്‍ക്കം. ഇന്ത്യയുടെ പല ഭാഗങ്ങളില്‍നിന്ന് ഡിസൈന്‍ ഒരു പാഷനായി വന്നവരുടെ വര്‍ക്കുകള്‍ കണ്ടു. അവരുടെ  പ്രസന്റേഷനുകള്‍ പുതിയ അറിവുകള്‍ പങ്കിട്ടുതന്നു. ക്ളാസ്സിന് പുറത്തുവച്ചുള്ള അനൌപചാരികമായ സംഭാഷണങ്ങള്‍ വലിയൊരു സമ്പാദ്യമാണ്. അധ്യാപകരോടുള്ള അടുപ്പം വിശേഷരീതിയിലുള്ളതായിരുന്നു. അവരുടെ പേര് വിളിക്കാം. സാര്‍ വിളികളില്ല. പഠനകാര്യത്തില്‍ അസാധരാണമായ ഒരു തുല്യത അതുണ്ടാക്കിയിരുന്നു. രാത്രി മുഴുക്കെ നീണ്ടുനില്‍ക്കുന്ന ഗൌരവപ്പെട്ട ചര്‍ച്ചകള്‍ പഠനവും പരിശീലനവുമായിരുന്നെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. എന്‍ഐഡിയിലെ ലൈബ്രറി എന്റെ വളര്‍ച്ചയിലെ നിര്‍ണായക ശക്തിയാണ്'.
പഠിക്കുന്നിടം വളര്‍ച്ചയുടെ നാഴികക്കല്ലാണെന്ന് അഭിജിത് മുംബൈ ഐഐടിയില്‍നിന്നും മനസ്സിലാക്കുന്നു. എന്‍ഐഡിയും ഐഐടിയും അതിന്റെ രൂപഘടനയിലും പ്രവര്‍ത്തനത്തിലും വേറിട്ടുനില്‍ക്കുന്നു. എന്നാല്‍ ഐഐടി അഭിജിത്തിന് വിവിധങ്ങളായ പഠനവിഷയങ്ങളുമായുള്ള സമ്പര്‍ക്കം പുത്തനറിവുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.
(മൊബൈല്‍: 9400420011). abhijith@keyaar.in ക്യാമ്പസിന്റെ  സ്വാധീനം
പഠിക്കുന്ന സ്ഥാപനം ഏറെ പ്രാധാന്യമുള്ളതാണെന്ന് പലവട്ടം എന്നില്‍നിന്ന് കേട്ട ഒരു വിദ്യാര്‍ഥിയൊരിക്കല്‍ ചോദിച്ചു: 'പഠിച്ച സ്ഥാപനങ്ങള്‍ സാറിനെന്ത് ചെയ്തു?'
ഞാനെന്റെ അനുഭവം പങ്കുവച്ചു: 'ബിരുദാനന്തര ബിരുദപഠനം എന്റെ ജീവിതത്തിലൊരു നിര്‍ണായക സംഭവമായിരുന്നു. 1978ല്‍ തിരുവനന്തപുരത്തെ കാര്യവട്ടം കേരള യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ എം എ സോഷ്യോളജിക്ക് ചേര്‍ന്നു. വീട്ടിനടുത്തായി നാലഞ്ച് കിലോമീറ്ററകലെയുള്ള കോളെജില്‍ എംഎക്ക് അഡ്മിഷന്‍ കിട്ടിയിരുന്നു. വീട്ടില്‍നിന്ന് പോയി വരാം. ചെലവ് കുറയും. ഉപ്പ കൂടി പറഞ്ഞാണ് ഞാന്‍ കാര്യവട്ടത്തെത്തുന്നത്. ഹോസ്റ്റലില്‍ ചേര്‍ന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പല വിഷയങ്ങളിലായി അവിടെയെത്തിയിരുന്നു. സമര്‍ഥരായ സഹപാഠികളുമായുള്ള സമ്പര്‍ക്കം എന്റെ വളര്‍ച്ചയെ സ്വാധീനിച്ചിട്ടുണ്ട്.'

ക്യാമ്പസ്സിലും ഹോസ്റ്റലിലും അന്നുണ്ടായിരുന്നവര്‍ ഇന്ന് എവിടെയൊക്കെയെത്തിയെന്നത് പരസ്പരം പങ്കുവച്ച ഊര്‍ജത്തിന്റെ മൂല്യമറിയിക്കുന്നു. ഇക്കണോമിക്സിന് പഠിച്ച ഡി അജിത്, ഇരുപതുവര്‍ഷം റിസര്‍വ് ബാങ്കിലായിരുന്നു. പിന്നീട് കാനഡയിലെ ബ്രിട്ടീഷ് - കൊളംബിയ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി. ഇന്ന് അലാസ്കാ യൂണിവേഴ്സിറ്റിയില്‍ അധ്യാപകന്‍. കേരളത്തിലെ വിവിധ കോളെജുകളിലും യൂണിവേഴ്സിറ്റിയിലും അധ്യാപകരായി മാറിയവര്‍ എമ്പാടുമുണ്ട് (ഡോ. കെ എസ് പവിത്രന്‍, വി രാജുകൃഷ്ണന്‍, ഡോ. സി ജെ മാണി, ജോര്‍ജ് മുരിക്കന്‍, ഡോ. രാജു എന്‍ കാഞ്ഞിരാട്ട് തുടങ്ങിയവര്‍ ധാരാളം!). കേരള യൂണിവേഴ്സിറ്റി പ്രോ വൈസ്ചാന്‍സലറായിരുന്ന ഡോ. ജെ പ്രഭാഷ്, എം ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായിരുന്ന ഡോ. എ വി ജോര്‍ജ്, ഡിജിപിയായി ജോലിയില്‍നിന്ന് വിരമിച്ച വിന്‍സന്റ ് എം പോള്‍, മാധ്യമ പ്രവര്‍ത്തകരായ എം ജി രാധാകൃഷ്ണന്‍, ജേക്കബ് ജോര്‍ജ്, ടി ശശിമോഹന്‍, കെ ബാലചന്ദ്രന്‍, ജോജി ടി സാമുവേല്‍, വിജയരാഘവന്‍, ഒഎന്‍ജിസിയില്‍ ഉണ്ടായിരുന്ന എ എം റോഷന്‍, ആ കാലത്ത് മരിച്ചുപോയ രാജ്മോഹന്‍ (ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി), മനഃശാസ്ത്രജ്ഞനായ കെ അനില്‍കുമാര്‍... തുടങ്ങിയുള്ള പലരുമായി വെച്ചുപുലര്‍ത്തിയിരുന്ന സൌഹൃദം പരസ്പരം വളരാന്‍ ഏതുവിധം സഹായിച്ചുവെന്നത് മറക്കാനാവുന്ന കാര്യമല്ല. ക്യാമ്പസ് ഏതുവിധം സ്വാധീനിക്കുകയും സഹായിക്കുകയും ചെയ്തുവെന്നതിന് മേന്മയുറ്റ സ്ഥാപനങ്ങളില്‍ പഠിച്ച പലര്‍ക്കും പലതും പറയാനുണ്ടാവും. സംശയമില്ല.
ജോലിയിടവും   പ്രധാനം

കെ ആര്‍ അഭിജിത്

കെ ആര്‍ അഭിജിത്എന്റെ സുഹൃത്തായ ഫസലിന്റെ മകന്‍ അജ്മല്‍ ഫസല്‍ ഇന്ന് ഓട്ടോ ഡിസൈനറാണ്. പഠിച്ച സ്ഥാപനം: പൂനയിലെ മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വീര്‍സ് സ്കൂള്‍ ഓഫ് ഡിസൈനില്‍. പരിശീലനം നേടിയ സ്ഥാപനങ്ങള്‍: മുംബൈയിലെ മഹീന്ദ്ര. ജര്‍മനിയിലെ ഉല്‍ഠ എന്ന സ്ഥലത്തെ ഡിസൈന്‍ഷിപ്പ് സ്റ്റുഡിയോ. ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനം: അന്താരാഷ് ഡിസൈനിങ് സ്ഥാപനമായ ക്രിയറ്റീവ് വേവിന്റെ ജര്‍മനിയിലെ മ്യൂണിക്ക് കേന്ദ്രത്തില്‍. ബിഎംഡബ്ളിയൂ, റോള്‍സ് റോയ്സ് വെഹിക്ക്ള്‍ കമ്പനിക്കുവേണ്ടി ഓട്ടോ ഡിസൈന്‍ ചെയ്യുന്ന സ്ഥാപനമാണ് ക്രിയറ്റീവ് വേവ്. പഠിച്ചിടവും ജോലി ചെയ്ത സ്ഥാപനങ്ങളും ഏതുവിധം തന്നെ ഒരു പ്രൊഫഷണല്‍ ഡിസൈനറാക്കി എന്നത് അജ്മല്‍ ഓര്‍ക്കുന്നു: 'എംഐറ്റിയിലെ പഠനരീതി വ്യത്യസ്തമായിരുന്നു. പല മേഖലകളിലെയും ഡിസൈനിങ്ങിനെ സംയോജിപ്പിക്കുന്ന ഒരു പാഠ്യപദ്ധതി കാഴ്ചപ്പാട് മാറ്റിയെടുക്കുകയായിരുന്നു. വ്യവസായ സ്ഥാപനങ്ങളുമായുള്ള എംഐറ്റിയുടെ  സമ്പര്‍ക്കം കാരിയര്‍ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. കൂട്ടുകാരുമായുള്ള ആശയവിനിമയം സ്വയം പഠിക്കാനും പരിശീലിക്കാനും തക്കതായ പ്രേരണയായിരുന്നു. ഫാക്കല്‍റ്റികളാവട്ടെ പ്രഗത്ഭരും സൌഹൃദത്തോടെ പെരുമാറുന്നവരുമായിരുന്നു'. പഠനാനന്തരം മഹീന്ദ്രയില്‍ കുറച്ചുകാലം ജോലിയെടുത്താണ് അജ്മല്‍ ജര്‍മനിയിലെത്തുന്നത്. ഡിസൈന്‍ഷിപ് സ്റ്റുഡിയോവില്‍ നിന്ന് നേടിയപരിശീലനം അന്തര്‍ദേശീയതലത്തില്‍ ലഭിക്കാവുന്ന മികവുറ്റ അനുഭവമായിരുന്നു. ഒരു സ്ഥാപനത്തിലെ വര്‍ക്ക് കള്‍ച്ചര്‍ എങ്ങനെ ഒരാളിന്റെ കരിയറിനെ വളര്‍ത്തിയെടുക്കുമെന്ന് നേരിട്ടറിഞ്ഞു. എന്റെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ധിച്ചതവിടെ നിന്നാണ്. സഹപ്രവര്‍ത്തകരുമായുള്ള സമ്പര്‍ക്കം പുതിയ സാധ്യതകളാണ് തുറന്നുതന്നത്. പല രാജ്യങ്ങളില്‍നിന്ന് പഠിച്ച് വന്ന ഡിസൈനര്‍മാര്‍ക്ക് വ്യത്യസ്തങ്ങളായ രീതികളും ശൈലികളും പ്രൊഫഷണല്‍ രംഗത്തെ മള്‍ട്ടികള്‍ച്ചറലിസത്തിന്റെ വഴി മുന്നോട്ടുവച്ചുതരികയായിരുന്നു. ക്രിയറ്റീവ് വേവിലെ ജോലി ആഹ്ളാദകരമാക്കുന്നതിന് ഇത് സഹായിച്ചിരിക്കുന്നു' ajmalfazal@gmail.com
മൊബൈല്‍ 0491 5259366464)

സ്ഥാപനം തെരഞ്ഞെടുക്കുമ്പോള്‍

എവിടെ പഠിക്കണം, എവിടെ ജോലിയെടുക്കണമെന്നത് പലര്‍ക്കും ഒരു കീറാമുട്ടി പ്രശ്നമാണ്. ഒരു സ്ഥാപനത്തിന്റെ മേന്മയറിയാന്‍ ശ്രമിക്കുമ്പോള്‍, പലരില്‍നിന്നും പലവിധ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നു. ചിലര്‍ അവര്‍ക്കിഷ്ടപ്പെടാത്ത ഘടകത്തെ പൊലിപ്പിച്ച് കാണിക്കുന്നു. മറ്റു ചിലര്‍ നല്ല വശങ്ങളല്ലാതെയൊന്നും കാണില്ല. രണ്ടുപേരില്‍നിന്ന് നാലഭിപ്രായം കേള്‍ക്കുന്നതോടെ സ്ഥാപനം തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നയാളിലെ സംശയച്ചുഴി ശക്തി പ്രാപിക്കുന്നു. എല്ലാം കുഴമറിയുന്നു.
അനുയോജ്യമായ സ്ഥാപനം തിരഞ്ഞെടുക്കുന്നതിന് നിയതമായ പൊതുമാനദണ്ഡങ്ങളുണ്ടെന്ന് തോന്നുന്നില്ല. ഓരോ വ്യക്തിയുടെയും മോഹങ്ങളും കഴിവുകളും സാഹചര്യങ്ങളും അനുസരിച്ചാവണം ഈ തെരഞ്ഞെടുപ്പ്. എല്ലാവര്‍ക്കും ഒരുപോലെ അംഗീകരിക്കാവുന്ന മാര്‍ഗങ്ങളില്ലെങ്കിലും സ്ഥാപനമേതെന്ന് തീരുമാനിക്കുന്നതില്‍ ചില കാര്യങ്ങള്‍ പ്രധാനമാണ്.

1.  വിവരശേഖരണം

ആദ്യത്തേത് സ്ഥാപനത്തെക്കുറിച്ചുള്ള വിവരശേഖരണമാണ്. ചേരാന്‍ ഉചിതമെന്ന് തോന്നുന്ന ചില സ്ഥാപനങ്ങളുടെ ചുരുക്കപ്പട്ടികയുണ്ടാക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അവര്‍ നല്‍കുന്ന മാധ്യമങ്ങളിലൂടെ ശേഖരിക്കാന്‍ കഴിയും. വെബ്സൈറ്റ്, ബ്രോഷര്‍, ജേര്‍ണല്‍, ന്യൂസ് ലെറ്റര്‍, പരസ്യം എന്നിവയില്‍നിന്ന് ലഭിക്കുന്ന അറിവുകള്‍ വസ്തുനിഷ്ഠാപരമായ അപഗ്രഥനത്തിന് വിധേയമാക്കുന്നത് തീരുമാനമെടുക്കാന്‍ സഹായിക്കുന്നുണ്ട്. സ്ഥാപനങ്ങളുടെ വര്‍ത്തമാനകാലസ്ഥിതി മനസ്സിലാക്കാന്‍ പ്രസിദ്ധീകരണങ്ങളും (ഔട്ട്ലുക്ക് കാരിയര്‍, ദ വീക്ക്) സ്ഥാപനങ്ങളും നടത്തുന്ന സര്‍വേകളിലെ റേറ്റിങ് കുറെയൊക്കെ സഹായിക്കും.

2. അഭിമുഖീകരണം: പൂര്‍വ വിദ്യാര്‍ഥികള്‍


വിദ്യാഭ്യാസസ്ഥാപനം തെരഞ്ഞെടുക്കാന്‍ സമീപകാലത്ത്  അവിടെ പഠിച്ച വിദ്യാര്‍ഥികളുടെ അഭിപ്രായമാരായാവുന്നതാണ്. എന്നാല്‍ ആരില്‍നിന്നാണ് ഈ വിവരം ശേഖരിക്കുന്നത് എന്ന കാര്യം അപ്രധാനമല്ലതാനും. ജോലിയെടുക്കാനാശിക്കുന്ന സ്ഥാപനത്തെക്കുറിച്ചറിയാന്‍ അവിടെ ജോലിയെടുത്തവരും ജോലിയെടുക്കുന്നവരുമായ വ്യക്തികളില്‍ നിന്നുള്ള അനുഭവവിവരണങ്ങള്‍ സഹായിക്കുന്നു. ഈ വ്യക്തികളെ നേരിട്ട്  കാണാനാവുന്നില്ലെങ്കില്‍ ഫോണിലൂടെയോ ഇ-മെയിലിലൂടെയോ ആശയവിനിമയം നടത്തുന്നവരുമുണ്ട്. സ്ഥാപനത്തെക്കുറിച്ചുള്ള ഗുണദോഷവിചാരം നടത്താന്‍ ഈ ആശയവിനിമയം സഹായിച്ചേക്കും.

3. അഭിമുഖീകരണം: ബന്ധപ്പെട്ടവര്‍

സ്ഥാപനങ്ങളിലെ അധ്യാപകര്‍, മറ്റ് ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ഒരാളിന്റെ തെരഞ്ഞെടുപ്പിലേക്ക് ആവശ്യമായ അറിവ് നല്‍കാന്‍ കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ മേന്മ സ്ഥാപനത്തിന്റെ സ്ഥാനനിര്‍ണയത്തിന് സഹായിക്കുന്നു. അധ്യാപകരുടെ പ്രസിദ്ധീകരണങ്ങള്‍, മറ്റ് മേഖലകളിലുള്ള കഴിവുകള്‍ എന്നിവ സ്ഥാപനത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. വിദ്യാഭ്യാസ സ്ഥാപനത്തോട് ബന്ധപ്പെട്ട രക്ഷാതാക്കള്‍ക്കും ചില കാര്യങ്ങളറിയിക്കാനുണ്ടാവും. സ്ഥാപനമേതാവണമെന്ന തീരുമാനം വസ്തുനിഷ്ഠാപരമാവാന്‍ ഈ അഭിമുഖീകരണങ്ങള്‍ സഹായിക്കുന്നു.

 4. സ്ഥാപന സന്ദര്‍ശനം

സ്ഥാപനം സന്ദര്‍ശിക്കാവുന്നതാണ്. താന്‍ ഭാഗമാകാനാശിക്കുന്ന സ്ഥാപനത്തിലെ സൌകര്യങ്ങളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചുമറിയാന്‍ ഇത് മാര്‍ഗമൊരുക്കുന്നു. ലൈബ്രറി, സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചറിയേണ്ടതുണ്ട്. ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പോടെ അമേരിക്കയിലെ ബോസ്റ്റണ്‍ കോളേജിലെത്തിയപ്പോഴാണ്,  ഹ്രസ്വപഠനകാലത്ത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ഗ്രന്ഥാലയം വിദ്യാഭ്യാസവുമായി ഏതുവിധം ബന്ധപ്പെട്ട് നില്‍ക്കുന്നുവെന്ന് വീണ്ടും വെളിപ്പെട്ടു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലേയും  മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും (എംഐടി) ലൈബ്രറികള്‍ കാലത്തിനൊപ്പം ഏതുവിധം വളര്‍ന്നിരിക്കുന്നുവെന്ന്
ഡോ. ഡി അജിത്

ഡോ. ഡി അജിത്

മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു സ്ഥാപനത്തിലെ സന്ദര്‍ശനം നേരിട്ടുള്ള വിവരശേഖരണമാണ്.

5. സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍

ഒരു സ്ഥാപനത്തിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ആ സ്ഥാപനത്തെ മികച്ചതാക്കാന്‍ കാരണമാക്കുന്നു. ഫലപ്രദമായ സാംസ്കാരിക പരിപാടികള്‍ നടത്തുന്ന ഒരു കലാലയമോ സ്ഥാപനമോ ഒരു വ്യക്തിയുടെ വളര്‍ച്ചയില്‍ ആശാവഹമായ പങ്ക് വഹിക്കുന്നുണ്ട്. വ്യക്തിപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുവാനും സാമൂഹിക പ്രതിബദ്ധതയുണ്ടാക്കിയെടുക്കാനും സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു സ്ഥാപനത്തെ മികച്ചതാക്കുന്നു. നമ്മുടെ ഒട്ടുംമുക്കാലും സ്വാശ്രയ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ജ്ജീവമാണ്. ഒരു സ്ഥാപനത്തിലെ ജീവനക്കാരുടെയിടയിലെ കലാ-സാംസ്കാരികരംഗത്തുള്ള പങ്കാളിത്തം അവിടെയെത്തുന്നവര്‍ക്ക് വളരാനും വളര്‍ത്താനുമുള്ള അന്തരീക്ഷമാണ് നല്‍കുന്നത്. ഒരു സ്ഥാപനത്തില്‍ ചേരുന്ന വ്യക്തി, അല്ലെങ്കില്‍ ചേര്‍ത്തുന്ന രക്ഷിതാവ്, ഒരാളിന്റെ വ്യക്തിത്വ വികസനത്തിന് ആ സ്ഥാപനം ഏതുവിധം പ്രയോജനപ്രദമായിരിക്കുമെന്ന് വിലയിരുത്തേണ്ടതുണ്ട്.

സ്ഥാപനങ്ങളുടെ സവിശേഷഭാവം


ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്തരീക്ഷം ഓരോ പഠിതാവിനേയും സാദരം ക്ഷണിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക്മുമ്പ് ഉപ്പയോടൊപ്പം പ്രീഡിഗ്രിക്ക് പഠിക്കാന്‍ കോഴിക്കോട്ടെ പൊക്കുന്നിലെ ഗുരുവായൂരപ്പന്‍ കോളേജില്‍ ചെന്നെത്തിയ നേരം കാമ്പസ് ഏതുവിധം സ്വാഗതം ചെയ്തുവെന്നത്  മറന്നിട്ടില്ല. ആദ്യ കാഴ്ചയില്‍ ആ കലാലയത്തോട് അനുരാഗം തോന്നിപ്പോയി. ക്ളാസുമുറിയിലെ കാറ്റും വെളിച്ചവും ഉണര്‍ച്ചയിലിരിക്കാനുള്ള പ്രേരണയായിരുന്നു. കുന്നിന്‍ചരിവില്‍ നട്ടുച്ചയ്ക്ക് പോലുമിരിക്കാം. കാറ്റു വീശി തണുപ്പറിയിക്കുന്നു. താഴെ തെങ്ങിന്‍തലപ്പുകള്‍ക്കിടയിലൂടെ അലക്കുകല്ലില്‍ നിന്നുയരുന്ന ശബ്ദമോ മീന്‍കാരന്റെ കൂവലോ മീതോട്ടുയരുന്നു. കൌമാരകാലത്തെ കാരണമറിയാത്ത സങ്കടങ്ങളൊപ്പിയെടുക്കുവാനവിടെ ഇടമുണ്ടായിരുന്നു. ബിരുദപഠനകാലത്തെ ചര്‍ച്ചകള്‍ക്ക് ബോധിവൃക്ഷമുണ്ടായിരുന്നു. സംവദിക്കാനിടമുണ്ട്. രാഷ്ട്രീയ പ്രകടനത്തിനും തല്ലിനും മറ്റൊരിടം. സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കും കുന്നുമ്പുറം വഴിതന്നിരുന്നു. ഗുരുവായൂരപ്പന്‍ കോളേജിന്റെ തനിമയാര്‍ന്ന ഈ വശ്യഭാവങ്ങള്‍ അഞ്ചുവര്‍ഷക്കാലപഠനത്തിന്റെ ഗൃഹാതുരതയെന്നും നിലനിര്‍ത്താന്‍ കാരണമായിട്ടുണ്ട്.
ഇങ്ങനെ സവിശേഷഭാവങ്ങളോടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. കോട്ടയം ജില്ലയുടെ അതിര്‍ത്തിയോട് ചേര്‍ന്ന കുട്ടിക്കാനത്തെ മരിയന്‍ കോളേജ് അങ്ങിനെയുള്ള ഒരനുഭവമാണ്. തേയിലത്തോട്ടങ്ങളോട് ചേര്‍ന്ന് പ്രകൃതിരമണീയമായ അന്തരീക്ഷത്തില്‍ തനിമയാര്‍ന്ന തച്ചുശാസത്ര രീതിയില്‍ സമാനസ്വഭാവത്തോട് കൂടിയ കെട്ടിടസമുച്ചയത്തോട് കൂടിയ മരിയന്‍ കോളേജ് ആരെയും കൊതിപ്പിക്കും. മനോഹരമായ ഇടം, ശാന്തമായ അന്തരീക്ഷം, ഭംഗിയുള്ള കെട്ടിടങ്ങള്‍ എന്നിവ മനംകുളുര്‍പ്പിക്കുന്ന ഒരവസ്ഥ ഉണ്ടാക്കിത്തീര്‍ക്കുന്നതിന് കാരണമാക്കുന്നുണ്ട്.
നഗരമധ്യത്തില്‍ ശാന്തവും മനോഹരവുമായ വിദ്യാഭ്യാസ സ്ഥാപനങള്‍ കണ്ടിട്ടുണ്ട്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍ഐഡി) അഹമ്മദാബാദിലെ പാല്‍ഡിയില്‍ സബര്‍മതിയുടെ തീരത്ത് പരമ്പരാഗത തച്ചുശാസ്ത്രം പ്രയോജനപ്പെടുത്തി പണിതിരിക്കുന്നു. മരങ്ങളും മയിലുകളും എന്‍ഐഡിയുടെ കലാന്തരീക്ഷത്തിന് സവിശേഷഭാവം നല്‍കുന്നു. നഗരമധ്യത്തിലാണ് ചെന്നൈയിലെ ഐഐടിയും കാടും തടാകവും മാനുകളും ഐഐടിയുടെ പ്രത്യേകതയാണ്. കാമ്പസ്സ് ഒരു വിശേഷലോകമാണവിടെ. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലും (ടിസ്സ്) ചെന്നൈയിലെ താംബരത്തെ മദ്രാസ് ക്രിസ്ത്യന്‍കോളേജിനും വന്യമായ ഒരു മനോഹാരിതയുണ്ട്. പഠനത്തിനും  അധ്യാപനതിതനും അത് ഏറ്റവുമിണങ്ങിയ മരുപ്പച്ചയായ്  ശോഭിക്കുന്നു.

സ്ഥാപനത്തിലെ സൌകര്യങ്ങളും സ്വാധീനങ്ങളും

ഒരു സ്ഥാപനത്തില്‍ ചേരുന്ന ആള്‍ അവിടെയുള്ള സൌകര്യങ്ങളും സംവിധാനങ്ങളും പൂര്‍ണ്ണമായും മനസ്സിലാക്കേണ്ടതുണ്ട്. പഠനത്തിന്, പരിശീലനത്തിന് എത്രമാത്രം സൌകര്യങ്ങളുണ്ടെന്നറിയുന്നത് ഒരു വിദ്യാര്‍ഥിയുടെ ആദ്യശ്രമമായിരിക്കണം. അപ്പോഴാണ് അവ തന്റെ വളര്‍ച്ചയ്ക്ക് പരമാവധി പ്രയോജനപ്പെടുത്താനാവുന്നത്. സ്ഥാപനത്തിലെത്തിയാല്‍ അതിന്റെ ഭാഗമായി മാറുകയെന്നതാണ് പ്രധാനം. തമിഴ്നാട്ടിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പഞ്ചവര്‍ഷ ഇന്റഗ്രേറ്റഡ് എംഎസ്സി ഫിസിക്സിന് ചേര്‍ന്ന എന്റെ സഹോദരിയുടെ മകന്‍, അതുല്‍ ആദ്യ സെമസ്റ്ററില്‍ ലൈബ്രറിയില്‍ ഒരു പാര്‍ട്ട്ടൈം ജോലിക്കാരനായി. ചെറിയ ഒരു വരുമാനത്തേക്കാള്‍ വലുതായിരുന്നു ലൈബ്രറിയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായപ്പോള്‍ അതുലിന് ലഭിച്ചത്. പലരുമായടുക്കാനും അതു വഴിയൊരുക്കി. വിദ്യാഭ്യാസദ സ്ഥാപനത്തോടും ജോലിയെടുക്കുന്ന സ്ഥാപനത്തോടും തന്മയീഭവിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ഓരോ വ്യക്തിയും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ചെന്നൈ ഐഐടിയില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ വ്യത്യസ്ത ഡിപ്പാര്‍ട്ട്മെന്റുകള്‍ നടത്തുന്ന പരിപാടികളും പദ്ധതികളും പരമാവധി ഉപയോഗപ്രദമായ പരിശീലനക്കളരിയാക്കി മാറ്റുന്ന വിദ്യാര്‍ഥികളെ മനസ്സിലാക്കാനിട വന്നിട്ടുണ്ട്.

സ്ഥാപനം തിരഞ്ഞെടുത്തുകഴിഞ്ഞാല്‍

ഒരു സ്ഥാപനം തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ പ്രവേശനത്തിന്റെ മാര്‍ഗങ്ങള്‍ കൃത്യമായും അറിഞ്ഞിരിക്കണം. എല്ലാ സ്ഥാപനങ്ങളിലും ഒരേ കാലത്തല്ല പ്രവേശനം. അപേക്ഷകള്‍ ക്ഷണിക്കുന്ന സമയത്തിലും വ്യത്യാസമുണ്ടാവും. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ എം എയ്ക്ക് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും എംഫിലിന് ഫെബ്രുവരിയിലുമാണ് പൊതുവെ അപേക്ഷ ക്ഷണിക്കാറുള്ളത്. ഹൈദരബാദിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയ്ക്കും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിനും ഐസറിനും ഐഐടികള്‍ക്കും പ്രത്യേക സമയങ്ങളിലായിരിക്കും പ്രവേശന അറിയിപ്പ് വരിക. സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍നിന്ന് നേരത്തെ അപേക്ഷിക്കേണ്ടസമയം അറിയാനാവും. ഡിസംബറോടെ ഇത്തരം അറിയിപ്പുകള്‍ വന്നുതുടങ്ങുന്നു. ദിനപത്രങ്ങിലും അറിയിപ്പുകള്‍ നല്‍കാറുണ്ട്. ഏതെങ്കിലുമൊരു കോഴ്സ് പാസാവുക എന്ന മാനദണ്ഡം ഉണ്ടെങ്കില്‍ത നനയും ആ കോഴ്സിന്റെ പരീക്ഷയെഴുതാന്‍ പോകുന്നവര്‍ക്കും എഴുതി ഫലമറിയാന്‍ കാത്തിരിക്കുന്നവര്‍ക്കും ചേരാനാശിക്കുന്ന കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. പല കോഴ്സുകള്‍ക്കും അടിസ്ഥാന മാനദണ്ഡമായ കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും ജൂലായ് മാസത്തോടെ ഉണ്ടാവുന്ന പ്രവേശനസമയത്ത് നല്‍കിയാല്‍ മതിയാകും. പല കോഴ്സുകളുടെയും പ്രവേശനപ്പരീക്ഷയ്ക്കും അഭിമുഖപ്പരീക്ഷയും പഠിച്ച കോഴ്സിന്റെ റിസള്‍ട്ട് വരുംമുമ്പെയാവാനിടയുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ചുള്ള അറിയിപ്പുകള്‍ കൃത്യസമയത്ത് ലഭിക്കേണ്ടതുണ്ടെന്നര്‍ത്ഥം. അതാതു സ്ഥാപനങ്ങളിലെ  പ്രവേശനപ്പരീക്ഷയുടെ രീതിയും അഭിമുഖപ്പരീക്ഷയോ ഗ്രൂപ്പ് ഡിസ്കഷനോ ഉണ്ടെങ്കില്‍ അവയുടെ മട്ടും മാതിരിയും മനസ്സിലാക്കി മുന്നൊരുക്കം നടത്തേണ്ടതുണ്ട്. ആവശ്യമെങ്കില്‍ ഇത്തരം പ്രവേശനപ്പരീക്ഷകള്‍ക്കും അഭിമുഖത്തിനുമുള്ള  പരിശീലനം നേരത്തെതന്നെ നേടാവുന്നതാണ്. ചില കോഴ്സുകള്‍ക്ക് അഭിമുഖപ്പരീക്ഷയോടനുബന്ധിച്ച് അവരവരെക്കുറിച്ചുള്ള പോര്‍ട്ട്ഫോളിയോ (ജീൃ എീഹശീ) അവതരണവും പ്രതീക്ഷിക്കുന്നുണ്ട്. അതൊരുക്കുന്നതിനു മുന്‍കൂട്ടി തയ്യാറാവേണ്ടതുണ്ട്. തിരഞ്ഞെടുക്കുന്ന സ്ഥാപനത്തില്‍ പഠനത്തിന് ചേരാനും ജോലിയില്‍ പ്രവേശിക്കാനും ഒരുക്കങ്ങളും പരിശീലനവും അനിവാര്യമാണ്.
നിശ്ചയമായും ഒരാളിന്റെ മേന്മയുറ്റ വളര്‍ച്ചയെ നിര്‍ണ്ണയിക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനമോ തൊഴില്‍ സ്ഥാപനമോ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. കണ്‍മുമ്പിലൂടെ കടന്നുപോയ പലരുടെയും സ്വപ്നസഫലീകരണം സാധ്യമാക്കിയതില്‍ അവര്‍ പ്രവേശനം നേടിയ സ്ഥാപനങ്ങള്‍ കാരണമായിത്തീര്‍ന്നിട്ടുണ്ടെന്ന്  നിരീക്ഷിക്കാനായിട്ടുണ്ട്. സ്ഥാപനം പ്രധാനം തന്നെ.
nphafiz@gmail.com    Mobiel: 9847553763
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top