04 July Saturday

ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് കെവിപിവൈ സ്കോളര്‍ഷിപ്

വെബ് ഡെസ്‌ക്‌Updated: Monday Jul 24, 2017

 

ഗവേഷണ തല്‍പരരായ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര ശാസ്ത്ര സാങ്കേതികശാസ്ത്ര വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന 'കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജനാ' സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്ക്  അപേക്ഷിക്കാം. നവംബര്‍ അഞ്ചിനാണ് പരീക്ഷ. എസ്എസ്എല്‍സിക്കും പ്ളസ്ടുവിന് ശാസ്ത്രവിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്കുനേടിയവരും ബിഎസ്സി, ബിഎസ്, ബി-സ്റ്റാറ്, ബി-മാത്സ്, പഞ്ചവത്സര എംഎസ്സി/ഇന്റഗ്രേറ്റഡ് എംഎസ് കോഴ്സുകളിലൊന്നില്‍ ഒന്നാം വര്‍ഷം  പഠിക്കുന്നവരുമായവര്‍ക്ക് അപേക്ഷിക്കാം.

ബേസിക് സയന്‍സ് വിഷയങ്ങളില്‍ താഴെ പറയുന്ന ഏതെങ്കിലും  മൂന്നു സ്ട്രീമുകളില്‍ ഒന്നില്‍ സ്കോളര്‍ഷിപ്പ് നല്‍കും.

സ്ട്രീം എസ്എ: 2017-18 അധ്യയനവര്‍ഷം സയന്‍സ് വിഷയങ്ങളെടുത്ത് പ്ളസ് വണ്ണിനു പഠിക്കുന്നവരും പത്താം ക്ളാസില്‍ മാത്തമാറ്റിക്സിനും സയന്‍സ് വിഷയങ്ങള്‍ക്കും ചേര്‍ന്ന് 75 ശതമാനം മാര്‍ക്കും വേണം (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 65 ശതമാനം). ഇവരുടെ ഫെലോഷിപ്പ് പ്രാബല്യത്തില്‍ ആവണമെങ്കില്‍ അവര്‍ പ്ളസ്ടുവിന് സയന്‍സ് വിഷയങ്ങള്‍ക്ക് 60 ശതമാനംമാര്‍ക്ക് (എസ്സി/എസ്ടിക്ക് 50 ശതമാനം) നേടുകയും  2019-20ല്‍ ബിഎസ്സി/ബിഎസ്/ബി-മാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/ഇന്റഗ്രേറ്റഡ് എംഎസ് എന്നീ ബിരുദ കോഴ്സുകളിലൊന്നില്‍ പ്രവേശനം നേടുകയും വേണം. 

സ്ട്രീം എസ്ബി: 2017-18ല്‍ ഒന്നാം വര്‍ഷ ബിഎസ്സി/ബിഎസ്/ബി-സ്റ്റാറ്റ്/ബി-മാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് കോഴ്സില്‍ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി) ചേര്‍ന്നവരും പ്ളസ്ടു പരീക്ഷയില്‍  സയന്‍സ് വിഷയങ്ങള്‍ക്ക്  60 ശതമാനം മാര്‍ക്കും (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 50 ശതമാനം) ലഭിച്ചവരുമായവര്‍ക്ക്. അവര്‍ക്ക് ഒന്നാം വര്‍ഷ ബിഎസ്സി/ബിഎസ്/ബിസ്റ്റാറ്റ്/ബിമാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് പരീക്ഷയില്‍  60 ശതമാനം മാര്‍ക്കും (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 50 ശതമാനം) ലഭിക്കുകയും വേണം.

സ്ട്രീം എസ്എക്സ്:  2017-18 ല്‍ സയന്‍സ് പ്ളസ്ടുവിന് പഠിക്കുന്നവരും   2018-19   അധ്യയനവര്‍ഷം ബേസിക് സയന്‍സില്‍ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി)  ബിഎസ്സി/ബിഎസ്/ബിസ്റ്റാറ്റ്/ബിമാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് ചേരാന്‍ താല്‍പര്യമുള്ളവരും എസ്എസ്ല്‍സിക്ക് സയന്‍സ്, മാത്സ് വിഷയങ്ങള്‍ക്ക് 75 ശതമാനം (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 65 ശതമാനം) മാര്‍ക്കും പ്ളസ്ടുവിന് സയന്‍സ്, മാത്സ് വിഷയങ്ങള്‍ക്ക് 60 ശതമാനം (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 50 ശതമാനം) മാര്‍ക്കുമുള്ളവര്‍ക്ക് എസ് എക്സ് സ്ട്രിമില്‍ അപേക്ഷിക്കാം. 

 www.kvpy.iisc.ernet.in     വെബ്സൈറ്റിലൂടെ ആഗസ്ത് 23വരെ  അപേക്ഷിക്കാം.  പ്രവേശനപരീക്ഷക്ക് സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
 

പ്രധാന വാർത്തകൾ
 Top