തിരുവനന്തപുരം
ജൂനിയർ റിസർച് ഫെലോഷിപ്പിനും (ജെആർഎഫ്) സർവകലാശാലകളിലും കോളജുകളിലും അസിസ്‌റ്റന്റ് പ്രഫസർ ജോലിക്കും യോഗ്യത നൽകുന്ന യുജിസിയുടെ നാഷണൽ എലിജിബിലിറ്റി ടെസ്‌റ്റിന് (നെറ്റ്) അപേക്ഷിക്കാം. പരീക്ഷ ഡിസംബർ രണ്ട് മുതൽ ആറ് വരെ നടക്കും. ഒക്ടോബർ ഒമ്പതുവരെ അപേക്ഷിക്കാം. നവംബർ ഒമ്പതിന് അഡ്‌മിറ്റ് കാർഡ് ലഭിക്കും. ഡിസംബർ 31ന് ഫലം പ്രസിദ്ധീകരിക്കും.
പരീക്ഷാ ഫീസ്
ജനറൽ വിഭാഗക്കാർക്ക് 1000 രൂപ, ഒബിസി (നോൺ ക്രീമിലെയർ)ക്ക് 500 രൂപ, എസ്‌സി/എസ്‌ടി/വികലാംഗർ/ഭിന്നലിംഗക്കാർക്ക് – 250 രൂപ. ഓൺലൈനായി ഫീസടയ്‌ക്കണം. ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ഇ– ചെലാൻ മുഖേനയോ (സിൻഡിക്കറ്റ്/ കാനറ/ ഐസിഐസിഐ/ എച്ച്ഡിഎഫ്സി ബാങ്കുകളിലൂടെ ഇ– ചെലാൻ പേയ്‌മെന്റ് നടത്തണം) ഫീസടയ്‌ക്കാം.
ഭാഷാവിഷയങ്ങളുൾപ്പെടെ 84 വിഷയങ്ങളിലാണു നെറ്റ് നടക്കുക. കേരളത്തിൽ 13 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ജെആർഎഫ് പാസാകുന്നവർക്കു പിജിക്കു പഠിച്ച വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ ഗവേഷണം നടത്താം. അസിസ്‌റ്റന്റ് പ്രഫസർ ജോലിക്കും അർഹതയുണ്ട്. എന്നാൽ അസിസ്‌റ്റന്റ് പ്രഫസർ യോഗ്യത മാത്രം തിരഞ്ഞെടുക്കുന്നവർക്ക് ജെആർഎഫ് നൽകുന്നതല്ല. ജെആർഎഫിനും അസിസ്‌റ്റന്റ് പ്രഫസർ യോഗ്യതയ്‌ക്കും കൂടി ഒരുമിച്ച് അപേക്ഷിക്കുകയാണോ അതോ അസിസ്‌റ്റന്റ് പ്രഫസർ യോഗ്യതയ്‌ക്കു മാത്രം അപേക്ഷിക്കുകയാണോയെന്ന് അപേക്ഷാഫോമിൽ വ്യക്‌തമായി രേഖപ്പെടുത്തണം.ജെആർഎഫ് യോഗ്യത നേടുന്നവർക്കു രണ്ടു വർഷത്തേയ്‌ക്കു ഫെലോഷിപ്പ് ലഭിക്കും. ഇതിനകം പിഎച്ച്‌ഡി/എംഫിൽ പ്രവേശനം നേടിയവരാണെങ്കിൽ നെറ്റ് ഫലം പ്രസിദ്ധീകരിക്കുന്ന തീയതി തൊട്ടോ പ്രവേശനം നേടിയ തീയതി മുതൽക്കോ (ഇവയിൽ ആദ്യം വരുന്നതു പരിഗണിക്കും) ഫെലോഷിപ്പിന് അർഹതയുണ്ട്.
യോഗ്യത
കുറഞ്ഞത് 55% മാർക്കോടെ ഏതെങ്കിലും മാനവികവിഷയങ്ങളിലും (ഭാഷാ വിഷയങ്ങൾ ഉൾപ്പെടെ) സോഷ്യൽ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്, ഇലക്‌ട്രോണിക് സയൻസ് തുടങ്ങിയ വിഷയങ്ങളിലും നേടിയ അംഗീകൃത ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. ഒബിസി (നോൺ ക്രീമിലെയർ)/എസ്‌സി/എസ്‌ടി/വികലാംഗർ എന്നീ വിഭാഗങ്ങൾക്ക് 50% മാർക്ക് മതി. മാർക്ക് ശതമാനം റൗണ്ട് ചെയ്‌തു കണക്കാക്കിയതാകരുത്. ഗ്രേസ് മാർക്കും പരിഗണിക്കില്ല. അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
ജെആർഎഫിന് 30 കവിയരുത്
ജെആർഎഫിന് 2019 ഡിസംബർ ഒന്നിന് 30 വയസ് കവിയരുത്. എസ്‌സി/എസ്‌ടി/ഒബിസി/വികലാംഗർ/ഭിന്നലിംഗക്കാർ എന്നിവർക്കും സ്‌ത്രീകൾക്കും അഞ്ചു വർഷം ഇളവു നൽകും. അനുബന്ധ വിഷയത്തിൽ ഗവേഷണ പരിചയമുള്ളവർക്കു ഗവേഷണ കാലയളവു കണക്കാക്കിയും പ്രായപരിധിയിൽ ഇളവനുവദിക്കും. എൽഎൽഎം ഡിഗ്രിക്കാർക്ക് പ്രായപരിധിയിൽ മൂന്നു വർഷത്തെ ഇളവുണ്ട്.
അസിസ്‌റ്റന്റ് പ്രഫസർ യോഗ്യതയ്‌ക്ക് ഉയർന്ന പ്രായപരിധിയില്ല.അസിസ്‌റ്റന്റ് പ്രഫസർ യോഗ്യതക്കാർക്കുള്ള ഇളവുകൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്കു വിജ്‌ഞാപനം കാണുക.1991 സെപ്‌റ്റംബർ 19 നകം പിജി പരീക്ഷ പൂർത്തിയാക്കിയിട്ടുള്ള പിഎച്ച്‌ഡിക്കാർക്കു മൊത്തം മാർക്കിൽ അഞ്ചു ശതമാനം ഇളവനുവദിക്കും (50 ശതമമാനം മതി). പിജിയെടുത്ത അതേ വിഷയത്തിലോ അനുബന്ധ വിഷയത്തിലോ മാത്രമേ നെറ്റ് എഴുതാനാകൂ.
പേപ്പർ ഒന്നിൽ 50 ചോദ്യം രണ്ടിൽ 100
രണ്ടു പേപ്പറുകളാണുള്ളത്. അധ്യാപനം/ഗവേഷണപാടവം പരിശോധിക്കുകയാണ് പേപ്പർ ഒന്നിൽ. 50 ചോദ്യങ്ങൾ. ആകെ നൂറുമാർക്ക് . റീസണിങ്, കോംപ്രിഹെൻഷൻ, വ്യത്യസ്‌ത ചിന്ത, ജനറൽ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. പേപ്പർ രണ്ടിൽ പൊതുചോദ്യത്തെ ആസ്‌പദമാക്കിയുള്ള ആകെ 200 മാർക്കിന്റെ 100 ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. നെഗറ്റീവ് മാർക്കില്ല.
പരീക്ഷകൾക്കിടയിൽ ഇടവേളയില്ല
രാവിലെയും ഉച്ചയ്‌ക്കുമായി രണ്ട് ഷിഫ്‌റ്റുകളിലായാണ് പരീക്ഷ. രാവിലത്തെ ഷിഫ്‌റ്റ് 9.30 മുതൽ 12. 30 വരെയും ഉച്ചയ്‌ക്ക് 2.30 മുതൽ 5. 30വരെയുമാണ്. മൂന്ന് മണിക്കൂർ ഇടവേളയില്ലാതെ രണ്ട് പരീക്ഷയും തുടർച്ചയായി നടത്തുകയാണ്. രാവിലത്തെ ഷിഫ്‌റ്റിൽ 7.30നും 8.30നും ഇടയിൽ ഹാളിലെത്തണം. ഉച്ചയ്‌ക്ക് 1.45നും 2നും ഇടയിൽ ഹാളിലെത്തണം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ ഓൺലൈനിൽ ലഭിക്കും. അപേക്ഷയിൽ അപ്‌ലോഡ് ചെയ്യാനായി പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും ജെപിജി ഫോർമാറ്റിൽ സ്‌കാൻ ചെയ്‌തെടുക്കണം. ഇതു സംബന്ധിച്ച വ്യവസ്‌ഥകൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനത്തിലുണ്ട്. അപേക്ഷിച്ചതിനു ശേഷം ഓൺലൈൻ അപേക്ഷയുടെ പ്രിന്റെടുക്കണം. അപേക്ഷിക്കുന്നതിനു മുൻപ് www.nta.ac.in , ntanet.nic.in , ugcnet.nta.nic.in എന്നീ വെബ്‌സൈറ്റുകളിലുള്ള വിശദ വിജ്‌ഞാപനം വായിച്ച് മനസിലാക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..