22 September Friday

എൻജിനിയറിങ് പ്രവേശനപരീക്ഷ: വേണ്ടത് ശ്രദ്ധയും ആത്മവിശ്വാസവും

ഡോ. എം അബ്ദുൾ റഹ്മാൻUpdated: Monday Apr 29, 2019എൻജിനിയറിങ് അല്ലെങ്കിൽ മെഡിക്കൽ എന്നത് ഇന്നും ഭൂരിഭാഗം വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അടങ്ങാത്ത ആഗ്രഹവും സ്വപ്നവുമാണ്. എൻജിനിയറിങ്  പ്രവേശനം കാത്തിരിക്കുന്നവർക്ക് മെയ് 2, 3 നിർണ്ണായകദിനങ്ങളാണ്. 2019 അധ്യയന വർഷത്തിലേക്കുളള എൻജിനിയറിങ് പ്രവേശന പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത് അന്നാണ്. മെയ്മൂന്നിന് ഫിസിക്സ്, കെമിസ്ട്രി എന്നിവയടങ്ങുന്ന ഒന്നാം പേപ്പറും മെയ് മൂന്നിന് കണക്ക് വിഷയത്തിലുള്ള രണ്ടാം പേപ്പറുകളുടെ പരീക്ഷയുമാണ്.

സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നിർബന്ധമാണ്. സ്വാശ്രയ എൻജിനിയറിങ്  കോളേജുകളിലേക്കുള്ള എൻആർഐ സീറ്റിന് പ്രവേശന പരീക്ഷ എഴുതണമെന്ന നിബന്ധനയില്ല. എൻജിനിയറിങ് കോളേജുകൾ നടത്തുന്ന കോഴ്സുകൾ കൂടാതെ കേരള കാർഷിക സർവകലാശാല നടത്തുന്ന അഗ്രികൾച്ചറൽ എൻജിനിയറിങ്, ഫുഡ് എൻജിനിയറിങ് ആൻഡ് ടെക്നോളജി, കേരള വെറ്റിനറി സർവകലാശാല നടത്തുന്ന ഡയറി ടെക്നോളജി, ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളുടെ പ്രവേശനവും ഈ എൻട്രൻസ് വഴി തന്നെയാണ്. കൂടാതെ, സംസ്ഥാനത്തെ ഫാർമസി കോളേജുകൾ നടത്തുന്ന ബിഫാം ബിരുദ കോഴ്സിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും ഈ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.

ഓൺലൈനിൽ സമർപ്പിച്ച അപേക്ഷകൾ സ്വീകരിച്ചവരുടെ അഡ്മിറ്റ് കാർഡ് www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിൽ നിന്നും പ്രിന്റ് എടുത്ത അഡ്മിറ്റ് കാർഡുമായി ചെന്നാൽ മാത്രമേ പ്രവേശന പരീക്ഷയ്ക്കിരിക്കാൻ അനുവദിക്കുകയുള്ളൂ. അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റ്ഔട്ട് ആണ് എടുക്കേണ്ടതെന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ട്. അഡ്മിറ്റ് കാർഡുമായി ചെല്ലാത്ത ആരേയും പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. നീലയോ കറുപ്പോ നിറത്തിലുള്ള ബോൾപേനയും പരീക്ഷ എഴുതാനായി കരുതേണ്ടതാണ്.

പരീക്ഷാഘടനയും നെഗറ്റീവ് മാർക്കും
രണ്ടര മണിക്കൂർ ദൈർഘ്യമുള്ള രണ്ട് പേപ്പറുകളാണ് പരീക്ഷയ്ക്കുള്ളത്. രണ്ടു പേപ്പറുകളും എഴുതിയിരിക്കണമെന്ന നിർബന്ധമുണ്ട്. ഏതെങ്കിലും ഒരു പേപ്പർ എഴുതാതിരുന്നാൽ അയോഗ്യരാകുകയും എൻജിനിയറിങ് റാങ്കിങ്ങിന് പരിഗണിക്കുന്നതുമല്ല. ഓരോ പേപ്പറുകളിലും 120 ചോദ്യം വീതമാണുള്ളത്. ഓരോ ചോദ്യത്തിനും അഞ്ച് ഉത്തരങ്ങളും നൽകിയിരിക്കും. ഓരോ ശരിയുത്തരത്തിനും 4 മാർക്ക് ലഭിക്കും. നെഗറ്റീവ് മാർക്കിംഗ് ഉണ്ടെന്നത് കാരണം വളരെ ആലോചിച്ച് വേണം ഉത്തരങ്ങൾ തെരഞ്ഞെടുക്കാൻ. ഓരോ തെറ്റ് ഉത്തരങ്ങൾക്കും ഒരു മാർക്ക് വീതം കുറവ് വരുത്തുന്നതായിരിക്കും.

ചോദ്യങ്ങളടങ്ങിയ ബുക്ക്ലെറ്റിനൊപ്പം ഉത്തരങ്ങൾ രേഖപ്പെടുത്തേണ്ട ഒഎംആർ ഷീറ്റും വിദ്യാർഥികൾക്ക് ലഭിക്കും. വളരെ ശ്രദ്ധിച്ച് വേണം ഒഎംആർ ഷീറ്റ് മാറ്റി ലഭിക്കുന്നതല്ല. കാൻഡിഡേറ്റ് ഡാറ്റ, ഉത്തരങ്ങൾ എന്നീ രണ്ട് സെക്ഷനുകളാണ് ഒഎംആർ ഷീറ്റിലുള്ളത്. റോൾ നമ്പർ, വേർഷൻ നമ്പർ, പേര്, വിഷയം, ഒപ്പ് തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്താനുള്ള ഭാഗമാണ് ആദ്യത്തേത്. രേഖകൾ പൂരിപ്പിക്കുന്നതിനൊപ്പം അതിന് സമാനമായ വൃത്തങ്ങൾ കറുപ്പിക്കേണ്ടതും പ്രത്യേകം ശ്രദ്ധിക്കണം കോളങ്ങൾ മാറിപ്പോവാതെ നോക്കേണ്ടതുണ്ട്. കംപ്യൂട്ടർ വാലുവേഷനിലൂടെയാണ് ഒഎംആർ ഷീറ്റ് കടന്നുപോവുന്നത്. അതിനാൽ തന്നെ സൂക്ഷ്മത അനിവാര്യമാണ്.

നാലു വിവിധ തരം വേർഷനുകളിലായാണ് ചോദ്യബുക്കുകൾ തയ്യാറാക്കിയിട്ടുള്ളത്. അടുത്തടുത്ത് ഇരിക്കുന്നവർ പരസ്പരം പകർത്തി എഴുതുന്നത് ഒഴിവാക്കാനാണിത്. ഓരോ ആൾക്കും ലഭിച്ച വേർഷൻ തങ്ങളുടെ അഡ്മിറ്റ് കാർഡിലെ വേർഷനു സമാനമാണോ എന്ന് ഉറപ്പു വരുത്തണം.

കറക്കിക്കുത്ത് നല്ലതല്ല
ഓരോ ചോദ്യത്തിനും അഞ്ച് ഉത്തരങ്ങൾ നൽകിയിട്ടുണ്ടാവുമെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഈ നാല് ഉത്തരങ്ങളും ഏകദേശം സമാനമായതായിരിക്കും. ഇതിൽ നിന്നും ശരിയായ ഉത്തരം തിരഞ്ഞെടുക്കുന്നതിന് ആഴത്തിലുള്ള അറിവ് അനിവാര്യമാണ്. നെഗറ്റീവ് മാർക്കുള്ളതിനാൽ കറക്കികുത്ത് ഒട്ടും ഉചിതമല്ല. പരീക്ഷാ ഹാളിൽ മനസ്സ് ഏകാഗ്രമാക്കി നിർത്തേണ്ടതുണ്ട്. തികഞ്ഞ ജാഗ്രയോടെ വേണം ഉത്തരങ്ങൾ തിരഞ്ഞെടുക്കാൻ. അറിയില്ലെങ്കിൽ അടുത്ത ചോദ്യത്തിലേക്ക് പോകുന്നതാണ് ഉചിതം. ഉത്തരമെഴുതുമ്പോൾ നമ്മൾ തെരഞ്ഞെടുത്ത ചോദ്യ നമ്പറിനു നേരെയുള്ള ബബിൾ ആണ് കറുപ്പിക്കുന്നതെന്നും ഉറപ്പു വരുത്തണം.

ഭയം വേണ്ട, ജാഗ്രത വേണം
പ്ലസ്ടൂവിന് ഒരുവിധം നന്നായി പഠിച്ചവർക്ക് എൻട്രൻസ് ഭാരമാവില്ല. പ്ലസ്ടു തലത്തിലുള്ള സിലബസ് അനുസരിച്ചാണ് ചോദ്യങ്ങൾ എന്നുള്ളതിനാൽ തീർത്തും ഭയക്കേണ്ടതില്ല. പരീക്ഷാ ഹാളിൽ വെപ്രാളം കാണിക്കേണ്ടതില്ല. സാധാരണ പോലെ തന്നെ ശാന്തമായി വേണം പരീക്ഷ എഴുതാൻ. പക്ഷേ, സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. മനസ്സ് ഏകാഗ്രമാക്കാനുള്ള വ്യായാമങ്ങൾ സ്വീകരിക്കുന്നത് ഉത്തമമായിരിക്കും. സമയത്തെക്കുറിച്ചുള്ള ബോധമുണ്ടായിരിക്കേണ്ടതുണ്ട്. 120 ചോദ്യങ്ങൾക്കുള്ള ആകെ സമയം രണ്ടര മണിക്കൂറാണ്. ഓരോ ചോദ്യത്തിനും 1.25 മിനിറ്റ് ലഭിക്കും. ഒരു ചോദ്യത്തിനായി സമയം കളയരുത്. വേഗത്തിലും കൃത്യതയിലും കണ്ണു വേണം. ആത്മവിശ്വാസത്തോടെ തന്നെയാവണം ചോദ്യങ്ങളെ നേരിടേണ്ടത്. ഏതെങ്കിലും കുറച്ച് ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ അറിയില്ലെങ്കിൽ പതറേണ്ടതില്ല. സമയക്കുറവിന്റെയും തെറ്റുവരുത്തുന്നുണ്ട് എന്നതിന്റെയും പിരിമുറക്കത്തിൽ നിന്നും മുക്തനാവാൻ പ്രത്യേകം ശ്രദ്ധിക്കണം.

തയ്യാറെടുക്കുക ആത്മവിശ്വാസത്തോടെ
സംസ്ഥാനത്ത് 145 എൻജിനിയറിങ് കോളേജുകളിലായി 49000 ബിടെക് എൻജിനിയറിങ് സീറ്റുകൾ നിലവിലുണ്ട്. എൻജിനിയറിങ് പഠനരീതികൾ വ്യത്യസ്തമാണ്. അതിനാൽ തന്നെ മറ്റേത് ബിരുദത്തേക്കാൾ ജോലി സാധ്യതയും ഉണ്ട്. ഈയടുത്ത് വന്ന സിവിൽ സർവീസ് പരീക്ഷ വിജയിച്ചതിൽ 56 ശതമാനം പേരും എൻജിനിയറിങ് ബിരുദധാരികളായിരുന്നു.

എൻജിനിയറിങ് പ്രവേശനപരീക്ഷയിലുടെ തന്നെയാണ് സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജിലടക്കം 42 ഫാർമസി സ്ഥാപനങ്ങളിലുള്ള ബിഫാം ബിരുദ കോഴ്സിലേക്കുള്ള പ്രവേശനവും നടത്തുന്നത്. ബിഫാമിന് മാത്രം പ്രവേശനമാഗ്രിക്കുന്നവർ ഈ പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പർ (ഫിസിക്സ്, കെമിസ്ട്രി) മാത്രമെഴുതിയാൽ മതി.

പ്രവേശന പരീക്ഷയ്ക്ക് ഇനി അധിക നാളുകളില്ല. പഠിച്ചതൊക്കെ ഒന്നു കൂടി റിവിഷൻ നടത്തുകയാണ് ഇനി ചെയ്യേണ്ടത്. സമവാക്യങ്ങൾ എഴുതി ശീലിക്കുക. പ്രധാനപ്പെട്ടവ ഒന്നുകൂടി ഓടിച്ചു നോക്കുക. ആത്മവിശ്വാസത്തോടെ വേണം പരീക്ഷാഹാളിലെത്താൻ. തലേ ദിവസം ഉറക്കമിളച്ചുള്ള പഠനം ഒഴിവാക്കണം. പരീക്ഷ സമയത്തിന് അര മണിക്കൂർ മുമ്പു തന്നെ ഹാളിലെത്തുക. ചോദ്യ ബുക്ക്ലെറ്റ് കിട്ടിക്കഴിഞ്ഞാൽ എല്ലാ പേജുകളുമുണ്ടെന്നും പിഴവുകളിലെന്നും ആദ്യം ഉറപ്പു വരുത്തുക. പരീക്ഷയ്ക്കിടയിൽ എന്തെങ്കിലും അപാകതകൾ ശ്രദ്ധയിൽപ്പെട്ടാൽ ഇൻവിജിലേറ്ററുടെ സഹായം തേടുക.

പ്ലസ്ടു കഴിഞ്ഞെത്തുന്നവർ നേരിടുന്ന പ്രഥമ എൻട്രൻസ് പരീക്ഷയാണെന്നതിനാൽ തന്നെ ചിലർക്ക് ടെൻഷനുണ്ടാവുക സ്വാഭാവികം. എന്നാൽ വേവലാതിയില്ലാതെ തീർത്തും ശാന്തമായി പരീക്ഷ എഴുതുക. വിജയം നമ്മെ തേടി എത്തുക തന്നെ ചെയ്യും. (സി‐ആപ്റ്റ് മാനേജിംഗ് ഡയറക്ടറാണ് ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top