01 December Tuesday

എന്‍ജിനിയറിങ് സ്വപ്നങ്ങള്‍ക്ക് ചിറകേകാം

ഡോ. നീതുസോണ ഐഐഎസ്Updated: Friday Apr 28, 2017

മലയാളി യുവതി-യുവാക്കളുടെ കരിയര്‍മോഹങ്ങളില്‍ ഇന്നും മുന്നിട്ടുനില്‍ക്കുന്നത് മെഡിസിനും എന്‍ജിനിയറിങ്ങുമൊക്കെയാണ്. കേരളത്തിലെ വിവിധ എന്‍ജിനിയറിങ് കോളേജുകളിലായി ഏകദേശം 58,000 ബിടെക് സീറ്റാണുള്ളത്. ബിടെക് സീറ്റുകളിലേക്കുള്ള പ്രവേശനം കേരള എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷ വഴിയാണ്. ഈ വര്‍ഷത്തെ പ്രവേശനപരീക്ഷ നടന്നുകഴിഞ്ഞു. സര്‍ക്കാര്‍മേഖലയില്‍ ഒമ്പത് എന്‍ജിനീയറിങ് കോളേജുകളും, എയ്ഡഡ്മേഖലയില്‍ മൂന്നും, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയമേഖലയില്‍ 21ഉം, സ്വകാര്യമേഖലയില്‍ 119 എന്‍ജിനിയറിങ് കോളേജുകളും പ്രവര്‍ത്തിക്കുന്നു. ഇവയെല്ലാം സാങ്കേതിക സര്‍വകലാശാലയിലാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.  ഇതുകൂടാതെ മറ്റ് സര്‍വകലാശാലകള്‍ക്കു കീഴിലും ചുരുക്കം ചില എന്‍ജിനിയറിങ് കോളേജുകളുണ്ട്.

സാങ്കേതിക സര്‍വകലാശാല നിലവില്‍വന്നശേഷം ഗുണനിലവാരം ഉറപ്പുവരുത്താന്‍ എന്‍ജിനിയറിങ് സിലബസില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ാഅതുകൊണ്ടുതന്നെ കഴിവും സാങ്കേതികവിദ്യയില്‍ അഭിരുചിയുമുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രമേ എന്‍ജിനിയറിങ് പഠനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയൂവെന്നു സാരം.

പ്രവേശനപരീക്ഷയ്ക്ക് റാങ്ക്പട്ടികയും
രണ്ടരമണിക്കൂര്‍വീതം ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള രണ്ടു ചോദ്യപേപ്പറുകളാണ് എന്‍ജിനിയറിങ് പ്രവേശനപരീക്ഷയിലുള്ളത്. ഒന്നാം പേപ്പറില്‍ ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളെആസ്പദമാക്കിയുള്ള ചോദ്യങ്ങളാണെങ്കില്‍ രണ്ടാം പേപ്പര്‍ മാത്തമറ്റിക്സ് ആണ്്. ഓരോ പേപ്പറിലും 10 മാര്‍ക്ക്വീതമെങ്കിലും നേടുന്നവര്‍ക്കു മാത്രമേ എന്‍ജിനിയറിങ് റാങ്ക്പട്ടികയില്‍സ്ഥാനം ലഭിക്കുകയുള്ളൂ. പ്രവേശനപരീക്ഷയിലെ മാര്‍ക്ക് കൂടാതെ പ്ളസ്ടു യോഗ്യതാ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ മൊത്തം ലഭിക്കുന്ന മാര്‍ക്കിനും 50 ശതമാനം വെയ്റ്റേജ് ഉണ്ട്.

ബാച്ചിലര്‍ ഓഫ് ആര്‍കിടെക്ചര്‍ പ്രവേശനം കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷയിലൂടെയല്ല. കൌണ്‍സില്‍ ഓഫ് ആര്‍കിടെക്ചര്‍ നടത്തുന്ന നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍കിടെക്ചര്‍ പരീക്ഷയുടെയും പ്ളസ്ടു പരീക്ഷയുടെയും മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത്.

പരമ്പരാഗത ബ്രാഞ്ചുകള്‍ക്ക് ഇന്നും പ്രിയം
ഇരുപത്തെട്ട് ബ്രാഞ്ചുകളാണ് കേരളത്തിലെ ബിടെക് വിദ്യാര്‍ഥികള്‍ക്കു മുന്നിലുള്ളത്. എന്‍ജിനിയറിങ് റാങ്ക്പട്ടികയില്‍ ലഭിക്കുന്ന റാങ്കിന്റെയും വിദ്യാര്‍ഥി നല്‍കുന്ന ഓപ്ഷന്റെയും, സീറ്റ് ലഭ്യതയുടെയും അടിസ്ഥാനത്തിലാണ് കോഴ്സുകളും കോളേജുകളും അനുവദിക്കുന്നത്. കഴിഞ്ഞവര്‍ഷങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് മലയാളികള്‍ക്കിപ്പോഴും പ്രിയം പരമ്പരാഗത ബ്രാഞ്ചുകളായ കംപ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ തുടങ്ങിയ ബ്രാഞ്ചുകളാണെന്നാണ്. ഇവയുടെതൊഴില്‍സാധ്യതകള്‍തന്നെയാണ് ഈ ബ്രാഞ്ചുകളെ കൂടുതല്‍സ്വീകാര്യമാക്കുന്നത്. ഇനി അല്‍പ്പം വേറിട്ട് ചിന്തിക്കുന്നവര്‍ക്കായി മെക്കട്രോണിക്സ് എന്‍ജിനിയറിങ്, നേവല്‍ ആര്‍കിടെക്ചര്‍ആന്‍ഡ് ഷിപ് ബില്‍ഡിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് ബയോമെഡിക്കല്‍ എന്‍ജിനിയറിങ്, പോളിമെര്‍ എന്‍ജിനിയറിങ് തുടങ്ങി വൈവിധ്യമാര്‍ന്ന ശാഖകളില്‍ എന്‍ജിനിയറിങ് ബിരുദം കരസ്ഥമാക്കാനുള്ള അവസരവും ഇന്ന് നമ്മുടെ സംസ്ഥാനത്തുണ്ട്.

ഓപ്ഷന്‍ നല്‍കുമ്പോള്‍
പ്രവേശനപരീക്ഷാഫലം വന്നശേഷം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിക്ക് തന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള കോഴ്സുകളിലേക്കും കോളേജുകളിലേക്കും ഓണ്‍ലൈനായി ഓപ്ഷന്‍ നല്‍കാവുന്നതാണ്. നമ്മുടെ കഴിവിനും അഭിരുചിക്കും അനുസരിച്ച് ബ്രാഞ്ചുകള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കോളേജ് തെരഞ്ഞെടുക്കുമ്പോഴും ഇതേ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സ്ഥാപനത്തിന്റെ ട്രാക്ക് റെക്കോഡ്, വിജയശതമാനം, അടിസ്ഥാനസൌകര്യങ്ങള്‍ എന്നിവയെല്ലാം പ്രധാന ഘടകങ്ങളാണ്. സാങ്കേതിക സര്‍വകലാശാലാ വെബ്സൈറ്റായ www.ktu.edu.in ഓരോ കോളേജിലെയും വിജയശതമാനം ലഭ്യമാണ്. കൂടാതെ ഓരോ കോഴ്സിന്റെയും സിലബസും ലഭ്യമാക്കിയിട്ടുണ്ട്. കോഴ്സിനെയും കോളേജിനെയും അടുത്തറിയാന്‍ ഇതിലൂടെ സാധിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top