21 September Saturday

എസ്എസ്എ പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലേക്ക്: യുപി ക്ളാസുകളില്‍ ഇനി മലയാളത്തിന് തിളക്കമേറും

എല്‍ദോ ജോണ്‍Updated: Sunday Jul 23, 2017

പിറവം > കുട്ടികളുടെ മലയാളഭാഷാപഠനം ഇനി തിളക്കമുള്ളതാകും. ഭാഷാപ്രശ്നം നേരിടുന്ന യുപി വിഭാഗം കുട്ടികളെ 25 മണിക്കൂര്‍ പരിശീലനംകൊണ്ട് മെച്ചപ്പെടുത്താനാണ് പദ്ധതി. ഇതിനായി എസ്എസ്എ 2451 ബിആര്‍സി അധ്യാപകര്‍ക്ക് അഞ്ചുദിവസം പരിശീലനം നല്‍കി. ഇവര്‍ 27 മുതല്‍ സംസ്ഥാനത്തെ 4,800 വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അഞ്ചുദിവസംവീതം പരിശീലനം നല്‍കും.

ഇരുപത് കുട്ടികള്‍വീതമുള്ള ബാച്ചുകളായി തിരിച്ചാണ് പരിശീലനം. ട്രെയ്നര്‍മാര്‍, ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍മാര്‍, റിസോഴ്സ് അധ്യാപകര്‍ എന്നിവരില്‍നിന്നും രണ്ടുപേര്‍ അടങ്ങുന്ന സംഘമാണ് സ്കൂളുകളില്‍ എത്തുക. ക്ളാസ് നഷ്ടപ്പെടുത്താതിരിക്കാനാണ് ബിആര്‍സി പരിശീലകര്‍ നേരിട്ട് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. ക്ളാസില്ലാത്തപ്പോള്‍ സ്കൂള്‍അധ്യാപകര്‍ക്ക് പരിശീലനം കണ്ടുമനസിലാക്കാന്‍ അവസരം കിട്ടും. ഇതിലൂടെ  സ്കൂളില്‍ തുടര്‍പരിശീലനം ഉറപ്പാക്കും. ആഗസത് രണ്ടിന്   സംസ്ഥാനത്തെ 159 ബിആര്‍സികള്‍ക്കു കീഴിലും ആദ്യഘട്ടപരിശീലനം പൂര്‍ത്തിയാക്കി വിജയപ്രഖ്യാപനവും നടക്കും. ശനിയാഴ്ചകളും പ്രയോജനപ്പെടുത്തും. കഴിഞ്ഞവര്‍ഷം പരിശീലനം കിട്ടിയ എല്‍പി വിഭാഗം അധ്യാപകരുടെ നേതൃത്വത്തില്‍ രണ്ട്, മൂന്ന്, നാല് ക്ളാസുകളിലും പദ്ധതി തുടര്‍ന്നുവരികയാണ്.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികളുടെ മലയാളപഠനം 100 ശതമാനം പൂര്‍ണതയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളത്തിളക്കം അവതരിപ്പിക്കപ്പെടുന്നത്. കോലഞ്ചേരി ടീച്ചേഴ്സ് ക്ളബ്ബിന്റെ 'കൈത്താങ്ങ്', കാസര്‍ഗോഡ് ഡയറ്റിന്റെ 'സാക്ഷരം', മലപ്പുറം ഡയറ്റിന്റെ 'എന്റെ മലയാളം' എന്നീ പദ്ധതികളാണ്  മലയാളത്തിളക്കത്തിന് എസ്എസ്എക്ക് പ്രേരണയായത്. ടീച്ചേഴ്സ് ക്ളബ് സെക്രട്ടറിയും ഇടമലയാര്‍ ഗവ. യുപി സ്കൂള്‍ അധ്യാപകനുമായ ടി ടി പൌലോസ് സംസ്ഥാനത്ത് 110ലേറെ സ്കൂളുകളില്‍ പദ്ധതി നേരിട്ടു നടപ്പാക്കി വിജയത്തിലെത്തിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം എസ്ഇആര്‍ടി അംഗീകാരത്തോടെ എസ്എസ്എ പദ്ധതി ഏറ്റെടുക്കുകയായിരുന്നു. ആറന്മുള, കോങ്ങാട് മണ്ഡലങ്ങളിലെ സ്കൂളുകളിലെ പരീക്ഷണ പരിശീലനങ്ങള്‍ക്കുശേഷമാണ് കേരളം മുഴുവന്‍ വ്യാപിപ്പിച്ചത്.

എസ്എസ്എ സംസ്ഥാന കണ്‍സള്‍ട്ടന്റ് ടി പി കലാധരന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. എം വി ഗംഗാധരന്‍, കെ ആര്‍ അശോകന്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. വി പരമേശ്വരന്‍, എ ശ്രീകുമാര്‍, ബിആര്‍സി ട്രെയ്നര്‍മാരായ പി മഞ്ജുഷ, രാജേഷ് എസ് വള്ളിക്കോട്, ജി രവി, ടി ടി പൌലോസ് എന്നിവരുടെ നേതൃത്വത്തിലാണ് മലയാളത്തിളക്കം പരിശീലനക്രമം രൂപീകരിച്ചത്.

പ്രധാന വാർത്തകൾ
 Top