31 March Tuesday

ഗവേഷണം മുടങ്ങേണ്ട ; ബാക്ക്‌ ടു ലാബ്‌ അപേക്ഷ 25 വരെ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020


തിരുവനന്തപുരം
കേരള ശാസ്‌ത്ര സാങ്കേതിക കൗൺസിലിന്റെ  ബാക്ക്‌–-ടു–-ലാബ്‌ പദ്ധതിയിലേക്ക്‌ 25 വരെ അപേക്ഷിക്കാം. ഗവേഷണരംഗത്തേക്ക്‌ കൂടുതൽ സ്‌ത്രീകളെ ആകർഷിക്കുന്നതിന്‌  കൗൺസിലിന്റെ വിമൻ സയന്റിസ്‌റ്റ്‌സ്‌ ഡിവിഷനാണ്‌ ബാക്ക്-ടു-ലാബ് റിസർച്ച് ഫെലോഷിപ്പ് പ്രോഗ്രാം നടപ്പാക്കുന്നത്‌. ഉന്നത വിദ്യാഭ്യാസയോഗ്യത നേടിയിട്ടും വിവിധ കാരണങ്ങളാൽ ശാസ്‌ത്ര ഗവേഷണരംഗത്ത്‌  തുടരാൻ കഴിയാത്തവരെ മടക്കിക്കൊണ്ടുവരികയാണ്‌ ലക്ഷ്യം. അപേക്ഷകർ ഒരു അംഗീകൃത സർവകലാശാലയിൽ ഗവേഷണത്തിന്‌ രജിസ്‌റ്റർ ചെയ്‌തവരും ബിരുദാനന്ദര ബിരുദത്തിന്‌ കുറഞ്ഞത്‌ അറുപത്‌ ശതമാനം  മാർക്ക്‌ നേടിയവരും ആകണം. ഗവേഷണ രജിസ്‌ട്രേഷനു ശേഷം നാല്‌ വർഷത്തിനകം അപേക്ഷിക്കണം. ഗവേഷണത്തിന്റെ ഭാഗമായ കോഴ്‌സ്‌ വർക്ക്‌ പൂർത്തിയായിരിക്കണം. അപേക്ഷകർ ഗവേഷണ  കാലയളവിൽ കുടുംബപരമായ കാരണങ്ങളാൽ ഗവേഷണത്തിൽ നിന്ന്‌ വിട്ടു നിൽക്കേണ്ടി വന്നതിന്റെ രേഖകൾ സമർപ്പിക്കണം. 45 വയസ്സ്‌ കവിയരുത്‌.

ബാക്ക്‌ ടു ലാബ്‌ പോസ്‌റ്റ്‌ ഡോക്ടറൽ ഫെലോഷിപ്പിന്‌ അപേക്ഷിക്കുന്നവർ പിഎച്ച്‌ഡി നേടിയവരും ഇപ്പോൾ ശാസ്‌ത്രരംഗത്തു നിന്ന്‌ വിട്ടു നിൽക്കുന്നവരുമായിരിക്കണം. പ്രായം 50 വയസ്സ്‌ കവിയരുത്‌. അപേക്ഷകർ ബിരുദാനന്ദര ബിരുദത്തിന്‌ 60 ശതമാനം മാർക്ക്‌ നേടിയവരായിരിക്കണം.

ഫെലോഷിപ്‌
ബാക്ക്‌ ടു ലാബ്‌ റിസർച്ച്‌ ഫെലോഷിപ്‌   പദ്ധതി പ്രകാരം ആദ്യത്തെ  ഒന്നും രണ്ടും വർഷങ്ങളിൽ മാസം 22 000  രൂപ ഫെലോഷിപ്പും പത്തു ശതമാനം വീട്ടു വാടകയും മൂന്നാം വർഷം 25000 രൂപ ഫെലോഷിപ്പും പത്തു ശതമാനം വീട്ടു വാടകയും ലഭിക്കും. ഇതു കൂടാതെ വർഷം തോറും  20, 000 രൂപ ഗ്രാന്റും. പോസ്‌റ്റ്‌ ഡോക്ടറൽ പദ്ധതിയിൽ മാസം 32000 രൂപ ഫെലോഷിപ്പും പത്തു ശതമാനം വീട്ടുവാടകയും 50000 രൂപ വാർഷിക ഗ്രാന്റും ലഭിക്കും.

അപേക്ഷ അയക്കേണ്ട വിധം
കേരള ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (കെഎസ്‌സിഎസ്‌ടിഇ) വെബ്‌സൈറ്റായ www.kscste.kerala.gov.in വിശദാംശങ്ങളും അപേക്ഷാ ഫോറവും ലഭ്യമാണ്‌. അപേക്ഷയും അനുബന്ധ രേഖകളും ഡയറക്ടർ, കേരള സ്‌റ്റേറ്റ്‌ കൗൺസിൽ ഫോർ സയൻസ്‌ ടെക്‌നോളജി എൻവിറോൺമെന്റ്‌, ശാസ്‌ത്രഭവൻ, പട്ടം പിഒ തിരുവനന്തപുരം –-695004 എന്ന വിലാസത്തിൽ ഫെബ്രവരി 25 നകം ലഭിക്കണം. ഫോൺ 0471–-2548208, 2548346.


പ്രധാന വാർത്തകൾ
 Top