എസ്‌എസ്‌എൽസിക്ക് സമീപകാലത്തായി പിരിമുറുക്കത്തോടെ വിദ്യാർഥികൾ സമീപിക്കുന്ന ‘സാമൂഹ്യശാസ്ത്രം' പരീക്ഷ ഇക്കുറി താരതമ്യേന ആശ്വാസകരമായിരുന്നു എന്നു തന്നെയാണ് പ്രാഥമിക വിലയിരുത്തൽ.
നിർബന്ധമായും പഠന വിധേയമാക്കേണ്ട പാഠഭാഗങ്ങളെ അധികരിച്ചുള്ള എ പാർട്ടിലെ 15 ചോദ്യവും തെരഞ്ഞെടുത്തു പഠിക്കാവുന്ന ഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ബി പാർട്ടിലെ 10 ചോദ്യവും ചേർന്ന് ആകെ 25 ചോദ്യമാണ് പരീക്ഷയ്‌ക്ക് ഉണ്ടായിരുന്നത്. ആദ്യത്തെ 5 ചോദ്യം 1 സ്കോറിന്റെ ഒബ്ജക്ടീവ് മാതൃകയിലുള്ളവയായിരുന്നു. ഒന്നാമത്തെ ചോദ്യം പ്രത്യക്ഷത്തിൽ ലളിതമെന്നു തോന്നുമെങ്കിലും ഹിമാദ്രി എന്ന ഉത്തരത്തിലേക്കെത്താൻ ശരാശരിക്കാരും അതിനു താഴെയുള്ളവരും ബുദ്ധിമുട്ടും. അതുപോലെ 4–-ാം ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകാൻ ഈ യൂണിറ്റിലൂടെ വളരെയാഴത്തിൽ കടന്നുപോയവർക്കു മാത്രമേ കഴിയു. ചേരുംപടി ചേർക്കാനുള്ള ആറാം ചോദ്യം എളുപ്പമായിരുന്നു.
7 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഇന്ത്യയിലെ ശൈത്യകാലം, വിവരാവകാശ നിയമം, സമൂഹശാസ്ത്ര പഠനം, കൽക്കരിയുൽപ്പാദനം, റിസർവ് ബാങ്കിന്റെ ധർമങ്ങൾ, ചമ്പാരൻ -–- ഖേഡ സത്യഗ്രഹങ്ങൾ, വിവിധ നികുതി വ്യവസ്ഥകൾ എന്നീ ആശയങ്ങളാണ് വിഷയമായത്. ഇതിൽ കൽക്കരിയുൽപ്പാദനവുമായി ബന്ധപ്പെട്ട 10–-ാം ചോദ്യം കുട്ടികളെ ബുദ്ധിമുട്ടിച്ചേക്കാം. ഭൂപട സംബന്ധിയായുള്ള 15-–-ാം ചോദ്യം കുട്ടികൾ സന്തോഷപൂർവം സ്വീകരിക്കും.
സംസ്ഥാന പുനഃസംഘടന, മോഹൻ റോയിയുടെ ആധുനികവൽക്കരണ ശ്രമങ്ങൾ, വിശ്വഭാരതി, ഇരുമ്പുരുക്കുശാലകൾ, രാഷ്ട്ര രൂപീകരണവും ഭൂപ്രദേശവും, പൗരബോധവും ധാർമ്മികതയും, ജനസംഖ്യാപഠന പ്രാധാന്യം, ഉപഭോക്തൃ ചൂഷണം എന്നിവയെ ആധാരമാക്കിയുള്ളവയായിരുന്നു പാർട്ട് ബിയിലെ 16 മുതൽ 20 വരെയുള്ള ചോദ്യങ്ങൾ. ഇതിൽ 19–-ാം ചോദ്യത്തിന് 4 സ്കോറിനുള്ള ഭൂപ്രദേശസംബന്ധിയായ കാര്യങ്ങൾ ഉൾപ്പെടുത്താൻ വിദ്യാർഥികൾ ബുദ്ധിമുട്ടും
രാഷ്ട്രവും പൗരനും എന്ന വിഷയത്തിൽ കുറിപ്പു തയ്യാറാക്കാനുള്ള ചോദ്യം കാലിക പ്രസക്തിയുള്ളതായിരുന്നു. കോണ്ടൂർ രേഖകളുമായി ബന്ധപ്പെട്ട ചോദ്യം എളുപ്പമായിരുന്നെങ്കിലും അതിന്റെ 4–-ാം പിരിവ് കടുപ്പമായിരിന്നു. ഭൂവിവരവ്യവസ്ഥയുടെ വിശകലന സാധ്യതകൾ എഴുതാൻ കുട്ടികൾ ബുദ്ധിമുട്ടിയേക്കാം.
ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുമായി ബന്ധപ്പെട്ട 23–--ാം ചോദ്യത്തിന് 86 ലെ നിയമസംബന്ധിയായ കാര്യങ്ങൾ കുട്ടികൾ തെറ്റായി എഴുതാൻ സാധ്യതയുണ്ട്. ഋതുഭേദങ്ങളും അന്തരീക്ഷമർദവും സംബന്ധിച്ച ആശയങ്ങൾ ചോദ്യങ്ങളായി പരിണമിച്ച 5 സ്കോറിന്റെ 24–-ാം ചോദ്യം അസ്സലായി. എന്നാൽ, 6 സ്കോറിന്റെ 25-–-ാം ഉത്തരത്തിൽ കോണ്ടിനന്റൽ കോൺഗ്രസിന്റെ വിവരങ്ങൾ ഉൾക്കൊള്ളിക്കേണ്ട കാര്യം കണ്ടപ്പോൾ ആദ്യമുണ്ടായ സന്തോഷത്തിന് മങ്ങലുണ്ടായിക്കാണാം. നാസിസത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ട ചോദ്യം താരതമ്യേന എളുപ്പമായിരുന്നു.
മലയാളത്തിലുള്ള ചില ചോദ്യങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തപ്പോഴുണ്ടായ ചില ചില്ലറ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്.
സമയപരിമിതി എന്ന സ്ഥിരം പരാതിയില്ലാതെ സന്തോഷപൂർവം വീടുകളിലേക്കു വിദ്യാർഥിക്ക് പോകാൻ ഇത്തവണത്തെ സാമൂഹ്യശാസ്ത്രം പരീക്ഷയ്‌ക്കായിയെന്ന് സംശയമെന്യേ പറയാം.
( മട്ടാഞ്ചേരി ടി ഡി ഹൈസ്‌കൂളിലെ അധ്യാപകനാണ് ലേഖകൻ )
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..