14 September Saturday

എസ്‌എസ്‌എൽസി : ഊർജമായി ഊർജതന്ത്രം

പ്രണാബ് കുമാർ വി ജിഎച്ച്എസ്, തച്ചങ്ങാട്, 
കാസർകോട്Updated: Friday Apr 16, 2021


പത്താംതരം ശാസ്ത്രവിഷയങ്ങളിലെ ആദ്യ പരീക്ഷയായ ഊർജതന്ത്രം വിദ്യാർഥികൾക്ക്‌ ഊർജം പകരുന്നതായി. വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾ, അധ്യാപകരുടെ പിന്തുണ ക്ലാസുകൾ, സംശയ ദൂരീകരണ ക്ലാസുകൾ എന്നിവയിലൂടെ നേടിയ ആത്മവിശ്വാസവുമായി പരീക്ഷാഹാളിൽ എത്തിയ അവരുടെ മനസ്സ് ഉൾക്കൊണ്ട്‌ തയ്യാറാക്കിയ മൂല്യനിർണയോപാധിയായി മാറി പരീക്ഷ.

ഒന്നുമുതൽ ഏഴുവരെയുള്ള പാഠഭാഗങ്ങളിൽനിന്ന്‌ യഥാക്രമം 20, 6, 19, 8, 15, 5, 7 മാർക്കിനുള്ള ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.സെൽഫ് ഇൻഡക്‌ഷനുമായി ബന്ധപ്പെട്ട ചോദ്യം നമ്പർ 30ലെ (ബി) ഉപചോദ്യം ഒഴിച്ചുള്ള ചോദ്യങ്ങൾ ലളിതമായ ഭാഷയിലായിരുന്നു. അതുകൊണ്ടുതന്നെ അനുവദിച്ച ഒന്നരമണിക്കൂറിനുള്ളിൽ ശരാശരിക്കു മുകളിലുള്ളവർക്ക്‌ ഭൂരിഭാഗം ചോദ്യങ്ങൾക്കും ഉത്തരം എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞു. പ്രായോഗികതയുമായി ബന്ധപ്പെട്ട -വൈദ്യുതാഘാതമേറ്റ വ്യക്തിക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷകൾ എന്ത്? എന്ന 14‍–-ാം നമ്പർ ചോദ്യവും വിശദീകരണം ആവശ്യപ്പെട്ട ‘ഹരിതോർജം ഭാവിയുടെ ഊർജസ്രോതസ്സാണ്- വിശദീകരിക്കുക' എന്ന 20–-ാമത്തെ  ചോദ്യവും  എളുപ്പമായി.

9, 10, 13, 22, 24, 29, 33, 34 എന്നീ ചോദ്യങ്ങളും ഏറെക്കുറെ പ്രതീക്ഷിതവും ലളിതവുമായിരുന്നു. 19–-ാം ചോദ്യത്തിൽ ചിത്രംകൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ ബി ഉപചോദ്യം എളുപ്പം മനസ്സിലാക്കാനാകുമായിരുന്നു. ഒരു സ്കോർ വീതമുള്ള ഒന്നുമുതൽ എട്ടുവരെയുള്ള ചോദ്യങ്ങളിൽ ആറ്‌ ചോദ്യവും മൾട്ടിപ്പിൾ ചോയ്സ് ആയതിനാൽ പ്രയാസപ്പെടുത്തിയില്ല.

ചിത്ര സഹായത്തോടെ ആശയവിശകലനം നടത്തപ്പെട്ട പ്രതിപതനവുമായി ബന്ധപ്പെട്ട 16–-ാം  ചോദ്യവും അപവർത്തനവുമായി ബന്ധപ്പെട്ട 18–-ാം ചോദ്യവും മികച്ച നിലവാരം പുലർത്തി.

ആവർധനവുമായി ബന്ധപ്പെട്ട 28–-ാം നമ്പർ ചോദ്യവും സെൽഫ് ഇൻഡക്‌ഷനുമായി ബന്ധപ്പെട്ട 30–-ാം നമ്പർ ചോദ്യവും ശരാശരിക്കു മുകളിലുള്ള കുട്ടിക‍ളെ പരിഗണിക്കുന്ന ചോദ്യങ്ങളായിരുന്നു.

17, 21, 22, 32 നമ്പർ ചോദ്യങ്ങൾ ഗണിതപ്രശ്നങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നെങ്കിലും ലളിതമായ ഗണിതക്രിയകൾമാത്രം ആവശ്യപ്പെടുന്നവയായിരുന്നു.
ശരാശരിക്കു മുകളിൽ നിലവാരം പുലർത്തിയ ഊർജതന്ത്രം പരീക്ഷ തുടർന്നുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഊർജവും ആത്മവിശ്വാസവും പകരുന്നതായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top