18 November Monday

എം ജി ബിരുദം: നാലാം അലോട്ട്മെന്റ് പ്രവേശനം 16 വരെ; ഒഴിവുള്ള സീറ്റിലേക്ക് ഓപ്ഷന്‍ 19മുതല്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 14, 2016

എം ജി സര്‍വകലാശാല ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിനുള്ള നാലാം അലോട്മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വകലാശാല അക്കൌണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം 16ന് വൈകിട്ട് നാലിനകം അലോട്മെന്റ് ലഭിച്ച കോളജില്‍ ഹാജരായി പ്രവേശനം നേടണം. പതിനാറിനകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയ ശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്മെന്റ് റദ്ദാക്കും. 

നാലാം അലോട്ട്മെന്റിന് ശേഷം താല്‍ക്കാലിക പ്രവേശനം അനുവദനീയമല്ലാത്തതിനാല്‍ പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരൊഴികെയുള്ളവര്‍  16ന് മുമ്പായി ബന്ധപ്പെട്ട കോളജുകളില്‍ സ്ഥിരപ്രവേശനം നേടണം.

നാലാം അലോട്മെന്റിന് ശേഷം സ്പെഷ്യല്‍ അലോട്മെന്റിനായി 19 മുതല്‍ 21 വരെ പുതുതായി ഓപ്ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും പങ്കെടുക്കാം. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ നിലവിലുള്ള ആപ്ളിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ് സൈറ്റില്‍ അക്കൌണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ പുതിയ ആപ്ളിക്കേഷന്‍ നമ്പറും പഴയ പാസ്വേഡും ലഭിക്കും. ഇത് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുതായി നല്‍കാം.   കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ 18ന് പ്രസിദ്ധീകരിക്കും. സ്പെഷ്യല്‍ അലോട്മെന്റ് ലിസ്റ്റ് 23ന് പ്രസിദ്ധീകരിക്കും. ഓണ്‍ലൈന്‍ രജിസട്രേഷനായി 19ന് www.cap.mgu.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top