19 June Wednesday

എസ്എസ്എല്‍സിക്കുശേഷം ഉപരിപഠനവഴികള്‍

ഡോ.ടി പി സേതുമാധവന്‍Updated: Saturday May 6, 2017

എസ്എസ്എല്‍സിക്കുശേഷം വിദ്യാര്‍ഥികള്‍ കോഴ്സുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. വിദ്യാര്‍ഥിയുടെ അഭിരുചി, ഉദ്ദേശ്യലക്ഷ്യങ്ങള്‍, ഭാവിയിലെ തൊഴില്‍സാധ്യത  എന്നിവയ്ക്കിണങ്ങിയ കോഴ്സുകള്‍  കണ്ടെത്തണം.  താല്‍പ്പര്യമില്ലാത്ത വിഷയങ്ങളില്‍ സുഹൃത്തുക്കളുടെയും രക്ഷിതാക്കളുടെയും നിര്‍ബന്ധത്തിനുവഴങ്ങി കോഴ്സിനു ചേരുന്ന പ്രവണത വര്‍ധിച്ചുവരുന്നു.  ഇതുമൂലം കോഴ്സുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു. അതുകൊണ്ട്  ഉപരിപഠനമേഖലയെക്കുറിച്ച് രക്ഷിതാക്കളും വിദ്യാര്‍ഥികളും വ്യക്തമായി അന്വേഷിച്ചറിഞ്ഞ് തീരുമാനം എടുക്കണം. 

  ഹയര്‍സെക്കന്‍ഡറി (പ്ളസ്ടു), വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രോഗ്രാം, ഡിപ്ളോമ, ഐടിഐ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ തുടങ്ങി നിരവധി മേഖലകളുണ്ട്.‘ഭൂരിഭാഗം വിദ്യാര്‍ഥികളും പ്ളസ്ടുവിന് ചേരാന്‍ ആഗ്രഹിക്കുന്നതിനാല്‍ താല്‍പ്പര്യമുള്ള പരീക്ഷാ ബോര്‍ഡുകള്‍ (സ്റ്റേറ്റ് ബോര്‍ഡ്, സിബിഎസ്ഇ, ഐസിഎസ്ഇ) തെരഞ്ഞെടുക്കുന്നവരുണ്ട്.

സ്വന്തം കഴിവുകള്‍ വിലയിരുത്തി മാത്രമേ പ്ളസ്ടുവിനുളള കോമ്പിനേഷനുകള്‍ നിശ്ചയിക്കാവൂ. സയന്‍സ് വിഷയങ്ങളെടുക്കുന്നവര്‍ കൂടുതലാണ്. എന്‍ജിനിയറിങ്, ഫിസിക്കല്‍ സയന്‍സ് എന്നിവയില്‍ ഉപരിപഠനത്തിന് താല്‍പ്പര്യമുള്ളവര്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ലാംഗ്വേജ് ഗ്രൂപ്പെടുക്കാം.  ഇതിലൂടെ ബയോളജി ഒഴിവാക്കാം. എന്‍ജിനിയറിങ് താല്‍പ്പര്യപ്പെടുന്നവര്‍ അഖിലേന്ത്യാതല ജോയിന്റ് എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ ലക്ഷ്യമിട്ട് പഠിക്കണം.
ബയോളജിവിഷയങ്ങളില്‍ താല്‍പ്പര്യമുളളവരും, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ, കൃഷി അനുബന്ധ തൊഴില്‍മേഖല ആഗ്രഹിക്കുന്നവര്‍ക്കും മാത്തമാറ്റിക്സ് ഒഴിവാക്കാം.  മെഡിക്കല്‍ പ്രവേശനത്തിനുള്ള  നീറ്റ് പരീക്ഷ ലക്ഷ്യമിട്ട് പ്ളസ്ടുവിന് പഠിക്കണം.

പ്ളസ്ടുവിന് ഓരോ ഗ്രൂപ്പിലും നാല് വിഷയങ്ങള്‍ പഠിക്കാം. പ്ളസ്ടുവിന് മാത്തമാറ്റിക്സും ഫിസിക്സും കെമിസ്ട്രിയും ഉള്‍പ്പെടുന്ന ഗ്രൂപ്പെടുത്തു പഠിച്ച് എന്‍ജിനിയറിങ് മേഖലയിലോ ബിഎസ്സി-എംഎസ്സി മേഖലയിലോ ഉപരിപഠനം ലക്ഷ്യമാക്കാം. അതല്ലെങ്കില്‍ ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഉള്‍പ്പെടുന്ന ഗ്രൂപ്പെടുത്ത് മെഡിക്കല്‍ ഉപരിപഠനത്തിനോ ബിഎസ്സി-എംഎസ്സി മേഖലയിലോ ഉപരിപഠനം ലക്ഷ്യമാക്കാം. മാത്തമാറ്റിക്സും ബയോളജിയും ഉള്‍പ്പെടുന്ന ബയോമാത്സ് എടുത്ത് രണ്ടു പ്രവേശന പരീക്ഷയും (എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍) എഴുതുന്നവരുമുണ്ട്. ബയോളജി ഗ്രൂപ്പുകാര്‍ക്ക് ഹയര്‍ സെക്കന്‍ഡറിക്കുശേഷം നേഴ്സിങ്, പാരാമെഡിക്കല്‍ മേഖലയിലേക്കും തിരിയാം. പ്രവേശന വിജ്ഞാപനം വരുമ്പോള്‍ വിവിധ ഗ്രൂപ്പുകളും അതില്‍ ഉള്‍പ്പെടുന്ന വിഷയങ്ങളും കാണും.
ശാസ്ത്രവിഷയങ്ങളില്‍ ഉപരിപഠനത്തിന് ഐസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐഐഎസ്ടി, ബിറ്റ്സ് പിലാനി, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയില്‍ അവസരമുണ്ട്. വിദേശത്ത് സയന്‍സ് അണ്ടര്‍ഗ്രാജ്വേറ്റ് പഠനം എന്നിവയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പ്ളസ്ടുവിന് ബയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി കോമ്പിനേഷനുകള്‍ പഠിക്കാം.

അക്കൌണ്ടിങ്, മാനേജ്മെന്റ്, ബാങ്കിങ് സേവനമേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്ളസ്ടുവിന് കൊമേഴ്സ്, ബിസിനസ് സ്റ്റഡീസ്, അക്കൌണ്ടന്‍സി ഉള്‍പ്പെടുന്ന വിഷയങ്ങളെടുക്കാം.
സിവില്‍ സര്‍വീസസ് പരീക്ഷ, ഭാഷ ഉപരിപഠനം, ഇന്ത്യന്‍ എക്കണോമിക് സര്‍വീസ്, ഡെവലപ്മെന്റല്‍ സയന്‍സ് എന്നിവയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഹ്യുമാനിറ്റിക്സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളെടുക്കാം.

തൊഴില്‍നൈപുണ്യത്തിന് പ്രാധാന്യമേറുമ്പോള്‍ പോളിടെക്നിക്കുകളിലെ ഡിപ്ളോമ, ഐടിഐ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ എന്നിവ എളുപ്പം തൊഴില്‍ ലഭിക്കാന്‍ മികച്ചവയാണ്. താല്‍പ്പര്യമുള്ള ഡിപ്ളോമ/സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ തെരഞ്ഞെടുക്കണം. 

വൊക്കേഷണല്‍ വിഷയങ്ങളായ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, കോഴിവളര്‍ത്തല്‍, ഫുഡ് പ്രോസസിങ്, ഫാഷന്‍ ഡിസൈന്‍ തുടങ്ങി 30 ഓളം മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് പഠിക്കാന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ചേരാം.
പ്ളസ്ടു ഏതു ഗ്രൂപ്പെടുത്തവര്‍ക്കും ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, നിയമപഠന കോഴ്സുകള്‍ക്ക് ചേരാം.

താരതമ്യേന പഠനഭാരം ലഘൂകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാഷണല്‍ ഓപ്പണ്‍ സ്കുളുകളില്‍ ചേര്‍ന്നും ഹയര്‍സെക്കന്‍ഡറി ഉപരിപഠനം നടത്താം.    
കംപ്യൂട്ടര്‍, വിവരസാങ്കേതികവിദ്യ, ടൂറിസം, ഏവിയേഷന്‍, ഡിടിപി തുടങ്ങി നിരവധി മേഖലകളില്‍ എസ്എസ്എല്‍സിക്കാര്‍ക്കുള്ള  ഒരുവര്‍ഷംവരെ ദൈര്‍ഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളുമുണ്ട്.

പ്ളസ്ടുവിനുശേഷം ബിരുദപ്രോഗ്രാമുകള്‍ക്ക് പ്രവേശന പരീക്ഷകള്‍ ഏറെയുള്ളതിനാല്‍ ഇംഗ്ളീഷിലും മികച്ച മാര്‍ക്ക് നേടാന്‍ ശ്രമിക്കണം. ചാര്‍ട്ടേഡ് അക്കൌണ്ടന്റ്, നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷ എന്നിവയ്ക്ക് തയ്യാറെടുക്കുന്നവര്‍ പ്ളസ്ടുവിന് കണക്ക് പഠിക്കേണ്ടതുണ്ട്. പൈലറ്റാകാനും, ഡിസൈന്‍ ടെക്നോളജി മാനേജ്മെന്റ് കോഴ്സുകള്‍ക്കും കണക്ക് ആവശ്യമാണ്.

വിദേശത്ത് അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് ഇംഗ്ളീഷ് പ്രാവീണ്യപരീക്ഷയായ ഠഛഋഎഘ/കഋഘഠട എന്നിവയോടൊപ്പം ടഅഠ/അഇഠ പരീക്ഷകള്‍ക്ക് പ്ളസ്ടു രണ്ടാംവര്‍ഷം തയ്യാറെടുക്കണം. എന്‍ഡിഎ പരീക്ഷയിലൂടെ സൈന്യത്തില്‍ ഓഫീസറാകാന്‍ താല്‍പ്പര്യമുള്ളവര്‍ ആദ്യവര്‍ഷംമുതല്‍ തയ്യാറെടുക്കണം. പ്ളസ്ടു രണ്ടാംവര്‍ഷം കഴിയുമ്പാള്‍തന്നെ ആറുമാസത്തിലൊരിക്കല്‍വീതം യൂണിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ എന്‍ഡിഎ പരീക്ഷ നടത്തും. (കരിയര്‍ കോളമിസ്റ്റും വെറ്ററിനറി സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം കോഴ്സ് ഡയറക്ടറുമാണ് ലേഖകന്‍)
 

പ്രധാന വാർത്തകൾ
 Top