31 October Saturday

ആർട്‌സ്‌, കൊമേഴ്‌സ്‌ വിഷയങ്ങൾ പഠിച്ചവർക്കും ബിഎസ്‌സി നേഴ്‌സിങ്ങിന്‌ അവസരം വരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 4, 2020

തിരുവനന്തപുരം
ഹയർ സെക്കൻഡറി തലത്തിൽ ആർട്‌സ്‌, കൊമേഴ്‌സ്‌ വിഷയങ്ങൾ പഠിച്ചവർക്കും ബിഎസ്‌‌സി നേഴ്‌സിങ്‌ പ്രവേശനം 2021 മുതൽ അനുവദിക്കും.  രാജ്യത്ത്‌ ജനറൽ നേഴ്‌സിങ്‌ ആൻഡ്‌ മിഡ്‌വൈഫറി (ജിഎൻഎം) കോഴ്‌സ്‌ നിർത്തലാക്കി നാലുവർഷ ബിഎസ്‌സി നേഴ്‌സിങ്‌ കോഴ്‌സ്‌ മാത്രമാക്കുന്ന നിയമത്തിന്റെ  കരട്‌ ഇന്ത്യൻ നേഴ്‌സിങ്‌ കൗൺസിൽ പ്രസിദ്ധീകരിച്ചു. നിർദേശങ്ങൾ സമർപ്പിക്കാനും അവസരമുണ്ട്‌.  രാജ്യത്ത്‌  നേഴ്‌സിങ്‌ കോഴ്‌സുകൾ ഏകീകരിക്കാനും പ്രവേശനമാനദണ്ഡങ്ങൾ പരിഷ്‌കരിക്കാനും കഴിഞ്ഞ വർഷമെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ്‌ ജിഎൻഎം കോഴ്‌സ്‌ നിർത്തലാക്കി നാലുവർഷ ബിഎസ്‌സി നേഴ്‌സിങ്‌ കോഴ്‌സ്‌ മാത്രമാക്കുന്നതിനുള്ള നിർദേശങ്ങളും ബിഎസ്‌സി കോഴ്‌സിന്റെ  കരട്‌ സിലബസ്‌ ഉൾപ്പെടെ പ്രസിദ്ധീകരിച്ചത്‌. 

നിലവിൽ പ്ലസ്‌ടുവിന്‌ സയൻസ്‌ വിഷയങ്ങൾ പഠിച്ചവർക്കുമാത്രമാണ്‌  ബിഎസ്‌സി നേഴ്‌സിങ്‌ ബിരുദത്തിന്‌ ചേരാനാകുക. ആർട്‌സ്‌, കൊമേഴ്‌സ്‌ വിഷയങ്ങൾ പഠിച്ചവർ ദ്വിവത്സര  ജനറൽ നേഴ്‌സിങ്‌ ആൻഡ്‌ മിഡ്‌ വൈഫറി  (ജിഎൻഎം) മാത്രമേ പഠിക്കാനാകുമായിരുന്നുള്ളൂ. എന്നാൽ, ആരോഗ്യമേഖലയിൽ വൈദഗ്‌ധ്യമുള്ള ആതുരസേവകരെ വാർത്തെടുക്കുകയും നേഴ്‌സിങ്‌ മേഖലയിൽ ഏകീകൃത കോഴ്‌സ്‌ അനിവാര്യമാണെന്നും വിലയിരുത്തിയാണ്‌ ഇന്ത്യൻ നേഴ്‌സിങ്‌ കൗൺസിൽ നേഴ്‌സിങ്‌ പഠനമേഖലയിൽ  ഏകീകൃത കോഴ്‌സും പ്രവേശന സംവിധാനവും കൊണ്ടുവരുന്നത്‌. കരട്‌ നിർദേശങ്ങൾ അംഗീകരിച്ചാൽ 2021 മുതൽ ജനറൽ നേഴ്‌സിങ്‌ കോഴ്‌സ്‌ ഇല്ലാതാകും. 2020ൽ കോഴ്‌സിന്‌ ചേർന്നവർക്ക്‌ കോഴ്‌സ്‌ പൂർത്തിയാക്കാൻ അവസരം നൽകും.

കരട്‌ നിർദേശപ്രകാരം  പ്ലസ്‌ടുവിന്‌ ആർട്‌സ്‌, കൊമേഴ്‌സ്‌ വിഷയങ്ങൾ പഠിച്ചവർക്ക്‌ 45 ശതമാനം മാർക്കുണ്ടെങ്കിൽ ബിഎസ്‌സി നേഴ്‌സിങ്ങിന്‌ ചേരാം. അതേ സമയം, സയൻസ്‌ വിഷയങ്ങൾ പഠിച്ചവർക്ക്‌ ജയിച്ചാൽമതി. നേഴ്‌സിങ്‌ കോഴ്‌സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ ക്ലിനിക്കൽ സൗകര്യങ്ങളും യോഗ്യരായ ട്യൂട്ടർമാരുടെ സാന്നിധ്യവും ഉറപ്പാക്കാനുള്ള വിശദ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്‌. നിശ്ചിത ക്ലിനിക്കൽ സൗകര്യങ്ങൾ കോളേജ്‌, ഹോസ്റ്റൽ എന്നിവയ്‌ക്കുവേണ്ട സൗകര്യങ്ങൾ, അധ്യാപകരുടെ യോഗ്യത എന്നിവയെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.  സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുള്ള കോളേജുകളിലേ ബിഎസ്‌സി നേഴ്‌സിങ്‌ പഠിപ്പിക്കാനാകൂ. 

നിലവിൽ രാജ്യത്ത്‌ ജനറൽ നേഴ്‌സിങ്‌  കോഴ്‌സുകൾ പഠിപ്പിക്കുന്ന  3215 സ്ഥാപനമുണ്ട്‌. ഇവയിൽ പകുതിയിലേറെയും പൂട്ടേണ്ടിവരും.  വർഷംതോറും  1.2 ലക്ഷം പേരാണ്‌ ജനറൽ നേഴ്‌സിങ്‌ പഠിച്ചിറങ്ങുന്നത്‌. പുതിയ ബിഎസ്‌സി നേഴ്‌സിങ്‌ കോഴ്‌സിന്റെ ഡ്രാഫ്‌റ്റ്‌ വായിക്കാൻ http://www.indiannursingcouncil.org സന്ദർശിക്കുക. നിർദേശങ്ങളും വിയോജിപ്പുകളും 24നകം  bscsyllabus@gmail.com എന്ന ഇ മെയിലിലേക്ക്‌ അയക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top