28 September Thursday

എംബിബിഎസ്/ബിഡിഎസ് പ്രവേശനം ആഗസ്തില്‍ തീര്‍ക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 2, 2016

തിരുവനന്തപുരം > എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനം ഈവര്‍ഷം ഒരുമാസം നേരത്തെ തീര്‍ക്കണം. മുന്‍ വര്‍ഷം സെപ്തംബര്‍ 31നാണ് രാജ്യത്ത് മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനം പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. 2016ല്‍ ആഗസ്ത് 31ന് എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശന പ്രക്രിയ പൂര്‍ത്തിയാക്കിയിരിക്കണമെന്ന് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവുണ്ട്. സംസ്ഥാന പ്രവേശനപരീക്ഷയെയാണ് കേരളം ആശ്രയിക്കുന്നതെങ്കിലും എംബിബിഎസിന്റെയും ബിഡിഎസിന്റെയും കാര്യത്തില്‍ തീയതി മാറ്റം സാധ്യമല്ല. മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം സെപ്തംബറില്‍ പൂര്‍ത്തിയാക്കിയാല്‍ മതി.

നിലവിലെ ഷെഡ്യൂള്‍ പ്രകാരം മെഡിക്കല്‍ സീറ്റുകളിലേക്ക് രണ്ട് അലോട്ട്മെന്റുകളാണുള്ളത്. ഒന്നാംഘട്ട അലോട്ട്മെന്റ്് ജൂലൈ 15ന് മുമ്പായും രണ്ടാംഘട്ട അലോട്ട്മെന്റ് ആഗസ്ത് 22ന് മുമ്പായും നടത്തണം. രണ്ട് അലോട്ട്മെന്റുകള്‍ക്കുശേഷം നിലനില്‍ക്കുന്ന ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനും എംബിബിഎസ്–ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനം പൂര്‍ത്തിയാക്കുന്നതിനുമുള്ള അവസാന തീയതി ആഗസ്ത് 31 ആണ്. 

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഇതുവരെ നിലനിന്നിരുന്ന ആശങ്കകള്‍ ഏറക്കുറെ പരിഹരിക്കപ്പെട്ടു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കും സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മെറിറ്റ് സീറ്റുകളിലേക്കുമുള്ള പ്രവേശനം സംസ്ഥാന റാങ്ക് ലിസ്റ്റില്‍നിന്നായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാതെ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തുന്ന ഏഴ് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ സംസ്ഥാനത്തുണ്ട്. ഇവയില്‍ ആകെ 700 എംബിബിഎസ് സീറ്റുകളാണുള്ളത്. എംബിബിഎസ് ബിഡിഎസ് കോഴ്സുകള്‍ക്ക് രണ്ട് അലോട്ട്മെന്റ് മാത്രമുള്ളതിനാല്‍ ആദ്യഘട്ട അലോട്ട്മെന്റില്‍ തന്നെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ ഡെന്റല്‍ കോളേജുകളെ സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top