29 March Wednesday

പ്രൊഫഷണൽ കോഴ്സുകളിലേക്ക് അപേക്ഷിക്കുമ്പോള്‍

ആർ സുരേഷ് കുമാർ (പ്രവേശന പരീക്ഷാ ജോയിന്റ് കമീഷണർ)Updated: Sunday Feb 2, 2020

സംസ്ഥാനത്ത്‌  പ്രൊഫഷണൽ കോഴ്സുകളിലേക്ക് അടുത്ത അധ്യയനവർഷത്തെ പ്രവേശനനടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണല്ലോ.  എൻജിനിയറിങ്‌/ബി ഫാം പ്രവേശനപരീക്ഷയുടെ സിലബസിൽ ഇത്തവണ മാറ്റങ്ങൾ വന്നിട്ടുണ്ട്.  ഇപ്പോൾ 11,12 ക്ലാസുകളിൽ പഠിപ്പിക്കുന്നതും എൻ സി ഇ ആർ ടി  തയ്യാറാക്കിയിട്ടുള്ളതുമായ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിലെ അതേ സിലബസ് ആണ് ഈ വർഷം ഉൾപ്പെടുത്തിയിരിക്കുന്നത്.  റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള അടിസ്ഥാനയോഗ്യതയുടെ മാനദണ്ഡം അതാത് കോഴ്സുകളുടെ ദേശീയ കൗൺസിലുകൾ നിശ്ചയിച്ചപ്രകാരമായി മാറ്റം വരുത്തിയിട്ടുണ്ട്. അതുപ്രകാരം എൻജിനിയറിങ്‌ കോഴ്സുകൾക്ക് യോഗ്യതാപരീക്ഷയിൽ പരിഗണിക്കുന്ന വിഷയങ്ങളുടെ ആകെ സ്കോർ 45 ശതമാനമോ അതിനുമുകളിലോ നേടിയവർക്ക് സർക്കാർ, എയിഡഡ്, സർക്കാർ നിയന്ത്രിത/സ്വകാര്യ സ്വാശ്രയകോളേജുകളിലെ മെരിറ്റ് സീറ്റുകളിൽ പ്രവേശനത്തിന് അവസരം ലഭിക്കുകയാണ്. മുൻവർഷംവരെ സ്വാശ്രയകോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിലൊഴികെ ആകെ സ്കോർ 50 ശതമാനവും കണക്ക് വിഷയത്തിന് പ്രത്യേകമായി 50 ശതമാനവും വേണമായിരുന്നു.  അതുപോലെ മെഡിക്കൽ കോഴ്സിന് ബയോളജി വിഷയത്തിന് പ്രത്യേകമിനിമം 50 ശതമാനം സ്കോർ വേണമെന്ന നിബന്ധനയും ഒഴിവായി. പ്ലസ്‌ടു തലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾക്ക്‌ ആകെ 50 ശതമാനം സ്കോർ ആയിരിക്കും ഇനി  യുജി മെഡിക്കൽ കോഴ്സുകളുടെ അടിസ്ഥാനയോഗ്യത. വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ ഇക്കാര്യങ്ങൾ പ്രോസ്പെക്ടസും വിജ്ഞാപനങ്ങളും വായിച്ച് മനസ്സിലാക്കേണ്ടതാണ്.

എസ് സി/എസ്ടി അപേക്ഷകളും കിർത്താഡ്സ് പരിശോധനയും
മുഴുവൻ കോഴ്‌സുകളിലേക്കുമുളള  പട്ടികജാതി -പട്ടികവർഗ വിഭാഗക്കാരുടെ അപേക്ഷകൾ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച്, ട്രെയിനിങ്‌ ആൻഡ്‌ ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് എസ് സി എസ്ടി (കിർത്താഡ്സ്) എന്ന സ്ഥാപനത്തിന്റെ സ്ക്രൂട്ടിനിക്ക് വിധേയമാക്കുകയും കൂടുതൽവ്യക്തത ആവശ്യമുള്ള (പ്രത്യേകിച്ചും മിശ്രവിവാഹിതരുടെ മക്കളുടെ) അപേക്ഷകൾ ഫീൽഡ് തലത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്നതാണ്. അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ എസ്‌ സി, -എസ് ടി കാറ്റഗറി അനുവദിക്കുകയുള്ളു. ജാതിസ്റ്റാറ്റസ് നിരസിക്കപ്പെടുന്നവർക്ക് സ്ക്രീനിങ്‌ കമ്മിറ്റിയുടെ മുമ്പാകെ തങ്ങളുടെ അവകാശവാദം സമർഥിക്കാൻ ഒരവസരംകൂടി ലഭിക്കും. പ്രവേശന പരീക്ഷാകമീഷണറുടെ അലോട്ട്മെന്റിന്റെ പരിധിയിൽവരുന്ന എല്ലാകോഴ്സുകൾക്കും ഇത് ബാധകമാണ്. അപേക്ഷ സമർപ്പിക്കുന്ന സമയത്തെ കൺഫർമേഷൻ പ്രിന്റ്‌ഔട്ടിൽ കാണുന്ന ജാതിസ്റ്റാറ്റസ്  അപേക്ഷകർ തന്നെ രേഖപ്പെടുത്തുന്നതായതിനാൽ സംവരണം ലഭിക്കുന്നതിന് അത് മാനദണ്ഡമായിരിക്കില്ല.

ഇ ഡബ്ല്യു എസ് സംവരണം
കേന്ദ്രമെഡിക്കൽ കൗൺസിലും ആയുഷ് വകുപ്പും നിർദേശിച്ചതനുസരിച്ച് കേരളത്തിലെ ആറ് സർക്കാർ മെഡിക്കൽ കോളേജുകളിലും സർക്കാർ -എയിഡഡ് ആയുർവേദ, ഹോമിയോ മെഡിക്കൽ കോളേജുകളിലും യു ജി കോഴ്സിന് സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കേരളീയരായ സംവരണമില്ലാത്ത വിഭാഗക്കാർക്ക് പ്രത്യേകംസീറ്റുകൾ 2019 അധ്യയനവർഷത്തിൽ അനുവദിച്ചിരുന്നു. ഈവർഷം എൻജിനിയറിങ്‌ കോഴ്സുകളിലേക്ക് കൂടി ഇ ഡബ്ല്യു എസ് സംവരണം നടപ്പിലാക്കാൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. കോഴ്സുകൾ, കോളേജുകൾ, ഇ ഡബ്ല്യു എസ്.വിഭാഗത്തിനുള്ള സീറ്റുകൾ എന്നിവയിൽ കൃത്യമായ നിർദേശങ്ങൾ ലഭിച്ചശേഷം അതുസംബന്ധിച്ച വിജ്ഞാപനമിറക്കുന്നതാണ്. ഇ ഡബ്ല്യു എസ് വിഭാഗം   സീറ്റുകളിലേക്ക് പരിഗണിക്കപ്പെടണമെങ്കിൽ ജസ്റ്റിസ് കെ സദാശിവൻനായർ കമീഷൻ റിപ്പോർട്ട്‌ പ്രകാരം 2020 ജനുവരി 3 ലിറങ്ങിയ സർക്കാർ ഉത്തരവിൽ (G.O.(P)No.1/2020/P&ARD)പറയുന്ന മാനദണ്ഡങ്ങളനുസരിച്ച് വില്ലേജ് ഓഫീസർ നൽകുന്ന ‘ഇൻകം ആൻഡ്‌ അസ്സറ്റ്‌’ സർട്ടിഫിക്കറ്റ് നിർദേശാനുസരണം അപ് ലോഡ് ചെയ്യണം.


 

സേവന കേന്ദ്രങ്ങളിലൂടെയുള്ള അപേക്ഷ സമർപ്പണം
ഓൺലൈൻ സേവനകേന്ദ്രങ്ങൾ മുഖേന അപേക്ഷ സമർപ്പിച്ചവരിൽ പലർക്കും ആവശ്യമായ രേഖകളെല്ലാം അപ് ലോഡ് ചെയ്യാത്തതുമൂലം അർഹമായ അലോട്ട്മെന്റ് ലഭിക്കാതെ പോയെന്ന പരാതികൾ വരാറുണ്ട്. സ്വയം ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നവരും സേവന കേന്ദ്രങ്ങളിലൂടെ അപേക്ഷ സമർപ്പിക്കുന്നവരും അപേക്ഷ ക്ഷണിക്കുമ്പോൾ മുതൽ പ്രവേശനപരീക്ഷാകമീഷണറുടെ വെബ്സൈറ്റിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങളിൽ പറയുന്ന പ്രകാരം എല്ലാകാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ രേഖകൾ അപ് ലോഡ് ചെയ്തിട്ടുണ്ടെന്നും ഉറപ്പ് വരുത്തണം. പൊതുവിദ്യാഭ്യാസമേഖലയിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ ഗൈഡൻസ് സെല്ലിന്റെ സഹായത്തോടെ അപേക്ഷാസമർപ്പണത്തിനു സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്‌.

ആവശ്യമായ അനുബന്ധരേഖകൾ നിശ്ചിത സമയത്തിനകം അപ് ലോഡ് ചെയ്യാതെ എസ്‌ സി എസ്ടി, എസ് ഇ ബി സി, ഒ ഇ സി തുടങ്ങിയവരുടെ സംവരണാർഹതയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ല. ഇത്തരംരേഖകൾ പിന്നീട് സ്വീകരിക്കുകയോ റാങ്ക് ലിസ്റ്റുകൾ അതിനനുസരിച്ച് ക്രമീകരിക്കുകയോ ചെയ്യാനാവില്ലെന്ന കാര്യം എല്ലാവരും ശ്രദ്ധിക്കണം.

അപേക്ഷയോടൊപ്പം നിശ്ചിത സമയത്തിനുള്ളിൽ രേഖകൾ സമർപ്പിക്കാത്തവരുടെ അപേക്ഷകൾ ഒരു വിധത്തിലുള്ള സംവരണത്തിനും ഫീസാനുകൂല്യങ്ങൾക്കും പരിഗണിക്കരുതെന്ന അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെനിർദേശം  മുൻകൂട്ടി നൽകിയിട്ടുണ്ട്. അതിനാൽ പിന്നാക്ക ക്ഷേമവകുപ്പിൽനിന്നും ഫിഷറീസ് വകുപ്പിൽനിന്നും ആനുകൂല്യങ്ങൾ പിന്നീട് അനുവദിച്ച് നൽകിയാലും അപേക്ഷാസമയത്ത് രേഖകൾ നൽകാത്തവർക്ക് അതിന്റെ ഗുണം ലഭിക്കുന്നതിന് സാങ്കേതിക തടസ്സങ്ങൾ ഇനി ഉണ്ടാവാം.

എല്ലാ കോഴ്സുകൾക്കും പ്രോസ്പെക്ടസ് സർക്കാർ ഉത്തരവായി പുറത്തിറക്കാറുണ്ട്. അവയെല്ലാം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഉണ്ടാവും. അതുപോലെ അപേക്ഷ ക്ഷണിക്കുന്നതുമുതലുള്ള വിജ്ഞാപനങ്ങളും വെബ്സൈറ്റിലുണ്ടാവും.  ഇവയെല്ലാം കൃത്യമായി അപേക്ഷകർ വായിച്ചിരിക്കണം.

 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top