30 September Saturday

ശുഭാപ്തിവിശ്വാസത്തോടെ പരീക്ഷയെഴുതാം

ഡോ. ടി.പി. സേതുമാധവന്‍Updated: Monday Mar 28, 2022


ഈ വർഷത്തെ എസ് എസ്എൽസി, പ്ലസ്‌ ടു പരീക്ഷകൾക്കിനി മണിക്കൂറുകൾമാത്രം. ഏറെ പ്രതീക്ഷയോടെയാണ് വിദ്യാർഥികൾ പരീക്ഷകൾക്ക്‌ തയ്യാറെടുക്കുന്നത്‌. മാർച്ച് 30ന് തുടങ്ങുന്ന പരീക്ഷാ സീസൺ ഏപ്രിൽ അവസാനംവരെ നീണ്ടുനിൽക്കും. രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ സെക്കൻഡറി പരീക്ഷകൾ 30നും എസ്‌എസ്‌എൽസി 31 നുമാണ്‌ ആരംഭിക്കുന്നത്‌. പ്ലസ്‌ ടു പ്രാക്ടിക്കൽ മെയ്‌ മൂന്നിനും. എല്ലാ വിഭാഗങ്ങളിലുമായി 8.91 ലക്ഷം പേരാണ്‌ പരീക്ഷ എഴുതുക.

പരീക്ഷാപ്പേടി വേണ്ട
വിദ്യാർഥികൾ പരീക്ഷാപ്പേടിയില്ലാതെ, ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണം. പഠിച്ച പാഠ്യഭാഗങ്ങൾ മുഴുവനായി വീണ്ടും വേഗത്തിൽ വിലയിരുത്താൻ ശ്രമിക്കണം. കണക്ക്, ഫിസിക്സ്, കെമിസ്ട്രി, കൊമേഴ്സ് എന്നിവയിലെ ചില ഭാഗങ്ങൾ ചെയ്ത് പഠിക്കേണ്ടി വരും. പരീക്ഷാ സീസണിൽ കുറഞ്ഞത് 6 മണിക്കൂറെങ്കിലും ഉറങ്ങണം. രാത്രി 11 മുതൽ പുലർച്ചെ മൂന്നുവരെയുള്ള ഏവർക്കും ഗാഢനിദ്ര ലഭിക്കുന്ന സമയത്ത് ഉറക്കമുപേക്ഷിച്ച് പഠിക്കരുത്. തുടർച്ചയായി 2 മണിക്കൂർ പഠിച്ചാൽ 10–-15 മിനിറ്റ് ഇടവേള നൽകുന്നത് നല്ലതാണ്. യഥേഷ്ടം ശുദ്ധമായ വെള്ളം കുടിക്കണം. കഴിയുന്നതും നോൺ വെജിറ്റേറിയൻ, എണ്ണപ്പലഹാരങ്ങൾ, ഹോട്ടൽ ഭക്ഷണം എന്നിവ ഒഴിവാക്കണം. രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി  ഉറങ്ങാൻ പോകുന്നതിന് മുമ്പും ശുദ്ധമായ വെള്ളമോ, ചെറുനാരങ്ങാ വെള്ളമോ കുടിക്കുന്നതാണ് നല്ലത്.

വിദ്യാർഥികളിൽ രണ്ടിനം പഠനരീതിക്കാരുണ്ട്. പരീക്ഷ ടൈംടേബിളനുസരിച്ച് ചിട്ടയോടെ പഠിക്കുന്ന ഈസി സ്‌റ്റഡിങ്‌ ഗ്രൂപ്പും പരീക്ഷയടുക്കുമ്പോൾ പഠിക്കുന്ന എമർജൻസി സ്‌റ്റഡിങ്‌ ഗ്രൂപ്പും. രണ്ടാമത്തെ വിഭാഗത്തിലാണ്‌ സാധാരണ അനിയന്ത്രിത പിരിമുറുക്കം കാണപ്പെടുന്നത്. മുഴുവൻ പാഠഭാഗവും വായിച്ചെത്തുമോ എന്ന ആശങ്കയാണവർക്കുള്ളത്. ഇവർ പഴയ ചോദ്യങ്ങൾക്ക് ഉത്തരം ക ണ്ടെത്താൻ ശ്രമിക്കണം. മുൻകാല ചോദ്യപേപ്പറുകൾ നേരത്തേ ശേഖരിച്ചുവച്ചിരിക്കണം.

പരീക്ഷാ ടൈംടേബിളിനനുസരിച്ച് പഠനം ക്രമീകരിക്കണം. മിക്ക പരീക്ഷകൾക്കും ആവശ്യത്തിന്   ഇടവേളകളുണ്ട്. ഇത് മനസ്സിലാക്കിയുള്ള പഠന രീതി അവലംബിക്കണം. തീരെ വായിച്ചാൽ മനസ്സിലാകാത്ത പാഠഭാഗങ്ങൾക്കുവേണ്ടി ഇനി കൂടുതൽ സമയം ചെലവിടരുത്. മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ സംവാദം തുടങ്ങിയവ തൽക്കാലത്തേക്ക് മാറ്റിവയ്ക്കണം. ചോദ്യബാങ്കുകളിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. പരീക്ഷാ കേന്ദ്രത്തിൽ ചുരുങ്ങിയത് അര മണിക്കൂർ മുമ്പെത്തണം.

മാർക്ക്‌ വിലയിരുത്തി ഉത്തരം
വിദ്യാർഥികൾക്ക് എല്ലായ്‌പ്പോഴുമുള്ള പരാതി സമയക്കുറവാണ്. മാതൃകാ ചോദ്യങ്ങൾക്ക് ഉത്തരമെഴുതി ശീലിച്ചാൽ അത് ഒരു പരിധിവരെ നിയന്ത്രിക്കാം. കുറഞ്ഞ മാർക്കുള്ള ചോദ്യത്തിന് ഉപന്യാസം എഴുതാൻ ശ്രമിക്കരുത്. മാർക്ക് വിലയിരുത്തി ഉത്തരമെഴുതണം. അറിവില്ലാത്ത ചോദ്യങ്ങൾക്കുവേണ്ടി കൂടുതൽ സമയം പാഴാക്കരുത്. മറ്റു ചോദ്യങ്ങൾ എഴുതി തീർന്നാൽ അവയ്ക്ക് ഉത്തരമെഴുതാൻ ശ്രമിക്കാം. വിദ്യാർഥികൾ ചോദ്യം കാണാതെ പോകുന്ന പ്രവണതയും നിലവിലുണ്ട്. ഉത്തരമെഴുതിയ ചോദ്യത്തിന് അടയാളം രേഖപ്പെടുത്തുന്നത് നല്ലതാണ്.

പരീക്ഷാഹാളിലേക്ക്‌ പോകാൻ ഇറങ്ങുംമുമ്പ്‌ ഹാൾ ടിക്കറ്റ്, പേന, പെൻസിൽ, ഇൻസ്ട്രമെന്റ് ബോക്സ് മുതലായവ എടുത്തിട്ടുണ്ടോ എന്ന്‌ ശ്രദ്ധിക്കണം. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. പരീക്ഷാ സമയത്ത് യഥാസമയം ഭക്ഷണം കഴിക്കണം. പ്രവേശന പരീക്ഷാ കോച്ചിങ്‌ ക്ലാസുകൾ പരീക്ഷാ കാലയളവിൽ ഉപേക്ഷിക്കുന്നതാണ് നല്ലത്. പ്രധാനപ്പെട്ട സംശയങ്ങൾ പരിഹരിക്കാൻ അധ്യാപകരുടെ സഹായം തേടണം. സന്തോഷത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും ടെൻഷനില്ലാതെ പരീക്ഷയെഴുതുക. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കണം. സാമൂഹ്യ അകലം പാലിക്കണം. മാസ്ക് ധരിക്കാനും കൈയിൽ സാനിറ്റൈസർ കരുതാനും മറക്കരുത്. പരീക്ഷാകാലയളവിൽ പനി, ഛർദി, ചുമ, മൂക്കൊലിപ്പ്, തലവേദന, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top