06 June Tuesday

ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക്‌ ഓൺലൈൻ ക്ലാസുകൾ 15ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Apr 11, 2020


തിരുവനന്തപുരം
സംസ്ഥാനത്തെ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ അവശേഷിക്കുന്ന പാഠഭാഗങ്ങൾ തീർക്കാനുള്ള ഓൺലൈൻ പഠന ക്ലാസുകൾക്ക്‌ 15ന്‌ തുടക്കമാകും. കണ്ണൂർ, കോഴിക്കോട്‌, എംജി, കേരള, കെടിയു എന്നീ സർവകലാശാലകളിലെയും പോളിടെക്‌നിക്കുകളിലെയും അവശേഷിക്കുന്ന ക്ലാസുകൾ പുതിയ അധ്യയന വർഷത്തിന്‌ മുമ്പ്‌ തീർക്കുന്നതിന്‌ ഓൺലൈൻ ക്ലാസ്‌ മുറി ഒരുക്കി അതത്‌ വിഷയങ്ങളിലെ അധ്യാപകർ തന്നെയാണ്‌ ക്ലാസെടുക്കുക. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ നിർദേശപ്രകാരം അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്പ്) ആണ്‌ ക്ലാസുകൾക്കുള്ള ഓൺലൈൻ പ്ലാറ്റ്‌ ഫോം ഒരുക്കുന്നത്‌.

ഓരോ സർവകലാശാലയുടെയും ബിരുദം, ബിരുദാനന്തര ബിരുദം കോഴ്‌സുകളിൽ അവശേഷിക്കുന്ന പാഠഭാഗങ്ങളേതൊക്കെയെന്ന്‌ വ്യക്തത വരുത്തിയിട്ടുണ്ട്‌. ഓരേ വിഷയങ്ങൾക്കും ദിവസം ഒരുമണിക്കൂർ വീതം സർവകലാശാല അധ്യാപകർ തന്നെയാണ്‌ ക്ലാസെടുക്കുക. വെബിനാർ രൂപത്തിലായിരിക്കും ക്ലാസുകൾ. അധ്യാപകർ വീടുകളിൽതന്നെ ഇരുന്നായിരിക്കും ക്ലാസുകൾ കൈകാര്യം ചെയ്യുക. വിദ്യാർഥികൾക്ക്‌ സംശയങ്ങൾ ചോദിക്കാനും മറുപടിക്കും സംവിധാനമുണ്ട്‌. തത്സമയം ഏതെങ്കിലും വിദ്യാർഥികൾക്ക്‌ ക്ലാസുകൾ കാണാനോ കേൾക്കാനോ ആയില്ലെങ്കിൽ പരിഹാരമായി എല്ലാ ക്ലാസുകളും യുട്യൂബിലും ലഭ്യമാക്കുമെന്ന്‌ അസാപ്പ്‌ അധികൃതർ അറിയിച്ചു. ബിടെക്‌, പോളിടെക്‌നിക്‌ വിഷയങ്ങളുടെ ക്ലാസുകളുടെ ടൈംടേബിൾ ശനിയാഴ്‌ച തയ്യാറാകും. തിങ്കളാഴ്‌ചയോടെ സർവകലാശാല വിഷയങ്ങളുടെ ടൈംടേബിളും ലഭ്യമാകും. ബുധനാഴ്‌ചമുതൽ ക്ലാസുകൾ ആരംഭിക്കും. അധ്യാപകരുടെ ക്ലാസ്‌ ടെസ്‌റ്റ്‌ രൂപത്തിലും അസാപ്പ്‌ പ്രസിദ്ധീകരിക്കും.

കോളേജുകളിൽ സയൻസ്‌ വിഷയങ്ങളിലാകും ആദ്യം ക്ലാസ്‌ നൽകുക. കൊമേഴ്‌സ്‌, ആർട്‌സ്‌ തുടങ്ങി ഏഴു വിഭാഗങ്ങളായി തിരിച്ച്‌   ഹ്രസ്വകാലത്തിനുള്ളിൽ ക്ലാസുകൾ പൂർത്തിയാക്കും. www.asapkerala.gov.in, www.skillparkkerala.in എന്നീ വെബ്‌സൈറ്റുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top