22 June Tuesday

സര്‍ഗശേഷിയുടെ അടയാളപ്പെടുത്തലുകള്‍

എന്‍ പി ഹാഫിസ് മുഹമ്മദ്Updated: Monday Dec 12, 2016

സര്‍ഗശേഷി സ്വപ്നം കാണാനുള്ള കഴിവ് വളര്‍ത്തുന്നു. ഭാവനാശക്തിയെ വിപുലീകൃതമാക്കുന്നു. എവിടെയും പുതിയ സാധ്യതകളെക്കുറിച്ചാണ്  ഭാവനാസമ്പന്നമായ മനസ്സ് എപ്പോഴും അന്വേഷിക്കുക. ഏതു മേഖലയിലും ഇതു പ്രകടമായിരിക്കും - സര്‍ഗശേഷി എങ്ങനെ രൂപപ്പെടുന്നു, അത് എങ്ങനെ വളര്‍ത്തിയെടുക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്...

ചിത്രം വരയ്ക്കാനാഗ്രഹമുള്ള മകളെ കഴിയാവുന്നത്ര നിരുത്സാഹപ്പെടുത്തുന്ന മാതാപിതാക്കളെ അഭിമുഖീകരിക്കാന്‍, ഈയിടെ ഒരവസരമുണ്ടായി. മകള്‍ക്ക് വരയ്ക്കാന്‍ അതിയായ കൊതി. അവള്‍ ഒഴിവുനേരങ്ങളില്‍ വരയ്ക്കും. ചിത്രങ്ങള്‍ ഒരു കൂട്ടുകാരിയെ കാണിക്കും. അവള്‍ക്ക് കൂട്ടുകാരിയില്‍നിന്ന് അകമഴിഞ്ഞ പ്രോത്സാഹനം കിട്ടി. അവള്‍ കൂട്ടുകാരിയെ കാണിക്കാന്‍ വേണ്ടി മാത്രം വരച്ചു. എന്റെ അടുത്തെത്തിയ പെണ്‍കുട്ടി, മനമില്ലാമനസ്സോടെ ഒരു ഡ്രോയിങ് ബുക്ക് എടുത്തു കാണിച്ചു. അല്‍പ്പംപോലും സന്തോഷമോ അഭിമാനമോ അടുത്തുണ്ടായിരുന്ന മാതാപിതാക്കള്‍ക്കുണ്ടായിരുന്നില്ല. ഞാന്‍ ഡ്രോയിങ് ബുക്കിലെ ചിത്രങ്ങള്‍ ഓരോന്നായി നോക്കുമ്പോള്‍ അച്ഛനമ്മമാര്‍ മാറിമാറി ചോദിക്കുന്നുണ്ടായിരുന്നു. 'തോന്നിയപോലെ വരച്ചാ ചിത്രാവ്വോ സാര്‍?', 'പഠിക്കാനുള്ള സമയം ഇങ്ങനെ വരച്ചിരുന്നാല്‍ ആര്‍ക്കാ നഷ്ടം?', 'അല്ലെങ്കില്‍ ചിത്രം വരച്ചിട്ട് എന്താണാവാന്‍ പറ്റ്വാ?', 'പഠിപ്പിനെയല്ലേ ബാധിക്കുന്നേ?'

അവര്‍ എന്നോടാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെങ്കിലും ഞാന്‍ പ്രതികരിച്ചില്ല. ചിത്രങ്ങളൊക്കെ നോക്കിക്കഴിഞ്ഞ് അവളോട് പറഞ്ഞു: 'കുട്ടി, ചിത്രം നോക്കി പകര്‍ത്തി വെക്ക്വല്ല ചെയ്യുന്നത് എന്നറിഞ്ഞ് നല്ല സന്തോഷണ്ട്. സ്വന്തം രീതിയിലാ വരക്കുന്നേ. നല്ല കളര്‍ സെന്‍സുണ്ട്. ഗുഡ്.'

രക്ഷിതാക്കള്‍ അന്തംവിട്ട് എന്നെ നോക്കി. അല്‍പ്പം കഴിഞ്ഞ് അച്ഛന്‍ ചോദിച്ചു: 'അല്ല സാറേ, ഞങ്ങളുടെ കുടുംബത്തിലിന്നേ വരെ ഒരാളും വരച്ചിട്ടില്ല. പാരമ്പര്യല്ലാണ്ട് അവള്‍ക്ക് വരക്കാനാവ്വോ?' അമ്മയും ചോദിച്ചു: 'ഇതൊക്കെ ഒരു തലയിലെഴുത്തല്ലേ സാറേ?'
ഞാനൊരു മറുചോദ്യം ചോദിച്ചു: 'എന്നാര് പറഞ്ഞു?'

സര്‍ഗശേഷിയുടെ രസതന്ത്രം
രക്ഷിതാക്കളിലും അധ്യാപകരിലും പലരും ഇങ്ങനെയാണ്. കഴിവുകള്‍ പരമ്പരാഗതമായി കൈമാറിക്കിട്ടുന്നതാണെന്ന് അവര്‍ കരുതുന്നു. ജനിതക ഘടകങ്ങളാണ് കലാസാഹിത്യ വാസനകള്‍ രൂപപ്പെടുത്തിയെടുക്കുന്നതെന്നവര്‍ വിശ്വസിക്കുന്നു. പ്രതിഭ ജന്മനാ കൈമാറ്റം ചെയ്യപ്പെടുന്ന സവിശേഷ ഭാവമെന്ന് അവര്‍, അവര്‍ക്കറിയാവുന്ന കാര്യമല്ലാതിരുന്നിട്ടും പ്രചരിപ്പിക്കുന്നു. സിദ്ധിയുടെ അടിസ്ഥാനം പാരമ്പര്യം മാത്രമാണെന്ന് അവര്‍ പറയുന്നു. ജൈവശാസ്ത്രപരമായി ഇക്കാര്യം പൂര്‍ണമായി തെളിയിക്കപ്പെട്ടതായി അറിവില്ല. എന്നാലുമിത് പലരില്‍നിന്നുമായി കേള്‍ക്കുന്നു.

സര്‍ഗശേഷി (creativity) രൂപംകൊള്ളുന്നതില്‍ ഒരാളുടെ ചുറ്റുപാടുകള്‍ക്ക് (environment) സാരമായ പങ്കുണ്ട് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അനുകൂലമായ സാഹചര്യങ്ങള്‍ ഒരാളുടെ സര്‍ഗവാസനയെയും കഴിവുകളെയും വളര്‍ത്തുന്നതിന് സഹായിക്കുന്ന മുഖ്യ ഘടകമാണ്. അതിന് എന്താണ് സര്‍ഗശേഷിയെന്നറിയേണ്ടതുണ്ട്. വ്യത്യസ്തമായി ചിന്തിക്കുകയും ഏതെങ്കിലുമൊരു മേഖലയില്‍ സ്വതന്ത്രമായ രചന നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വിശേഷ ഘടകമാണ് സര്‍ഗശേഷി. സര്‍ഗശേഷിയുടെ രാസപ്രവര്‍ത്തനം (chemistry of creativity) മനസ്സിലാക്കുമ്പോള്‍ സര്‍ഗശേഷിയുടെ സവിശേഷഭാവങ്ങള്‍ തിരിച്ചറിയാനാവുന്നു.

1. സര്‍ഗശേഷി സ്വപ്നം കാണാനുള്ള കഴിവ് വളര്‍ത്തുന്നു. ഭാവനാശക്തിയെ വിപുലീകൃതമാക്കുന്നു. എവിടെയും പുതിയ സാധ്യതകളെക്കുറിച്ചാണ് ഭാവനാസമ്പന്നമായ മനസ്സ് എപ്പോഴും അന്വേഷിക്കുക. ഏത് മേഖലയിലും ഇത് പ്രകടമായിരിക്കും.
2. സര്‍ഗശേഷി ഒരാളില്‍ പുതിയ ആശയങ്ങളുണ്ടാക്കുന്നു. മറ്റുള്ളവരാലോചിക്കാത്ത ഒരാശയമോ ഒരു വിഭവമോ ഒരു നിര്‍മിതിയോ അവര്‍ കണ്ടെത്തുന്നു. സ്വാഭാവികമായും സര്‍ഗവാസനയുള്ളവരെ അവരുടെ രചനകളിലൂടെയും പ്രവൃത്തിയിലൂടെയും ആശയങ്ങളുടെ നിര്‍മാതാക്കളാക്കി (creators) മാറ്റുന്നു. ഏത് കണ്ടുപിടുത്തത്തിലും സര്‍ഗരചനയിലും ഇത് വെളിപ്പെടുത്തപ്പെടുന്നു.
3. ആലോചനയെയും ആശയങ്ങളെയും ഒരൊറ്റ കേന്ദ്രബിന്ദുവിലേക്കാണ് (convergent thinking) സര്‍ഗശേഷി പ്രചോദിപ്പിക്കുന്നത.് അത് വികേന്ദ്രീകൃതമായ വിചാരങ്ങളെ ഉദ്ദീപിപ്പിക്കുന്നു. സര്‍ഗശേഷിയുള്ള ഒരാള്‍ തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍പോലും വേറിട്ട വഴിയും പുതിയ സാധ്യതകളും ആരായുന്നു. സര്‍ഗശേഷി ഒന്നിനെ അതേപോലെ പകര്‍ത്താനല്ല, അനുകരിക്കാനല്ല പ്രേരിപ്പിക്കുന്നത്.
4. സര്‍ഗശേഷി ഒരു വ്യക്തിയില്‍ ചില പ്രത്യേക ശീലങ്ങളും സ്വഭാവരീതികളും  ഉണ്ടാക്കുന്നു. അവരുടെ നിരീക്ഷണപാടവം (observation power) ചുറ്റുവട്ടത്തെയും മനുഷ്യരെയും സൂക്ഷ്മമായി കാണാനും കേള്‍ക്കാനുമൊക്കെ പ്രേരിപ്പിക്കുന്നു. ഭൌതികവും മാനസികവും സാമൂഹികവുമായ ഇത്തരം നിരീക്ഷണങ്ങളില്‍ നിന്നാണ് പ്രവൃത്തികള്‍ക്കും രചനക്കും പുതിയ തലങ്ങള്‍ തേടുന്നത്. കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലും (perception) ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിലും (Expression) സര്‍ഗശേഷി വ്യതിരിക്തഭാവം ഉണ്ടാക്കിയെടുക്കുന്നു. അപഗ്രഥനാത്മകമായ മനസ്സ് (Analytical Mind) കാര്യങ്ങളെ സര്‍ഗാത്മകമായി വിശകലനം ചെയ്യുന്നു. സര്‍ഗശേഷി കലാസാഹിത്യ രചനകളുടെ നിര്‍മിതിക്ക് മാത്രമല്ല, പഠനത്തിലും പ്രവൃത്തിയിലും പരിപൂര്‍ണത നല്‍കാന്‍ ശ്രമിക്കുന്നു.
5. പരീക്ഷണതല്‍പ്പരത (Experimentation) സര്‍ഗശേഷിയുടെ പ്രധാന ഘടകമാണ്. ഒന്നിനുപകരം മറ്റൊന്ന് പരീക്ഷിക്കുന്നു. ഒരു വാക്കിനോ ചിഹ്നത്തിനോ പ്രതീകത്തിനോ വേണ്ടി എമ്പാടും നേരം പരതുന്നു. ആശയങ്ങളുമായി മല്‍പ്പിടിത്തം നടത്തുന്നു. അസംതൃപ്തമായ മനസ്സില്‍നിന്നാണ് പരീക്ഷണശ്രമങ്ങള്‍ വിജയം കൊള്ളാന്‍ ശ്രമിക്കുന്നത്. ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഇതിന്റെ പ്രതിഫലനം കാണാന്‍ സാധിക്കും.

സര്‍ഗശേഷിയും പരിശീലനവും

ആകാശ് ഹിരോഷ്

ആകാശ് ഹിരോഷ്

സര്‍ഗശേഷിയുടെ വിശേഷഭാവങ്ങള്‍ വെളിപ്പെടുത്തുന്നത്, ഇതൊക്കെയും ഒരു വ്യക്തിയില്‍ ഉചിതമായ ഇടപെടല്‍ കൊണ്ട് വളര്‍ത്തിയെടുക്കാനാവുമെന്നതാണ്. കണ്ടെത്താനും വളര്‍ത്താനും ഉതകുന്നവിധം ഒരു ചുറ്റുവട്ടം ഒരുക്കൂട്ടുകയാണെങ്കില്‍, ഒരു വ്യക്തിക്ക് ഏതെങ്കിലുമൊരു മേഖലയിലെങ്കിലും വളരണമെന്ന അദമ്യമായ ആഗ്രഹവുമുണ്ടെങ്കില്‍ സര്‍ഗശേഷിയുടെ അനിവാര്യ ഘടകങ്ങളെ സ്വരൂപിക്കാനാവും. എന്റെ ഒരു അനുഭവം രേഖപ്പെടുത്താം: സര്‍ഗവാസനയുടെ പ്രകാശം പ്രകടമായി ആവശ്യപ്പെടുന്ന ചില കോഴ്സുകള്‍ക്ക്, പ്രവേശനപ്പരീക്ഷക്ക് മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും ആഗ്രഹിച്ചു വരുന്നവരില്‍ ഒരാളായിരുന്നു ആകാശ് ഹിരോഷ്. പ്ളസ്ടുവിന് സയന്‍സ് പഠനം. ഐഐടിയില്‍ എന്‍ജിനിയറിങ്ങിന് ചേര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ആകാശിനെ രക്ഷിതാക്കള്‍ പ്ളസ്‌ടു കോഴ്‌സിനും പ്രവേശനപ്പരീക്ഷാ പരിശീലനത്തിനും ബംഗളൂരുവിലെ ഒരു പ്രശസ്ത സ്ഥാപനത്തില്‍ ചേര്‍ത്തത്. ആകാശ് അച്ഛനമ്മമാരുടെ മോഹത്തിനെതിര് പറഞ്ഞിരുന്നില്ല. ഐഐടിയില്‍ അഡ്മിഷന്‍ കിട്ടിയാല്‍ നല്ലതാണെന്ന് അവനുമറിയാമായിരുന്നു. പ്ളസ്‌ടു പഠനം പൂര്‍ത്തിയാവുന്നതോടെയാണ് ആകാശ് ഡിസൈനിങ് കോഴ്സിന് പഠിക്കണമെന്ന മോഹം രക്ഷിതാക്കളെ അറിയിക്കുന്നത്. രക്ഷിതാക്കളുടെ കണ്ണുതള്ളിപ്പോയി. അവന്‍ കാര്യമായൊരു ചിത്രം വരയ്ക്കുന്നത് അവര്‍ കണ്ടിട്ടില്ല. കലാസാഹിത്യമത്സരങ്ങളില്‍ പങ്കെടുക്കാനും ഉത്സാഹം കാണിച്ചിട്ടില്ല. ചിത്രങ്ങളെക്കുറിച്ചോ ചിത്രരചനയെക്കുറിച്ചോ കാര്യമായൊന്നും പറയുന്നതോ വായിക്കുന്നതോ കണ്ടിട്ടുമില്ല. രക്ഷിതാക്കളിലൊരാള്‍ നന്നായി പാടും. മറ്റേയാള്‍ക്ക് ഇംഗ്ളീഷില്‍ ഒന്നാന്തരമായി എഴുതാനറിയാം. എഴുത്തുകാരനായിട്ടില്ല. അമ്മ പ്രൊഫഷണല്‍ പാട്ടുകാരിയുമായിട്ടില്ല. ആകുലതയോടെയും ആശങ്കയോടെയുമാണ് ആകാശിനെ അവര്‍ എന്റെ അടുത്തേക്കയച്ചത്. ആകാശിനപ്പോള്‍ കമേഴ്സ്യല്‍ ഡിസൈനിങ്ങിന് പഠിക്കാന്‍ നല്ല മോഹമുണ്ടെന്നതില്‍ സംശയമുണ്ടായിരുന്നില്ല. അവനോട് ഞാന്‍ വരച്ചുവച്ച വല്ല ചിത്രങ്ങളുമുണ്ടോ എന്നന്വേഷിച്ചു. സ്കൂളില്‍ പഠിക്കുമ്പോള്‍ വരച്ച ചില പോസ്റ്റര്‍ ചിത്രങ്ങളും കാര്‍ട്ടൂണുകളും ലജ്ജയോടെ എന്നെക്കാണിച്ചു. പകര്‍ത്തിവച്ച ചിത്രങ്ങളായിരുന്നു അവ. അവയ്ക്ക് തനിമയോ മേന്മയോ ഉണ്ടായിരുന്നില്ല. താല്‍പ്പര്യമുണ്ടെങ്കില്‍ പ്രവേശനപ്പരീക്ഷക്ക് ഒരു ശ്രമം നടത്താമെന്ന തീരുമാനത്തിലെത്തി ഞങ്ങള്‍. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. വരപ്പിച്ചു. ചിത്രങ്ങളെ അപഗ്രഥിക്കാനുള്ള പരിശീലനം നല്‍കി.  പ്രവേശനപ്പരീക്ഷക്ക് വേണ്ടി ഒരു മാസക്കാലം പരിശീലനം നല്‍കിയതോടെ, ആകാശിന്റെ ആത്മവിശ്വാസം കൂടി. ബംഗളൂരുവിലെ സൃഷ്ടി ഡിസൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള പ്രവേശനപ്പരീക്ഷയും അഭിമുഖീകരണവും ആകാശ് അതിജീവിച്ച്, നാല് വര്‍ഷത്തെ ഡിസൈനിങ് കോഴ്സില്‍ അഡ്മിഷന്‍ വാങ്ങി. കോഴ്സ് വിജയകരമായി പൂര്‍ത്തീകരിച്ചു. ഇപ്പോള്‍ ആകാശ് ബംഗളൂരുവില്‍തന്നെ ഒരു ഡിസൈനറായി ജോലിനോക്കുന്നു. രക്ഷിതാക്കള്‍ മകനില്‍ അഭിമാനം കൊള്ളുന്നു.

സര്‍ഗശേഷിയും  പാരമ്പര്യവും ഒരു  കെട്ടുകഥ
സര്‍ഗശേഷി പാരമ്പര്യജനകം എന്ന് കരുതുന്നതില്‍ രാഷ്ട്രീയവും സാമൂഹികവുമായ കെണികളുണ്ട്. ജന്മിത്വ-ജാതി വ്യവസ്ഥകളില്‍, വംശീയ മഹിമാപ്രയോഗത്തില്‍ കീഴാളവര്‍ഗങ്ങളുടെ സര്‍ഗശേഷി ഒരിക്കലും വളര്‍ത്തിയെടുക്കാതിരിക്കാനുള്ള ശ്രമമുണ്ട്. ജന്മസിദ്ധി സിദ്ധാന്തം മേലാളവര്‍ഗക്കാരുണ്ടാക്കിയെടുത്തതാണ്. വേദപഠനവും ആയുധ വിദ്യാപരിശീലനവും വ്യാപാരവ്യവഹാരവും ചില വംശങ്ങളും ചില ജാതി-മതവിഭാഗങ്ങളും കുത്തകയാക്കി വച്ചതിന്റെ ചരിത്രം ജന്മസിദ്ധി പ്രമാണങ്ങളാലുണ്ടായത് കാണാം. ദീര്‍ഘകാലം കഴിവുകളും വാസനകളും കൈവശപ്പെടുത്തി വയ്ക്കാന്‍ വഴിയും നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസം താഴ്ന്ന വര്‍ഗക്കാര്‍ക്ക് നല്‍കാതെപോയ ദീര്‍ഘകാലം മനുഷ്യചരിത്രത്തിലുണ്ട്. ഇന്ത്യന്‍ ജാതീയവ്യവസ്ഥ കീഴാളരെ എക്കാലവും മാറ്റങ്ങള്‍ക്ക് വിധേയമാവാതെ കീഴ്പ്പെടുത്തി  ആശ്രിതരാക്കാന്‍ ശ്രമിച്ചത് വസ്തുതയാണ്. ഇന്നും ശ്രമം തുടരുന്നുമുണ്ട്. അധഃസ്ഥിതന് വേദം പഠിക്കാനോ ഗോത്ര വര്‍ഗക്കാരന് ആയുധവിദ്യ പഠിക്കാനോ പറ്റില്ലെന്ന പുരാവൃത്ത കല്‍പ്പനയെ, പുരാവൃത്തങ്ങളിലൂടെ തന്നെ ചോദ്യം ചെയ്തിട്ടുമുണ്ട്. ഏകലവ്യകഥ ഓര്‍ക്കുക.

ഏകലവ്യന് ആയുധവിദ്യ പഠിക്കണമെന്ന് അദമ്യമായ മോഹമുണ്ടായിരുന്നു. അതുകൊണ്ടാണ് പാരമ്പര്യ വ്യവസ്ഥയെ ചോദ്യംചെയ്ത് ഏകലവ്യന്‍ ദ്രോണാചാര്യര്‍ക്ക് മുന്നിലെത്തിയത്. ദ്രോണര്‍ കുലമഹിമയുടെ അഭാവം പറഞ്ഞ്, കാടിന്റെ മകന് ആയോധനകലാ പഠനം നിഷേധിക്കുകയായിരുന്നു. ഉള്ളിലുള്ള ആഗ്രഹം സ്വയം പരിശീലിപ്പിക്കാനാവുമെന്നാണ് ഏകലവ്യന്‍ തെളിയിച്ചത്. തടുത്തുനിര്‍ത്താനാവാത്ത ആഗ്രഹമുണ്ടെങ്കില്‍ ആയോധനകല പോലും ഒരാള്‍ക്ക് അഭ്യസിച്ചെടുക്കാനാവുമെന്നാണ് ഏകലവ്യകഥ വെളിപ്പെടുത്തിയത്.

സാമൂഹികമോ സാമ്പത്തികമോ ആയ പിന്നോക്കാവസ്ഥയില്‍ ജനിച്ചുവളരുന്ന ഒരാള്‍ക്ക് സര്‍ഗശേഷിയുറ്റ ജീവിതത്തിന്റെ ഉടമയായിത്തീരാനാവുമെന്നതാണ് വസ്തുത. അധഃസ്ഥിതനാണെന്ന് കരുതി, തനിക്ക് പഠിക്കാനോ വളരാനോ കഴിയില്ലെന്ന്  ധരിക്കുന്ന ഒരാള്‍ സ്വന്തം വളര്‍ച്ചയെ തന്നെയാണ് തടസ്സപ്പെടുത്തുന്നത്. തനിക്ക് ഏത് മേഖലയിലാണ് താല്‍പ്പര്യമെന്ന് കണ്ടെത്തുന്ന ഒരാള്‍ക്ക് തന്നെത്തന്നെ മാറ്റിയെടുക്കാനാവും. വളര്‍ച്ചയുടെ വഴികളന്വേഷിക്കുന്ന മനസ്സിനുമുന്നില്‍ സ്വര്‍ണകവാടങ്ങള്‍ തുറക്കപ്പെടും. ഉചിതമായ പരിശീലനവും ഫലവത്തായ മാര്‍ഗനിര്‍ദേശങ്ങളും ആത്മാര്‍ഥമായ പരിശ്രമവും തോല്‍ക്കാന്‍ സമ്മതിക്കാത്ത ഒരു മനസ്സും ഉണ്ടെങ്കില്‍ ഒരാള്‍ക്ക് തനിമയാര്‍ന്ന ജീവിതം കൊണ്ട് വിജയത്തിന്റെ പടവുകള്‍ കയറാനാവും.

ഫഹദ് ഫാസില്‍ ആമേനില്‍

ഫഹദ് ഫാസില്‍ ആമേനില്‍

ഫഹദ് ഫാസില്‍ എന്ന മലയാള ചലച്ചിത്ര നടന്റെ വളര്‍ച്ചയുടെ പടവുകള്‍ പരിശോധിക്കുക. ആദ്യചലച്ചിത്രമായ 'കയ്യെത്തും ദൂരത്ത്' സംവിധാനം ചെയ്തത് പിതാവായ ഫാസില്‍. വേണമെങ്കില്‍ അനുകൂലവും സുരക്ഷിതവുമായ സാഹചര്യത്തിലാണ് ഫഹദ് ഫാസില്‍ ആദ്യചിത്രത്തില്‍ അഭിനയിക്കുന്നത് എന്നുപറയാം. ഫഹദ് ഫാസിലിന്റെ ആദ്യാഭിനയം കണ്ട ഒരാളും അയാളിലൊരു നടനുണ്ടെന്നോ നല്ലൊരു നാളെ കാത്തിരിപ്പുണ്ടെന്നോ പറയാനിടയില്ല. പിന്നീട് ഫഹദ് ഫാസിലിന് നല്‍കിയ അഭിനയ പരിശീലനം മലയാളികളറിഞ്ഞ വസ്തുതയാണ്. പില്‍ക്കാലത്ത് ആമേനോ ആര്‍ട്ടിസ്റ്റോ അന്നയും റസൂലുമോ മഹേഷിന്റെ പ്രതികാരമോ വെളിച്ചത്ത് വരുന്നത് പ്രതിഭയും കൈയടക്കവുമുള്ള ഒരു നടന്റെ അഭിനയത്തികവോടെയാണ്. ഒരുപക്ഷേ, ആഗ്രഹവും പരിശീലനവും ഫഹദ്ഫാസില്‍ എന്ന നടനെ ഉണ്ടാക്കിത്തീര്‍ക്കുകയായിരുന്നു എന്ന് അനുമാനിക്കാനാവുന്നു. ഇന്ന് വൈവിധ്യപൂര്‍ണമായ പല കഥാപാത്രങ്ങളിലൂടെ ഫഹദ് ഫാസില്‍ മികവുറ്റ ഒരു അഭിനേതാവായി നിലകൊള്ളുന്നു.

സര്‍ഗശേഷിയുടെ പ്രയോഗം
സര്‍ഗശേഷി വളര്‍ത്തിയെടുക്കുന്നതില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നല്ല പങ്കുണ്ട്. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ കൊച്ചുകഥകള്‍ പറഞ്ഞുകൊടുക്കുകയും ചിത്രപുസ്തകങ്ങള്‍ വാങ്ങിച്ചു നല്‍കുകയും ചെയ്യുമ്പോള്‍ കഥ കേള്‍ക്കാനും കഥ പറയാനുമുള്ള കഴിവ് തളിരിടുന്നു. പിന്നീട് പ്രായവിഭാഗത്തിനനുസരിച്ച് കഥാപുസ്തകങ്ങളോ മറ്റ് പുസ്തകങ്ങളോ കൈയിലെത്തുമ്പോള്‍, അവ വായിക്കുമ്പോള്‍ ഭാവന, ഗ്രാഹ്യശക്തി, ആശയവിനിമയശേഷി, രചനാപാടവം തുടങ്ങിയ ഘടകങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള ചുറ്റുവട്ടമായി മാറുന്നു. അത് പഠനത്തിനുള്ള സഹായഘടകമായി മാറാതിരിക്കില്ല. ചിത്രരചനയില്‍ താല്‍പ്പര്യം കാണിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ ചായം, പെന്‍സില്‍, ബ്രഷ്, കടലാസുകള്‍ തുടങ്ങിയവ നല്‍കേണ്ടതുണ്ട്. ശില്‍പ്പരചന ത്രിമാന സ്വഭാവമുള്ള വസ്തുക്കളുടെ നിര്‍മിതിക്ക് സഹായകരമാവുന്നു. ചിത്രരചന, ശില്‍പ്പകല തുടങ്ങിയവയിലുള്ള പരിചയം ആര്‍ക്കിടെക്ചര്‍, ഡിസൈനിങ്, ഫാഷന്‍ ടെക്നോളജി തുടങ്ങിയ മേഖലകളോടടുപ്പിക്കുന്നു. ജോലി കണ്ടെത്താന്‍ മാത്രമല്ല, എത്തിച്ചേരുന്ന ജോലികളില്‍ കൂടുതല്‍ ക്രിയാത്മകമാവാനും സഹായിക്കുന്നുണ്ട്. സര്‍ഗശേഷിയുള്ള ഒരു തൊഴിലാളി മറ്റുള്ളവരില്‍നിന്ന് വേറിട്ട് നില്‍ക്കാതിരിക്കില്ല. ഏത് ഉദ്യോഗത്തിലായാലും സര്‍ഗശേഷി ഒരാളിന്റെ തൊഴിലിടത്തെ സാന്നിധ്യത്തിന് സ്വയംപ്രകാശം നല്‍കാന്‍ കഴിയുന്നു.

കെ പി എ ഇല്യാസ്

കെ പി എ ഇല്യാസ്

സര്‍ഗശേഷി വേറിട്ട ഒരു പൊലീസുദ്യോഗസ്ഥനെ ഉണ്ടാക്കുമെന്ന് കെ പി എ ഇല്യാസിലൂടെയാണ് ഞാനറിഞ്ഞത്. സിവില്‍ സര്‍വീസ് പരീക്ഷക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ഇല്യാസ് എന്നെ വന്നുകാണുന്നത്. പഠിതാവായ ഇല്യാസിനോടുള്ള സമ്പര്‍ക്കം തുടരുകയായിരുന്നു. ഇല്യാസിനെക്കുറിച്ച് എനിക്ക് കൂടുതലറിയാനുള്ള അവസരങ്ങളും ലഭിച്ചു. ഇല്യാസിന് വായനയിലും എഴുത്തിലും നല്ല താല്‍പ്പര്യമുണ്ടായിരുന്നു. ഇല്യാസിന്റെ ബാപ്പ കെ പി അബ്ദുള്ള മാസ്റ്റര്‍ നരിക്കുനിയിലെ പ്രൈമറി സ്കൂള്‍ അധ്യാപകനായിരുന്നു; ശാസ്ത്രബോധമുള്ള ഒരധ്യാപകന്‍. ഇല്യാസിന് കുട്ടിക്കാലത്ത് തന്നെ ബാപ്പ കഥകള്‍ പറഞ്ഞുകൊടുക്കുമായിരുന്നു. പിന്നെ, പഞ്ചതന്ത്ര കഥകളും ഈസോപ്പ് കഥകളും വായിച്ചു. ചിത്രകഥകളിലൂടെ സര്‍ഗശേഷിയുടെ ഒരു പുതിയ തലം മകന് ലഭിക്കാന്‍ വഴിയായി. വായന ഇല്യാസിന് ഭാവനയും എഴുതാനുള്ള താല്‍പ്പര്യവുമുണ്ടാക്കിയിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ബാലവേദി സെക്രട്ടറിയായിരുന്നു ഇല്യാസ്. ശില്‍പ്പശാലകളും പരിശീലനങ്ങളും ഇല്യാസിന് നേതൃത്വവാസനയും വളര്‍ത്തി. ആകാശവാണി നാടകങ്ങള്‍ ശബ്ദത്തില്‍നിന്ന് കാണാതെ കിടക്കുന്ന ലോകത്തെ മനസ്സില്‍ വളര്‍ത്തിയെടുക്കാന്‍ പരിശീലനമായി മാറി. പ്രവേശനപ്പരീക്ഷ എഴുതി. ബിഡിഎസിന് പഠിക്കാന്‍ അഡ്മിഷന്‍ കിട്ടി. ഇല്യാസ് ബന്ധുവിന്റെ സുഹൃത്തുക്കള്‍ക്ക് വരെ അക്കാലത്ത് കത്തുകളെഴുതി. സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്ന കാലത്ത് പരിചയപ്പെട്ട അനീഷ്രാജന്‍ എന്ന സുഹൃത്ത് വായന വളര്‍ത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കി. അനീഷ് ഐഎഫ്സുകാരനായി. വിദേശരാജ്യങ്ങളിലെ ഉദ്യോഗസ്ഥനാക്കി. ഇല്യാസ് ഐപിഎസ്സുകാരനായി, നാഗാലാന്‍ഡ് കാഡറില്‍ ചേര്‍ന്നു. പൊലീസ് പണിക്ക് സ്ഥിരമായ ചില രീതികളും ഭാവങ്ങളുമുണ്ട്. ആവര്‍ത്തനതലം കൂടുതലാണ്. വായന, എഴുത്ത്, നിരീക്ഷണം തുടങ്ങിയവയില്‍നിന്ന് കിട്ടിയ സര്‍ഗശേഷി തന്റെ ജോലിയില്‍ പ്രയോഗിക്കാനുള്ള ശ്രമത്തിലാണ് ഇല്യാസ്.  പൊലീസിങ് എങ്ങനെ ക്രിയാത്മകമാക്കാമെന്നതിന് ഇല്യാസ് ശ്രമം നടത്തുന്നു. എത്രത്തോളം ഭാവനയും പുത്തന്‍ ആശയങ്ങളും ജോലിയിടത്ത് പ്രകടിപ്പിക്കാനാവുമെന്നാണ് ഇല്യാസ് അന്വേഷിക്കുന്നത്. പൊലീസ് പണി ആഹ്ളാദകരമായ ഒരുനുഭവമാക്കി മാറ്റാനും ഇല്യാസ് ശ്രമിക്കുന്നു. ഇല്യാസിന്റെ സര്‍ഗശേഷി അതിന് സഹായകരമാവുകയും ചെയ്യുന്നു. അതിന്റെ ഫലവും നേട്ടവും അയാള്‍ക്ക് ലഭിച്ചുതുടങ്ങിയിരിക്കുന്നു.
ഇല്യാസ് നല്‍കുന്ന പാഠങ്ങള്‍ ലളിതമാണ്.

1. ഇല്യാസിന്റെ സര്‍ഗശേഷിയുടെ ബീജാവാപം കുട്ടിക്കാലത്തുതന്നെ നടന്നു. അനുകൂലമായ ചുറ്റുവട്ടം സര്‍ഗശേഷിക്ക് പ്രോത്സാഹനമായി.
2. സര്‍ഗശേഷി വളര്‍ത്തിയെടുക്കാന്‍ മാര്‍ഗങ്ങള്‍ ഇല്യാസ് സ്വയം കണ്ടെത്തി. എഴുതുകയും പ്രകടിപ്പിക്കുകയും ചെയ്തു.
3. സര്‍ഗശേഷിയെ തന്റെ പഠനത്തിന്, പരീക്ഷകള്‍ക്ക് പ്രയോജനപ്പെടുത്തി. ഉയര്‍ന്ന പരീക്ഷകളില്‍പ്പോലും വിജയിക്കാന്‍ സര്‍ഗശേഷി സഹായകരമായി.
4. സര്‍ഗശേഷിയുടെ ഘടകങ്ങള്‍ ഔദ്യോഗിക പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിച്ചുതുടങ്ങി. അത് ഇല്യാസിനെ വ്യത്യസ്തനായ ഒരുദ്യോഗസ്ഥനാക്കി മാറ്റുന്നു.
5. സര്‍ഗശേഷിയാല്‍ ആഹ്ളാദകരമാകുന്ന ജോലിയില്‍ കഴിയാവുന്നത്ര ക്രിയാത്മകമാകാന്‍ ശ്രമിക്കുന്നു. ജോലിയെ കൂടുതല്‍ ഇഷ്ടമുള്ളതാക്കുന്നു.

സര്‍ഗശേഷിയുടെ രചനാതലങ്ങള്‍
സര്‍ഗാത്മകമായ ഒരു മനസ്സ് മനുഷ്യനുണ്ട്. അത് മനുഷ്യന്‍ കണ്ടെത്തുകയോ വളര്‍ത്തുകയോ പ്രയോഗിക്കുകയോ ചെയ്യുന്നുണ്ടോ എന്നതാണ് കാര്യം. സര്‍ഗാത്മകമായ മനസ്സ് തന്റെ ചുറ്റുവട്ടത്തെ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നു. പുതുതായി പറയാനോ ചെയ്യാനോ ഉള്ള ചിലത് കണ്ടെത്താന്‍ ശ്രമിക്കുന്നു. മനുഷ്യനന്മയിലടിയൂന്നിയ, സാമൂഹികമായ സ്വാസ്ഥ്യം വിഭാവനംചെയ്യുന്ന ഒരന്വേഷണമാവും അപ്പോള്‍ സര്‍ഗശേഷിയിലൂടെ നടക്കുന്നത്. കലയിലോ സാഹിത്യത്തിലോ സംഗീതത്തിലോ ഒക്കെ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ആ വ്യക്തിയുടെ രചനകളിലൂടെ അറിയപ്പെടുന്നു. സൌന്ദര്യാന്വേഷണത്തിന്റെയും രചനാത്മകതയുടെയും അഭൌമ സൃഷ്ടിയുടെ പേരിലാണവര്‍ അറിയപ്പെടുന്നത്. എന്നാല്‍ സര്‍ഗശേഷിയെ സമൂഹത്തിന്റെ മാറ്റിമറിക്കലിന് പ്രയോഗിക്കുമ്പോള്‍ മഹത്വത്തിന്റെ രാഷ്ട്രീയ പ്രയോഗമായി മാറുന്നു. സര്‍ഗസമ്പന്നനായ രാഷ്ട്രീയ ചിന്തകനോ നേതാവോ ആയി മാറുന്നു. സമൂഹത്തിന്റെ പുനര്‍നിര്‍മാണത്തില്‍ ഒരു സുവര്‍ണ കണ്ണിയായിത്തീരുന്നു. അഭൌമ നേതൃത്വത്തിന്റെ ജീവിക്കുന്ന അടയാളമായി ഭവിക്കുന്നു.

ചിലര്‍ ഒരു കൊച്ചുവട്ടത്തിലാവും സര്‍ഗശേഷിയുടെ പൊന്‍വെളിച്ചം വീഴ്ത്തുന്നത്. കുടുംബത്തിലോ തൊഴിലിടങ്ങളിലോ  ഒരു പ്രദേശത്തോ ആകാമത്. അവര്‍ കുടുംബനാഥയോ തൊഴിലാളിയോ ആകാം. അവര്‍ തന്റെ ധര്‍മനിര്‍വഹണത്തില്‍ സര്‍ഗാത്മകതയുടെ മായാസ്പര്‍ശം കൊണ്ട് ചിലരെ സ്വാധീനിക്കുന്നു. തൊഴിലിന്റെ അന്തസ്സും മഹിമയും ഉയര്‍ത്തിപ്പിടിക്കുന്ന ഇക്കൂട്ടരെ നമ്മുടെ ദൈനംദിന ജീവിതത്തില്‍ കണ്ടെത്താനാവും. ബന്ധങ്ങളിലെ തന്റെ റോള്‍ മേന്മയുറ്റതും വേറിട്ടതുമാക്കുന്നവര്‍ നമ്മുടെ ചുറ്റുവട്ടത്തുണ്ടാവും. അവര്‍ നമുക്ക് പ്രിയപ്പെട്ട അധ്യാപകനോ അങ്കണവാടി ടീച്ചറോ  പൊലീസുദ്യോഗസ്ഥനോ ആകാം. അവര്‍ നമ്മുടെ മാതാവോ അമ്മാവനോ ജ്യേഷ്ഠ സഹോദരനോ ആകാം. സൌഹൃദം കൊണ്ട്, ഭാഷണചാതുര്യം കൊണ്ട്, നന്മകൊണ്ട് അവര്‍ ഒരു കൊച്ചുവട്ടത്തിലുള്ളവരുടെയെങ്കിലും ഹൃദയം കീഴടക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ അവര്‍ ആദരം പിടിച്ചുപറ്റുന്നു. ഈ ലോകം വിട്ടുപോവുമ്പോള്‍ അവരെ നേരിട്ടറിഞ്ഞവരുടെ മനസ്സില്‍ മധുരമായ ഒരോര്‍മയായി നിലകൊള്ളുന്നു.

ജീവിതം സര്‍ഗരചനയാക്കി മാറ്റുമ്പോള്‍
ഗാന്ധിയും മാര്‍ക്സും നമുക്ക് പലവിധേന പരിചിതരാണ്. ഗാന്ധി ഒരു ദേശത്തിന്റെ ഭാവി തിരുത്തിക്കുറിച്ച രാഷ്ട്രീയാത്ഭുതമാണ് ചിലര്‍ക്ക്. ഇന്ത്യയുടെ സ്വാതന്ത്യ്രസമര സന്നാഹങ്ങള്‍ക്ക് ലാളിത്യത്തിന്റെയും ആത്മീയതയുടെയും പുടവയണിയിച്ച രാഷ്ട്രീയ നേതാവ്. സാമൂഹികചിന്തയിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും എക്കാലത്തേക്കും എവിടേക്കും പ്രസക്തമാകുന്ന ആശയങ്ങള്‍ സംഭാവന ചെയ്ത വ്യക്തിയാണ് ഗാന്ധി പലര്‍ക്കും. 1931ലെ ദണ്ഡി മാര്‍ച്ച് സര്‍ഗാത്മക മനസ്സിന്റെ നിറഞ്ഞ തെളിവ്. തെരഞ്ഞെടുത്ത വേഷം ഒരു ദേശത്തിന്റെ മനസ്സ് അടിയാളപ്പെടുത്തുന്ന സര്‍ഗരചന. ചിന്തയിലും പ്രവൃത്തിയിലും പ്രകടവും അപ്രകടവുമായ സര്‍ഗാത്മകതയാണ് ഗാന്ധിയെ ഇന്നും ജീവിക്കുന്ന അത്ഭുതമാക്കുന്നത്. ഐന്‍സ്റ്റൈന്‍ രേഖപ്പെടുത്തുന്നു: 'ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നോ എന്ന് കാലം അത്ഭുതപ്പെടും.'

മാര്‍ക്സ് ചരിത്രത്തെ വിശകലനം ചെയ്തത് വരാനിരിക്കുന്ന ഒരു കാലത്തിന്റെ മേന്മക്കും നന്മക്കുമായിരുന്നു. വായനയും അന്വേഷണവുംകൊണ്ട് ജീവിതത്തെ പ്രയോജനപ്പെടുത്തിയത് സാമൂഹികനീതിയുടെയും സമത്വത്തിന്റെയും ഒരു ലോകം കെട്ടിപ്പടുക്കാനായിരുന്നു. ചിലര്‍ക്ക് മാര്‍ക്സ് സാമൂഹിക ശാസ്ത്രജ്ഞന്‍. ചിലര്‍ക്ക് രാഷ്ട്രീയ മീമാംസയുടെ ഫലവത്തായ രചന നടത്തിയയാള്‍. പലര്‍ക്കും എക്കാലത്തേക്കും വിലപ്പെട്ട സര്‍ഗസമ്പന്നമായ സാമൂഹിക പരിപ്രേക്ഷ്യം രചിച്ച മഹദ്വ്യക്തി. അത് ദുര്‍ബലരുടെ, കീഴാളരുടെ അടിച്ചമര്‍ത്തപ്പെടുന്നവരുടെ വിമോചനത്തിന് ഏത് ദേശത്തേക്കും പ്രസക്തമായ തത്വശാസ്ത്രമായി മാര്‍ക്സിയന്‍ ചിന്തയെ വിലമതിക്കുന്നു. കലയിലും സാഹിത്യത്തിലും ജീവിതത്തിന്റെ സമഗ്രതലങ്ങളിലും സമഭാവനയുടെ പ്രകാശം പരത്താന്‍ സര്‍ഗധനനായ ഒരു നേതാവ് രേഖപ്പെടുത്തിയ രചനയായി മാര്‍ക്സിയന്‍ ചിന്തയെ ചിലര്‍ വിലമതിക്കുന്നു.

ആശയവുമായി യോജിക്കാം. വിയോജിക്കാം. സര്‍ഗസമ്പന്നതയുടെ മഹിമകൊണ്ടാണ് ചിലര്‍ അമരത്വം പ്രാപിക്കുന്നത്, കാലത്തെ തോല്‍പ്പിച്ച് മുന്നോട്ടുപോകുന്നത്. മനുഷ്യകുലം ഈ ഭൂമിയിലോ മറ്റെവിടെയെങ്കിലുമോ ബാക്കിയാവുന്നിടത്തോളം കാലം ഇവര്‍ ജീവിക്കുന്നു. മഹാത്മാക്കളുടെ സര്‍ഗരചന ലോകം എന്നും ആദരിക്കുന്നു. എന്നാല്‍ ചിലര്‍ അവരുടെ ചുറ്റുവട്ടത്തിന്റെ രക്ഷകരാണ്, നേതാക്കളാണ്. ഒരു കൊച്ചുവട്ടത്തില്‍ സര്‍ഗാത്മകതയുടെ ഇടപെടല്‍ കൊണ്ട് മേന്മ അടയാളപ്പെടുത്തപ്പെട്ട സാധാരണ മനുഷ്യരാണവര്‍. ഒരു കുടുംബത്തിലോ ഒരു സ്ഥാപനത്തിലോ സര്‍ഗാത്മകമായ ഇടപെടലുകള്‍ നടത്തിയ ഒരാളാവുമത്.
പ്രശ്നം വളരെ വ്യക്തം: നമ്മുടെയുള്ളിലെ സര്‍ഗശേഷിയെ കണ്ടെത്തുകയോ വളര്‍ത്തുകയോ പ്രയോഗിക്കുകയോ ചെയ്യുന്നുണ്ടോ?

(ദേശാഭിമാനി വാരികയിലെ സ്വപ്നാകാശം പംക്തിയില്‍ നിന്ന് )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top