04 June Sunday

‘ലിറ്റില്‍ കൈറ്റ്സ്' അംഗത്വത്തിന് സ‌്‌കൂളുകൾക്കും എട്ടാംക്ലാസുകാർക്കും അപേക്ഷിക്കാം

സ്വന്തം ലേഖകൻUpdated: Thursday Jan 10, 2019

തിരുവനന്തപുരം > പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂളുകളിൽ രൂപീകരിച്ചിട്ടുള്ള ‘ലിറ്റിൽ കൈറ്റ്സ്' പദ്ധതിയിൽ പുതിയ യൂണിറ്റുകൾ രൂപീകരിക്കാൻ താൽപര്യമുള്ള സ്കൂളുകൾക്ക് 15നകം ഓൺലൈനായി അപേക്ഷിക്കാം.  എട്ടാം ക്ലാസുകാർക്ക‌് അടുത്ത വർഷത്തെ അംഗത്വത്തിന്   17 മുതൽ 21 വരെ അപേക്ഷ നൽകാം. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന  പദ്ധതി രാജ്യത്തെ  കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയാണ്.

സ്കൂൾതല ഐസിടി പ്രവർത്തനങ്ങളിൽ പ്രത്യേക താല്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള രണ്ട് അധ്യാപകർ  ‘കൈറ്റ് മാസ്റ്റർ'  എന്ന പേരിൽ യൂണിറ്റിന്റെ ചുമതലക്കാരാവും. സ്കൂളുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോറത്തിൽ കുട്ടികൾ പ്രഥമാധ്യാപകനാണ് അപേക്ഷ നൽകണം.   23-ന് അഭിരുചി പരീക്ഷ നടത്തിയാണ്  ലിറ്റിൽ കൈറ്റ്സിൽ അംഗത്വം നൽകുക. എട്ടാംതരം ഐടി പാഠപുസ്തകത്തേയും ഐടി മേഖലയിലെ പൊതുവിജ്ഞാനത്തിന്റേയും അടിസ്ഥാനത്തിൽ നടത്തുന്ന അഭിരുചി പരീക്ഷയിൽ ചുരുങ്ങിയത് 25 ശതമാനം സ്കോർ നേടണം.

സ്കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധി ദിവസങ്ങൾ പ്രയോജനപ്പെടുത്തിയും ചുരുങ്ങിയത് മാസത്തിൽ നാല‌് മണിക്കൂർ പരിശീലനം ‘ലിറ്റിൽ കൈറ്റ്സ്' ക്ലബ‌് അംഗങ്ങൾക്ക‌് ഉറപ്പാക്കും. പ്രവർത്തനം വിലയിരുത്തി കുട്ടികൾക്ക് വർഷാവസാനം എ, ബി, സി ഗ്രേഡുകളിലുള്ള സർട്ടിഫിക്കറ്റുകൾ നൽകും. സ്കൂളുകൾക്ക് ക്ലബ‌് പ്രവർത്തനത്തിനാവശ്യമായ ധനസഹായം കൈറ്റ് നൽകും. സ്കൂളുകളിലെ ഹാർഡ്‌വെയർ പരിപാലനം, രക്ഷകർത്താക്കൾക്കുള്ള കംപ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ് ഡെസ്ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ,‍ഡിജിറ്റൽ മാപ്പിംഗ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടേയും ക്യാമ്പുകളുടേയും സംഘാടനം, വിക്ടേഴ്സിലേക്ക് ആവശ്യമായ വാർത്തകളുടേയും ഡോക്യുമെന്ററികളുടേയുംനിർമാണം, സ്കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ‘ലിറ്റിൽ കൈറ്റ്സ്' ക്ലബ്ബുകൾ സംഘടിപ്പിക്കും. പരിശീലനങ്ങൾക്ക് പുറമെ മറ്റു വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,

ഈ വർഷം 1898 സ്‌കൂളുകളിൽ ഒൻപതാം ക്ലാസിലെ 58247 വിദ്യാർഥികളാണ്  ‘ലിറ്റിൽ കൈറ്റ്സ്'  അംഗങ്ങളായത്. അടുത്ത വർഷം രണ്ട‌്  ലക്ഷം കുട്ടികൾ 'ലിറ്റിൽ കൈറ്റ്'സിന്റെ ഭാഗമാകും. പത്താം ക്ലാസിൽ കുട്ടികൾക്ക് ആഗസ്‌ത്‌ വരെ വിവിധ പ്രോജക്ട് വർക്കുകൾ ഉണ്ടാകും. എസ്എസ്എൽസി പരീക്ഷയ്ക്ക്   ‘ലിറ്റിൽ കൈറ്റ്സ്' അംഗങ്ങൾക്കും ഗ്രേഡനുസരിച്ച് ഗ്രേസ്‍മാർക്ക് നൽകാൻ സർക്കാരിന‌് കൈറ്റ്  ശുപാർശ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്ന്  വൈസ് ചെയർമാൻ കെ അൻവർ സാദത്ത് അറിയിച്ചു. ഈ വർഷത്തെ മികച്ച 'ലിറ്റിൽ കൈറ്റ്സ്' ക്ലബ്ബുകൾക്കുള്ള പുരസ്കാര വിശദാംശങ്ങൾ ഫെബ്രുവരി ആദ്യം പ്രഖ്യാപിക്കും. വിശദാംശങ്ങൾ www.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top