12 September Thursday

ഓൺലൈൻ പഠനത്തിന്‌ കൈറ്റിന്റെ ‘ബിഗ് ബ്ലൂ ബട്ടൺ'

വെബ് ഡെസ്‌ക്‌Updated: Saturday Apr 18, 2020


തിരുവനന്തപുരം
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോമിൽ വീഡിയോ കോൺഫെറൻസിങ് സംവിധാനമൊരുക്കി  പൊതു വിദ്യാഭ്യാസവകുപ്പ്. കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ്‌ ടെക്നോളജി  എഡ്യൂക്കേഷൻ (കൈറ്റ്) ആണ്  ‘ബിഗ് ബ്ലൂ ബട്ടൺ' ( BigBlueButton ) അവതരിപ്പിച്ചത്‌. ഓൺലൈൻ പഠനത്തിനും യോഗങ്ങൾക്കും പ്രയോജനപ്പെടുത്താൻ കഴിയുംവിധമാണ്‌ ഇതിന്റെ രൂപകൽപ്പന. പൊതുവിദ്യാഭ്യാസവകുപ്പ്‌ ഔദ്യോഗികാവശ്യങ്ങൾക്കുള്ള തനത്‌ വെബ്കോൺഫറൻസിങ്‌ സംവിധാനമാണിത്‌.

അടച്ചുപൂട്ടലിൽ വ്യാപകമായി ഉപയോഗിച്ച സൂം വീഡിയോ കോൺഫറൻസിങ് സംവിധാനത്തിനെതിരെ കേന്ദ്ര സർക്കാരിന്റെ സുരക്ഷാ ഭീഷണി മുന്നറിയിപ്പ്‌ ഉണ്ടായിരുന്നു. ഇതിനും മുന്നേ കൈറ്റ്‌ സ്വന്തം സംവിധാനമൊരുക്കി. കോൺഫെറൻസിങ്ങിനു പുറമെ സ്ക്രീൻ ഷെയറിങ്‌, മൾട്ടി യൂസർ വൈറ്റ്ബോർഡ്‍, പബ്ലിക് ചാറ്റ്, ഷെയേർഡ് നോട്ട്സ് തുടങ്ങിയവയും ലഭ്യമാണ് .

അധ്യാപകർക്ക് അനുയോജ്യമായ സോഫ്റ്റ്‍വെയറാണിത്. സ്ലൈഡുകൾ, വീഡിയോകൾ, ഓഡിയോകൾ, പ്രവർത്തിപ്പിക്കുന്ന കംപ്യൂട്ടറിന്റെ ഡെസ്ക് ടോപ്‌ (സ്ക്രീൻ ഷെയറിങ്) തുടങ്ങിയവ വിദ്യാർഥികളുമായി തത്സമയം ഇതിലൂടെ പങ്കുവയ്ക്കാം. ഇതിലെ പ്രസന്റേഷൻ ഏരിയ വൈറ്റ് ബോർഡായും ഉപയോഗിക്കാം.
കൈറ്റ് രൂപകല്പനചെയ്ത കൂൾ (കൈറ്റ്‌സ്‌ ഓപ്പൺ ഓൺലൈൻ ലേണിങ്‌) എന്ന ലേണിങ്ങ് മാനേജ്മെന്റ് സിസ്റ്റവുമായും ഇത് സംയോജിപ്പിച്ചിട്ടുണ്ട്‌. സെർവർ കസ്റ്റമൈസേഷൻ പ്രവർത്തനങ്ങളും പൂർത്തീകരണ ഘട്ടത്തിലാണ്. കൈറ്റ് തയ്യാറാക്കിയ ‘സമഗ്ര' പോർട്ടലിലും ഈ സൗകര്യം ലഭ്യമാകും. ജനങ്ങൾക്ക്‌ ഇതിൽ പരിശീലനം നൽകാനും പദ്ധതിയുണ്ടെന്ന് കൈറ്റ്‌ സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു.

പൊതുവിദ്യാലയങ്ങളിൽ പൂർണമായും സ്വതന്ത്ര സോഫ്‌റ്റ്‌വെയർ പ്രയോജനപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സ്‌കൂളിലെ സൈബർ സെയ്‌ഫ്റ്റി പ്രോട്ടോകോൾ കൃത്യമായി പാലിക്കാനും കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവയ്‌ക്കുന്ന തരത്തിലും മറ്റു സ്വകാര്യ സെർവറുകളിൽ ഹോസ്റ്റ് ചെയ്യുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വിലക്കിയും നേരത്തെ സർക്കാർ ഉത്തരവുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top