തിരുവനന്തപുരം
കേരള സർവകലാശാലയുടെ 2018‐19 വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് (http://admissions.keralauniversity.ac.in) വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. അപേക്ഷകർക്ക് ആപ്ലിക്കേഷൻ നമ്പറും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാം. ഒന്നും, രണ്ടും ഘട്ടങ്ങളിൽ അലോട്ട്മെന്റ് ലഭിക്കാത്തവരും എന്നാൽ മൂന്നാം ഘട്ടത്തിൽ പുതുതായി അലോട്ട്മെന്റ് ലഭിക്കുകയും ചെയ്ത അപേക്ഷകർ ഓൺലൈനായോ അല്ലാത്ത പക്ഷം വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം അഡ്മിഷൻ ഫീസ് അടയ്ക്കാനുളള ചെലാൻ പ്രിന്റ് ഔട്ട് എടുത്ത് എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയിൽ ഫീസ് അടയ്ക്കണം. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 1525 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 840 രൂപയുമാണ്. ചെലാൻ മുഖേന ഫീസ് അടയ്ക്കുന്നവർ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം (ജേർണൽ നമ്പർ) യഥാസമയം വെബ്‌സൈറ്റിൽ നൽകി തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതും അലോട്ട്മെന്റ് ലഭിച്ച കോളേജിൽ എത്തി അലോട്ട്മെന്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന പ്രകാരം അഡ്മിഷൻ എടുക്കേണ്ടതുമാണ്. അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം (ജേർണൽ നമ്പർ) യഥാസമയം ചേർക്കാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റ് റദ്ദാകും. ഇങ്ങനെയുള്ളവരെ യാതൊരു കാരണവശാലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല.
ഒന്ന്,രണ്ട് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിച്ചവർ (അഡ്മിഷൻ ഫീസ് അടച്ച് ആ വിവരം യഥാസമയം വെബ്സൈറ്റിൽ ചേർത്തവർ മാത്രം) മൂന്നാം ഘട്ട അലോട്ട്മെന്റിൽ ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ലഭിച്ചാൽ അഡ്മിഷൻ ഫീസ് വീണ്ടുംഅടയ്ക്കേണ്ടതില്ല. ഒന്ന്,രണ്ട്,മൂന്ന് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് സീറ്റ് ലഭിച്ച അപേക്ഷകർക്ക് ജൂൺ 25 മുതൽ ആപ്ലിക്കേഷൻ നമ്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാം.
ഒന്ന്,രണ്ട്,മൂന്ന് അലോട്ട്മെന്റുകൾ വഴി അലോട്ട്മെന്റ് ലഭിച്ചവർക്ക് മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ കോളേജിൽ പ്രവേശനം നേടാം.
മതിയായ കാരണത്താൽ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തും തീയതിയിലും ഹാജരാകാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് 30ന് ബന്ധപ്പെട്ട കോളേജുകളിൽ ഹാജരായി പ്രവേശനം നേടാവുന്നതാണ്. ഒന്നാം വർഷ ബിരുദ ക്ലാസുകൾ ജൂലൈ 2ന് ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..