09 June Friday

കെഎഎസിന്‌ തയ്യാറെടുക്കാം; പ്രാഥമിക പരീക്ഷ ഫെബ്രുവരിയിൽ

സ്വന്തം ലേഖികUpdated: Sunday Nov 3, 2019

തിരുവനന്തപുരം > കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസിന്റെ  പ്രാഥമിക പരീക്ഷ ഫെബ്രുവരിയിൽ നടത്തുമെന്ന്‌ പിഎസ്‌സി അറിയിച്ചു. ഒഎംആർ രീതിയിലാണ്‌ പരീക്ഷ. ഒന്നാം പേപ്പറിന്‌ (ജനറൽ) 100 മാർക്ക്‌. രണ്ടാം പേപ്പറിൽ പൊതുവിജ്ഞാനത്തിന്‌ 50 മാർക്ക്‌, ഭരണഭാഷ, പ്രാദേശിക ഭാഷാ നൈപുണ്യത്തിന്‌ (മലയാളം/ തമിഴ്‌/ കന്നട) 30, ഇംഗ്ലീഷ്‌ നൈപുണ്യത്തിന്‌ 20 എന്നിങ്ങനെയാണ്‌ മാർക്ക്‌.

പ്രാഥമിക ഭാഷ സ്ക്രീനിങ്‌ ടെസ്‌റ്റ്‌ മാത്രമായിരിക്കും. രണ്ട്‌ മണിക്കൂർ ദൈർഘ്യമുള്ള പ്രധാന പരീക്ഷയിൽ 100 മാർക്കിന്റെ മൂന്ന്‌ പേപ്പറുണ്ട്‌. സംവരണ സമുദായങ്ങൾക്കുള്ള ഇളവ്‌ കൂടി പരിഗണിച്ച്‌ പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രധാന പരീക്ഷയ്ക്കുള്ള ഏകീകൃത യോഗ്യതാ ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കും. അഭിമുഖത്തിന്‌ 50 മാർക്കാണ്‌. ഇത്‌ കൂടി ഉൾപ്പെടുത്തി 350 മാർക്കാണ്‌ അന്തിമ റാങ്ക്‌ നിർണയത്തിന് പരിഗണിക്കുക.

സിലബസ്‌

പബ്ലിക്‌ സർവീസ്‌ കമിഷൻ പ്രസിദ്ധീകരിച്ച ജനറൽ സ്റ്റഡീസ് ഒന്നാം പേപ്പർ സിലബസ്:

ഇന്ത്യാ–- കേരള ചരിത്രം

പ്രാചീന, മധ്യകാല ചരിത്രം: കാലഘട്ടത്തിലെ പ്രധാന സംഭവങ്ങൾ, കല, സംസ്കാരം, സാഹിത്യം, വാസ്തുവിദ്യ, സാമൂഹ്യ, സാമ്പത്തിക, മതപരമായ സാഹചര്യങ്ങൾ, മുന്നേറ്റങ്ങൾ, പ്രധാന രാജവംശങ്ങൾ.

ആധുനിക കാലഘട്ടം: 18ാം നൂറ്റാണ്ട് മുതലുള്ള ഇന്ത്യാ ചരിത്രം, പ്രധാന സംഭവങ്ങൾ, വ്യക്തികൾ, പ്രശ്‌നങ്ങൾ, സ്വാതന്ത്ര്യസമരം, 19, 20 നൂറ്റാണ്ടുകളിലെ സാമൂഹിക, മത പരിഷ്‌കരണങ്ങൾ, ഇതിനായുള്ള മുന്നേറ്റങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സംയോജനവും ഏകീകരണവും, സ്വതന്ത്ര ഇന്ത്യയും അയൽരാജ്യങ്ങളും.
കേരള ചരിത്രം: സ്വാതന്ത്ര്യത്തിന്‌ മുമ്പുള്ള സാമൂഹിക, രാഷ്ട്രീയ മുന്നേറ്റങ്ങൾ, കേരള സംസ്ഥാനത്തിന്റെയും രാഷ്ട്രീയ പാർടികളുടെയും രൂപീകരണം, സർക്കാരുകൾ, പ്രധാന നിയമനിർമാണങ്ങൾ, നയങ്ങൾ.

ലോകചരിത്രം

18ാം നൂറ്റാണ്ട് മുതലുള്ള ലോകചരിത്രം: വ്യാവസായിക വിപ്ലവം, ലോകമഹായുദ്ധങ്ങൾ, രാജ്യാതിർത്തികളുടെ പുനർനിർണയം, കോളനിവൽക്കരണവും വിമോചനവും, ആഗോളവൽക്കരണം, കമ്യൂണിസം, മുതലാളിത്തം, സോഷ്യലിസം, ഈ സിദ്ധാന്തങ്ങൾ സമൂഹത്തിലുണ്ടാക്കിയ സ്വാധീനം.

കേരളത്തിന്റെ സാംസ്കാരിക പൈതൃകം: തനത്‌ കലാരൂപങ്ങൾ, സാഹിത്യം, ശിൽപ്പകല, വാസ്തുവിദ്യ, ഗോത്ര സംസ്കാരം, തീർത്ഥാടന, വിനോദസഞ്ചാര കേന്ദ്രങ്ങൾ, നാടോടി സംസ്കാരം, സിനിമ, നാടകം, മലയാള സാഹിത്യ ചരിത്രവും മുന്നേറ്റവും.
ഇന്ത്യൻ ഭരണഘടന, പൊതുഭരണം, രാഷ്ട്രസംവിധാനം, ഭരണം, സാമൂഹ്യനീതി, അന്താരാഷ്ട്ര ബന്ധങ്ങൾ: ഇന്ത്യൻ ഭരണഘടന, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഘടന, പ്രവർത്തനം, അധികാരങ്ങൾ, ഉത്തരവാദിത്തങ്ങൾ. ഫെഡറൽ സംവിധാനവും അത്‌ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും, പ്രാദേശിക ഭരണ സംവിധാനങ്ങളുമായുള്ള അധികാര, സാമ്പത്തിക പങ്കുവയ്ക്കലും അതിലുണ്ടാകുന്ന പ്രശ്‌നങ്ങളും.

ഭരണഘടനാ സ്ഥാപനങ്ങൾ, അവയുടെ ചുമതലകൾ, അധികാരങ്ങൾ, പഞ്ചായത്തീരാജ്, പബ്ലിക് പോളിസി ആൻഡ് ഗവേണൻസ്, ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവ ഭരണത്തിലുണ്ടാക്കിയ അനന്തരഫലങ്ങൾ. വനിതാ, മനുഷ്യാവകാശ, ബാലാവകാശ, പട്ടികജാതി പട്ടികവർഗ കമിഷനുകൾ, ഈ വിഷയങ്ങളിലെ അവകാശ സംരക്ഷണം, നിയമങ്ങൾ. ക്വാസി ജുഡീഷ്യൽ ഫോറങ്ങൾ.  ഇന്ത്യയുടെ വിദേശനയം, രാജ്യാന്തര സംഘടനകൾ, അന്തർദേശീയ ഉടമ്പടികൾ, സംവിധാനങ്ങൾ, ഇവയുടെ ഘടന, അധികാര പരിധി.

ഇന്ത്യയിലെ ജുഡീഷ്യൽ സംവിധാനം–- ഘടന, പ്രവർത്തനം, അടിയന്തരാവസ്ഥയും ഭരണഘടനാ ഭേദഗതികളുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ, പൊതുതാൽപ്പര്യ ഹർജികൾ, ജുഡീഷ്യൽ റിവ്യൂ, ലാൻഡ് റവന്യൂ നിയമങ്ങൾ, മൗലിക അവകാശങ്ങൾ, കടമകൾ, ഡയറക്ടീവ്‌ പ്രിൻസിപ്പിൾസ്‌, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ലോ.

റീസണിങ്, മെന്റൽ എബിലിറ്റി ആൻഡ് സിമ്പിൾ അരിത്തമെറ്റിക്: ലോജിക്കൽ റീസണിങ്‌ ആൻഡ്‌ അനലിറ്റിക്കൽ എബിലിറ്റി, നമ്പർ സീരീസ്, കോഡിങ്‌, ഡീകോഡിങ്‌, വെൻ ഡയഗ്രം, സിമ്പിൾ അരിത്തമെറ്റിക്‌, ക്ലോക്ക്‌, കലണ്ടർ, എയ്‌ജ്‌ അധിഷ്ഠിതമായ ചോദ്യങ്ങൾ.

ഭൂമീശാസ്ത്രം: സൗരയൂഥം, ഭൂമിയുടെ ചലനം, സമയം, ഋതുക്കൾ, ഭൂമിയുടെ ആന്തരിക ഘടന, അന്തരീക്ഷ ഘടന, കാലാവസ്ഥ, എയർമാസ്സസ്‌ ആൻഡ്‌ ഫ്രണ്ട്‌സ്‌, അന്തരീക്ഷ ക്ഷോഭങ്ങൾ, സമുദ്രങ്ങൾ, ജലദുരന്തങ്ങൾ. കേരളത്തിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും ഭൗതിക, സാമൂഹിക, സാമ്പത്തിക ഭൂമീശാസ്ത്രം, സുനാമി, അഗ്നിപർവതങ്ങൾ, ഭൂചലനം, മണ്ണിടിച്ചിൽ, പ്രളയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top